Image

വേള്‍ഡ് ഫാമിലി മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ഡാന്‍സ്: മലയാളി ക്രൈസ്തവര്‍ക്കിതു ധന്യ നിമിഷം

ജോസ് മാളേയ്ക്കല്‍ Published on 22 September, 2015
വേള്‍ഡ് ഫാമിലി മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ഡാന്‍സ്: മലയാളി ക്രൈസ്തവര്‍ക്കിതു ധന്യ നിമിഷം
ഫിലാഡല്‍ഫിയ: ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ സര്‍വാദരണീയനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതവും, ലോകജനത ആകാംക്ഷയോടെ ഉറ്റുനോക്കുന്നതുമായ ലോകകുടുംബസംഗമവേദിയില്‍ വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ നിന്നുള്ള 80 ല്‍ പരം മലയാളി ക്രൈസ്തവ പ്രതിഭകള്‍ ഭാരതീയ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. ഫിലാഡല്‍ഫിയാ  അതിരൂപത ആതിഥ്യമരുളുന്ന വേള്‍ഡ് ഫാമിലി മീറ്റിംഗിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 26 ശനിയാഴ്ച വൈകുന്നേരം നടന്ന ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസില്‍ ഫിലാഡല്‍ഫിയായിലെ വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും മാതാ ഡാന്‍സ് അക്കാഡമി നൃത്താദ്ധ്യാപകന്‍ ബേബി തടവനാലിന്റെ നേതൃത്വത്തിലും, കോറിയോഗ്രാഫിയിലുമാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വേള്‍ഡ് ഷോയില്‍ സെമി ക്ലാസിക്കല്‍ നൃത്തവും, നാടോടിനൃത്തവും 5 വ്യത്യസ്ത ഡിവോഷ്ണല്‍ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്.

ബെന്‍ ഫ്രാങ്കിളിന്‍ പാര്‍ക്കേവേയില്‍ ഒരുക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസിന്റെ ലോഗന്‍ സ്‌ക്വയര്‍ ഗ്ലോബല്‍ സ്‌റ്റേജില്‍ വൈകുന്നേരം 3.47 നായിരിക്കും ഇന്‍ഡ്യന്‍ ക്രൈസ്തവ പ്രതിഭകള്‍ അവതരിപ്പിക്കുന്ന അതുല്യ കലാപ്രകടനം അരങ്ങേറുക. ഏതാണ്ട് ഒരു മില്യനോളം ആള്‍ക്കാര്‍ നേരിട്ടും, വളരെയധികം ആള്‍ക്കാര്‍ വിദൂരസ്ഥലങ്ങളില്‍ ഇരുന്നും ആസ്വദിക്കുന്ന ഈ സ്‌റ്റേജ് ഷോ പാര്‍ക്ക് വേയിലെ ഫെസ്റ്റിവല്‍ ഗ്രൗണ്ടിലുടനീളം സ്ഥാപിച്ചിരിക്കുന്ന ജുംബോട്രോണ്‍ ടി.വി.കളിലും, ആഗോളതലത്തിലുള്ള വിവിധ ടി.വി.ചാനലുകളിലും ലൈവ് ആയി കാണാന്‍ സാധിക്കും.
ഫിലാഡല്‍ഫിയാ സീറോ മലബാര്‍ ഫൊറോനാ ദേവാലയം മാസങ്ങള്‍ക്ക് മുന്‍പ് വേള്‍ഡ് മീറ്റിംഗ് ഭാരവാഹികളുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്ന ഡാന്‍സ് വീഡിയോ ദൃശ്യങ്ങള്‍ വിലയിരുത്തിയാണ് ഫെസ്റ്റിവല്‍ ഓഫ് ഫാമിലീ സില്‍ ലോകനിലവാരത്തിലുള്ള മറ്റു പ്രാദേശികപരിപാടികള്‍ക്കൊപ്പം ഭാരതീയ നൃത്തരൂപങ്ങള്‍ക്കും അവതരണാനുതി ലഭിച്ചത്. ഫൊറോനാവികാരി വെരി.റവ.ഫാ.ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ വേള്‍ഡ് ഫാമിലി മീറ്റിംഗ് ഇടവക കമ്മിറ്റി കോര്‍ഡിനേറ്റര്‍ ജോസ് തോമസാണ് അവതരണാനുമതിക്കായി നിരന്തരം പരിശ്രമിച്ചത്.

ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, ജോസ് കുന്നേല്‍, ജോസ് പാലത്തിങ്കല്‍, ജിമ്മി ചാക്കോ, ജെയ്ക്ക് ചാക്കോ, ഡയാന്‍ സിറാജുദീന്‍, മലിസ മാത്യു, ജോസ് മാളേയ്ക്കല്‍, ജോസ് തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി ഈ പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിനായി കഴിഞ്ഞ ഏതാണ്ട് മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
തിരുനക്കര ആര്‍.പി. വാര്യരുടെ ശിക്ഷണത്തില്‍ നൃത്തച്ചുവടുകള്‍ വച്ചു തുടക്കമിട്ട് ചങ്ങനാശേരി ജയകേരള ഡാന്‍സ് അക്കാഡമിയില്‍ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനില്‍ നിന്നും ശാസ്ത്രീയ നൃത്തം അഭ്യസിച്ച ബേബി തടവനാല്‍ എന്ന അനുഗ്രഹീത കലാകാരന്‍ അമേരിക്കയില്‍ മാതാ ഡാന്‍സ് അക്കാദമിയിലൂടെ നൂറുകണക്കിന് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുകയും, അവരോടൊപ്പം വിവിധ സ്റ്റേജുകളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. നൃത്തത്തോടൊപ്പം നാടകാഭിനയകലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈ കലാകാരന്‍ വര്‍ഷങ്ങളുടെ കലാസപര്യയിലൂടെ താന്‍ ഹൃദിസ്ഥമാക്കിയ അപൂര്‍വ്വ സിദ്ധി ദൈവമഹത്വത്തിനായി കാഴ്ച്ചവയ്ക്കുകയാണീ ദൈവസ്തുതിപ്പുകളിലൂടെ.

ആധുനിക ഫിലാഡല്‍ഫിയായുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന വേള്‍ഡ് ഫാമിലി മീറ്റിംഗില്‍ 100 ല്‍ പരം ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള കുടുംബങ്ങളും, വൈദികരും, സന്യസ്തരും, അല്‍മായരും പങ്കെടുക്കും. ലോകപ്രശ്‌സ്തരായ പല സെലിബ്രിറ്റികള്‍ക്കുമൊപ്പം മലയാളത്തിന്റെ നിറസാന്നിദ്ധ്യവും ഈ ഗ്ലോബല്‍ സ്‌റ്റേജില്‍ ഉണ്ടാവുക എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനത്തിന്റെ വക നല്‍കുന്നുണ്ട്.

പല ഭാഷകള്‍ സംസാരിക്കുകയും, വിവിധ സംസ്‌കാരങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന ലോകരാഷ്ട്രങ്ങളിലെ വ്യത്യസ്തമായ കുടുംബജീവിതത്തെ ചിത്രീകരിച്ചുകൊണ്ടുള്ള ബഹുവിധ കലാസാംസ്‌കാരിക ആത്്മീയ പരിപാടികളാണ് ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസ് എന്ന പേരില്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച്ച പരിശുദ്ധ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുക. പ്രാദേശിക ചര്‍ച്ചുകളിലെ യുവജനഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസിന്റെ ലക്ഷ്യം ഓരോ രാജ്യക്കാരുടെയും, ക്രൈസ്തവ പൈതൃകവും, പാരമ്പര്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും വിവിധ കലാരൂപങ്ങളിലൂടെയും, ലഘുനാടകങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് മനസിലാകത്തക്ക രീതിയില്‍ അവതരിപ്പിക്കുക എന്നുള്ളതാണ്. ചുരുക്കത്തില്‍ ആഗോളസഭയിലുള്ള എല്ലാ മക്കളും ഒരേ ദൈവത്തിന്റെ സന്തതികളാണെന്നും, എല്ലാവരും പരസ്പര ബഹുമാനത്തിലും, സ്‌നേഹത്തിലും, സഹകരണത്തിലും പെരുമാറണമെന്നുള്ള മഹത്തായ സന്ദേശം ജനഹൃദയങ്ങളിലെത്തിക്കുകയാണ് ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസ് ചെയ്യുന്നത്.

വേള്‍ഡ് ഫാമിലി മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ഡാന്‍സ്: മലയാളി ക്രൈസ്തവര്‍ക്കിതു ധന്യ നിമിഷംവേള്‍ഡ് ഫാമിലി മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ഡാന്‍സ്: മലയാളി ക്രൈസ്തവര്‍ക്കിതു ധന്യ നിമിഷംവേള്‍ഡ് ഫാമിലി മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ഡാന്‍സ്: മലയാളി ക്രൈസ്തവര്‍ക്കിതു ധന്യ നിമിഷംവേള്‍ഡ് ഫാമിലി മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ഡാന്‍സ്: മലയാളി ക്രൈസ്തവര്‍ക്കിതു ധന്യ നിമിഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക