Image

ഹാര്‍ദ്ദിക്ക് പട്ടേലരും മോഡിയുടെ ഗുജറാത്ത് മാതൃകയും( ഡല്‍ഹി കത്ത്: പി.വി. തോമസ്)

പി.വി. തോമസ് Published on 03 September, 2015
ഹാര്‍ദ്ദിക്ക് പട്ടേലരും മോഡിയുടെ ഗുജറാത്ത് മാതൃകയും( ഡല്‍ഹി കത്ത്: പി.വി. തോമസ്)
ക്ഷമിക്കണം. ഈ ശീര്‍ഷകത്തിന് സക്കറിയയുടെ 'ഭാസ്‌ക്കര പട്ടേലരും എന്റെ ജീവിതവും' എന്ന പ്രഖ്യാതമായ കഥയുടെ തലവാചകവുമായി സാമ്യം തോന്നിയെങ്കില്‍. അത് മനഃപൂര്‍വ്വവും അതേ സമയം തന്നെ ആകസ്മീകവും ആണ്. ഹാര്‍ദ്ദിക്ക് പട്ടേല്‍/ വിധേയന്‍ അല്ല. ഇതുവരെ. നരേന്ദ്രമോഡിയാകട്ടെ ഒരു ഭാസ്‌കര പട്ടേലരും അല്ല. ഇതുവരെ. പക്ഷേ, കള്ളിവെളിച്ചത്താവുകയാണ്.
നരേന്ദ്രമോഡിയുടെ ഗുജറാത്ത് മാതൃകയാണ് വികസനത്തിന്റെ അവസാന വാക്കെന്ന് കൊട്ടഘോഷിക്കപ്പെട്ട ഗുജറാത്തില്‍ നിന്നുതന്നെ മോഡിയുടെ പ്രധാന വോട്ട് ബാങ്കായ പട്ടേല്‍മാര്‍ പിന്നോക്കാവസ്ഥയുടെ പേരില്‍, തൊഴിലില്ലായ്മയുടെ പേരില്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ സംവരണത്തിനായി സമരകാഹളം മുഴക്കിയിരിക്കുകയാണ്. മോഡിയുടെ ഗുജറാത്ത് മാതൃകയുടെ പൊള്ളത്തരത്തെ പൊളിക്കുക മാത്രമല്ല ഹാര്‍ദ്ദിക്ക് പട്ടേല്‍ എന്ന 22 വയസ്സുക്കാരനായ യുവാവിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍മാര്‍ ചെയ്തിരിക്കുന്നത്. അവര്‍ സംവരണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സംവരണം എന്ന ആശയത്തെ എതിര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. കാരണം പട്ടേല്‍മാരുടെ ആവശ്യം ലളിതമാണ്. അവര്‍ക്ക് സംവരണം നല്‍കുക. അല്ലെങ്കില്‍ മറ്റുള്ള എല്ലാവരുടെയും സംവരണം എടുത്തു കളയുക. അതായത് സംവരണത്തിന്റെ പേരില്‍ ഒരു സംവരണ വിരുദ്ധ സമരം ആണ് ഗുജറാത്തില്‍ പട്ടേല്‍മാര്‍ അരങ്ങേറുന്നത്. ഇത് വളരെ വിചിത്രവും വിരോദാഭാസകരവും ആണ്.

സംവരണത്തിനും പ്രത്യേക സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള രക്തരൂക്ഷിതമായ സമരങ്ങള്‍ ഇന്‍ഡ്യയില്‍ പുതുമയല്ല. ഇവയുടെ എല്ലാം പിന്നില്‍ ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉണ്ടായിരുന്നു. ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്നത് ഒന്നാം മണ്ടല്‍ സംവരണവും സംവരണ വിരുദ്ധ സമരവും ആണ്. കാലം 1991. വി.പി.സിംങ്ങിന്റെ ഭരണകാലം. 10 വര്‍ഷമായി പൊടിപിടിച്ചു കിടക്കുന്ന മണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സിംങ്ങ് പൊടി തട്ടിയെടുത്തു. ്‌ദ്ദേഹം പ്രഖ്യാപിച്ചു ദളിത് സംവരണത്തിനായിട്ടുള്ള മുണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. ഞാന്‍ അന്ന് പാര്‍ലിമെന്റിന്റെ രാജ്യസഭയിലെ പ്രസ് ഗ്യാലറിയില്‍ സന്നിഹിതനായിരുന്നു. അത് ഒരു ബോംബ് ആയിരുന്നു. അതിനു ശേഷം എന്താ കഥ! മണ്ടല്‍ വിരുദ്ധ സമരം ഇന്‍ഡ്യയെ അക്ഷാരാര്‍ത്ഥത്തില്‍ കത്തിച്ചു. പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുന്നതായിരുന്നു മണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അതാണ് വി.പി.സിംങ്ങ് നടപ്പിലാക്കിയത്. അത് മുന്നോക്കക്കാര്‍ക്ക് സഹിച്ചില്ല. ഇതിന് ഒരു രാഷ്ട്രീയ പശ്ചാത്തലവും ഉണ്ട്. വി.പി.സിംങ്ങ് ആണ് പ്രധാനമന്ത്രി. ദേവിലാല്‍ ഉപ പ്രധാനമന്ത്രിയും. ഇവര്‍ തമ്മില്‍ തെറ്റി. ദേവിലാല്‍ അദ്ദേഹത്തിന്റെ ജന്മദിനം കര്‍ഷകദിനമായി പ്രഖ്യാപിച്ചു? വി.പി.സിംങ്ങിന് അതിന്റെ രാഷ്ട്രീയം മനസിലായി. അദ്ദേഹം മണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചു. ഉടനെ ലാല്‍ കിഷന്‍ അദ്വാനി ബി.ജെ.പി.യുടെ അയോദ്ധ്യ യാത്രയും പ്രഖ്യാപിച്ചു. ഇന്‍ഡ്യ കലുഷിതമായി. നമ്മള്‍ ഇപ്പോള്‍ സംവരണത്തെക്കുറിച്ച് മാത്രമെ പരാമര്‍ശിക്കുന്നുള്ളൂ. മണ്ടല്‍ കമ്മീഷനും സംവരണവും സംവരണ വിരുദ്ധ സമരവും ഇന്‍ഡ്യയെ 1990 കളില്‍ പ്രക്ഷുബ്ധമാക്കി. അത് ഒരു ദളിത് വിരുദ്ധ വികാരം ഇന്‍ഡ്യയില്‍ ഉണ്ടാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വി.പി.സിംങ്ങുമായി സംസാരിക്കുമ്പോല്‍ അദ്ദേഹം ശാന്തനായിരുന്നു. അദ്ദേഹം എടുത്ത തീരുമാനം തികച്ചും സാമൂഹ്യനീതി പരം ആയിരുന്നുവെന്ന് മാണ്ടയിലെ രാജാവ് പറഞ്ഞു. അന്ന് അദ്ദേഹം മജ്ജാര്‍ബ്ബുദം ബാധിച്ച് മരണത്തോട് അടുക്കുന്ന ഒരു സമയം ആയിരുന്നു. അതാണ് ഒന്നാം മണ്ടല്‍ വിപ്ലവം. രണ്ടാം മണ്ടല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവരണ സമരം വരുന്നത് 2006 ല്‍ ആണ്. അന്ന് മന്‍മോഹന്‍ സിംങ്ങ് ആണ് പ്രധാനമന്ത്രി. അര്‍ജ്ജുന്‍ സിംങ്ങ് മനുഷ്യ വിഭവശേഷി മന്ത്രിയും. രണ്ടുപേരും അത്രരസത്തില്‍ ആയിരുന്നില്ല. ഇതിന്റെ ഫലമായിട്ട് അര്‍ജ്ജുന്‍ സിംങ്ങ് ഒരു തുരുപ്പ് ശീട്ട് ഇറക്കി കളിച്ചു. ശ്രേഷ്ഠ വിദ്യാലയങ്ങളായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ക്‌നോളജി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയവയില്‍ പിന്നോക്കക്കാര്‍ക്ക് 26 ശതമാനം അഡ്മിഷന്‍ സംവരണം ചെയ്തതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതും നഗരങ്ങലില്‍ തെരുവ് കലാപം സൃഷ്ടിച്ചു. ഡല്‍ഹി പോലെയുള്ള നഗരങ്ങളില്‍ കുബേര സന്തതികള്‍ പ്രക്ഷുബ്ദരായി. ഒരിക്കലും സാമൂഹ്യ-രാഷ്ട്രീയ ഉച്ചനീചത്വങ്ങളോട് പ്രതികരിക്കാതിരിക്കുന്ന കുബേരസന്തതികള്‍ പെട്ടെന്ന് പ്രകോപിതരായി. ആരായിരുന്നു ഈ സംവരണങ്ങളെ എതിര്‍ത്തവര്‍? ഉപരി വര്‍ഗ്ഗത്തില്‍ പിറക്കുകയും അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുകയും ചെയ്തവര്‍. മാളുകളിലും മള്‍ട്ടിപ്ലക്‌സുകളിലും മാക്‌ഡൊളാടിലും സുഖജീവിതം ആസ്വദിക്കുന്നവര്‍. കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തപ്പോഴോ കലഹന്തിയിലും കോരാപുട്ടിലും പട്ടിണികൊണ്ട് ആദിവാസികള്‍ മരിച്ചൊടുങ്ങിയപ്പോഴോ ഈ കുബേര സന്തതികള്‍ തെരുവിലിറങ്ങിയില്ല. ജലപീരങ്കിക്കുനേരെ ലിംഗ ഭേദമെന്യേ വിരിമാര്‍ കാണിച്ചിട്ടില്ല. ഇനി ആര്‍ക്കാണ് വി.പി.സിംങ്ങും അര്‍ജ്ജുന്‍ സിംങ്ങും ഈ സംവരണം നല്‍കിയത്? നൂറ്റാണ്ടുകളുടെ ചൂഷണവും അടിമപ്പണിയും ചെയ്ത ഒരു വിഭാഗത്തിനാണ്. ഊട്ടുപുരകളുടെ പര്യമ്പുറങ്ങലില്‍ എച്ചിലെടുത്തും പണിയിടങ്ങളില്‍ എല്ലു നുറുങ്ങെപണിതും ശയന അറകളില്‍ യജമാനന്മാരുടെ നിശാജീവിതത്തിന് തുണയായി എരിഞ്ഞടുങ്ങുകയും ചെയ്ത ഒരു വിഭാഗത്തിനാണ്. അതായിരുന്നു മണ്ടല്‍ കമ്മീഷന്‍ ഒന്നും രണ്ടും വിഭാനം ചെയ്ത് വി.പി.സിംങ്ങും അര്‍ജ്ജുന്‍ സിംങ്ങും നടപ്പില്‍ വരുത്തിയത്. അതിനെ ചൊല്ലിയുണ്ടായ ഉപരിവര്‍ഗ്ഗത്തിന്റെ, അവരുടെ സന്തതികളുടെ പ്രതിഷേധം സാമൂഹ്യ-രാഷ്ട്രീയ ചരിത്രം അറിയാത്ത അജ്ഞരുടെ നിന്ദ്യാര്‍ഹമായ അഴിഞ്ഞാട്ടമായേ കാണാനാവൂ. ശരിയാണ്  അര്‍ഹതയില്ലാത്ത പല വര്‍ഗ്ഗത്തിനും സംവരണം ലഭിക്കുന്നുണ്ട്. അതുകൊണ്ട് അര്‍ഹതയുള്ള, നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദളിതരേയും പിന്നോക്ക വിഭാഗക്കാരേയും ആദിവാസികളേയും ന്യൂനപക്ഷക്കാരെയും അവഗണിക്കാനാകുമോ? ഇല്ല തന്നെ.

ഹാര്‍ദ്ദിക്ക് പട്ടേലിന്റെ സമരം എന്തിനു വേണ്ടിയാണ്? സംവരണത്തിനുവേണ്ടിയോ? അതോ സംവരണത്തിനെതിരെയോ? ഗുജറാത്തിലെ പട്ടേലര്‍ മോഡിയുടെ വികസനമാതൃകയുടെ ഇരകള്‍ ആണെങ്കില്‍ തന്നെയും അവര്‍ സാമ്പത്തീകമായും സാമൂഹ്യമായും രാഷ്ട്രീയമായും സ്വാധീനം ഉള്ളവര്‍ ആണ്. അവര്‍ക്ക് സംവരണത്തിന്റെ ആവശ്യം ഇല്ല. അതുകൊണ്ടുതന്നെ അവരുടെ ഇപ്പോഴത്തെ ഈ സമരം ഒരു പുകമറയാണ്. അവര്‍ക്കു തന്നെ അറിയാം. പട്ടേല്‍മാര്‍ക്ക് സംവരണം ലഭിക്കുക സാദ്ധ്യമല്ലെന്ന്. ഭൂഉടമകള്‍, വ്യവസായികള്‍, വജ്രകച്ചവടക്കാര്‍, യൂറോപ്പിലും അമേരിക്കയിലും കുടിയേറിപ്പാര്‍ത്ത വേധികര്‍ തുടങ്ങിയവര്‍ ആണ് ഇവര്‍. സമീപകാലത്തുണ്ടായ ഡയമണ്ട് പോളീഷിങ്ങ് വ്യവസായത്തിലെ ഇടിവും ഭൂസ്വത്തിലുണ്ടായ ചുരുങ്ങളും ഇവരുടെ സാമ്പത്തീക നിലയെ ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തെയും തൊഴിലവസരത്തെയും ഹനിച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ സംവരണത്തിനായി തെരുവില്‍ ഇറങ്ങേണ്ട ആവശ്യം വന്നിട്ടില്ല. ഇത് തികച്ചും രാഷ്ട്രീയം ആണ്. സംഘപരിവാറിലെ ഉള്‍പ്പോള്‍. അതുപോലെ തന്നെ സംവരണം എന്ന ആശയത്തിനെതിരായ ഒരു അഖിലേന്ത്യാ മുന്നേറ്റത്തിന്റെ ഭാഗം. അത് പിന്നീട് അധികം താമസിക്കാതെ മനസിലാകും.
ഈ പരസ്പരം മത്സരിച്ചുള്ള സംവരണ രാഷ്ട്രീയം ഇന്‍ഡ്യക്ക് അപകടകരം ആണ്. ഭരണഘടനയില്‍ തന്നെ 10 വര്‍ഷത്തേക്ക് ആണ് ഇത് ഉദ്ദേശിച്ചിരുന്നത്. പക്ഷേ, പിന്നീട് അത്് നീട്ടികൊണ്ട് പോവുകയാണ്. അനന്തമായിട്ട്. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയം ആണ്. ജാട്ടുമാരും(യു.പി- ഹരിയാന), ചൗരാസിയമാരും(യു.പി.), ഗജ്ജര്‍മാരും(രാജസ്ഥാന്‍) കുര്‍മികളും യദവന്മാരും(ബീഹാര്‍) സംവരണത്തിനായി പ്രക്ഷോഭത്തിലാണ്. ഇവരെ യോജിപ്പിച്ച് അല്ലെങ്കില്‍ ഏകീകരിച്ച് ഒരു അഖിലേന്ത്യ സംവരണ സമരമായി മുന്നേറുവാനാണ് ഹാര്‍ദ്ദിക്ക് പട്ടേലിന്റെയും അനുയായികളുടെയും നീക്കം. സംവരണം ലഭിച്ചില്ലെങ്കില്‍ സംവരണം നിര്‍ത്തലാക്കുക എന്നതാണ് ഇവരുടെ പദ്ധതി. ഇന്‍ഡ്യ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.


ഹാര്‍ദ്ദിക്ക് പട്ടേലരും മോഡിയുടെ ഗുജറാത്ത് മാതൃകയും( ഡല്‍ഹി കത്ത്: പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക