Image

വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്ക്‌ ഓണ്‍ലൈനിലൂടെ പേര്‌ ചേര്‍ക്കാം: രവി

Published on 08 January, 2012
വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്ക്‌ ഓണ്‍ലൈനിലൂടെ പേര്‌ ചേര്‍ക്കാം: രവി
ജയ്‌പുര്‍: വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്ക്‌ ഓണ്‍ലൈനിലൂടെ പേര്‌ ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയതായി പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ജയ്‌പൂരില്‍ നടത്തുന്ന `പ്രവാസി ഭാരതീയ ദിവസ്‌' സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ പ്രവാസികള്‍ക്ക്‌ പേരുകള്‍ ചേര്‍ക്കാന്‍ അതത്‌ എംബസികളില്‍ നേരിട്ട്‌ ഹാജരാകണം. ഈ സംവിധാനം കുറച്ച്‌ പേര്‍ മാത്രമാണ്‌ ഉപയോഗിച്ചതെന്ന്‌ വയലാര്‍ രവി വ്യക്തമാക്കി. കുറച്ച്‌ പേരേ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്‌തുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ സൗകര്യമൊരുക്കിയാല്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു.

അമേരിക്ക ഉള്‍പ്പടെ വിദേശത്തുനിന്ന്‌ മെഡിക്കല്‍ ബിരുദം നേടിയ പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ ഇന്ത്യയില്‍ പ്രാക്ടീസ്‌ ചെയ്യാനും പഠിപ്പിക്കാനും കഴിയുംവിധം നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌ പറഞ്ഞു. മെഡിക്കല്‍ ഗവേഷണം, പഠനസഹകരണം, ടെലി മെഡിക്കല്‍ വൈദഗ്‌ധ്യം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളില്‍ പ്രവാസികളുടെ കാര്യക്ഷമമായ പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ നിര്‍വഹിക്കുമെന്നു വയലാര്‍ രവി അറിയിച്ചു. പ്രതിവര്‍ഷം ആയിരം രൂപ നിരക്കില്‍ അഞ്ചുവര്‍ഷം വിഹിതമടയ്‌ക്കുന്ന പ്രവാസികള്‍ക്കാണ്‌ പെന്‍ഷന്‌ അര്‍ഹത. ഇമിഗ്രേഷന്‍ അനുമതിയുള്ള അവിദഗ്‌ധ തൊഴിലാളികള്‍ക്കു വേണ്ടിയാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. പുരുഷന്മാര്‍ ആയിരം രൂപ വിഹിതമടയ്‌ക്കുമ്പോള്‍ സര്‍ക്കാര്‍ വിഹിതമായി ആയിരം രൂപയും വനിതകള്‍ക്ക്‌ സര്‍ക്കാര്‍ വിഹിതമായി രണ്ടായിരം രൂപയുമാണ്‌ പദ്ധതിയില്‍ നിക്ഷേപിക്കുക. കൂടുതല്‍ പെന്‍ഷന്‍ ലഭിക്കാന്‍ 12,000 രൂപ വരെ വിഹിതമായി അടയ്‌ക്കാനാകുമെന്നും രവി കൂട്ടിച്ചേര്‍ത്തു.

ഇന്ന്‌ ഔദ്യോഗികമായി പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ നിര്‍വഹിക്കും. തുടര്‍ന്ന്‌ സാമ്പത്തിക ഉദാരീകരണത്തിന്റെ രണ്ടു പതിറ്റാണ്ട്‌ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ഉദ്‌ഘാടനം ചെയ്യും. വയലാര്‍ രവി മോഡറേറ്ററാവും. 'വളര്‍ച്ചയ്‌ക്ക്‌ പങ്കാളികളാകാം' എന്ന വിഷയത്തില്‍ ശശി തരൂര്‍ പ്രബന്ധം അവതരിപ്പിക്കും. സി.പി.എം. നേതാവ്‌ സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും.
വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്ക്‌ ഓണ്‍ലൈനിലൂടെ പേര്‌ ചേര്‍ക്കാം: രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക