1917 മാര്‍ച്ച് പതിനഞ്ചാം തിയതി റഷ്യന്‍ സാര്‍ ചക്രവര്‍ത്തി 'നിക്ലാവൂസ്
രണ്ടാമന്' തന്റെ സാമ്രാജ്യത്തിന്റെ രാജകിരീടം സ്വയം പരിത്യാഗം ചെയ്തുകൊണ്ട്
സ്വന്തം സഹോദരന് 'ഗ്രാന്‍ഡ് ഡ്യൂക്ക് മിഖായിലിന്' 'സാര്‍' എന്ന രാജാധികാരപദവി
നല്കി ഒപ്പിട്ട ഒരു വിളംബരം പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍
ഡ്യൂക്ക്മിഖായല്, സാര്‍ നിക്ലാവൂസിന്റെ ഇംഗിതത്തിനെതിരായി 'ചക്രവര്‍ത്തി'സ്ഥാനം
നിരസിക്കുകയാണുണ്ടായത്. രാജകീയ വിളംബരത്തിന്റെ
ചുരുക്കമിങ്ങനെയാണ്.
`പ്രിയപ്പെട്ട ജനങ്ങളേ, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി
രാജ്യം ആക്രമിച്ച വിദേശീയരായ ശത്രുക്കളോട് നാം പൊരുതിക്കോണ്ടിരിക്കുകയായിരുന്നു.
അവര്‍ നമ്മുടെ രാജ്യത്തെ കീഴ്പ്പെടുത്തി അടിമത്വത്തില്‍ ബന്ധിപ്പിക്കാന്‍
ശ്രമിക്കുകയാണ്. രാജ്യം അഭിമുഖീകരിക്കുന്ന നിര്‍ണ്ണായകമായ ഈ അപകട
മുഹൂര്‍ത്തത്തില്‍ വീണ്ടുമൊരു പരീക്ഷണഘട്ടത്തില്ക്കൂടി കടന്നുപോവാനാണ് ദൈവം
ഇച്ഛിക്കുന്നത്. രാജ്യത്തിനുള്ളിലെ നിലവിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍
യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റിവിട്ട് ശത്രുവിനെ സഹായിച്ചുകൊണ്ടിരിക്കുന്നു.
എന്തു വില കൊടുത്താണെങ്കിലും പവിത്രമായ ഈ ജന്മഭൂമിയുടെ സുരക്ഷിതത്വത്തിനും നമ്മുടെ
ആത്മാഭിമാനത്തിനുമായി യുദ്ധം കൂടിയേ തീരു. ശത്രുവിനെ ഈ മണ്ണില്‍നിന്നും ഇല്ലായ്മ
ചെയ്തേ മതിയാവൂ. റഷ്യാ മഹാരാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത് നമ്മുടെ ധീര
പോരാളികളായ പട്ടാളക്കാരുടെ മനോവീര്യത്തില്ക്കൂടിയാണ്. അവരുടെ ആത്മാഭിമാനം നാം
വസിക്കുന്ന മഹത്തായ ഈ രാജ്യത്തിന്റെ ഭാവിയ്ക്കും ആവശ്യമാണ്. രാജ്യത്തിന്റെ
നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ ഭാവിക്കായി, സുരക്ഷിതത്വത്തിനായി
അവസാന തുള്ളി രക്തം കൊടുത്താണെങ്കിലും നാം വിജയിച്ചേ മതിയാവൂ.
സര്‍വ്വ
ശക്തനായ ദൈവത്തില്‍ സര്‍വ്വതും അര്‍പ്പിച്ചുകൊണ്ട് രാജകിരീടം പരിത്യജിക്കാന്‍
ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പുത്രനും കിരീടത്തിന്റെ
അവകാശിയാകാതെ രാജ്യത്തിന്റെ തുടര്ച്ചയവകാശം എന്റെ സഹോദരന് ഗ്രാന്‍ഡ് ഡ്യൂക്ക്
മൈക്കിള്‍ അല്ക്സാന്ദ്രോവി മിഖായിലിന് അര്‍പ്പിക്കുകയാണ്. റഷ്യന്‍
സാമ്രാജ്യത്തിന്റെ കിരീടവകാശിയായ അദ്ദേഹത്തിനു സര്‍വ്വ വിധ നന്മകളും
അനുഗ്രഹാശിസുകളും നേരുന്നു. നമ്മുടെ രാജ്യം പരമ്പരാഗതമായി അനുവര്‍ത്തിച്ചുപോന്ന
തത്ത്വങ്ങള്ക്കധിഷ്ടിതമായി സത്യവും നീതിയും നിലനിര്‍ത്തി കൊണ്ട് എന്റെ സഹോദരന്
രാജ ധര്‍മ്മത്തിനായുള്ള പ്രതിജ്ഞ ചെയ്യുന്നതായിരിക്കും.
പ്രശ്ന
സങ്കീര്‍ണ്ണങ്ങളായ ഈ ദിനങ്ങളില്‍ പുതിയതായി വാഴിക്കുന്ന രാജാവിനെ അനുസരിക്കുകയും
അദ്ദേഹത്തെയും രാജ്യകാര്യങ്ങളില്‍ ചുമതലപ്പെട്ടവരെയും സഹായിക്കുകയും വേണം.
ഐശ്വര്യപൂര്‍ണ്ണമായ നല്ല നാളെയ്ക്കായും നമ്മുടെ വിജയത്തിനായും
റഷ്യമഹാരാജ്യത്തിന്റെ നേട്ടങ്ങള്‍ക്കായും പുതിയതായി വാഴിക്കുന്ന
ചക്രവര്‍ത്തിയ്ക്ക് സര്‍വ്വശക്തനായ ദൈവം ശക്തി നല്കട്ടെയെന്നും
നമുക്കൊത്തൊരുമിച്ചു പ്രാര്‍ഥിക്കാം`. (ഒപ്പ്, സര് നിക്ലൗവൂസ്
രണ്ട്)
റോമോലോവ് രാജകുടുംബത്തിനെതിരെ ആഞ്ഞടിച്ച വിപ്ലവത്തിനുശേഷം വന്ന
താല്‍ക്കാലിക ഭരണകൂടം നിക്ലൗവൂസിനെയും അലക്സാഡ്രായേയും മക്കളെയും താല്‍ക്കാലികമായി
ഒരു കൊട്ടാരത്തില്‍ തടങ്കലിലാക്കിയിരുന്നു. അത് നിക്ലൗവൂസ് കുടുംബം വക
സാര്ക്കൊയെ സെലോയിലുള്ള 'അലക്സാണ്ടര്‍' കൊട്ടാരമായിരുന്നു. 1917ആഗസ്റ്റില്‍ അവരെ
കെറന്‍സ്ക്കി ഭരണകൂടം തലസ്ഥാനത്തുനിന്നും സൈബീരിയായിലുള്ള ടോബോള്‍ക്കില്‍ മാറ്റി
താമസിപ്പിച്ചു. രാജ്യം മുഴുവന്‍ ഇളകി മറിഞ്ഞിരിക്കുന്ന വിപ്ലവക്കാരില്‍ നിന്നും
നിക്ലാവൂസ് കുടുംബത്തിന്റെ സുരഷിതത്വവും പുതിയതായി വന്ന ഭരണകൂടത്തിന്റെ
പരിഗണനയിലുണ്ടായിരുന്നു. ടോബോള്‍ക്കില്‍ 1917 നവംബറിലെ ബോള്‍ഷേവിക്ക് വിപ്ലവം വരെ
താമസിച്ചു. എന്നാല്‍ 1918ല്‍ താല്‍ക്കാലിക സര്‍ക്കാരിനെ മറിച്ചിട്ട് അധികാരത്തില്‍
വന്ന ബോള്ഷേവിക്കുകാരുടെ നിയന്ത്രണത്തിലുള്ള 'യെകറ്റെറിന്‍' എന്ന സ്ഥലത്തേയ്ക്ക്
അവരെ വീണ്ടും മാറ്റി പാര്‍പ്പിച്ചു. 1918 ഏപ്രില്‍ പതിനെട്ടാം തിയതി നിക്ലവൂസും
അലക്സാഡ്രായും മകള്‍ മരിയായും 'ല്‍ പാറ്റെവ്' എന്ന വസതിയിലെത്തി. പുതിയ
വാസസ്ഥലത്ത് പ്രവേശിച്ചയുടന്‍ സുരക്ഷിതാ ജോലിക്കാര്‍ അവരുടെ പെട്ടികള്‍ തുറക്കാന്‍
പറഞ്ഞു. അലക്സാഡ്രാ പെട്ടെന്നുതന്നെ പറ്റില്ലാന്നു പറഞ്ഞു. നിക്ലൗവൂസ്, ഭാര്യയെ
ന്യായികരിച്ചുകൊണ്ട് 'ഞങ്ങള്‍ക്ക് ഇതുവരെയും നല്ല മാര്യാദയോടെയുള്ള
പരിഗണനയായിരുന്നു ലഭിച്ചിരുന്നത്. അവരെല്ലാം മാന്യന്മാരായിരുന്നു. എന്നാല്‍
ഇപ്പോള്‍?' 'നിങ്ങള്‍ ഇനിമേല്‍ സാര്‍ ചക്രവര്ത്തിയല്ലെന്നു ' മനസിലാക്കണമെന്നും
നിങ്ങളെ ഒറ്റയ്ക്ക് ജയിലിലടച്ച് നിര്‍ബന്ധിത കഠിന തടവ് നല്‍കുമെന്നും അയാള്‍
ഭീക്ഷണിപ്പെടുത്തി. ഭര്‍ത്താവിന്റെ സുരക്ഷിതത്വം കരുതി അലസാഡ്ര പെട്ടി തുറക്കാന്‍
അനുവദിച്ചു. മെയ് മാസമായപ്പോള്‍ ബാക്കി കുടുംബാംഗങ്ങളും വന്നെത്തി.
അലക്സാഡ്രായ്ക്ക് കുടുംബാംഗങ്ങളെ ഒരുമിച്ചു കണ്ടപ്പോള്‍ സന്തോഷവുമായി. നേരത്തെ
അവര്‍ക്ക് വരാന്‍ സാധിക്കാതിരുന്നത്, അലക്സിയ്ക്ക്
അസുഖമായിരുന്നതിനാലായിരുന്നു.
എഴുപത്തിയഞ്ച് സുരക്ഷിതാ ജോലിക്കാര്‍ ആ
വീടിനു ചുറ്റും കാവലുണ്ടായിരുന്നു. കൂടുതലും അപമാര്യാദയുള്ളവരും അടുത്തുള്ള
ഫാക്റ്ററികളിലെ തൊഴിലാളികളുമായിരുന്നു. അവരുടെ കമാണ്ടര്‍ 'അലക്സാണ്ടര്‍
അവദെയെവ്' എന്ന ഒരു ബോള്ഷേവിക്കുകാരനായിരുന്നു. അയാള്‍ ക്രൂരനും പിശാചിന്റെ
സ്വഭാവമുള്ളവനും മദ്യപാനിയുമായിരുന്നു. കമാണ്ടറായ 'അവദെയെവി'ന്റെ സമീപം നിക്ലൗവൂസ്
കുടുംബം എന്തെങ്കിലും ആവശ്യമായി ചെന്നാല്‍ അയാള്‍ നിന്ദ്യമായി അസഭ്യ
വാക്കുകള്‍കൊണ്ട് ചീത്ത വിളിക്കുമായിരുന്നു. അവിടെയുള്ള കെട്ടിടത്തിനു ചുറ്റും
നടക്കുന്ന കാവല്ക്കാര് 'നിക്ലൗവൂസ് ഒരു രക്തക്കുടിയനും അലക്സാഡ്രാ ജര്‍മ്മന്‍
യക്ഷിയെന്നും' കുടുംബം കേള്‍ക്കെ ഉറക്കെ പരിഹസിക്കുമായിരുന്നു.
നിക്ലാവൂസ്
കുടുംബത്തെ സംബന്ധിച്ച് 'ല്‍ പാറ്റെവ്' വസതിയിലെ താമസം കഠിനവും ജീവിതം
ദുഷ്ക്കരവുമായിരുന്നു . ഓരോ ദിവസം കടന്നുപോവുംതോറും പിറ്റേ ദിവസം ആ വീട്ടില്‍
കാണുമോയെന്ന സന്ദേഹമായിരുന്നു അവരുടെ മനസ്സില്‍ നിറഞ്ഞിരുന്നത്. മരണത്തെ കാത്തു
കിടക്കുന്ന കാളരാത്രികളും അനുഭവങ്ങളും അവരെ അലട്ടിയിരുന്നു. യാതൊരു സ്വാതന്ത്ര്യവും
നല്‍കിയിരുന്നില്ല. കാവല്ക്കാരുടെ മേല്‍നോട്ടത്തില്‍ പിന്നാമ്പുറത്തുള്ള
പൂന്തോട്ടത്തില്‍ അവര്‍ക്ക് വ്യായാമം ചെയ്യാന്‍ ഒന്നര മണിക്കൂര്‍
അനുവദിച്ചിരുന്നു. അലക്സിയ്ക്ക് നടക്കാന്‍ സാധിക്കാത്തതുകൊണ്ട് അവനെ ഒരു
വണ്ടിയില്‍ ഉന്തിക്കൊണ്ടു പോവണമായിരുന്നു. അവരോടൊപ്പം അലക്സാഡ്രാ അപൂര്‍വമായെ സമയം
ചിലവഴിച്ചിരുന്നുള്ളൂ. അവര്‍ കൂടുതല്‍ സമയം ബൈബിള്‍ വായനയിലായിരുന്നു. രാത്രി
കാലങ്ങളില്‍ നിക്ലൗവൂസ് ചീട്ടു കളിക്കുകയോ വായിക്കുകയോ ചെയ്യും. രാജ്യത്ത്
സംഭവിക്കുന്ന വാര്‍ത്തകള്‍ അറിയാന്‍ സാധിക്കില്ലായിരുന്നു. വളരെ പഴകിയ
കാലഹരണപ്പെട്ട പത്രങ്ങള്‍ വായിക്കാന്‍ നല്‍കുമായിരുന്നു.
'ദിമിത്രി വോല്കോ
ഗോനോവും' സോവിയറ്റ് ചരിത്രകാരന്മാരും വിശ്വസിക്കുന്നത് 'വ്ലാഡിമര്‍ ലെനിന്'
തന്റെ വ്യക്തിപരമായ വിരോധം കൊണ്ട് രാജ കുടുംബത്തെ വെടിവെച്ചു വധിക്കാനുള്ള ആജ്ഞ
നല്‍കിയെന്നാണ്. അതിനുള്ള അവ്യക്തമായ തെളിവുകളുമുണ്ട്.സോവിയറ്റ് രേഖകളനുസരിച്ച്
സോവിയറ്റിന്റെ ഭാഗമായ 'യൂറല്‍ റീജിയനല്‍' അധികാരികള്‍ കുടുംബത്തെ വധിക്കാന്‍
തീരുമാനമെടുത്തെന്നാണ്. ലെനിന്റെ അധികാരത്തില്‍ രാജകുടുംബത്തെ ഇല്ലാതാക്കിയെന്ന്
'ലിയോണ്‍ ട്രോട്സ്കിയുടെ' ഡയറിയിലുണ്ട്. 1918 ജൂലൈ നാലാംതിയതി
എകറ്റെരിന്ബര്ഗ് ചെക്കായിലെ ( Ekaterinburg Cheka ) 'ല്‍ പാറ്റെവ്' വസതിയുടെ
കമാണ്ടറായി 'യാക്കോവ് യൂറോവ്സ്ക്കി' നിയമതിനായി. യൂറോവ്സ്ക്കി രാജകുടുംബത്തെ
ഇല്ലാതാക്കണമെന്ന് ചിന്തിച്ചിരുന്ന തീവ്ര ചിന്താഗതിക്കാരനും വധശിക്ഷ നടപ്പാക്കാന്‍
വിശ്വസിക്കാവുന്ന ബോള്‍ഷേവിക്കു പ്രവര്‍ത്തകനുമായിരുന്നു. യൂറോവ്സ്ക്കി അവിടെ
ചുമതലയേറ്റയുടന്‍ ധൃതഗതിയില്‍ രാജകുടുംബം വസിക്കുന്നിടം കൂടുതല്‍ സുരക്ഷിത
മേഖലയാക്കി. രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന വിലകൂടിയ ആഭരണങ്ങള്‍ ശേഖരിച്ച്
ഒരു പെട്ടിയ്ക്കുള്ളിലാക്കി മുദ്ര വെച്ചു. എങ്കിലും അമൂല്യങ്ങളായ പവിഴങ്ങളും
വൈരക്കല്ലുകളും രത്നങ്ങളും അലക്സാഡ്രായും മക്കളും ഒളിച്ചു വെച്ചിരുന്നത്
മരണശേഷമാണ് കണ്ടെടുത്തത്. ജൂലൈ പതിമൂന്നാതിയതി 'യൂറോസ്ക്കി' രാജകുടുംബത്തെ
വധിക്കാനുള്ള ആജ്ഞ കൊടുത്തു.
1918 ജൂലൈ പതിന്നാലാം തിയതി ഞായറാഴ്ച
പ്രാര്‍ത്ഥിക്കാനായി രണ്ടു പുരോഹിതര്‍ 'ല്‍ പാറ്റെവ്' വസതിയില്‍ വന്നു. ഫാദര്‍
സ്ട്രോസീവ് എന്ന പുരോഹിതന് രേഖപ്പെടുത്തിയിരിക്കുന്നതായത് , `ആ വസതിയുടെ
സ്വീകരണമുറിയില്‍ ഡീക്കനും യൂറോസ്ക്കിയും താനുമായി പോയപ്പോള്‍ നിക്ലൗവൂസും
അലക്സാഡ്രായും അകത്തെ മുറിയില്‍നിന്നും വന്നു. രണ്ടു പെണ്മക്കളും അവരോടൊപ്പം
ഉണ്ടായിരുന്നു. 'നിങ്ങള്‍ എല്ലാവരും ഇവിടെയുണ്ടോയെന്നു' യൂറോസ്ക്കി അവരോടു
ചോദിക്കുന്നതും ഒര്‍മ്മിക്കുന്നുണ്ട് . 'ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ടെന്നു'
അലക്സാഡ്ര ഉത്തരവും പറഞ്ഞു. മുറിയുടെ കവാടത്തില്‍ രണ്ടു പെണ് മക്കളെ കൂടാതെ മകനായ
അലക്സി ഒരു വീല്‍ കസേരയില്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു. ഒരു ജായ്ക്കറ്റും ഒരു
നാവികന്റെ കോളറുള്ള ഷര്‍ട്ടും ധരിച്ചിട്ടുണ്ടായിരുന്നു. അവന് മഞ്ഞളിച്ച്
ക്ഷീണിതനായിരുന്നെങ്കിലും മുമ്പ് കണ്ടതിനേക്കാളും കുറച്ചുകൂടി ആരോഗ്യമുള്ളവനായി
തോന്നി. അലക്സാഡ്രയും കൂടുതല്‍ ഉന്മേഷവതിയായി അന്ന് കാണപ്പെട്ടു. കുര്‍ബാനയുടെ
സമയം പ്രാര്‍ത്ഥനാ ഗീതങ്ങള്‍ പാടിയപ്പോള്‍ പുറകില്‍ നിന്നുകൊണ്ടിരുന്ന രാജകുടുംബം
മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതും ഒര്മ്മിക്കുന്നു. `
1918 ജൂലൈ
പതിനാറാം തിയതിയും രാജകുടുംബത്തെ സംബന്ധിച്ചടത്തോളം ഒരു സാധാരണ ദിവസം പോലെ
കടന്നുപോയി. അന്ന് നാലുമണിയ്ക്കും രാജകുടുംബം സായന്ഹ സവാരിക്കായി താമസിക്കുന്ന
സ്ഥലത്തിലെ ചെറിയ ഉദ്യാനത്തില്‍ നടക്കാനിറങ്ങി. വൈകുന്നേരമായപ്പോള്‍ അവിടുത്തെ
അടുക്കള ജോലിക്കാരനായ 'ലിയോര്ദ് സെഡിനേവിനെ' പറഞ്ഞു വിട്ടു. ഏഴുമണിയായപ്പോള്‍
യൂറോവ്സ്കി അവിടെയുള്ള കാവല്‍ക്കാരോട് തന്റെ മുറിയില്‍ വരാന്‍ ആവശ്യപ്പെട്ടു.
അവിടെ സൂക്ഷിച്ചിരിക്കുന്ന എല്ലാ തോക്കുകളും റിവോള്വാറും കൊണ്ടുവരാനും അയാള്‍
ആവശ്യപ്പെട്ടു. പന്ത്രണ്ട് ശക്തിയേറിയ റിവോള്വാര് അയാളുടെ മേശമേല്‍
നിരത്തിക്കൊണ്ട് പറഞ്ഞു, 'ഇന്നു രാത്രി നാം രാജ കുടുംബത്തെ ഓരോരുത്തരെയും
വെടിവെച്ച് ഇല്ലാതാക്കുന്നു.' ആ സമയം കെട്ടിടത്തിലെ മുകളിലത്തെ നിലയില്‍
ഒന്നുമറിയാതെ രാജകുടുംബം ചീട്ടു കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു.
പത്തരയായപ്പോള്‍ അവര്‍ കിടക്കാന്‍ പോയി.
1918 ജൂലൈ പതിനേഴാം തിയതി അതിരാവിലെ
റഷ്യാരാജ്യം ഭരിച്ചിരുന്ന സാര്‍ ചക്രവര്‍ത്തിയേയും സാറിനിയേയും തീവ്രമായ
അസുഖമുണ്ടായിരുന്ന അലക്സിയുള്പ്പടെയുള്ള എല്ലാ മക്കളെയും അവരുടെ കുടുംബത്തെ
പരിചരിച്ചുകൊണ്ടിരുന്ന സേവകരെയും 'ല്‍ പാറ്റെവ്' വസതിയുടെ ബേസ്മെന്റില്‍
കൊണ്ടുപോയി മുറിയില്‍ അടച്ചു. നിക്ലൗവൂസ് ആവശ്യപ്പെട്ടതുകൊണ്ട് കാവല്ക്കാര്
മൂന്നു കസേരകള്‍ അവര്‍ക്കിരിക്കാനായി കൊടുത്തു. നിമിഷങ്ങള്‍ക്കകം തോക്കുധാരികളായ
ഭീകരപട മുറിയ്ക്കുള്ളില്‍ പ്രവേശിച്ചു. പടയെ നയിക്കുന്ന യൂറോവ്സ്ക്കി
പടയാളികളോട് നേരെ നില്ക്കാന് ആവശ്യപ്പെട്ടു. അലക്സാഡ്രാ ഉഗ്രകോപം കൊണ്ട്
പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ യൂറോവ്സ്കി പറഞ്ഞു, 'നിങ്ങളെ രക്ഷിക്കാനുള്ള സകല
പഴുതുകളും അടഞ്ഞു. ഇനി ഞങ്ങള്‍ക്ക് നിങ്ങളെ വെടി വെയ്ക്കേണ്ടതായുണ്ട്. '
നിക്ലൗവൂസ് കസേരയില്‍നിന്ന് ചാടിയെഴുന്നേറ്റ് 'എന്ത്?' എന്നു ചോദിക്കുകയും
വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ തലയില്‍ പതിക്കുകയും ഒരേ സമയമായിരുന്നു. നെഞ്ചിലും
തലയോട്ടിയിലും വെടിയുണ്ടകള്‍ തുളച്ചു കയറ്റി. രണ്ടു സേവകരെയും ഭര്‍ത്താവിനെയും
വെടിവെയ്ക്കുന്നത് നിസഹായായ അലക്സാഡ്ര നോക്കിനിന്നു. മിലിട്ടറി കമ്മീഷണര്‍
'പീറ്റര്‍ എര്‍മാക്കോവ്' അവരുടെ നേരെ തോക്കു ചൂണ്ടി. അവര്‍ പുറകോട്ടു തിരിഞ്ഞ്
കുരിശടയാളം നെറ്റിയില്‍ വരച്ചു തീരുന്നതിനു മുമ്പ് എര്മാക്കോവിന്റെ വെടിയുണ്ടകള്‍
അവരുടെ ഇടത്തെ ചെവിക്കു മുകളിലായി പതിച്ചുകൊണ്ട് വലത്തെ ചെവിയുടെ വശത്തുകൂടി
പാഞ്ഞു പോയി. അവിടെയുള്ള രാജകുടുംബമടക്കമുള്ള എല്ലാവരെയും വെടിവെച്ചശേഷം മൃഗീയനായ
എര്‍മാക്കോവ്' മദ്യ ലഹരിയില്‍ അലക്സാഡ്രായുടെയും നിക്ലൗവൂസിന്റെയും മൃതശരീരങ്ങളെ
തോക്കിന്റെ മുനകൊണ്ട് ആഞ്ഞു കുത്തി. വെടിയുണ്ടകളുടെ ശക്തിയില്‍ അവരുടെ
എല്ലുകള്‍വരെ ചിതറി കിടന്നിരുന്നു.
`ല്‍ പാറ്റെവ്' വസതിയില്‍ 'റോമനോവ്'
കുടുംബത്തിന്റെ വധശേഷം അലക്സാഡ്രയുടെയും നിക്ലാവൂസിന്റെയും മക്കളുടെയും
സേവകരുടെയും മൃതദേഹങ്ങളിലുള്ള തുണികള്‍ കത്തിച്ചു കളഞ്ഞതായി യൂറോവ്സ്ക്കിയുടെ
കുറിപ്പിലുണ്ട്. ആദ്യം മൃതശരീരങ്ങള്‍ പന്ത്രണ്ടു മൈലുകള്‍ ദൂരമുള്ള
'യെകാറ്റെറിന്ബര്ഗിന്' വടക്കുവശം 'ഗനീനാ യാമായില്' ഉപയോഗിക്കാത്ത
ഖനികള്ക്കുള്ളിലിട്ടു. അന്നുതന്നെ മൃതദേഹങ്ങള്‍ വീണ്ടും എടുക്കപ്പെട്ടു.
മൃതദേഹങ്ങളിലെ മുഖങ്ങള്‍ തിരിച്ചറിയാനാവാതെ വികൃതമായും ചിതറിയുമായിരുന്നു
കിടന്നിരുന്നത്. സല്ഫ്യൂരിക്ക് ആസിഡ് മൃതദേഹങ്ങളില്‍ ഒഴിച്ചിരുന്നു.
പെട്ടെന്നുതന്നെ ഒരു റയില്‍വേ പാളത്തിനു സമീപം മറവു ചെയ്തു. രാജകുടുംബത്തിലെ
'മരിയായുടെയും' 'അനസ്റ്റഷ്യായുടെയും' മൃതദേഹങ്ങള്‍ 2007 വരെ
കണ്ടുകിട്ടിയിട്ടില്ലായിരുന്നു. 1990 ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനു മുമ്പ്
റോമോനോവ് കുടുംബത്തിലെയും അവരുടെ വിശ്വസ്ഥരായ സേവകരുടെയും ഭൂരിഭാഗം മൃതദേഹങ്ങളും
തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. 1970ല്‍ വെളിച്ചത്തു വന്ന 1990 വരെ പുറത്തു വിടാഞ്ഞ
യൂറോവസ്ക്കിയുടെ ഒരു 'റിപ്പോര്‍ട്ട്' ഉത്തരവാദിത്തപ്പെട്ട പരിശോധകര്‍ക്ക് ഈ
മൃതദേഹങ്ങള്‍ കണ്ടെടുത്ത് തിരിച്ചറിയാന്‍ സഹായകമായി. 2008 ജനുവരി 22 നു കിട്ടിയ
ജനറ്റിക്ക് റിപ്പോര്‍ട്ടില്‍മേല്‍ ഒരു യുവാവിന്റെയും രണ്ടു യുവതികളുടെയും
മൃതാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു. യുവാവിന്റെത് മകന് അലസ്ക്സിയുടെയും യുവതിയുടെ
മൃതദേഹം അനസ്റ്റഷ്യായുടെയോ മരിയായുടെതോ എന്നും വെളിവാക്കിയിരിക്കുന്നു. ഡി എന്‍ എ
ടെസ്റ്റുകളുടെ വെളിച്ചത്തിലാണ് മൃതദേഹങ്ങളെ സംബന്ധിച്ച അനുമാനങ്ങള്‍
രേഖപ്പെടുത്തിയിരിക്കുന്നത്.
രാജകീയ കൂട്ടക്കൊലകളുടെ മൃതശരീരങ്ങളിലെ
അവശിഷ്ടങ്ങളിലുള്ള ഡി എന്‍ എ പരീഷണം മരിച്ച വ്യക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു.
അലക്സാഡ്രായുടെ മൂത്ത സഹോദരി ഹെസ്സെയിലെ വിക്ടോറിയ രാജകുമാരിയുടെ കൊച്ചുമകന്റെ
രക്ത സാമ്പിളുകള്‍ ഡി എന്‍ എ പരിശോധനയ്ക്കായി ഉപയോഗിച്ചു. അതുമൂലം അലക്സാഡ്രയെയും
മക്കളെയും തിരിച്ചറിയാന്‍ കഴിഞ്ഞു. റഷ്യയില്‍ 1890ല്‍ മരിച്ച നിക്ലൗവൂസിന്റെ
സഹോദരന്റെ കുടുംബങ്ങളില്‍ നിന്നും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 1998ല്‍
രാജകുടുംബത്തെ വധിച്ച എണ്‍പതാം വാര്‍ഷികത്തില്‍ അലക്സാഡ്രായുടെയും
നിക്ലൗവൂസിന്റെയും മക്കളുടെയും ഭൗതികാവശിഷ്ടങ്ങള്‍ സെന്റ് കാതറിന് ചാപ്പലിലും
പോള്‍ കത്തീഡ്രലിലുമായി ആഘോഷപൂര്‍വ്വം അടക്കം ചെയ്തിരുന്നു. രണ്ടായിരാമാണ്ടില്‍
അലക്സാഡ്രായെയും ഭര്‍ത്താവ് നിക്ലൗവൂസിനെയും മക്കളേയും റഷ്യന്‍ ഓര്‍ത്തഡോക്സ്
സഭ സഹനത്തിന്റെ പ്രതീകമായി വിശുദ്ധ ഗണങ്ങളില്‍ ഉള്‍പ്പെടുത്തി. അനേകായിരം
ഭക്തജനങ്ങള്‍ നിഷ്കളങ്കരായ മക്കളുള്‍പ്പെട്ട അവരുടെ കബറിടങ്ങള്‍
സന്ദര്‍ശിക്കുന്നുണ്ട്.
(തുടരും)