Image

വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ ഫിലാഡല്‍ഫിയായിലെത്തുമ്പോള്‍ (തീര്‍ത്ഥാടനവഴിയില്‍-1:ജോസ്‌ മാളേയ്‌ക്കല്‍)

Published on 23 August, 2015
വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ ഫിലാഡല്‍ഫിയായിലെത്തുമ്പോള്‍ (തീര്‍ത്ഥാടനവഴിയില്‍-1:ജോസ്‌ മാളേയ്‌ക്കല്‍)
ആധുനിക ഫിലാഡല്‍ഫിയായുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന വേള്‍ഡ്‌ ഫാമിലി മീറ്റിംഗിന്‌ സെപ്‌റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയാ നഗരവും അതിരൂപതയും സംയുക്തമായി ആതിഥ്യമരുളുകയാണ്‌. 22 മുതല്‍ 25 വരെ നടക്കുന്ന ആഗോളകുടുംബ സമ്മേളനത്തിലും, 26, 27, ദിവസങ്ങളില്‍ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ സാന്നിധ്യംകൊണ്ട്‌ അനുഗൃഹീതമായ ഫാമിലി ഫെസ്റ്റിവലിലും, ദിവ്യബലിയിലും 150 ല്‍ പരം ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള കുടുംബങ്ങളും സന്യസ്‌തരും, അല്‍മായരും പങ്കെടുക്കും.

1994 ല്‍ ആരംഭിച്ച്‌ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസ്‌ കത്തോലിക്കര്‍ക്കു മാത്രമായിട്ടുള്ള ഒരു അന്താരാഷ്ട്ര സമ്മേളനമല്ല. മറിച്ച്‌, കുടുംബത്തെ സ്‌നേഹിക്കുന്ന, കുടുംബബന്ധങ്ങള്‍ക്കും, മുല്യങ്ങള്‍ക്കും പ്രാധാന്യം കല്‌പിക്കുന്ന?ഏതൊരു വ്യക്തിക്കും, കുടുംബത്തിനും മതമോ, ജാതിയോ, ഭാഷയോ, വിശ്വാസമോ നോക്കാതെ ഈ സമ്മേളനത്തില്‍ പങ്കെടുക്കാം. ഫാമിലീസ്‌ കോണ്‍ഗ്രസ്‌ എന്നുവിളിക്കുന്ന നാലുദിവസത്തെ കോണ്‍ഫറന്‍സുകളില്‍ മുഖ്യപ്രഭാഷകരായി എത്തുന്നതും, ചര്‍ച്ചാസമ്മേളനങ്ങള്‍ നയിക്കുന്നതും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്‌.
ഏതാണ്ട്‌ മൂന്നു ദശാബ്ദക്കാലം പത്രോസിന്റെ പിന്‍ഗാമിയായി കത്തോലിക്കാസഭയെ മുമ്പോട്ടു നയിക്കുകയും, ഫിലാഡല്‍ഫിയാ നഗരം ആദ്യമായി സന്ദര്‍ശിക്കുകയും ചെയ്‌ത വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സമ്മാനമായി ലോകത്തിനു ലഭിച്ച വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ കുടുംബബന്ധങ്ങള്‍ സുദൃഡമാക്കുന്നതിനും, ഗാര്‍ഹികസഭ എന്നനിലയില്‍ കുടുംബപ്രേഷിതദൗത്യം സജീവമാക്കുന്നതിനും, മൂല്യാതിഷ്ടിത കുടുംബജീവിതത്തിനു വഴിയൊരുക്കു ന്നതിനും, നല്ലവ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിനുളള സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നതിനും, പ്രശ്‌നസങ്കീര്‍ണമായ കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ്‌.

36 വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ആദ്യമായാണു പത്രോസിന്റെ പിന്‍ഗാമിയും, ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്രരാഷ്ട്രത്തിന്റെ തലവനും, റോമിന്റെ മെത്രാനുമായ ഒരു മാര്‍പ്പാപ്പ ഫിലാഡല്‍ഫിയാ സന്ദര്‍ശിക്കുന്നത്‌. എട്ടാമത്‌ ആഗോളകുടുംബസംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിട്ടാണു ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ഫിലാഡല്‍ഫിയായില്‍ എത്തുന്നത്‌. മാര്‍പാപ്പ ആയതിനുശേഷമുള്ള ആദ്യത്തെ അമേരിക്കന്‍ പര്യടനമാണു ഫ്രാന്‍സിസ്‌ പാപ്പയുടേത്‌.

ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ലോകകുടുംബസമ്മേളനത്തിന്റെ വിഷയം `സ്‌നേഹം നമ്മുടെ ദൗത്യം, പൂര്‍ണതയില്‍ ജീവിക്കുന്ന കുടുംബം' എന്നതാണ്‌. ഫിലാഡല്‍ഫിയ ഐക്കണായ ലിബെര്‍ട്ടി ബെല്ലിന്റെ പശ്‌ച്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചംഗകുടുംബവും, ക്രിസ്‌തുവിനെ പ്രതിനിധാനം ചെയ്യുന്ന കുരിശും അടങ്ങിയതാണു ലോകകുടുംബസമ്മേളനലോഗോ.? ലിബെര്‍ട്ടിബെല്‍ സഹോദരസ്‌നേഹത്തിന്റെ ഈറ്റില്ലവും, അമേരിക്കന്‍ ഐക്യനാടുകളുടെ ജന്മസ്ഥലവും, മതസ്വാതന്ത്ര്യത്തിന്റെ ആസ്ഥാനവുമായ ഫിലാഡല്‍ഫിയായെ പ്രതിനിധാനം ചെയ്യുന്നതോടൊപ്പം സഭയിലെ ഓരോ പള്ളിയേയും ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പുരാതനപള്ളികളുടെ ഏറ്റവും ഉയരത്തിലുള്ള ഗോപുരത്തില്‍ കാണപ്പെട്ടിരുന്ന ബൃഹത്തായ പള്ളിമണികള്‍ ഫിലാഡല്‍ഫിയ ലിബെര്‍ട്ടി ബെല്ലിന്റെ പതിപ്പും, മാതൃകയുമായിരുന്നു. സഭയിലേക്കു തിരിച്ചുവരുവാനും, വിശ്വാസത്തില്‍ ആഴപ്പെടുവാനുമുള്ള ആഹ്വാനമായിട്ടാണു പള്ളിമണികളെ ഓര്‍മ്മിപ്പിക്കുന്ന ലിബെര്‍ട്ടിബെല്‍ തെരഞ്ഞെടുത്തത്‌. ക്രിസ്‌തുവാണു എല്ലാ കുടുംബങ്ങളുടെയും നായകനും, രക്ഷകനും എന്ന്‌ ബെല്ലിനു മുകളിലുള്ള കുരിശ്‌ അനുസ്‌മരിപ്പിക്കുന്നു. മക്കള്‍, പേരന്റ്‌സ്‌, ഗ്രാന്റ്‌ പേരന്റ്‌സ്‌ എന്നിവര്‍ ഒരുമിച്ച്‌ സ്‌നേഹത്തില്‍ ജീവിക്കുന്ന മാതൃകാകുടുംബങ്ങളെ ബെല്ലിന്റെ പശ്ചാത്തലത്തിലുള്ള അഞ്ചംഗകുടുംബം പ്രതിനിധീകരിക്കുന്നു. അഞ്ചംഗങ്ങളെ ചിത്രീകരിച്ചതുവഴി സഭയുടെ അടിസ്ഥാനഘടകമായ കുടുംബങ്ങള്‍ അംഗസംഖ്യയില്‍ വലുതായിരിക്കണമെന്നുള്ള സന്ദേശവും നല്‍കുന്നു.

അമേരിക്കന്‍ വന്‍നഗരങ്ങളില്‍ ജനസംഖ്യയില്‍ അഞ്ചാം സ്ഥാനം വഹിക്കുന്ന ഫിലാഡല്‍ഫിയാ എന്തുകൊണ്ട്‌ എട്ടാമതു കുടുംബസമ്മേളനനഗരിയായി തെരഞ്ഞെടുക്കപ്പെട്ടു? അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഫിലാഡല്‍ഫിയാക്ക്‌ മുന്‍നിര സ്ഥാനമാണുള്ളത.്‌ സ്വാതന്ത്ര്യസമരകാലത്ത്‌ തോമസ്‌ ജഫേഴ്‌സണ്‍, ബെഞ്‌ജമിന്‍ ഫ്രാങ്ക്‌ളിന്‍, ജോണ്‍ ആഡംസ്‌ തുടങ്ങിയ ദേശീയനേതാക്കന്മാര്‍ കൂടെക്കൂടെ സമ്മേളിച്ചിരുന്നത്‌ ഫിലാഡല്‍ഫിയായിലായിരുന്നു. 1776 ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഡിക്ലറേഷന്‍ ഓഫ്‌ ഇന്‍ഡിപെന്‍ഡന്‍സ്‌ കരടുരേഖ തയാറാക്കി ഒപ്പുവച്ചതും, 1787 ല്‍ അമേരിക്കന്‍ ഭരണഘടന എഴുതിതയാറാക്കിയതും, വില്യം പെന്‍ സ്ഥാപിച്ച ഫിലാഡല്‍ഫിയായിലായിരുന്നു. ഇന്നത്തെ അമേരിക്കന്‍ ദേശീയ പതാകയുടെ ജന്മഗൃഹമായ ബെറ്റ്‌സി റോസ്‌ ഹൗസും, ഫ്‌ളാഗില്‍ അദ്യമായി സ്റ്റാറും, സ്‌ട്രൈപ്‌സും തുന്നിച്ചേര്‍ത്ത ബെറ്റ്‌സി റോസ്‌ ജീവിച്ചിരുന്ന സ്ഥലവും ഫിലാഡല്‍ഫിയായിലായിരുന്നു. സ്വാതന്ത്ര്യസമരകാലത്തും, പിന്നീട്‌ യു എസ്‌. ക്യാപിറ്റല്‍ ആയി വാഷിംഗ്‌ടണ്‍ ഡി. സി. വാര്‍ത്തെടുത്ത സമയത്തും അമേരിക്കയുടെ തലസ്ഥാനമായിരുന്നു ഫിലാഡല്‍ഫിയാ.

കൂടാതെ സെ. ജോണ്‍ ന}മാന്‍, സെ. കാതറൈന്‍ ഡ്രക്‌സല്‍ എന്നീ രണ്ട്‌ വിശുദ്ധാത്മാക്കളെ ആഗോളസഭക്കു സംഭാവന ചെയ്‌ത പുണ്യനഗരം,?ദേശീയ നിലവാരത്തിലുള്ള കാത്തലിക്‌ ഐക്കണുകളായ 5 തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സമഞ്‌ജസമായി സമ്മേളിക്കുന്ന അതിരൂപത, ഫ്രാന്‍സിസ്‌ മാര്‍പാപ്പ രണ്ടുദിവസത്തെ താമസത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന സെ. ചാള്‍സ്‌ ബൊറോമിയോ സെമിനാരി, 10 കാത്തലിക്‌ യൂണിവേഴ്‌സിറ്റികളും, നിരവധി കാത്തലിക്‌ ഹൈസ്‌കൂളുകളും, എലമെന്ററി സ്‌കൂളുകളുംകൊണ്ട്‌ അമേരിക്കയുടെ അക്ഷരഭൂപടത്തില്‍ ഗണനീയസ്ഥാനം വഹിക്കുന്ന ഫിലാഡല്‍ഫിയ അതിരൂപത. അമേരിക്കയിലുടനീളം ഇന്ന്‌ വളരെ പ്രശസ്‌തമായ നിലയില്‍ നടക്കുന്ന കാത്തലിക്ക്‌ സ്‌കൂള്‍ സിസ്റ്റത്തിനു തുടക്കം കുറിച്ചത്‌ രൂപതയുടെ നാലാമത്തെ ബിഷപ്പും, അമേരിക്കയിലെ ആദ്യത്തെ ബിഷപ്‌ സെയിന്റുമായ ജോണ്‍ ന}മാന്‍?ആണ്‌.

ഫിലാഡല്‍ഫിയായിലെ പ്രശസ്‌ത ചിത്രകാരനായ നീല്‍സണ്‍ കാര്‍ലിന്‍ വരച്ച തിരുക്കുടുംബത്തിന്റെ പെയിന്റിംഗ്‌ ആണു ലോകകുടുംബസമ്മേളനത്തിന്റെ ഛായാചിത്രമായി (ഐക്കണ്‍) എടുത്തിരിക്കുന്നത്‌. ബാലനായ യേശു, മേരി, ജോസഫ്‌, മേരിയുടെ മാതാപിതാക്കളായ സെ. ജോയാക്കീം, സെ. ആനാ എന്നിങ്ങനെ അഞ്ചുപേരടങ്ങിയ പെയിന്റിംഗ്‌ മക്കളും, മാതാപിതാക്കളും, ഗ്രാന്റ്‌ പേരന്റ്‌സും അടങ്ങിയ ഒരു മാതൃകാകുടുംബത്തെ സൂചിപ്പിക്കുന്നു. ക്രിസ്‌തു എല്ലാറ്റിന്റെയും കേന്ദ്രബിന്ദുവും. സൗരയൂഥത്തില്‍ കേന്ദ്രബിന്ദുവായ സൂര്യനുചുറ്റും മറ്റു ഗ്രഹങ്ങള്‍ ഐക്യത്തിലും, കൃത്യമായ ബാലന്‍സിലും കറങ്ങുന്നതുപോലെ നമ്മുടെ കുടുംബത്തിന്റെ നാഥനും, കേന്ദ്രബിന്ദുവുമായി ക്രിസ്‌തുവിനെ പ്രതിഷ്‌ഠിക്കുമ്പോള്‍ ആ കുടുംബത്തില്‍ സന്തോഷവും, സമാധാനവും, സമനിലയും കൈവരുമെന്ന്‌ ചിത്രത്തിലൂടെ എടുത്തുകാട്ടുന്നു.

ലോകകുടുംബസമ്മേളനം മൂന്നു ഭാഗങ്ങളായിട്ടാണു ക്രമീകരിച്ചിരിക്കുന്നത്‌. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവര്‍ക്കു മാത്രമായി നാലുദിവസം നീണ്ടുനില്‍ക്കുന്ന വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസ്‌ കോണ്‍ഗ്രസ്‌, ശനിയാഴ്‌ച്ച നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ്‌ ഫാമിലീസ്‌, സമാപനദിവസമായ ഞായറാഴ്‌ച്ച ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലൂള്ള ദിവ്യബലി എന്നിങ്ങനെ മൂന്നു പ്രധാന സംഭവങ്ങളാണ്‌ ഈ കുടുംബമാമാങ്കത്തില്‍ അരങ്ങേറുന്നത്‌. ശനിയാഴ്‌ച്ചയും, ഞായറാഴ്‌ച്ചയും നടക്കുന്ന രണ്ടു പരിപാടികളിലും ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ സര്‍വാദരണീയനായ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ മഹനീയ സാന്നിധ്യവും, അനുഗ്രഹപ്രബോധനങ്ങളും ഉണ്ടാവും. ലക്ഷക്കണക്കിനു ആള്‍ക്കാര്‍ പങ്കെടുക്കുന്ന ഈ രണ്ടു പരിപാടികളും പൊതുജനങ്ങള്‍ക്ക്‌ തികച്ചും സൗജന്യമായിരിക്കും.

ലോകകുടുംബസംഗമത്തിന്റെ പരിസമാപ്‌തികുറിച്ചുകൊണ്ട്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ലോകമെമ്പാടുമുള്ള എല്ലാ കുടുംബങ്ങള്‍ക്കുവേണ്ടിയും അര്‍പ്പിക്കുന്ന ദിവ്യബലിയായിരിക്കും കുടുംബസമ്മേളനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്‌സ്‌. ആധുനികയുഗത്തിലെ ഏറ്റവും ജനപ്രീയനായ ഫ്രാന്‍സിസ്‌ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയില്‍ ഏകദേശം രണ്ടുമില്യണ്‍ ആള്‍ക്കാരെയാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. അത്‌ അമേരിക്ക കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ജനസാഗരം ആകാന്‍ സാധ്യതയുണ്ട്‌.
വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ ഫിലാഡല്‍ഫിയായിലെത്തുമ്പോള്‍ (തീര്‍ത്ഥാടനവഴിയില്‍-1:ജോസ്‌ മാളേയ്‌ക്കല്‍)
വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ ഫിലാഡല്‍ഫിയായിലെത്തുമ്പോള്‍ (തീര്‍ത്ഥാടനവഴിയില്‍-1:ജോസ്‌ മാളേയ്‌ക്കല്‍)
വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ ഫിലാഡല്‍ഫിയായിലെത്തുമ്പോള്‍ (തീര്‍ത്ഥാടനവഴിയില്‍-1:ജോസ്‌ മാളേയ്‌ക്കല്‍)
ജോസ്‌ മാളേയ്‌ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക