Image

കൗമാരസന്ധ്യകള്‍ (നോവല്‍-6: കാരൂര്‍ സോമന്‍)

Published on 02 August, 2015
കൗമാരസന്ധ്യകള്‍ (നോവല്‍-6: കാരൂര്‍ സോമന്‍)
അധ്യായം ആറ്‌

കണ്ണീര്‍പ്പാടങ്ങള്‍

ആനന്ദിന്റെ കീഴ്‌ചുണ്ടുകള്‍ വിതുമ്പി.
കണ്ണുകളില്‍ വെള്ളം ഉറഞ്ഞുകൂടി.

എന്ത്‌ പറയണമെന്നറിയാതെ ഏലിയാമ്മ അവന്റെ കണ്ണുകളിലേക്ക്‌ നോക്കിയിരുന്നു. അമ്മമാരില്ലാത്ത കുഞ്ഞുങ്ങളുടെ ജീവിതം അഴുക്കു പുരണ്ട വസ്‌ത്രങ്ങള്‍ പോലെയാണ്‌. ജീവിതത്തില്‍ ഒത്തിരി കഷ്‌ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടും ആരെപ്പറ്റിയും ഒരു പരാതിയും ഇല്ല. അഴുക്ക്‌ പുരണ്ട വസ്‌ത്രത്തെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നു. അദ്ധ്വാനിച്ച്‌ ജീവിക്കാന്‍ കരുത്തുള്ള ഒരു മനസ്സ്‌ അവനുണ്ട്‌. ഏലിയാമ്മ അവന്റെ വേദനയില്‍ മുഴുകിയിരുന്നു. ജീവിതം ഇരുമ്പഴിക്കുള്ളിലെ ഒരു തടവുകാരെന്റേതെങ്കിലും ഒരിക്കല്‍ അവന്‍ പുറത്തുവരും.

മനസ്സിലുള്ളത്‌ മുഴുവന്‍ തുറന്ന്‌ പറഞ്ഞപ്പോള്‍ ഒരാശ്വാസം തോന്നി.

ഇന്നുവരെ ആരും തന്നെപ്പറ്റി ചോദിച്ചിട്ടില്ല. ഇന്നാണ്‌ ഉള്ളു തുറന്നത്‌. എല്ലാമൊന്നും പറയാന്‍ ആഗ്രഹിച്ചതല്ല. ഒരിക്കലും കാണാത്ത ഒരു സ്‌ത്രീയുടെ മുന്നില്‍ സ്വന്തം ജീവിതത്തെ തുറന്നു കാട്ടേണ്ടതുണ്ടായിരുന്നോ? സത്യം പറഞ്ഞാല്‍ ഞാനതൊന്നും പറയാന്‍ ആഗ്രഹിച്ചതല്ല.

ഒരമ്മ മുന്നില്‍ ഇരുന്ന്‌ മകന്റെ വിശേഷങ്ങള്‍ ചോദിക്കുന്നതുപോലെ തോന്നി. ഒന്നും മറവുവരുത്താന്‍ ധൈര്യം വന്നില്ല. കുറെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അമ്മയും മകളും അതില്‍ മതി മറന്നിരുന്നു. അതൊരു നിസ്സാര ജീവിതങ്ങളായി അവര്‍ കണ്ടുകാണും. അല്ലെങ്കില്‍ അവരുടെ പ്രീതി നേടാനായി പറഞ്ഞതാണെന്ന്‌ കരുതിക്കൊള്ളും. മുഖത്ത്‌ നോക്കിയാല്‍ ദുഃഖഭാവമാണ്‌. ഇനിയും ഞാന്‍ പറഞ്ഞത്‌ അവര്‍ക്ക്‌ വിഷമം ഉണ്ടാക്കിയോ? അതുണ്ടാകില്ല. ഇത്ര നിസ്സാര കാര്യങ്ങളെ ചൊല്ലി മനസ്സ്‌ വേദനിപ്പിക്കേണ്ടതില്ലെന്ന്‌ അവര്‍ പറയുമായിരിക്കും. പോലീസ്‌ വകുപ്പായ ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥയാണെങ്കിലും ഇതിനോട്‌ എങ്ങനെ പ്രതികരിക്കമെന്ന്‌ ലീലാമ്മയ്‌ക്കറിയില്ലായിരുന്നു.

ഒരമ്മയെന്ന നിലയില്‍ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യമാണ്‌. സ്‌ത്രീകളുടെ മാനം കാക്കാന്‍ പ്രസംഗിച്ചു നടക്കുന്ന സരളയുടെ മേല്‍ ബാലവേലയടക്കമുള്ള ധാരാളം കുറ്റം ചുമത്താം. എന്നാല്‍ ഈ കുട്ടിയുടെ ഭാവിക്ക്‌ അതൊരു പോറലായി മാറ്റപ്പെടാം. അവന്റെ സംസാരത്തില്‍ ഒരനിഷ്‌ടവും സരളയെപ്പറ്റി പറഞ്ഞില്ല. വീട്ടിലെ പീഡനങ്ങള്‍ കുറെ അനുഭവിക്കുന്നുണ്ടെന്ന്‌ മാത്രം. അവന്‍ ബുദ്ധിയുള്ള ഒരു കുട്ടിയായതുകൊണ്ട്‌ സരളയെ ധിക്കരിക്കുന്നില്ല. എന്തും നേരിടാനുള്ള മനോധൈര്യവും ആത്മവിശ്വാസവുമുണ്ട്‌. അമ്മയെ ഓര്‍ത്ത്‌ എല്ലാം സഹിക്കുന്നു. അവനില്‍ നിറഞ്ഞു നിന്ന പക്വതയും എലിയാമ്മ ശ്രദ്ധിച്ചു. വേദനയുടെ കൊടുങ്കാറ്റ്‌ അഴിച്ചുവിട്ട മുഖം എത്ര വേഗത്തിലാണ്‌ ശാന്തമായത്‌. ഈ സാഹചര്യത്തില്‍ അവന്റെ കുടുംബകാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണ്‌ നല്ലത്‌. മകളുടെ സഹപാഠി എന്ന നിലയില്‍ വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാം. ഒപ്പം കലയെ പ്രോത്സാഹിപ്പിക്കണം. ബുദ്ധിയുള്ള തലച്ചോറും വെളിച്ചം തൂകുന്ന കണ്ണുകളുമാണവന്റെതും. ആ തലച്ചോറില്‍ തളംകെട്ടി കിടക്കുന്നത്‌ സര്‍ഗ്ഗപ്രതിഭയാണ്‌. അവന്റെ കണ്ണുകള്‍ അത്‌ പറയുന്നുണ്ട്‌. ഒരിക്കല്‍ അത്‌ ഒഴുകും. കര കവിഞ്ഞൊഴുകും. വളരെ കൗതുകത്തോടും വേദനയോടും ഓമന അവന്റെ മുഖത്ത്‌ കണ്ണുകളുറപ്പിച്ചിരുന്നു. അവള്‍ക്കും അവന്റെ വേദനയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

ഏകാന്തതയും നിസ്സഹായതയും അനുഭവിച്ച നിത്യവും ഭാരം ചുമക്കുന്ന അവന്റെ മുഖത്തേക്ക്‌ ഏലിയാമ്മ സൂക്ഷിച്ചു നോക്കിയിട്ട്‌ ചെറിയൊരു പ്രസന്ന ഭാവത്തോടെ പറഞ്ഞു.

``ആനന്ദ്‌ ഈ മുറ്റത്തേക്ക്‌ ഒന്നു നോക്കൂ. എന്ത്‌ തോന്നുന്നു.?''
അവന്‍ വരാന്തയിലെ ഇരുമ്പഴി വാതിലിലൂടെ മുറ്റത്തേക്ക്‌ നോക്കി.
ഓമന മുറ്റത്തേക്കും മമ്മിയുടെ മുഖത്തേക്കും മാറി മാറി നോക്കി.
മമ്മിയുടെ ചോദ്യത്തെ ഉള്‍ക്കൊള്ളാനായില്ല.
മുറ്റത്ത്‌ ധാരാളം പൂക്കളുണ്ട്‌. അവര്‍ക്ക്‌ ഒരു വാട്ടവുമുണ്ട്‌. അല്ലാതെ എന്താണ്‌ മുറ്റത്ത്‌?

പിന്നെയുള്ളത്‌ നല്ല അലംകൃതമായ നടപ്പാതയാണ്‌. ഇടയ്‌ക്കിടെ ചില കിളികള്‍ അവിടെ വന്നിരിക്കാറുണ്ട്‌. എന്താണ്‌ മമ്മി ഉദ്ദേശിക്കുന്നതെന്ന്‌ ചോദിച്ചാലോ. അത്‌ വേണ്ട. ചോദ്യം എന്നോടല്ലല്ലോ. ആനന്ദിനോടല്ലേ. മമ്മി ധാരാളം വായിക്കുന്ന ഒരാളായതുകൊണ്ടാകാം ഇങ്ങനെ കുഴയ്‌ക്കുന്ന ഒരു ചോദ്യം. അവന്റെ ഉത്തരത്തിനായി ഓമന ചെകിടോര്‍ത്തു.

ആനന്ദ്‌ നിമിഷങ്ങള്‍ മുറ്റത്തേക്ക്‌ നോക്കിയിരുന്നു.

മുറ്റം എണ്ണ വറ്റിയ വിളക്ക്‌ പോലെ കിടക്കുകയാണ്‌. ഇപ്പോള്‍ കത്തുന്നത്‌ കരിന്തിരിയാണ്‌. കടല്‍ക്കാറ്റിന്റെ ചൂളംവിളിയും തിരമാലയുടെ നിലവിളിയും അവന്‍ കേട്ടു. മുറ്റത്ത്‌ പിടഞ്ഞു മരിച്ച വെളിച്ചം അവന്റെയുള്ളിലും അലിഞ്ഞു ചേര്‍ന്നു. പൊലിഞ്ഞുപോയ പ്രകാശം. ഇരുള്‍ വരാറായി.

അവന്‍ പറഞ്ഞു.
``മുറ്റത്തേ സൂര്യന്‍ മരിച്ചു. പ്രകൃതി വിളറി വെളുത്തു. രാത്രി മരണവേദന അനുഭവിക്കാന്‍ തയ്യാറാകുന്നു.
ഏലിയാമ്മ നിശ്ചലയായി അവനെ നോക്കി.
മുഖത്ത്‌ സന്തോഷം ഉദയം ചെയ്‌തു.
ചുണ്ടുകള്‍ പുഞ്ചിരിച്ചു. ഏലിയാമ്മ കയ്യടിച്ച്‌ അവനെ പുകഴ്‌ത്തി.
ഓമന കണ്ണുകളുയര്‍ത്തി അഭിമാനത്തോടെ നോക്കി.
അവന്റെ മനസ്സിനെ ഒന്ന്‌ മാറ്റിയെടുക്കാനേ ശ്രമിച്ചുള്ളൂ, അതില്‍ വിജയിച്ചു.

``ബലിഷ്‌ഠരായ മനുഷ്യര്‍ ദുര്‍ബലരായ മനുഷ്യരെ നിത്യവും തോല്‍പ്പിക്കുകയാണ്‌. ഈ ദുര്‍ബലരായ ബഹുഭൂരിപക്ഷം ജനങ്ങള്‍തന്നെയാണ്‌ ഒരുപറ്റം മനുഷ്യരെ ബലവാന്മാരാക്കി വളര്‍ത്തുന്നത്‌. ആനന്ദിന്റെ വീടും വീട്ടുകാരും അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌. അപ്പോള്‍ നമ്മുടെ സമൂഹം എത്രമാത്രം നിരാശയോടെയാണ്‌ ജീവിക്കുന്നത്‌. ഇവിടുത്തെ ഭൂരിപക്ഷം പാവങ്ങള്‍ക്കും സാധാരണക്കാരനും സുഖവും സന്തോഷവും സമൃദ്ധിയും ലഭിക്കുന്നുണ്ടോ? ഇല്ല. അവര്‍ വീടിന്റെ തൂണുപോലെ സമ്പന്നരെ താങ്ങി നിറുത്തുന്നു. നിങ്ങളെപ്പോലുള്ള എഴുത്തുകാരും കലാകാരന്മാരും എന്താണ്‌ ചെയ്യുന്നത്‌? സമൂഹത്തിന്റെ വിപത്തുകള്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടുന്നുണ്ടോ? ഇല്ലെന്ന്‌തന്നെ പറയാം. നിങ്ങള്‍ ആഡംബരമാര്‍ന്ന മൈതാനത്ത്‌ മിന്നിത്തെളിയുന്ന വെട്ടത്തില്‍ അരങ്ങേറുന്ന പാട്ടിലും നൃത്തത്തിലും തബലയിലും വീണയിലും മതിമറന്നിരിക്കയാണ്‌. അവിടെയും കാലുകള്‍ പിടഞ്ഞ്‌ തളര്‍ന്ന്‌ നൃത്തം ചെയ്യുന്നു. തൊണ്ട കീറി പാടുന്നു. ആര്‍ക്ക്‌ വേണ്ടി? പൂമാല സ്വീകരിക്കാന്‍, അവാര്‍ഡ്‌ സ്വീകരിക്കാന്‍ വരുന്നവരെ പ്രീതിപ്പെടുത്താന്‍. തളര്‍ന്നുറങ്ങുന്ന മണ്ണില്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഉറക്കംതൂങ്ങികള്‍. ആരാധകര്‍ നായികാനായകന്മാരെ കാത്തിരിക്കുന്നു. ബാന്‍ഡ്‌മേളവും വെടിക്കെട്ടുമുയരുന്നു. അവര്‍ വന്നു. സദസ്സില്‍ അവരെ പ്രീതിപ്പെടുത്തി അര്‍ദ്ധപ്രാണരായ ശവശരീരങ്ങള്‍ സദസ്സിലിരുന്ന ജീവനുള്ള ശരീരങ്ങളെ നോക്കി പല്ലിളിച്ചു. കൈയടിച്ചു. വരുന്നവരുടെ മനസ്സ്‌ നിറഞ്ഞുകവിഞ്ഞു. അവര്‍ ആരെയാണ്‌ കാണാന്‍ വന്നത്‌? അവര്‍ വന്നത്‌ അവര്‍ക്കായി മാത്രമായിരുന്നു. നിങ്ങള്‍ ചെയ്‌തത്‌ എന്താണ്‌? കൈയടിച്ചു, പാടി പുകഴ്‌ത്തി, വഴിയോരങ്ങലില്‍ അവരുടെ പടങ്ങല്‍ ഒട്ടിച്ചു. കാണാന്‍ കൊതിച്ചു. കണ്ടു. അണഞ്ഞുപോയ വിളക്ക്‌പോലെ അവര്‍ മടങ്ങി. ആ കൂടിക്കാഴ്‌ചയില്‍ എന്തു നേട്ടമുണ്ടായി. കൈയില്‍ കിടന്ന കാശു കൊടുത്ത്‌ ടിക്കറ്റെടുത്തു. മറ്റുള്ളവര്‍ക്കൊപ്പം കൂട്ടമായി കൂവി. മന്‌സസിനെ ഉറപ്പിനു നിറുത്താന്‍, രസിക്കാന്‍ കലകള്‍, കലാമേളകള്‍. മൈതാനത്തുനിന്നും കുണ്ടീത്തെ പൊടിയും തട്ടി വീട്ടിലെത്തി. വീണ്ടും മനസ്സില്‍ കോളിളക്കങ്ങള്‍. ഇതുപോലെ പരാജയപ്പെടുന്ന അടിയറവും പറയുന്ന ഒരു സമൂഹത്തെ നിങ്ങള്‍ വാര്‍ത്തെടുക്കരുത്‌. കലയില്‍ സാഹിത്യത്തില്‍ നിങ്ങള്‍ വിളക്കുകള്‍ തെളിയിച്ചാല്‍ അത്‌ അണയ്‌ക്കാന്‍ പാടില്ല. എന്നും കത്തണം. അക്ഷരങ്ങളായി അത്‌ കത്തി ജ്വലിക്കണം. ആ ജ്വാലയില്‍ മനുഷ്യന്റെ വിഷമം മാറും, വേദന മാറും. ഈ കാലത്ത്‌ കല വിത്തുകള്‍ വിതയ്‌ക്കുന്നത്‌ മരുഭൂമിയിലാണ്‌. അവിടെ ഒന്നും മുളയ്‌ക്കുന്നില്ല. വിരിയുന്നില്ല. നിങ്ങളുടെ കാലം അശീക്ഷമാരിപോലെ കല പെയ്‌തിറങ്ങണം. ദാഹിച്ചു വരണ്ട നാവുകള്‍ കുടിച്ച്‌ ദാഹമടക്കണം. ഇന്നത്തെപ്പോലെ നിങ്ങള്‍ തുടരുമെങ്കില്‍ കല ഒരു മരുഭൂമി മാത്രമല്ല ശ്‌മശാനഭൂമി കൂടിയാണ്‌.''

ഏലിയാമ്മ ആനന്ദിന്‌ ഉപദേശിച്ചു.
കാപ്പിയെടുക്കാനായി ഏലിയാമ്മ അകത്തേക്ക്‌ പോയി.
ഏലിയാമ്മയുടെ വാക്കുകള്‍ ഒരു സാഹിത്യവിദ്വാന്റേതു പോലെ തോന്നി ആനന്ദിന്‌.

വാത്സല്യം തുളുമ്പുന്ന വാക്കുകള്‍. ആനന്ദിന്‌ ഏലിയാമ്മയോട്‌ സ്‌നേഹവും ആദരവും തോന്നി. വേദനയില്‍ കുടുങ്ങിക്കിടന്ന ആനന്ദിന്‌ മമ്മിയുടെ വാക്കുകള്‍ സംതൃപ്‌തി പകര്‍ന്നതായി തോന്നി.

``ആനന്ദ്‌ സോറിയുണ്ട്‌. ആനന്ദിന്‌ ഇത്ര വിഷമങ്ങള്‍ ഉണ്ടെന്ന്‌ അറിയില്ലായിരുന്നു.''
മനോഹരമായ ആ മുഖത്തേക്ക്‌ നോക്കി ചോദിച്ചു.
``ഓമന വിചാരിച്ചോ ഞാനൊരു ഉന്നതകുലജാതനാണെന്ന്‌?''
``ഹോ! അങ്ങനെ ചിന്തിച്ചില്ല. ആനന്ദിന്റെ അമ്മയെ എന്നെ ഒന്ന്‌ കാണുക്കുമോ?''
``എന്റെ അമ്മ ജയിലിലൊന്നുമല്ല. എല്ലാ ഞായറാഴ്‌ചയും ഞാന്‍ പോകാറുണ്ട്‌. വരുന്നോ?''

അവളുടെ സാന്നിദ്ധ്യം അവനും ആഗ്രഹിച്ചു.
``മമ്മി അനുവദിക്കുമെങ്കില്‍ ഞാന്‍ വരും''
അവള്‍ പുഞ്ചിരിച്ചുകൊണ്ട്‌ എഴുന്നേറ്റ്‌ അകത്തേക്ക്‌ പോയി.

മമ്മിക്കൊപ്പം ചായയും പലഹാരങ്ങളുമായി വന്നിട്ട്‌ ആനന്ദിനെ തീന്‍മേശയിലേക്ക്‌ ചായ കുടിക്കാന്‍ ക്ഷണിച്ചു. അവന്‍ മടിച്ച്‌ മടിച്ച്‌ സ്‌കൂള്‍ ബാഗുമായി മാര്‍ബിള്‍ കല്ലുകളില്‍ ചവുട്ടി അകത്തേക്കു നടന്നു. മുറിയിലെ അലങ്കാര നിര്‍മ്മിതികള്‍ അവനില്‍ കൗതുകമുണര്‍ത്തി. കേരളത്തില്‍ ഇങ്ങനെയും മോടി പിടിപ്പിച്ച വീടുകളുണ്ടോ? അവന്‍ തീന്‍ മേശയ്‌ക്ക്‌ മുന്നിലിരുന്നു. ഓമന കപ്പിലേയ്‌ക്ക്‌ ചായ പകര്‍ന്നു. ആനന്ദ്‌ ഇവിടെയുണ്ടായിരുന്നെങ്കില്‍ ദിവസവും കിന്നാരം പറഞ്ഞിരിക്കാമായിരുന്നു. സ്‌കൂള്‍ യൂണിഫോം മാറിയപ്പോഴാണ്‌ അവളില്‍ കൂടുതല്‍ ചന്തം ആനന്ദിന്‌ തോന്നിയതും. അവളെപ്പോലെതന്നെ വീടിനും അഴകാണ്‌. അവളുടെ മുഖത്തേക്ക്‌ നോക്കുമ്പോള്‍ മനസ്സില്‍ കൊതിക്കുന്നു. ഈ വീട്ടില്‍ ഒന്നോടിക്കളിക്കാന്‍ മനസ്സുണ്ട്‌. വെറുതെ എന്തിനാണ്‌ കൊതിക്കുന്നത്‌. അവരൊക്കെ വലിയ ആളുകള്‍. അവരുമായി ഒരു സ്‌നേഹബന്ധം നിലനിറുത്താന്‍ കഴിഞ്ഞത്തന്നെ ഭാഗ്യം. ഇന്നവര്‍ എനിക്ക്‌ കാണപ്പെട്ട ദൈവങ്ങളാണ്‌. ഓമന തിടുക്കത്തില്‍ ചായ കുടിച്ചുകൊണ്ടിരുന്ന മമ്മിയോടു ചോദിച്ചു.

``മമ്മീ, ഞായറാഴ്‌ച ഞാനുംകൂടി ആനന്ദിന്റെ മമ്മിയെ കാണാന്‍ പോകട്ടെ.''
``എവിടെയാണ്‌?''
ആനന്ദ്‌ ആതുരാലയത്തിന്റെ പേരു പറഞ്ഞു.
``അതിനെന്താ, ഞാനുംകൂടി വരാം. എനിക്കും കാണാമല്ലോ''

ആനന്ദ്‌ നിശബ്‌ദനായി തെല്ലുനേരം നോക്കിയിരുന്നു. ആ ജീവന്‍ മിടിക്കുന്നതു കാണാന്‍ ഒരിക്കല്‍ മാത്രമേ സ്വന്തം വല്യമ്മ പോയിട്ടുള്ളൂ. എന്റെ അമ്മ അവര്‍ക്കൊരു ശല്യമാണ്‌. അച്ഛനെപ്പറ്റിയും അമ്മയെപ്പറ്റിയും വെറുപ്പോടെ പറയുമ്പോള്‍ ഒരു നടുക്കത്തോടെ കേട്ടിരിക്കും. മറുപടി പറയാറില്ല. ഒരു ദിവസം ആതുരാലത്തില്‍ കൊടുക്കാന്‍ കുറെ പണം വേണമെന്ന്‌ പറഞ്ഞപ്പോള്‍ മറുപടിയായി പറഞ്ഞു. ചാകാന്‍ കിടക്കുന്നവള്‍ക്ക്‌ പണം മുടക്കാന്‍ നിന്റെ അച്ഛനോട്‌ പറ. ആ വാക്കുകള്‍ ഒരു മകന്റെ ഹൃദയത്തില്‍ ഉണ്ടാക്കിയ മുറിവ്‌ കുറച്ചൊന്നുമല്ല. അതോടെ ഒരു പയിസപോലും ചോദിച്ചിട്ടില്ല. ജീവിതത്തില്‍ സുഖമനുഭവിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ രോഗിയെ, ദുഃഖിതനെ എന്തിനറിയണം. എന്റെ അമ്മയെ കാണാന്‍ ആരുമല്ലാത്തവര്‍ സമയം കണ്ടെത്തിയപ്പോള്‍ സന്തോഷം തോന്നി. ഞായറാഴ്‌ചയല്ലേ. അപ്പോള്‍ അവധിയും എടുക്കേണ്ടതില്ല. എന്റെ അമ്മയെ കാണുമ്പോള്‍ എന്തു തോന്നുമോ എന്നറിയില്ല. ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മകന്റെ സങ്കടം ഈശ്വരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌.

``ആന്റി വരുമെന്നറിയിച്ചതില്‍ നന്ദി, ഞാന്‍ ഞായറാഴ്‌ച രാവിലെ വരാം.''
അവന്‍ ആഹ്ലാദത്തോടെ പറഞ്ഞു.
``ഞായറാഴ്‌ച രാവിലെ പള്ളിയില്‍ പോകണം ആനന്ദ്‌. ഉച്ചയ്‌ക്കായാലോ?''
``ആയിക്കോട്ടെ. എന്നാല്‍ ഞാന്‍ പോണു''
അവന്‍ എഴുന്നേറ്റു.
``ഇവിടെ വന്ന്‌ ആനന്ദ ഒന്നര മണിക്കൂര്‍ ചിലവഴിച്ചു. അതുകൊണ്ട്‌ ഞാന്‍ കാറില്‍ കൊണ്ടുവിടാം.''
``അയ്യോ! അത്‌ വേണ്ട ആന്റീ, ഞാന്‍ നടന്ന്‌ പൊയ്‌ക്കൊള്ളാം.''
``ശരി, നടന്ന്‌ പൊയ്‌ക്കൊള്ളൂ. പിന്നെ മോന്‍ എന്നെ ആന്റിയെന്ന്‌ വിളിക്കാതെ മമ്മിയെന്ന്‌ വിളിച്ചാല്‍ മതി.''

അവന്‍ മിഴിച്ചു നിന്നു. സന്തോഷം എന്തെന്നറിയാത്ത കയ്‌പു നിറഞ്ഞ ജീവിതത്തില്‍ ഒരു മധുരമായി സ്‌നേഹം കാട്ടിയ മനുഷ്യര്‍. ഒരായിരം പ്രാവശ്യം മമ്മീ-മമ്മീയെന്ന്‌ വിളിച്ച്‌ സങ്കടപ്പെടും. സ്വയം ആശ്വസിക്കും. മമ്മി കേള്‍ക്കാത്ത ആളല്ലേ. ഇപ്പോള്‍ വിളി കേള്‍ക്കാന്‍ ഒരാള്‍ മുന്നില്‍ ഹൃദയം തുറന്നു തന്നിരിക്കുന്നു. അബോധാവസ്ഥയില്‍ കഴിയുന്ന അമ്മയെ ഈ മമ്മിക്ക്‌ വ്യക്തമായി മനസ്സിലാകുന്നുണ്ട്‌. അമ്മമാര്‍ക്കല്ലേ ആ തിരിച്ചറിവുണ്ടാകൂ. ഹൃദയത്തില്‍ കുമിഞ്ഞുകൂടിയ വേദന കണ്ണുകളില്‍ പ്രത്യക്ഷപ്പെട്ടു. കരയാതിരിക്കാന്‍ പാടുപെട്ടു. മുഖം വിളറിയിരുന്നു. കണ്ണുകളില്‍ നിറഞ്ഞ വെള്ളം അവരറിയാതെ വലതു കൈകൊണ്ട്‌ തിരുമ്മിക്കളഞ്ഞു.

``എന്താ ആനന്ദ്‌, കണ്ണില്‍ പൊടി വീണോ?''
ഓമന ചോദിച്ചു.
``ങാ, പൊടിപോലെ''
അവന്‍ പറഞ്ഞു.
``എന്നാല്‍ പോട്ടെ മമ്മീ, ഒ.കെ. ഓമനാ.''

ആനന്ദ്‌ എലിയാമ്മയുടെ സമീപത്ത്‌ ചെന്ന്‌ അവരോടു യാത്ര പറഞ്ഞു. ഓമനയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവന്‌ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അവന്‍ മുന്നോട്ടു നടന്നു.

``ആനന്ദ്‌ ഒന്നു നിന്നേ.''
പിന്നില്‍ നിന്ന്‌ ഓമന വിളിച്ചു. അവന്‍ തിരിഞ്ഞു നിന്നു.
``ഞായറാഴ്‌ച വരുമ്പോള്‍ എനിക്കൊരു ക്രിസ്‌തീയഗാനം എഴുതി തരണം. മാത്രമല്ല പാടുകയും വേണം''

ആനന്ദിന്റെ നാവുയര്‍ന്നില്ല.

``മോനേ, ഇവള്‍ പള്ളിയിലെ ക്വയറിന്റെ ലീഡറാ. പാട്ട്‌ പഠിപ്പിക്കേണ്ടതും ഇവടെ ജോലിയാ.''
``ഞാനേറ്റു. ബൈ.''
ആനന്ദിന്‌ പറ്റില്ലെന്നു പറയാന്‍ തോന്നിയില്ല.

അവന്‍ റോഡിലേക്കിറങ്ങി. കാറ്റുപോലെ നടന്നു. അവിടെ നിന്ന്‌ സംസാരിക്കാനുള്ള ശക്തി അവന്‌ നഷ്‌ടപ്പെട്ടിരുന്നു. തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞൊഴുകി. അവിടെ നിന്നാല്‍ കരയുമെന്ന്‌ ഉറപ്പായിരുന്നു. മമ്മിയുടെ ആശ്വാസം പകര്‍ന്ന വാക്കുകള്‍ `എന്നെ മമ്മിയെന്ന്‌ വിളിച്ചാല്‍ മതി.' ആ വാക്കുകള്‍ ആ വീട്ടിലെ മിന്നുന്ന മാര്‍ബിള്‍പോലെ മനസ്സില്‍ തിളങ്ങി. വാവിട്ടു കരയണമെന്ന്‌ തോന്നി. എത്ര ശ്രമിച്ചിട്ടും കണ്ണീരടക്കാന്‍ കഴിയുന്നില്ല. അവന്റെ മുന്നിലൂടെ വാഹനങ്ങള്‍ വരികയും പോകുകയും ചെയ്‌തത്‌ അവനറിഞ്ഞില്ല. ഉള്ളില്‍ തളച്ചിട്ടിരുന്ന വേദനകളെ മമ്മി തിരിച്ചുവിട്ടത്‌ ഏതെല്ലാം വഴികളിലൂടെയെന്ന്‌ അവ്‌ ഒരു നിമിഷം ഓര്‍ത്തുപോയി.

അവന്‍ നെല്‍പാടത്തിലൂടെ മൂളിപ്പാട്ടും പാടി നടന്നു. വയലുകള്‍ക്കടുത്തുകൂടി കുഞ്ഞരുവികള്‍ പരല്‍മീനുകളെയും വഹിച്ചുകൊണ്ടൊഴുകുന്നു. അതാസ്വദിച്ചു നടക്കവെ പാടത്തിന്റെ മദ്ധ്യത്തിലൂടെ പക്ഷികള്‍ കൂടണയാനായി പറക്കുന്നത്‌ കണ്ടു. മനസ്സും ഉയര്‍ന്നുപൊങ്ങി. വീട്ടില്‍ ജോലികള്‍ ധാരാളമുണ്ട്‌. പിന്നീട്‌ നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു. ആ ഓട്ടത്തില്‍ മാംസപേശികള്‍ ഞെരിഞ്ഞു. വീട്ടില്‍ വല്യമ്മ കാണരുതെ എന്നായിരുന്നു പ്രാര്‍ത്ഥന. വീട്ടിലെത്തുമ്പോള്‍ സന്ധ്യയുടെ പുകപടലങ്ങള്‍ തെളിഞ്ഞിരുന്നു. വരാന്തയില്‍ ആരൊക്കെയോ സരളയെ കാണാന്‍ വന്നിരുന്നു. കിട്ടു വാലാട്ടി ഓടിയെത്തി. വരാന്തയിലേക്ക്‌ ഒന്നേ നോക്കിയുളളൂ. രവിയങ്കിലും മറ്റൊരാളുംകൂടി മുറ്റത്തേക്ക്‌ ഇറങ്ങുന്നത്‌ കണ്ടു. മുറിയിലെത്തി ഉടുപ്പ്‌ വേഗം ഊരിമാറ്റി പുറത്തെ അടുപ്പ്‌ കത്തിച്ച്‌ കാടി തിളപ്പിക്കുന്ന പാത്രം കുറെ വെള്ളവുമായി അടുപ്പില്‍ വച്ചു. അകത്തുചെന്ന്‌ ചാക്കിലിരുന്ന പശുവിന്‍ തീറ്റ അതിലിട്ട്‌ ഇളക്കിക്കൊണ്ടിരുന്നപ്പോള്‍ സരള അവിടേയ്‌ക്കു വന്നു. അവന്‍ പതുക്കെ എണീറ്റ്‌ ഭയത്തോടെ നോക്കി.

``ഇത്രയും നേരം നീ എവിടെയായിരുന്നു?''
``ഞാന്‍ പാട്ട്‌ പരിശീലിക്കയായിരുന്നു.''
ഒരു കള്ളം പറഞ്ഞു.

``നിന്നോടു ഞാന്‍ പറഞ്ഞിട്ടുള്ളത്‌ സന്ധ്യയ്‌ക്ക്‌ മുന്‍പ്‌ വീട്ടില്‍ വന്ന്‌ പശുവിന്‌ പുല്ലു പറിക്കണം, കാടി തിളപ്പിക്കണം, വെള്ളം കോരി വെയ്‌ക്കണം, വൈക്കോലെടുക്കണം എന്നൊക്കെയല്ലേ?''

അവന്‍ വിനയാന്വിതനായി സരളയെ നോക്കി.

``നിനക്കെന്താ അനുസരണ ഇല്ലാത്തേ. ഈ വീട്‌ ആരെ ഏല്‌പിച്ചാ ഞാന്‍ പുറത്തു പോകേണ്ടത്‌. ഇന്നത്തെ എന്റെ യോഗം നീ മുടക്കിയില്ലേ. സൂരജിന്റെ തുണി തന്നിട്ട്‌ കഴുകിയിട്ടോ?''

ആ കാര്യം അവന്‍ അപ്പോഴാണ്‌ ഓര്‍ത്തത്‌. ചേട്ടന്റെ തുണി കഴുകാനുള്ള ഉത്തരവാദിത്വം എനിക്കാണ്‌. വല്യമ്മ തന്നെ കണ്ടിട്ടാണ്‌ വൈകിട്ട്‌ പുറത്തേക്ക്‌ പോകുന്നത്‌. ചേട്ടന്‍ ട്യൂഷന്‍ കവിഞ്ഞ്‌ മടങ്ങി വരുമ്പോള്‍ എട്ടുമണികഴിയും. ദേഷ്യം പൂണ്ട സരളയുടെ കണ്ണുകളിലേക്ക്‌ നോക്കാന്‍ അവന്‌ ശക്തിയില്ലായിരുന്നു. തെറ്റ്‌ എന്റെ ഭാഗത്താണ്‌. അതിനുള്ള ശിക്ഷ കിട്ടണം. അടുത്ത്‌ കിടന്ന ഒരു വടിയെടുത്ത്‌ സരളയുടെ നേര്‍ക്ക്‌ നീട്ടി കൊണ്ട്‌ ആനന്ദ്‌ പറഞ്ഞു,

``എന്നെ അടിച്ചോളൂ, വല്യമ്മേ, തെറ്റ്‌ എന്റെ ഭാഗത്താണ്‌. എന്നെ അടിക്ക്‌.''

ആനന്ദിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവന്റെ പ്രവൃത്തി കണ്ട്‌~ഒരു നിമിഷം സരള സ്‌തംഭിച്ചു നിന്നു. ഇവനിപ്പോള്‍ അടിയില്‍ ഭയമില്ലെന്ന്‌ അവര്‍ക്കു തോന്നി. സരളയ്‌ക്ക്‌ ദേഷ്യം ഇരട്ടിച്ചു. ക്ഷുഭിതയായ സരള വീണ്ടും ശകാരവാക്കുകള്‍ ചൊരിഞ്ഞ്‌ കൈയിലിരുന്ന വടി വലിച്ചെറിഞ്ഞിട്ട്‌ പറഞ്ഞു.

``നിനക്ക്‌ പച്ചവെള്ളം തരില്ല, അഹങ്കാരി.''
അകത്ത്‌ ഫോണ്‍ ബല്ലടിച്ചു.

സരള വേഗത്തില്‍ നടന്നു. തണുത്ത കാറ്റ്‌ അവന്റെ കവിളില്‍ ചുംബിച്ച്‌ മുടിയില്‍ തലോടി. അന്നത്തെ രാത്രി വയറു നിറയെ വെള്ളം കുടിച്ചവന്‍ കിടന്നുറങ്ങി. കിട്ടുവിനും പാത്രത്തില്‍ ഭക്ഷണം കിട്ടിയില്ല. അവന്‍ നിലത്തു വീണുകിടന്ന ഭക്ഷണം നക്കി തുടച്ചു.


(തുടരും.....)
കൗമാരസന്ധ്യകള്‍ (നോവല്‍-6: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക