Image

ലെനിനും സോവിയറ്റ്‌ യൂണിയനെന്ന കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രത്തിന്റെ ഉദയവും (6- ജോസഫ്‌ പടന്നമാക്കല്‍)

Published on 08 October, 2015
ലെനിനും സോവിയറ്റ്‌ യൂണിയനെന്ന കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രത്തിന്റെ ഉദയവും (6- ജോസഫ്‌ പടന്നമാക്കല്‍)
മാര്‍ക്‌സിസ്റ്റ്‌ ചിന്തകന്‍, സോവിയറ്റ്‌ റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍, കമ്മ്യൂണിസ്റ്റ്‌ തത്ത്വജ്ഞാനി, ബോള്‍ഷേവിക്ക്‌ പാര്‍ട്ടിയുടെ നേതാവ്‌, എന്നീ നിലകളില്‍ 'ലെനിന്‍' ചരിത്രത്തിലെ മഹാന്മാരില്‍ മഹാനായി അറിയപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രമായ റഷ്യയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹത്തിന്‌ അതിപ്രധാനമായ പങ്കുണ്ട്‌. എന്നും വിവാദ നായകനായി റഷ്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന ലെനിനെ മഹാനായ നേതാവായും അതേ സമയം മറ്റു ചിലര്‍ അദ്ദേഹത്തെ ഏകാധിപതിയായും കരുതുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം വാര്‍ത്തകളിലും ചര്‍ച്ചകളിലും വന്ന അദ്ദേഹം റഷ്യയെ ലോക രാഷ്ട്രങ്ങളുടെയിടയില്‍ വികസന വിധേയമാക്കി. റഷ്യാ മുഴുവന്‍ ബോള്‍ഷേവിക്ക്‌ വിപ്ലവത്തിന്‌ തീ കൊളുത്തിക്കൊണ്ട്‌ മുതലാളിത്ത ധനതത്ത്വ ശാസ്‌ത്രത്തിന്റെ സ്ഥാനത്ത്‌ മാറ്റങ്ങളുടെതായ കമ്മ്യൂണിസ്റ്റ്‌ പ്രത്യോയ ശാസ്‌ത്രം നടപ്പാക്കി. ലെനിനെന്നുള്ളത്‌ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ നല്‌കിയ യഥാര്‍ത്ഥ പേരല്ല. ജനിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പേര്‌ 'വ്‌ലാഡിമിര്‍ ലിച്ച്‌ യുല്യനോവ്‌' എന്നായിരുന്നു.വിപ്ലവമായി നടന്നതുകൊണ്ട്‌ അധികാരികളുടെ കണ്ണില്‍ പൊടിയിടാന്‍ ഓരോ കാലങ്ങളില്‍ പല പേരുകളില്‍ അറിയപ്പെട്ടിരുന്നു.'ലെനിന്‍' എന്നപേര്‌ സ്വീകരിക്കുന്നതിനു മുമ്പ്‌ 'കെ. ടുലിന്‍', 'പെട്രോവ്‌', എന്നീ പേരുകളില്‍ അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. 1902ലാണ്‌ ലെനിന്‍ എന്ന പേര്‌ തിരഞ്ഞെടുത്തത്‌.സൈബീരിയായിലെ 'ലേനാ നദിയുടെ' പേര്‌ അദ്ദേഹം തിരഞ്ഞെടുത്തതാകാമെന്ന്‌ ചരിത്രകാര്‍ കരുതുന്നു. മറ്റു വിപ്ലവകാരികളില്‍ ജോസഫ്‌ സ്റ്റലിന്റെ പേരും യഥാര്‍ത്ഥ പേരല്ല. 'ലോസീഫ്‌ ഷുഗാഷ്‌ വിലി' വിപ്ലവ കാലഘട്ടത്തില്‍ ജോസഫ്‌ സ്റ്റലിനെന്ന പേര്‌ സ്വീകരിക്കുകയായിരുന്നു. അതുപോലെ 'ലെവ്‌ ബ്രോണ്‍ഷ്ടിന്‍' പിന്നീട്‌ ലിയോണ്‍ ട്രോഡ്‌സ്‌ക്കിയായി.

ലെനിന്റെ മാതാപിതാക്കളായ 'ല്ലിയാ നികൊലയെവിച്‌ ഉല്‍ യനോവിയുടെയും മരിയാ അലക്‌സാന്ദ്രോവനയുടേയും ആറു മക്കളില്‍ അദ്ദേഹം മൂന്നാമനായിരുന്നു. 1870ലാണ്‌ വ്‌ലാഡിമിര്‍ ലെനിന്‍ ജനിച്ചത്‌. മാതാപിതാക്കള്‍ സമൂഹത്തില്‍ വിലമതിക്കുന്നവരും ബഹുമതിയുണ്ടായിരുന്നവരും വിദ്യാസമ്പന്നരുമായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ്‌ പ്രസിദ്ധനായ ഒരു സ്‌കൂള്‍ മാസ്റ്ററായിരുന്നു.വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ച്‌ അനേക ബഹുമതികളും ലഭിച്ചിട്ടുണ്ടായിരുന്നു. മാതാവ്‌ ഒരു യഹൂദ ഡോക്ടറുടെ മകളായിരുന്നു. റഷ്യന്‍ സാഹിത്യത്തില്‍ പണ്ഡിതയുമായിരുന്നു. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ അവര്‍ പ്രത്യേകം ശ്രദ്ധ നല്‌കുമായിരുന്നു.

റഷ്യയിലെ സാര്‍ ചക്രവര്‍ത്തി ഭരണത്തിനു ശേഷം വന്ന താല്‌ക്കാലിക സര്‍ക്കാരിനെതിരെ വിപ്ലവം നയിച്ചിരുന്നത്‌ ബോള്‍ഷേവിക്ക്‌ പാര്‍ട്ടി നേതാവായ വ്‌ലാഡിമിര്‍ ലെനിനായിരുന്നു. രക്തരഹിത വിപ്ലവത്തില്‍ക്കൂടി അധികാരം കയ്യടക്കി. ബോള്‍ഷേവിക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സങ്കേതങ്ങളും കെട്ടിടങ്ങളും പിടിച്ചെടുത്തു. തലസ്ഥാനമായ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്‌ അവരുടെ അധീനതയിലാക്കി. ഭരണം പിടിച്ചെടുത്ത്‌ രണ്ടു ദിവസത്തിനുള്ളില്‍ ലെനിന്റെ നേതൃത്വത്തില്‍ സര്‍ക്കാരൂം രൂപീകരിച്ചു. ലെനിന്‍ പുതിയ സര്‍ക്കാരിന്റെ തലവനായും പ്രഖ്യാപിച്ചു. പിന്നീട്‌ 'യൂണിയന്‍ ഓഫ്‌ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കെന്ന്‌' പേരും നല്‌കി. അങ്ങനെ ലോകത്തിലെ ആദ്യത്തെ മാര്‍ക്‌സിസ്റ്റ്‌ രാജ്യമായി റഷ്യ അറിയപ്പെട്ടു.

1868ല്‍ ജനിച്ച ലെനിന്റെ മൂത്ത സഹോദരന്‍ അലക്‌സാണ്ടര്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നും സ്വര്‍ണ്ണ മെഡലോടെയാണ്‌ ബിരുദം നേടിയത്‌. സൂവോളജി വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട്‌ അലക്‌സാണ്ടര്‍ മൂന്നാമന്‍ സാര്‍ചക്രവര്‍ത്തിയ്‌ക്കെതിരെ വിപ്ലവ രാഷ്ട്രീയത്തില്‍ ഇടപെട്ടു. ചക്രവര്‍ത്തിക്കെതിരെ അനേക പ്രതിഷേധപ്രകടനങ്ങള്‍ക്കും നേതൃത്വം കൊടുത്തു. 1887ഏപ്രില്‍ 25ന്‌ അറസ്റ്റു ചെയ്യുകയും ചെയ്‌തു. സാര്‍ചക്രവര്‍ത്തിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ കോടതി വിചാരണയെ നേരിടേണ്ടി വന്നു. ചിലര്‍ ക്ഷമാപണം നടത്തിയതുകൊണ്ട്‌ രാജകീയ കോടതി ശിക്ഷ ഇളവു നല്‌കിയിരുന്നു. എന്നാല്‍ അലക്‌സാണ്ടര്‍ ക്ഷമ പറയാന്‍ തയാറായില്ല. അത്‌ താന്‍ വിശ്വസിക്കുന്ന തത്ത്വങ്ങളോടുള്ള ആത്മവഞ്ചനയെന്നും അദ്ദേഹം ചിന്തിച്ചു. അവസാനം മറ്റുള്ളവരുടെ പ്രേരണയാല്‍ 'താന്‍ ചെയ്‌തത്‌ തെറ്റാണെന്നു' അനുതപിക്കാതെ ഒരു കത്തെഴുതി. 'തന്റെ മാതാവിന്റെ ആരോഗ്യനില മോശമാണെന്നും മാതാവിനുവേണ്ടി ശിക്ഷ ഇളവു നലകണമെന്നുമായിരുന്നു' കത്തിലെ ഉള്ളടക്കം. 'തന്‍റെ വധ ശിക്ഷ നടപ്പിലായാല്‍ അവരുടെ ജീവിതം തകരാറാകുമെന്നും കത്തില്‍ സൂചിപ്പിച്ചു. ആ യുവ വിപ്ലവകാരിയുടെ അപേക്ഷ നിരസിക്കുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്‌തു.

സഹോദരന്‌ വധ ശിക്ഷ നല്‍കിയതില്‍ ലെനിന്‌ ഒടുങ്ങാത്ത പക രാജകുടുംബത്തോടുണ്ടായിരുന്നു. ലെനിന്‌ അന്നു പതിനേഴു വയസു പ്രായമായിരുന്നു.കൗമാര പ്രായത്തിലെ ചോരത്തിളപ്പില്‍ അദ്ദേഹത്തിലും ഒരു വിപ്ലവകാരി ജനിച്ചു. സഹോദരന്റെ മരണ ശേക്ഷം അദ്ദേഹം 'കസാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമം പഠിക്കാന്‍ ചേര്‍ന്നു. വിദ്യാര്‍ത്ഥി പ്രക്ഷോപണത്തില്‍ പങ്കു ചേര്‍ന്നതിന്‌ ആ ഡിസംബറില്‍ കോളേജില്‍ നിന്ന്‌ പുറത്താക്കി. തിരിച്ചെടുക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും സാധിച്ചില്ല. പിന്നീട്‌ 1891ല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ നിയമ ബിരുദമെടുത്തു. അതിനു ശേഷം 'ഡിഫന്‍സ്‌' നിയമജ്ഞനായി പരിശീലനം തുടങ്ങി. ആ കാലയളവിനുള്ളില്‍ കാറല്‍ മാര്‍ക്‌സിന്റെ തത്ത്വ ചിന്തകള്‍ പഠിച്ച്‌ ഒരു കമ്മ്യൂണിസ്റ്റ്‌ ചിന്തകനായി മാറിക്കഴിഞ്ഞിരുന്നു. 1895 ല്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തനവും തുടങ്ങി. തൊഴിലാളികളുടെ ക്ഷേമവും അവരുടെ തൊഴില്‍പരമായ അന്തസ്സും കൈവരിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നത്‌. അതിനായി യൂണിയനുകള്‍ ഉണ്ടാക്കി വിപ്ലവങ്ങളും ആരംഭിച്ചു.

1896 ല്‍ ലെനിന്‍ തന്റെ മാര്‍സിസ്റ്റ്‌ ചിന്താഗതിയിലുള്ള ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. അതിനുശേഷം അദ്ദേഹം ഫ്രാന്‍സ്‌, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലണ്ട്‌ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ ഒരേ ചിന്താഗതിയിലുള്ള മാര്‍ക്‌സിസ്റ്റ്‌ നേതാക്കന്മാരുമായി സഹവര്‍ത്തിത്വത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു. റഷ്യയിലെത്തിയ ഉടന്‍ മാര്‍ക്‌സിസ്റ്റ്‌ ചിന്താഗതിയില്‍ ഒരു വാര്‍ത്താ പേപ്പര്‍ ആരംഭിക്കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്‌തു. ഒരു വര്‍ഷം ജയിലില്‍ അടയ്‌ക്കുകയും അതിനുശേഷം സൈബീരിയായില്‍ നാട്‌ കടത്തുകയും ചെയ്‌തു. അവിടെ നാട്‌ കടത്തപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരി, 'നദേഴ്‌ദ ക്രുപ്‌സ്‌കയയെ' 1898 ജൂലൈ പത്താംതിയതി വിവാഹം ചെയ്‌തു. സൈബീരിയായില്‍ അദ്ദേഹം ഉല്ലാസ നടപ്പ്‌, എഴുത്ത്‌, നായാട്ട്‌, നീന്തല്‍ മുതലായ ഹോബികളില്‍ക്കൂടി സമയം ചിലവഴിച്ചിരുന്നു. 1900 ത്തില്‍ രാജ്യം വിടാനുള്ള അനുവാദം കൊടുത്തു. അതിനു ശേഷം പതിനേഴു വര്‍ഷം വിദേശത്തു താമസിച്ചു. 1905ലെ പരാജയപ്പെട്ട ഒരു വിപ്ലവ കാലഘട്ടത്തിലാണ്‌ അദ്ദേഹം വീണ്ടും റഷ്യയില്‍ മടങ്ങി വന്നത്‌.

1900ല്‍ ലെനിന്‍ തന്റെ നാടുകടത്തലിനുശേഷം പടിഞ്ഞാറേ യൂറോപ്പില്‍ യാത്രചെയ്‌ത്‌ വിപ്‌ളവ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ തീഷ്‌ണമായി പഠിച്ചുകൊണ്ടിരുന്നു. അക്കാലത്ത്‌ തൊഴിലാളികളെ ആവേശഭരിതരാക്കാന്‍ അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും അവകാശങ്ങളും സംബന്ധിച്ച വിവാദപരമായ ചെറു പുസ്‌തകങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. 'അനുസരണയോടെയുള്ള പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലേ പാര്‍ട്ടിയുടെ ലക്ഷ്യമായ സോഷ്യലിസമെന്ന പുത്തനായ സാമൂഹിക വ്യവസ്ഥിതി നടപ്പാക്കാന്‍ സാധിക്കൂവെന്ന്‌' അദ്ദേഹം വിശ്വസിച്ചിരുന്നു. 1903ല്‍ ലെനിന്‍ ലണ്ടനിലെ മാര്‍ക്‌സിസ്റ്റ്‌ നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നു. 'സോഷ്യലിസ്റ്റ്‌ ഡമോക്രാറ്റിക്ക്‌ വര്‍ക്കേഴ്‌സ്‌ പാര്‍ട്ടി' എന്നൊരു പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ആരംഭത്തില്‍ തന്നെ ആ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ലെനിന്റെ ബോള്‍ഷേവിക്ക്‌ പാര്‍ട്ടി അനുവര്‍ത്തിച്ചു വന്നത്‌ തീവ്രമായ ചിന്തകളും ലക്ഷ്യം കൈവരിക്കാന്‍ ബലപ്രയോഗവുമായിരുന്നു. എതിര്‍ ഗ്രൂപ്പായ 'മെന്‍ഷെവിക്‌സ്‌ പാര്‍ട്ടി' മിതവാദികളായിരുന്നു. ജനാധിപത്യ സോഷ്യലിസമായിരുന്നു അവര്‍ വിഭാവന ചെയ്‌തത്‌. 1912ല്‍ പാര്‍ട്ടി രണ്ടാവുകയും ലെനിന്‍ ഔദ്യോഗികമായി ബോള്‍ഷേവിക്കുകളുടെ നേതാവാകുകയും ചെയ്‌തു.

1914ല്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തെ ലെനിന്‍ എതിര്‍ത്തിരുന്നു. സാമ്രാജ്യത്വ വാദികളുടെ യുദ്ധമെന്ന്‌ ലെനിന്‍ വിശേഷിപ്പിച്ചു. റഷ്യന്‍ പട്ടാളത്തോട്‌ മുതലാളിത്ത വ്യവസ്ഥ പാലിക്കുന്നവര്‍ക്കെതിരെ തോക്കുകള്‍ ചൂണ്ടാന്‍ ലെനിന്‍ ആവശ്യപ്പെട്ടു. റഷ്യയെ സംബന്ധിച്ച്‌ ഒന്നാം ലോക മഹായുദ്ധം അതിഭീമമായ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. മറ്റേത്‌ രാഷ്ടങ്ങളേക്കാള്‍ റഷ്യയ്‌ക്ക്‌ കടുത്ത നഷ്ടങ്ങളുണ്ടാക്കി. സാമ്പത്തികമായി റഷ്യ കരകേറാന്‍ സാധിക്കാത്തവണ്ണം അടിപതറി വീണു. തെരുവുകള്‍ നിറയെ വിശക്കുന്ന വയറുകള്‍ അലഞ്ഞു നടന്നിരുന്നു. അതേ സമയം സാര്‍ ചക്രവര്‍ത്തി കുടുംബം ജനങ്ങളെ ഗൗനിക്കാതെ ആഘോഷങ്ങളും സംഗീത മേളകളുമായി ആര്‍ഭാടങ്ങളിലും ജീവിച്ചു.

1905ല്‍ റഷ്യന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലെനിന്‍ റഷ്യയില്‍ മടങ്ങി വന്നു. മെച്ചമായ ജീവിതസൌകര്യങ്ങള്‍ ആവശ്യപ്പെട്ട്‌ തൊഴിലാളികള്‍ നാടു മുഴുവന്‍ സമരത്തിലും പണിമുടക്കിലുമായിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്നും നവീകരിച്ച റഷ്യന്‍ ഭരണഘടനയും ജനാധിപത്യ നിയമസഭകളും നടപ്പാക്കാമെന്നും സമരക്കാര്‍ക്ക്‌ സാര്‍ നിക്ലൗവൂസ്‌ രണ്ടാമന്‍ വാക്കു കൊടുത്തു. വാഗ്‌ദാനങ്ങള്‍ നല്‌കി പരിഷ്‌ക്കാരങ്ങള്‍ക്ക്‌ തയ്യാറായ രാജാവിന്റെ ഉറപ്പിന്‍മേല്‍ സമരം പിന്‍വലിക്കുകയും ചെയ്‌തു. എന്നാല്‍ വാക്കുകള്‍ പാലിക്കാതെ വിപ്ലവക്കാരുമായുണ്ടാക്കിയ കരാര്‍ കാറ്റില്‍ പറത്തിക്കൊണ്ടു രാജാവിന്റെ തന്നിഷ്ടംപോലെ ഭരണം തുടര്‍ന്നു. 1907ല്‍ ലെനിനെ വീണ്ടും രാജ്യത്തുനിന്നും പുറത്താക്കി. യുദ്ധം മൂലം റഷ്യയുടെ സാമ്പത്തികം അപ്പാടെ തകര്‍ന്നു. നാടു മുഴുവന്‍ ഭക്ഷണത്തിന്റെ അപര്യാപ്‌തമൂലം പെട്രോഗാഡില്‍ അതിരൂക്ഷമായ സമരം വീണ്ടും പൊട്ടിപുറപ്പെട്ടു. നിരാശരായ റഷ്യന്‍ പട്ടാളവും സമരക്കാരോടൊപ്പം പങ്കുചേര്‍ന്നു. വെടിവെപ്പും ലാത്തി ചാര്‍ജുകളുമായി നാടുമുഴുവന്‍ അരാജകത്തം തുടര്‍ന്നു. ഗത്യന്തരമില്ലാതെ മാര്‍ച്ച്‌ പതിനഞ്ചാം തിയതി നിക്ലൗവൂസ്‌ രാജാവ്‌ രാജകിരീടം ഉപേക്ഷിച്ച്‌ സ്ഥാനത്യാഗം ചെയ്‌തു. അങ്ങനെ മൂന്നു നൂറ്റാണ്ടുകള്‍ പിന്തുടര്‍ന്ന റഷ്യയുടെ 'സാര്‍' വംശ രാജഭരണം അവസാനിച്ചു. രാജവംശത്തിന്റെ നയങ്ങള്‍ പിന്തുടര്‍ന്ന പാകതയും പക്വതയുമില്ലാത്ത ഏതാനും പേരെ താല്‌ക്കാലിക ഭരണവും ഏല്‍പ്പിച്ചു. താല്‌ക്കാലിക സര്‍ക്കാരില്‍ പട്ടാളക്കാരും സമരക്കാരുടെ കമ്മറ്റിയും ഉണ്ടായിരുന്നു.

ഫെബ്രുവരി വിപ്ലവത്തിനുശേഷം ജര്‍മ്മനധികാരികള്‍ ലെനിനേയും സഹകാരികളെയും ജര്‍മ്മനിയില്‍ കടക്കാന്‍ അനുവദിച്ചു. സ്വിറ്റ്‌സര്‍ലണ്ട്‌സ്വീഡന്‍ വഴി മുദ്രവെച്ച്‌ അടച്ച ഒരു വാഗനുള്ളില്‍ രഹസ്യമായി അവര്‍ യാത്ര ചെയ്‌തു. യുദ്ധത്തിനെതിരായ ലെനിന്റെ പ്രവര്‍ത്തനങ്ങള്‍മൂലം ജര്‍മ്മനി ലെനിനെ സഹായിക്കാന്‍ തയ്യാറായി. നിലവിലുള്ള സര്‍ക്കാരിനെ താഴെയിറക്കി ലെനിന്റെ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വരേണ്ടത്‌ ജര്‍മ്മനിയുടെ താല്‌പര്യം കൂടിയായിരുന്നു. രാജവംശത്തിനു പകരമായി വന്ന റഷ്യയിലെ പുതിയ താല്‌ക്കാലിക സര്‍ക്കാര്‍ ലെനിനെ ഒരു ജര്‍മ്മന്‍ ചാരനായി മുദ്ര കുത്തി. 'താമസിക്കാനിടവും, കൃഷി ചെയ്യുന്നവനു ഭൂമിയും വിശക്കുന്നവന്‌ അപ്പവും സമാധാനവും' എന്നീ മുദ്രാവാക്യങ്ങള്‍ ലെനിന്‍ റഷ്യന്‍ ജനതയുടെയിടയില്‍ പ്രചരിപ്പിച്ചു. ആവേശഭരിതരായ റഷ്യന്‍ ജനത്തിന്റെ പിന്തുണ അദ്ദേഹത്തിനു നല്‌കിക്കൊണ്ടിരുന്നു. ഒക്ടോബറില്‍ ലെനിന്‍ രഹസ്യമായി പെട്രോഗ്രാഡില്‍ വന്നു. നവംബര്‍ എട്ടാം തിയതി രാജഭരണത്തിനു ശേഷം വന്ന റഷ്യ ഭരിക്കുന്നവരെ താഴെയിറക്കി അധികാരം ബോള്‍ഷേവിക്കുകള്‍ കൈക്കലാക്കി.

ലോകത്തിലെ ആദ്യത്തെ മാര്‍ക്‌സിസ്റ്റ്‌ രാജ്യത്തിന്റെ ഏകാധിപതിയായി ലെനിന്‍ അറിയപ്പെടുന്നു. അധികാരം കിട്ടിയ ഉടന്‍ അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ ജര്‍മ്മനിയുമായി സമാധാനയുടമ്പടിയുണ്ടാക്കി. വ്യവസായങ്ങള്‍ ദേശവല്‍ക്കരിച്ചു. ജന്മിത്വം അവസാനിപ്പിച്ചുകൊണ്ട്‌ ഭൂമി കൃഷി ചെയ്യുന്നവന്‌ വിതരണം ചെയ്‌തു. എന്നാല്‍ 1918ല്‍ സാറിസ്റ്റ്‌ ശക്തികളുമായി മല്ലിടേണ്ടി വന്നു. അഭ്യന്തര യുദ്ധം വീണ്ടും പൊട്ടി പുറപ്പെട്ടു. 1920ല്‍ സാറിസ്റ്റ്‌ ലഹളക്കാരെ അടിച്ചമര്‍ത്തി.1922ല്‍ 'യൂണിയന്‍ ഒഫ്‌ സോവിയറ്റ്‌ റിപ്പബ്ലിക്ക്‌ (USSR)' നിലവില്‍ വന്നു.

ലെനിനെ വധിക്കാനുള്ള സാറിസ്റ്റ്‌ പ്രഭുക്കന്മാരുടെ രണ്ടുമൂന്നു ശ്രമങ്ങളില്‍ ലെനിന്‍ രണ്ടു വെടിയുണ്ടകളോടെ മുറിവേറ്റു. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നു വിശ്വസിക്കുന്ന പ്രഭുക്കന്മാരെയും സാറിസ്റ്റ്‌ മന്ത്രിമാരെയും വിചാരണ ചെയ്യുവാനും ആജ്ഞ കൊടുത്തു. സാര്‍ ഭരണത്തെ പിന്താങ്ങുന്നവരെ പീഡിപ്പിക്കല്‍ 1920 വരെ തുടര്‍ന്നു. ഈ ഭീകര ചുവപ്പു വിപ്ലവ ദിനങ്ങളില്‍ ഏകദേശം അഞ്ചു ലക്ഷം ജനം വധിക്കപ്പെട്ടു. സാമ്പത്തിക തകര്‍ച്ച തടയാന്‍ യുദ്ധ കാലങ്ങളെപ്പോലെ കൃഷിക്കാരില്‍ നിന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ ബലമായി പിടിച്ചെടുത്തു. ഈ ഭക്ഷണ വിഭവങ്ങള്‍ ബോള്‍ഷേവിക്ക്‌ പട്ടാളത്തിനു ഭക്ഷിക്കാനും യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കായും പട്ടണങ്ങളിലെത്തിച്ചു. 1921ല്‍ അദ്ദേഹം സാമ്പത്തിക നയങ്ങളില്‍ ഉദാരനയങ്ങള്‍ സ്വീകരിച്ചു. അതുമൂലം റഷ്യയുടെ സാമ്പത്തികം മെച്ചപ്പെട്ടു.

1922ഏപ്രിലില്‍ ലെനിന്റെ സഹകാരിയായ ജോസഫ്‌ സ്റ്റലിന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. സ്റ്റലിനെ സെക്രട്ടറിയാക്കിയതില്‍ പിന്നീട്‌ ലെനിന്‍ ഖേദിച്ചിരുന്നു. 1922 ലും 1923ലും ലെനിന്‍ മരിക്കുന്നവരെ പ്രസിദ്ധീകരിക്കാത്ത അദ്ദേഹത്തിന്‍റെ ഒരു കത്തില്‍ സ്റ്റലിന്‍ ഒരു ഉഗ്രധിക്കാരിയെന്നും ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹത്തെ സഹിക്കാന്‍ സാധിക്കുന്നില്ലാന്നും എഴുതിയിട്ടുണ്ട്‌. സ്റ്റലിന്റെ സ്ഥാനത്ത്‌ ക്ഷമയുള്ളവനെയും ആത്മാര്‍ത്ഥതയുള്ളവനെയും കൂടുതല്‍ ബഹുമാനിതനായവനെയും സഹപ്രവര്‍ത്തകരെ ശ്രദ്ധിക്കുന്നവനെയും അവരോട്‌ മര്യാദയുള്ളവനെയും മാറി മാറി വരുന്ന ചഞ്ചല മാനസിക പ്രകൃതമല്ലാത്തവനെയും തിരഞ്ഞെടുക്കേണ്ടിയിരുന്നുവെന്നും കത്തിലുണ്ട്‌. മറ്റൊരു കത്തിലെ ഉള്ളടക്കത്തില്‍ ' ലെനിന്റെ ഭാര്യയോട്‌ സ്റ്റലിന്‍ അപമര്യാദയായി പെരുമാറിയെന്നും ടെലഫോണില്‍ക്കൂടി അസഭ്യ വാക്കുകള്‍ പ്രയോഗിച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. മൂന്നാമതും ലെനിന്‌ ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞ്‌ അദ്ദേഹത്തിന്‌ സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു.വലതു വശം തളര്‍ന്നു പോവുകയും ചെയ്‌തു. മരണംവരെ ലെനിന്‍ അവശനായി വിശ്രമത്തിലായിരുന്നു. അതുകൊണ്ട്‌ സ്റ്റലിനെപ്പറ്റി പൊതുവേദികളില്‍ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല.

1924 ജനുവരി ഇരുപത്തിയൊന്നാം തിയതി ലെനിന്‍ അമ്പത്തി മൂന്നാം വയസ്സില്‍ ഹൃദയസ്‌തംഭനം മൂലം മരിച്ചു. അദ്ദേഹത്തിന്‍റെ മൃതശരീരം ക്രംലിനില്‍ സുഗന്ധ തൈലങ്ങളിട്ടു കേടുപാടുകള്‍ വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. പെട്രോഗ്രാഡിനു ആ മഹാന്റെ ബഹുമാനസൂചകമായി 'ലെനിന്‍ ഗ്രാഡെ'ന്നു പേരു നല്‌കി. ലെനിന്റെ മരണശേഷം ഭരണത്തിനുള്ള അധികാര വടംവലി രൂക്ഷമായിരുന്നു. ലെനിന്റെ വിപ്ലവസേനയിലെ സഹകാരി ജോസഫ്‌ സ്റ്റലിന്‍ സോവിയറ്റ്‌ ഭരണത്തിന്റെ തലവനായി. സ്റ്റലിന്‍ ഇരുപതാം നൂറ്റാണ്ടിലെ ക്രൂരനായ ഏകാധിപതി ഭരണാധികാരിയായി അറിയപ്പെടുന്നു.
ലെനിനും സോവിയറ്റ്‌ യൂണിയനെന്ന കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രത്തിന്റെ ഉദയവും (6- ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക