Image

രാമായണമാസത്തിലെ പാരായണ മാഹാത്മ്യം - ആത്മീയ ലേഖനം - ശ്രീരാമ ജയം (തൊടുപുഴ.കെ.ശങ്കര്‍)

തൊടുപുഴ.കെ.ശങ്കര്‍ Published on 21 July, 2015
രാമായണമാസത്തിലെ പാരായണ മാഹാത്മ്യം - ആത്മീയ ലേഖനം - ശ്രീരാമ ജയം (തൊടുപുഴ.കെ.ശങ്കര്‍)
സനാതനധര്‍മ്മങ്ങളുടെ വിളനിലമായ ആര്‍ഷഭാരതത്തിന്റെ അമൂല്യസമ്പത്തുകളാണ് വേദങ്ങളും ഉപനിഷത്തുകളും. അതുപോലെ തന്നെ ഭാരതത്തിന് അഭിമാനം പകരുന്ന രണ്ട് മഹദ്ഗ്രന്ഥങ്ങളാണ് രാമായണവും മഹാഭാരതവും. തുല്യപ്രാധാന്യത്തോടെ വന്ദിയ്ക്കപ്പെടുന്ന പുരാണങ്ങളും ഇതിഹാസങ്ങളും അറിയാത്തവര്‍ വിരളമായിരിക്കും. പുരാണങ്ങളായ രാമായണം, മഹാഭാരതം എന്നീ ഗ്രന്ഥങ്ങള്‍ നവാഹം (9 ദിവസം) സപ്താഹം (7 ദിവസം) എന്നിവയിലൂടെ ഹിന്ദുക്കള്‍ വായിക്കാറുണ്ടെങ്കിലും, എല്ലാവര്‍ഷവും രാമായണമാസമായ കര്‍ക്കടകമാസത്തില്‍ (ജൂലൈ 17-ാംതിയതി മുതല്‍ ആഗസ്റ്റ് 16-ാം തിയതി വരെ) രാമായണപാരായണം വളരെ പുണ്യം തരുന്ന കര്‍മ്മമായി കരുതുന്നു. തന്മൂലം മിക്ക ക്ഷേത്രങ്ങളിലും രാമായണ പാരായണം, ക്ഷേത്ര അധികാരികളും ഭക്തന്മാരും ചേര്‍ന്ന് രാമായണമാസത്തില്‍ ഒരുക്കാറുണ്ട്. ഈ കലിയുഗത്തില്‍, 

ഭക്തിജ്ഞാന, വൈരാഗ്യമാര്‍ഗ്ഗങ്ങളായ സത്‌സംഗം, നാമസങ്കീര്‍ത്തനം, ശരണാഗതി, പൂജാദികള്‍, പാരായണം എന്നിവയ്ക്കു വളരെ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. യുഗങ്ങളെ നാലായി വിഭജിച്ചിരിക്കുന്നു.

1. കൃതയുഗം (സത്യയുഗം)1728000 വര്‍ഷം
2. ത്രേതായുഗം 1296000 വര്‍ഷം രാമായണം വാല്മീകി
3. ദ്വാപരയുഗം 864000 വര്‍ഷം മഹാഭാരതം വ്യാസന്‍
4. കലിയുഗം 432000 വര്‍ഷം

കലിയുഗം ഫെബ്രുവരി 18-ാം തിയതി (ബിസി 3102) തുടങ്ങിയതായി രേഖപ്പെടുത്തിയിരിയ്ക്കുന്നു. 71 ചതുര്‍യുഗങ്ങള്‍ ഒരു മന്വന്തരം മനുവിന്റെ = വാഴ്ചക്കാലം 

ഓരോ യുഗത്തിന്റെയും അന്ത്യമായ കല്പാന്തകാലത്തിന്‍ മഹാവിഷ്ണുവിന്റെ മറ്റൊരു രൂപമായ സങ്കര്‍ഷണമൂര്‍ത്തി (ബലഭദ്രന്‍, അനന്തന്‍) യുടെ പ്രഭാവത്താല്‍ എല്ലാം പ്രളയത്തില്‍ നശിച്ച് വിരാട് സ്വരൂപനായ സാക്ഷാല്‍ ശ്രീമാന്‍ നാരായണനില്‍-പരബ്രഹ്മത്തില്‍ ലയിക്കുന്നു. അങ്ങനെ, മഹാവിഷ്ണുവില്‍ ലീനമായ പ്രപഞ്ചമഖിലം വീണ്ടും സംഘടിതമായ രീതിയില്‍ രൂപീകൃതമാകുന്നു. വീണ്ടും ബ്രഹ്മാവും മനുവും പുതുതായി സൃഷ്ടിയ്ക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ വെച്ച് ശ്രീരാമവതാരവും ശ്രീകൃഷ്ണാവതാരവും പൂര്‍ണ്ണാവതാരങ്ങളായും മറ്റുള്ളവയെല്ലാം വിവിധ അവതാരങ്ങളായും അംശാവതാരങ്ങളായും കരുതപ്പെടുന്നു.
വാല്മീകി ഭഗവാനാല്‍ വിരചിതമായ ശ്രീമദ് രാമായണം പുരാണങ്ങളില്‍ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. രാമായണം എന്നാല്‍ രാമന്റെ അയനം (യാത്ര) എന്നര്‍ത്ഥം. അതെ, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പാതയിലൂടെയുള്ള യാത്ര. രാമന്‍ എന്നാല്‍ എല്ലാവരുടെയും മനസ്സില്‍ രമിക്കുന്നവന്‍ എന്നര്‍ത്ഥം. നാരായണ എന്ന പേരില്‍ നിന്നു 'രാ'യും നമശിവായ എന്ന പേരില്‍ നിന്നു 'മ'യും വേര്‍തിരിച്ചെടുത്ത് സംയോജിപ്പിച്ചെടുത്താണ് 'രാമ'എന്ന പേരിനു രൂപം നല്‍കിയിരിക്കുന്നത്.

ശ്രീമദ് രാമായണം ആറു കാണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. 

1 ബാലകാണ്ഡം
2 അയോദ്ധ്യാകാണ്ഡം
3 ആരണ്യകാണ്ഡം
4 കിഷ്‌കിന്ധാ കാണ്ഡം
5 സുന്ദരകാണ്ഡം
6 യുദ്ധകാണ്ഡം

ബാലകാണ്ഡം ശ്രീരാമന്റെയും സഹോദരങ്ങളുടെയും ബാല്യകാലത്തെയും അയോദ്ധ്യാ കാണ്ഡം 
അയോദ്ധ്യാ രാജ്യത്തിലെ സംഭവ വികാസങ്ങളെയും ശ്രീരാന്റെ വനവാസ യാത്രയെയും ദശരഥന്റെ മൃത്യവിനെയും ആരണ്യ കാണ്ഡം ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും, ചിത്രകൂട വനത്തിലെയും ദണ്ഡാകാരണ്യത്തിലെയും വനവാസ-അനുഭവങ്ങളെയും സീതാപഹരണത്തെയും കിഷ്‌കിന്ധാകാണ്ഡം ബാലിയെ വധിച്ച് സുഗ്രീവനെ കിഷ്‌കിന്ധയിലെ രാജാവായി അഭിഷേകം ചെയ്യുന്നതിനെയും സുന്ദരകാണ്ഡം ഹനുമാന്‍, സീതാന്വേഷണവും ലങ്കാദഹനവും നടത്തി വിജയശ്രീലാളിതനായി മടങ്ങിയെത്തുന്നതിനെയും യുദ്ധകാണ്ഡം ശ്രീരാമന്‍ രാക്ഷസ രാജാവായ രാവണനെ ഘോര യുദ്ധത്തില്‍ വധിച്ച്, സീതയെ വീണ്ടെടുത്ത്, വിഭീഷണനെ ലങ്കാധിപതിയായി അവരോധിച്ച് അയോദ്ധ്യയില്‍ സീതാലക്ഷ്മണ സമേതനായി മടങ്ങിയെത്തി ഭരതനില്‍ നിന്നും രാജ്യഭാരം ഏറ്റെടുത്ത് എല്ലാവരും ഒത്തൊരുമിച്ച് ജീവിതം പുനരാരംഭിയ്ക്കുന്നതിനെയും പറ്റി വളരെ മനോഹരമായി വിശദമായി വിവരിയ്ക്കുന്നു.

ശ്രീമദ് രാമായണത്തിലെ ഏറ്റവും സുന്ദരമായ കാണ്ഡം സുന്ദരകാണ്ഡമായി കരുതുന്നു. ഈ കാണ്ഡത്തിലെ മുഖ്യ കഥാപാത്രമായ അഞ്ജനാതനയന്‍ ശ്രീ ഹനുമാന്റെ സീതാന്വേഷണത്തിലുള്ള വീരപരാക്രമങ്ങളും തുടര്‍ന്നുള്ള ചാപല്യങ്ങളും വാനരസഹജമായ പ്രവര്‍ത്തികളും കൈകാര്യം ചെയ്യുന്ന രീതിയാണ് ആദികവിയായ വാല്മീകി ഭഗവാന്റെ മാഹാത്മ്യം വെളിപ്പെടുത്തുന്നത്. ശ്രീ ഹനുമാന്റെ ശരിയായ പേര് സുന്ദരന്‍ എന്നാണ്. കാണാന്‍ സുന്ദരനായിരുന്ന ഹനുമാന്‍, സൂര്യനെ, ഒരു ബാലലീലയായിക്കരുതി, വിഴുങ്ങി, ലോകത്തെ ഇരുട്ടാക്കിയതിനെത്തുടര്‍ന്ന്, ദേവേന്ദ്രന്റെ വജ്രായുധംകൊണ്ടുള്ള പ്രഹരം വാങ്ങി ഹനു (താടിയെല്ല്) വിന് കോട്ടം തട്ടിയതിനാലാണ് ഹനുമാന്‍ എന്ന പേര് ലഭിച്ചത്. സീതയെ കണ്ടുപിടിയ്ക്കാന്‍ ആദ്യത്തെ ഉദ്യമത്തില്‍ കഴിയാതെ വന്നപ്പോള്‍ ഉണ്ടായ ഇച്ഛാഭംഗം മൂലം ആത്മഹത്യ ചെയ്താലെന്തെന്നു പോലും ഒരു നിമിഷം ഹനുമാന്‍ ചിന്തിച്ചു പോയതായി മൂലരാമായണത്തില്‍ വാല്മീകി മഹര്‍ഷി പറയുന്നു. എന്നാല്‍ സീതയെ അശോകവനത്തില്‍ കണ്ട് ആശയവിനിമയം കഴിഞ്ഞപ്പോള്‍ ആ സന്തോഷത്തില്‍ ഹനുമാന്‍ തന്റെ വാലിന്റെ അഗ്രത്തില്‍ പലവുരു ചുംബിയ്ക്കുകയും കാണുന്ന തൂണിലെല്ലാം ഏറെ പ്രാവശ്യം കയറിയിറങ്ങുകയും കുട്ടിക്കരണമിടുകയും ചെയ്തതായി ആദികവി പറയുന്നു. സപ്ത ചിരഞ്ജീവികളില്‍ ഒരാളായ ഹനുമാന്‍ (സപ്ത ചിരഞ്ജീവികള്‍: അശ്വദ്ധാമാ, ബാലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യന്‍, പരശുരാമന്‍), അദ്ദേഹം ഒരു നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. 

ഇവിടെ ഹനുമാന്റെ നിശ്ചയ ദാര്‍ഢ്യവും സ്വാമിഭക്തിയും ത്യാഗബുദ്ധിയും ലക്ഷ്യപ്രാപ്തിയും സുന്ദരകാണ്ഡത്തിലുടനീളം ദര്‍ശിക്കാനാകും. എന്താണ് സുന്ദരകാണ്ഡം പ്രത്യേകിച്ചും രാമായണമാസത്തില്‍ വായിക്കുന്നതുകൊണ്ടു ലഭിയ്ക്കുന്നതെന്നു ചോദിച്ചാല്‍ പ്രധാനമായും കാര്യസിദ്ധി ഉദ്ദേശിച്ച കാര്യം നടത്തിത്തരുവാനുള്ള പ്രാര്‍ത്ഥനയെന്നു വിശ്വസിക്കുന്നു. തന്മൂലം രാമായണ മാസങ്ങളില്‍ മാത്രമല്ല, രാമായണ നവാഹങ്ങളില്‍ സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന ദിവസം താരതമ്യേന തിരക്കു വളരെ കൂടുതലായിരിയ്ക്കും. വിദ്യാഭ്യാസം, ഉദ്യോഗം, ഭവനലബ്ധി ഇവയ്‌ക്കെല്ലാം വേണ്ടി സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ഉത്തമവും പുണ്യവുമായി കരുതുന്നു. പ്രത്യക്ഷഗുണങ്ങള്‍ ഇപ്രകാരമാണ്. 

ബുദ്ധിര്‍ബലം യശോധൈര്യം നിര്‍ഭയത്വം അരോഗതം
അജാഡ്യം വാക്പടത്വംചഹനുമത് സ്മരണാത് ഭവേത്!

ശ്രീരാമന്‍ ഹനുമാന്റെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയിരിയ്ക്കുന്നതിനാല്‍ ശ്രീഹനുമാനെ   ആരാധിയ്ക്കുന്നത് ശ്രീരാമനെ ആരാധിയ്ക്കുന്നതിനു തുല്യമാണെന്നും എങ്കില്‍ മാത്രമേ ശ്രീരാമന്‍ പ്രസാദിയ്ക്കുകയുള്ളെന്നും ഭക്തന്മാര്‍ വിശ്വസിയ്ക്കുന്നു. രാമായണ നവാഹങ്ങളില്‍ ചിരഞ്ജീവിയായ ഹനുമാന്‍ അദൃശ്യനായി പങ്കുകൊള്ളുന്നെന്നു വിശ്വസിയ്ക്കുന്നതിനാല്‍ അദ്ദേഹത്തിനു പ്രത്യേകമായി ഒരു ഇരിപ്പിടം പോലും ഒരുക്കാറുണ്ട്.

നവാഹങ്ങളില്‍ ഏഴാമത്തെ കാണ്ഡമായ ഉത്തര കാണ്ഡത്തിനു പ്രസക്തിയില്ല. ഇതില്‍ ശ്രീരാമന്‍ സീതയെ കാട്ടിലുപേക്ഷിയ്ക്കുന്നതും, വാല്മീകി സീതയെ കൂട്ടിക്കൊണ്ടുവന്ന് അവളെ ധര്‍മ്മ പത്‌നിയായി വീണ്ടും സ്വീകരിക്കുവാന്‍ രാമനോട് അപേക്ഷിയ്ക്കുന്നതും ഭൂമിപുത്രിയായ സീത ഭൂമി പിളര്‍ന്ന് ആ ഗര്‍ത്തത്തില്‍ അപ്രത്യയാകുന്നതും മറ്റും വിവരിച്ചിരിയ്ക്കുന്നു.

രാവണനുമായുള്ള യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ്, അഗസ്ത്യമുനിയുടെ ഉപദേശപ്രകാരം വിജയപ്രാപ്തിയ്ക്കായി ആദിത്യ ഹൃദയ സ്‌തോത്രം വായിച്ച് യുദ്ധത്തില്‍ വിജയം വരിച്ചതിനാല്‍ കാര്യസിദ്ധിയായി അത് പാരായണം ചെയ്യുന്നത് വളരെ നല്ലതാണ്. നിത്യപാരായണം അത്യുത്തമവും.

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ പ്രത്യേകിച്ചും രാമായണ മാസത്തില്‍ എളുപ്പം വായിച്ചു തീര്‍ക്കാവുന്ന വിധത്തില്‍ 100 ശ്ലോകങ്ങളടങ്ങിയ സംക്ഷേപ രാമായണവും സുന്ദരകാണ്ഡത്തില്‍ നിന്നും തിരഞ്ഞെടുത്ത (9) ഒമ്പതു ശ്ലോക ശകലങ്ങളടങ്ങിയ സുന്ദരകാണ്ഡം നവരത്‌ന മന്ത്രമാലയും എല്ലായിടത്തും ലഭ്യമാണ്. എല്ലാ കാണ്ഡങ്ങളുമുള്‍പ്പെടെ 647 സര്‍ഗ്ഗങ്ങളും 24000 ശ്ലോകങ്ങളും അടങ്ങിയ രാമായണം ഒരു ശ്രേഷ്ഠമായ ലോകോത്തര പുരാണ ഗ്രന്ഥമായി ലോകര്‍ ബഹുമാനിയ്ക്കുന്നു.

ഉദാത്തമായ പിതൃഭക്തി, മാതൃഭക്തി, ഗുരുഭക്തി, പതിഭക്തി, സ്വാമിഭക്തി, ഈശ്വരഭക്തി, പാതിവൃത്യം, ചാരിത്ര്യശുദ്ധി, സഹോദര സ്‌നേഹം, ത്യാഗബുദ്ധി, പ്രയത്‌നബുദ്ധി, കര്‍ത്തവ്യബോധം, ലക്ഷ്യബോധം, സത്യധര്‍മ്മ പാലനം, കരുണ, ഐക്യം, പ്രജാസ്‌നേഹം, വാക്പടത്വം, സഹിഷ്ണുത, ക്ഷമ, സമചിത്തത എന്നിങ്ങനെ അനേകം സല്‍ഗുണങ്ങളുടെ വിളനിലമായ രാമായണം ഒരു മതഗ്രന്ധമായി മാത്രമല്ല ഒരു മാതൃകാഗ്രന്ധമായും മാനിയ്ക്കപ്പെടുന്നു. കലാലയതലത്തിലും സര്‍വ്വകലാശാലതലത്തിലും മാത്രമല്ല, ഇന്നത്തെ കോര്‍പ്പറേറ്റ് സംസ്‌കാരതലത്തിലെ പരിശീലനവിഭാഗത്തിലുള്ള പാഠ്യപദ്ധതികളിലും, പങ്കുകൊള്ളുന്നവരില്‍, ഐക്യബോധവും, സംഘമനോഭാവവും ലക്ഷ്യപ്രാപ്തിയും പ്രയത്‌നശീലവും, വിനയവും, വാക്പടത്വവും, നേതൃത്വയോഗ്യതയും വളര്‍ത്തുവാന്‍, സീതാന്വേഷണത്തിലും സേതുബന്ധനത്തിലും തുടര്‍ന്നുള്ള യുദ്ധത്തിലും ശ്രീരാമലക്ഷ്മണന്മാരുടെയും വാനരസേനയുടെയും സംഘടിതപ്രവര്‍ത്തന രീതി മാതൃകയായി സ്വീകരിയ്ക്കാറുണ്ട്.

മനുഷ്യനില്‍ ഉറഞ്ഞു കിടക്കുന്ന താമസഗുണങ്ങളകറ്റി ഈശ്വരവിശ്വാസം നിലനിര്‍ത്തുവാനും ലോകത്തിനു ശാന്തിയും ഐശ്വര്യവും പ്രദാനം ചെയ്യുവാനും രാമായണപാരായണം  ഉപകാരപ്രദമാകും.

ഈ കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം, സത് സംഗം, ശരണാഗതി, ശ്രവണം, പൂജാദികള്‍, യജ്ഞങ്ങള്‍, തീര്‍ത്ഥയാത്ര, ദാനകര്‍മ്മങ്ങള്‍, പാരായണം ഇവയെല്ലാം ഭക്തി ജ്ഞാന വൈരാഗ്യ ഗുണങ്ങള്‍ പോഷിപ്പിയ്ക്കുന്നതിന് ഉതകുമെങ്കിലും പാരായണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും രാമായണമാസത്തില്‍ (കര്‍ക്കടകം) പുരാണഗ്രന്ഥമായ ശ്രീമദ് വാല്മീകി രാമായണം പരമോന്നത സ്ഥാനം വഹിയ്ക്കുന്നു.
രാമായണമാസത്തിലെ പാരായണ മാഹാത്മ്യം - ആത്മീയ ലേഖനം - ശ്രീരാമ ജയം (തൊടുപുഴ.കെ.ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക