`അദ്ധ്വാനിക്കുന്നവരേ, ഭാരം ചുമക്കുന്നവരേ നിങ്ങള്‍ എന്റെയടുത്ത് വരുവിന്‍, ഞാന്‍
നിങ്ങളെ ആശ്വസിപ്പിക്കാം.' ഈ വാക്യങ്ങള്‍ ഉച്ഛരിക്കേണ്ടത് നമ്മുടെ തൊഴിലാളി
നേതാക്കളല്ലേ. തൊഴിലാളികള്‍ക്ക് ശരിയായ വേതനം വാങ്ങിക്കൊടുത്ത് അവരെ
ആശ്വസിപ്പിക്കേണ്ടത് തൊഴിലാളി നേതാക്കന്മാരുടെ കടമയാണ്. അസംഘടിത മേഖലകള്‍
സംഘടിച്ച് തൊഴിലാളികള്‍ അവരുടെ ആവശ്യം നേടിയെടുക്കേണ്ട സമയം സമാഗതമായിരിക്കുന്നു.
പണ്ടേ പറയുന്ന ഒരു പല്ലവിയാണ് സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍,
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍. ടാറ്റയും, ബിര്‍ളയും തുടങ്ങിയ കുത്തക
മുതലാളിമാര്‍ തൊഴിലാളികളെ ചൂഷണം ചെയ്‌ത് വന്‍ കോടികള്‍
സമ്പാദിച്ചുകൊണ്ടേയിരിക്കുന്ന കുത്തക മുതലാളിത്ത വ്യവസ്ഥിതിക്ക് കടിഞ്ഞാണിടാന്‍
കാലം അതിക്രമിച്ചിരിക്കുന്നു. ഇന്നു ടാറ്റയുടേയും ബിര്‍ളയുടേയും ഭാര്യമാരുടെ
മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന നേതാക്കന്മാരെയാണ് നമുക്ക് നേരില്‍കാണുവാന്‍
സാധിക്കുന്നത്. നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ... എന്ന
ചക്കര വാക്കു പറഞ്ഞ് തൊഴിലാളിവര്‍ഗ്ഗത്തെ പറ്റിച്ച് കീശവീര്‍പ്പിക്കുന്ന
നേതാക്കന്മാര്‍ വെറും Hipcrate-കളായി മാറിയ കാലമാണിത്.
പണ്ട് കൊല്ലത്തും
കുണ്ടറയിലും അതുപോലെ മറ്റു സ്ഥലങ്ങളിലും കശുവണ്ടി തല്ലി തല്ലി കയ്യും കാലും മുഖവും
കറുത്ത് വിരൂപരായി മാറിയ പാവപ്പെട്ട കശുവണ്ടി തൊഴിലാളികള്‍ക്ക് എന്തെങ്കിലും
ഭാവിയുണ്ടായിട്ടുള്ളതായി കേട്ടുകേഴ്‌വി പോലുമില്ലെന്നത് സത്യം തന്നെ.
നിത്യദാരിദ്ര്യം അനുഭവിച്ച കശുവണ്ടി തൊഴിലാളികളുടെ നീണ്ട സമരങ്ങള്‍
ഒത്തുതീര്‍പ്പാക്കാനായി കശുവണ്ടി മുതലാളിമാരുടെ അന്ത:പ്പുരം കയറി നടന്ന ഛോട്ടാ
നേതാക്കന്മാര്‍ കുത്തക മുതലാളിമാരുടെ കയ്യില്‍ നിന്നും കോടികള്‍ കോഴ വാങ്ങി സമരം
ഒത്തുതീര്‍പ്പാക്കിയതുകൊണ്ടാണ് കഴിഞ്ഞ നാളുകളില്‍ മൂന്നാറില്‍ നടന്ന തൊഴിലാളി
സമരങ്ങളില്‍ നിന്നും എം.എല്‍.എയെ വിരട്ടിയോടിച്ചതെന്ന് നാം മനസിലാക്കണം.
ആട്ടിന്‍തോലിട്ട ചെന്നായ്‌ക്കളായി ഇന്നത്തെ രാഷ്‌ട്രീയ തൊഴിലാളി നേതാക്കന്മാര്‍
മാറിക്കഴിഞ്ഞുവെന്നുള്ള നഗ്‌ന സത്യം പാവപ്പെട്ട തൊഴിലാളികള്‍ മനസ്സിലാക്കി
കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഭരണ-പ്രതിപക്ഷ നേതാക്കന്മാരെ ഇവര്‍
കാലുകൊണ്ട് തിരസ്‌കരിച്ച് കളഞ്ഞിരിക്കുന്നത്.
വേതനത്തെക്കുറിച്ച്
പറയുകയാണെങ്കില്‍ പശ്ചിമബംഗാളിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ശരിയായ കൂലി
കൊടുക്കാത്തതിന്റെ പരിണിത ഫലമല്ലേ ഇന്ന് കേരളത്തിലേക്കുള്ള അവരുടെ ഒഴുക്ക്
വര്‍ദ്ധിച്ചിരിക്കുന്നതിനു കാരണം. ഇവരില്‍ നിന്ന് നമുക്ക് ഉപകാരം
ലഭ്യമാകുന്നുവെങ്കില്‍ പോലും കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നത്
ഇടുങ്ങിയ മുറികളില്‍ കഷ്‌ടപ്പെട്ട് ജീവിക്കുന്ന ഇവരുടെ ഇടയില്‍ നിന്ന് ധാരാളം
രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. ഇതിനൊന്നും കേരള സര്‍ക്കാര്‍ പരിഹാരം
കാണുന്നില്ല.
അരുവിക്കരയിലെ അമിതാഹ്ലാദം അഴിമതി ആഴത്തില്‍ വേരോടുവാന്‍
സഹായകമാകുന്നതിന്റെ തെളിവാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാന്‍ഫെഡ്
അഴിമതി.
വിയര്‍പ്പോടെ അപ്പം ഭക്ഷിക്കാന്‍ മടിയുള്ള മലയാളിക്കുഞ്ഞുങ്ങള്‍
ഇന്ന് ക്വട്ടേഷന്‍ സംഘഝങ്ങളില്‍ അംഗമായി കോടികള്‍ സാമ്പാദിക്കുവാനും, ജോലി
ചെയ്യുന്നവരെ നോക്കി ഭയപ്പെടുത്തി നോക്കുകൂലി വാങ്ങി കുടിച്ച് കൂത്താടുവാനും അതീവ
താത്‌പര്യം കാണിക്കുന്നു.
എന്നാല്‍ മൂന്നാറില്‍ തമിഴ് തൊഴിലാളികള്‍
പ്രഭാതം മുതല്‍ പ്രദോഷം വരെ തേയില കൊളുന്ത് നുള്ളിയിട്ടും ശരിയായ വേതനം ഇവര്‍ക്ക്
ലഭിക്കുന്നില്ല. ഭാരമേറിയ സഞ്ചിയും തോളില്‍ തൂക്കി പകലന്തിയോളം തേയില കൊളുന്ത്
നുള്ളി,നുള്ളി സ്‌ത്രീകളുടെ യൂട്രസ് താഴേയ്‌ക്കിറങ്ങിവരുന്നതും, ക്യാന്‍സറും
മറ്റ് മാരകമായ രോഗങ്ങളുമാണ് ഇവരുടെ സമ്പാദ്യം. ഫാക്‌ടറി വളപ്പിലെ ആശുപത്രികളില്‍
നിന്നും എല്ലാ അസുഖത്തിനും കുറെ വെളുത്ത ഗുളികള്‍ മാത്രമാണ് ലഭ്യം! ഒരു
കൂലിത്തൊഴിലാളിക്ക് 600 -650 രൂപ ദിവസവും വേതനം ലഭിക്കുമ്പോള്‍ നിത്യവും
ജോലിചെയ്യുന്ന തോട്ടം തൊഴിലാളി 500 രൂപ ദിവസക്കൂലി ചോദിക്കുന്നത് തീര്‍ച്ചയായും
ന്യായമാണ്. അങ്ങനെ വരുമ്പോള്‍ പ്രതിമാസം 15000 രൂപ എന്നത് ഒരു സാധാരണ
ജീവിതത്തിനുവേണ്ട ന്യായമായ ശമ്പളമാണ്.
തൊഴിലാളി പ്രേമം നടിക്കുന്നവരെ
ഇന്നവര്‍ക്ക് വിശ്വാസം വരാത്തതില്‍ അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. 13 ശതമാനം
കിട്ടിക്കൊണ്ടിരുന്ന ബോണസ് 8 ശതമാനമായി കുറഞ്ഞു. ഗവി എന്ന പ്രദേശത്തും തമിഴ്
തൊളിലാളികള്‍ക്ക് ശരിയായ ആനുകൂല്യമോ, വേതനമോ ലഭിക്കുന്നില്ലെന്ന വസ്‌തുത ഞാന്‍
നേരില്‍ കണ്ടതാണ്.
കോടികള്‍ സമ്പാദിക്കുന്ന ആശുപത്രി മേഖലകളില്‍
പാവപ്പെട്ട നേഴ്‌സുമാര്‍ക്ക് ശരിയായ വേതനം ലഭിക്കുന്നുണ്ടോ? അമൃതാ, മുത്തൂറ്റ്,
പുഷ്‌പഗിരി എന്നീ ആശുപത്രികളില്‍ ഇന്നും നേഴ്‌സുമാര്‍ക്ക് ശരിയായ വേതനം
ലഭിക്കുന്നില്ലെന്ന് നട്ടെല്ലുയര്‍ത്തി ഞാന്‍ പറയുന്നു. നമ്മുടെ രാഷ്‌ട്രീയ
നേതാക്കന്മാര്‍ മുന്തിയതരം വീഞ്ഞുകുടിച്ച് നടക്കുന്നതല്ലാതെ ആര്‍ക്കെന്തു
പ്രയോജനം. മുംബൈയില്‍ ജോലി ചെയ്യുന്ന നേഴ്‌സിന് 30,000 രൂപ പ്രതിമാസം
ലഭിക്കുമ്പോള്‍ കേരളത്തിലെ നേഴ്‌സുമാര്‍ക്ക് പ്രതിമാസം വെറും പതിനായിരം രൂപ പോലും
തികച്ച് ലഭിക്കുന്നില്ല. ഒരേ രാജ്യത്തു തന്നെ ഒരേ തൊഴിലിനു പല വേതനം ലഭിക്കുന്ന
ഒരേയൊരു രാജ്യം ഒരുപക്ഷെ നമ്മുടെ ഇന്ത്യാ മഹാരാജ്യമായിരിക്കും. 2011-ലെ
കണക്കനുസരിച്ച് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 1600 പീഡനങ്ങള്‍
നടന്നിട്ടുണ്ടെന്ന് ചോദ്യോത്തരവേളയില്‍ മന്ത്രി അന്തസായി മറുപടി പറഞ്ഞു! പക്ഷെ
ഇറാക്കില്‍ എത്ര മലയാളി നേഴ്‌സുമാര്‍ കുടുങ്ങിയിട്ടുണ്ടെന്നു മന്ത്രിക്കു പോയിട്ട്
നമ്മുടെ എംബസിക്കുപോലുമറിയില്ലായിരുന്നു. കൂട്ടില്‍ കിടക്കുന്ന താറാവിനു പോലും
എണ്ണമുണ്ട്. പക്ഷെ മനുഷ്യന്റെ ജീവനും സ്വത്തിനും ഒരു വിലയുമില്ലാതായിത്തീരുന്ന
ദുര്‍വ്യവസ്ഥ നാട്ടില്‍ സംജാതമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജനപ്രതിനിധികള്‍
ഇതിനൊക്കെ പരിഹാരം കാണാത്തതിന്റെ ഫലമായിട്ടായിരിക്കാം പ്രശസ്‌ത സാഹിത്യകാരന്‍ സഖറിയ
നമ്മുടെ മന്ത്രിമാരെ സഭ്യമായ ഭാഷയില്‍ യുട്യൂബില്‍ അവഹേളിച്ചത്. അത് നൂറുശതമാനം
ഞാനും അംഗീകരിക്കുന്നു.
എന്തുതന്നെയായാലും മേല്‍പറഞ്ഞ ചൂഷണങ്ങളില്‍ നിന്നും
നാം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാട്ടില്‍ നടക്കുന്ന
ന്യായമായ സമരത്തിന് നമ്മുടെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് പിന്തുണ കൊടുക്കേണ്ടത്
അമേരിക്കന്‍ മലയാളികളുടെ കടമയാണ്. അനേകം അസോസിയേഷനുകള്‍ നമുക്കിവിടെയുണ്ട്.
പേരെടുത്ത് ആരേയും ഇവിടെ പരാമര്‍ശിക്കുന്നില്ലെങ്കില്‍ പോലും നാട്ടില്‍ നിന്നു
വരുന്ന മന്ത്രിമാരുടെ പൃഷ്‌ഠം താങ്ങി അവരെകൊണ്ടുനടക്കുമ്പോള്‍ ഒന്നോര്‍ക്കണം.
സാമൂഹിക ബതിബദ്ധതയുള്ളവരായി അവരെ ബോധവാന്മാരാക്കേണ്ടത് നിങ്ങളുടെ കടമയാണ്.
അല്ലെങ്കില്‍ നമ്മുടെ കടമയാണ്. ദയാബിയിയെപ്പോലെ പാവപ്പെട്ടവരോട് കരുണ ചെയ്യുന്ന
നേതാക്കളെയാണ് നാം ബഹുമാനിക്കേണ്ടത്. അതിനു ചില സംഘടനകള്‍ അമേരിക്കയില്‍
നടത്തുന്ന ശ്രമങ്ങള്‍ ശ്ശാഘനീയമാണെന്നും, ഇതു കണ്ട് മറ്റ് സംഘടനകളും ഇങ്ങനെ
പ്രവര്‍ത്തിക്കണമെന്നും താഴ്‌മയായി അപേക്ഷിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ.