Image

സോവിയറ്റ്‌ ഏകാധിപത്യവും തകര്‍ന്ന കമ്മ്യൂണിസവും - റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 12: ജോസഫ്‌ പടന്നമാക്കല്‍)

Published on 18 November, 2015
സോവിയറ്റ്‌ ഏകാധിപത്യവും തകര്‍ന്ന കമ്മ്യൂണിസവും - റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 12: ജോസഫ്‌ പടന്നമാക്കല്‍)
1917ല്‍ ബോള്‍ഷേവിക്കുകള്‍ സാര്‍ ചക്രവര്‍ത്തി ഭരണം പിഴുതു കളഞ്ഞുകൊണ്ട്‌ റഷ്യാ മഹാ സാമ്രാജ്യമായിരുന്ന നാടിനെ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപബ്ലിക്ക്‌ സ്‌റ്റേറ്റാക്കി മാറ്റി. വിപ്ലവ കൊടുങ്കാറ്റില്‍ ഉയര്‍ന്നു വന്ന നേതാവായിരുന്ന വ്‌ലാഡിമിര്‍ ലെനിന്‍ രാജ്യത്തിലെ ആദ്യത്തെ ഭരണാധികാരിയുമായി. അവസാനത്തെ ഭരണാധികാരി മൈക്കിള്‍ ഗോര്‍ബചോവും. ബോള്‍ ഷേവിക്ക്‌ വിപ്ലവകാലത്ത്‌ ജനാധിപത്യത്തില്‍ അധിഷ്ടിതമായ ഒരു രാജ്യമായിട്ടായിരുന്നു സോവിയറ്റ്‌ യൂണിയനെ വിഭാവന ചെയ്‌തിരുന്നുവെങ്കിലും സാര്‍ ചക്രവര്‍ത്തി ഭരണത്തില്‍ നിന്നും വിത്യാസമില്ലാതെ ഏകാധിപത്യ ഭരണമായിരുന്നു അവിടെ എക്കാലവും നിലവിലുണ്ടായിരുന്നത്‌. ചരിത്രത്തിലെന്നും ഏക പാര്‍ട്ടിയാണ്‌ അവിടെ ഭരിച്ചത്‌. രാജാവിനോടുള്ളതുപോലെ ജനങ്ങള്‍ക്ക്‌ ഭരിച്ചിരുന്ന സര്‍ക്കാരുകളോട്‌ കൂറുണ്ടായിരിക്കണമെന്ന്‌ സോവിയറ്റ്‌ നാടിലെ ഓരോ ഏകാധിപതി ഭരണാധികാരിയും ചിന്തിച്ചിരുന്നു. ക്രൂരനും ഏകാധിപതിയുമായ സ്റ്റലിന്‍ ഭരിച്ചിരുന്ന കാലത്ത്‌ സാമ്പത്തികവും ഭരണവും വ്യവസായവും കൂട്ടു കൃഷിയും പരിപൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ ചിന്താഗതികള്‍ പൗരജനങ്ങള്‍ക്ക്‌ നിഷേധിച്ചുകൊണ്ടുള്ള ഏകാധിപത്യ പ്രവണത ഓരോ ഭരണാധികാരിയും പുലര്‍ത്തിയിരുന്നു. സ്റ്റലിന്റെ നയങ്ങള്‍ക്കെതിരെ ആരെങ്കിലും ശബ്ദിക്കുകയൊ പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ അവരെ അറസ്റ്റു ചെയ്യുകയോ വധിക്കുകയോ ചെയ്യുമായിരുന്നു. സ്റ്റലിന്റെ മരണശേഷം സോവിയറ്റ്‌ നേതാക്കന്മാര്‍ ആ ഭീകരന്റെ ഭരണത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. എങ്കിലും എല്ലാ ഭരണകൂടങ്ങളും മാനവരാശിയെ നശിപ്പിക്കുന്ന ആയുധ മത്സരത്തിലായിരുന്നു താത്‌പര്യം കാണിച്ചിരുന്നത്‌. കിഴക്കേ യൂറോപ്പിന്റെ അധീനത്വത്തിനു വേണ്ടി അനേക യുദ്ധങ്ങളിലും ഏര്‍പ്പെട്ടിരുന്നു. മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപെട്ട്‌ അവിടെ കലാപാന്തരീക്ഷങ്ങളും സൃഷ്ടിച്ചിരുന്നു.

സ്റ്റലിന്റെ പിന്‍ഗാമിയായി 'ജോര്‍ജി മലങ്കോവ്‌' റഷ്യയുടെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ എല്ലാ വിധത്തിലും യോഗ്യനായിരുന്നു. സ്റ്റലിന്റെ കാലത്ത്‌ കൌണ്‍സില്‍ ഓഫ്‌ മിനിസ്‌റ്റെഴ്‌സ്‌ ചെയര്‍മാനായും പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയായും സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. എന്നാല്‍ സ്റ്റലിനുശേഷം സോവിയറ്റ്‌ യൂണിയന്‍ ഭരിച്ച മലങ്കോവിന്റെ ഭരണകാലം അധിക കാലം നീണ്ടു നിന്നില്ല. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹം സ്വമേധയാ നികിതാ ക്രൂഷ്‌ചേവിനു നല്‌കി. ക്രൂഷ്‌ചേവ്‌ അധികാരം മുഴുവന്‍ കയ്യടക്കി മലങ്കൊവിനെ സ്ഥാനഭ്രഷ്ടനാക്കിയത്‌ സ്റ്റലിന്റെ കാലത്തിനു ശേഷം നടന്ന വലിയൊരു സംഭവമായിരുന്നു. പ്രതിയോഗികളെ അടിച്ചമര്‍ത്തി ക്രൂഷ്‌ചേവ്‌ തന്റെ ഭരിക്കാനുള്ള അധികാരം ഉറപ്പിച്ചു. ഒരു വര്‍ഷത്തിനുളളില്‍ തന്നെ സ്റ്റലിന്റെ കാലത്തെ രഹസ്യാന്വേഷണ സംഘ മേധാവി ഭീകരനായ 'ലാവറന്റി ബെറിയായെ' അറസ്റ്റ്‌ ചെയ്‌ത്‌ വെടി വെച്ചു കൊന്നു. വ്യവസായങ്ങള്‍ക്കും മിലിട്ടറി വികസനത്തിനും ക്രൂഷ്‌ചേവ്‌ ഭരണം പ്രാധാന്യം നല്‌കി. അമേരിക്കയുമായി ഒരു ന്യൂക്ലീയര്‍ യുദ്ധം ഉണ്ടാവുംവിധം ന്യൂക്ലിയറായുധങ്ങളുടെ മത്സരമായിരുന്നു അദ്ദേഹത്തിന്‍റെ ഭരണകാലങ്ങളില്‍ പ്രാധാന്യം കല്‌പ്പിച്ചിരുന്നത്‌. 1956 ഫെബ്രുവരിയില്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ക്രൂഷ്‌ചേവ്‌ അവതരിപ്പിച്ച സ്റ്റലിനിസത്തിനെതിരായ പുതിയ തത്ത്വ ചിന്തകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക്‌ വിസ്‌മയകരമായിരുന്നു.

ക്രൂഷ്‌ചേവിനെ അധികാരത്തില്‍നിന്നും മാറ്റിയത്‌ എന്തിനെന്ന്‌ വ്യക്തമായ ഒരു വിവരണം നല്‌കുവാന്‍ പ്രയാസമാണ്‌. അധികാര വടംവലിയില്‍ ക്യൂബന്‍ മിസൈല്‍ പ്രശ്‌നം അതിലൊരു കാരണമെന്നേയുള്ളൂ. ആയുധ മത്സരത്തില്‍ ക്രൂഷ്‌ചേവ്‌ അതിവേഗം സഞ്ചരിക്കുന്നത്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ ഭയമുണ്ടാക്കിയിരുന്നു. 'ഞാന്‍ പോവുമ്പോള്‍ സാമ്രാജ്യ ശക്തികള്‍ ഇറച്ചിക്കോഴികളെ പ്പോലെ നിങ്ങളുടെ കഴുത്തില്‍ കത്തി വെയ്‌ക്കുന്ന മണിനാദം മുഴങ്ങുമെന്നു' ക്രൂഷ്‌ചേവ്‌ പറയുമായിരുന്നു. ഒരിയ്‌ക്കല്‍ വാര്‍ത്താ ലേഖകര്‍ ക്രൂഷ്‌ ചേവിന്റെ മരണ ശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമി ആരായിരിക്കുമെന്ന ചോദ്യത്തിന്‌ അദ്ദേഹം ഉത്തരം പറഞ്ഞത്‌ ബ്രഷ്‌നേവെന്നായിരുന്നു. 1964ല്‍ ക്രൂഷ്‌ചേവ്‌ അവധിയിലായിരിക്കവേ ബ്രഷ്‌നേവിന്റെ നേതൃത്വം അധികാരം കയ്യടക്കി. 'ബ്രഷ്‌നേവ്‌' പാര്‍ട്ടി സെക്രട്ടറി, 'കോസിജിന്‍' കൌണ്‍സില്‍ ഓഫ്‌ മിനിസ്‌റ്റേഴ്‌സ്‌ ചെയര്‍മാന്‍, 'നികോളൈ പോഡ്‌ ഗോര്‍നി' സ്‌റ്റേറ്റ്‌ ചെയര്‍മാന്‍ , 'മൈക്കില്‍ സുസ്ലോവ്‌' നയതന്ത്രങ്ങളും പാര്‍ട്ടി ആശയങ്ങളും രൂപികരിക്കേണ്ട സെക്രട്ടറി എന്നീ നിലകളില്‍ ക്രൂഷ്‌ചേവ്‌ വഹിച്ചിരുന്ന ചുമതലകള്‍ പങ്കിട്ടെടുത്തു. പിന്നീട്‌ ബ്രഷ്‌നേവ്‌ മിലിട്ടറിയുടെ മാര്‍ഷല്‍ പദവി നേടിക്കൊണ്ട്‌ സോവിയറ്റ്‌ യൂണിയന്റെ പാര്‍ട്ടി നേതാവും സുപ്രധാനമായ തീരമാനങ്ങള്‍ മുഴുവനുമെടുക്കുന്ന പരമാധികാരിയുമായി അറിയപ്പെട്ടു. അദ്ദേഹത്തിന്‍റെ ഭരണകാലം ന്യൂക്ലീയറായുധ മത്സരങ്ങളിലും യുദ്ധങ്ങളിലുമായി ലോകത്ത്‌ അസമാധാനം സൃഷ്ടിച്ചു കൊണ്ടിരുന്നു.

ബ്രഷ്‌നേവിന്റെ മരണശേഷം 1982 നവംബര്‍ പത്താം തിയതി 'യൂറി അണ്ട്രപ്പോവിനെ' (ഥൗൃശ അിറൃീുീ്‌) കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ ഭരണം ഹൃസ്വവും സോവിയറ്റ്‌ യൂണിയനെ സംബന്ധിച്ചടത്തോളം കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാതെ അപ്രധാനവുമായിരുന്നു. രണ്ടാം ലോക മഹാ യുദ്ധത്തില്‍ നാസികള്‍ക്കെതിരെ ഗോറില്ലാ യുദ്ധം നടത്തിക്കൊണ്ട്‌ നേതൃ നിരയിലുണ്ടായിരുന്നു. 1954ല്‍ ഹംഗറിയിലെ സോവിയറ്റ്‌ അംബാസ്സിഡറായിരുന്നു. ഹംഗേറിയന്‍ വിപ്ലവം മുന്നേറിയപ്പോള്‍ അവിടുത്തെ പ്രധാനമന്ത്രി 'ഇംറേ നാഗിയെ' ചതിയില്‍ക്കൂടി പിടി കൂടാന്‍ സഹായിച്ചതും അണ്ട്രപ്പോവായിരുന്നു. നാഗിയെ പിന്നീട്‌ മോസ്‌ക്കോയില്‍ കൊണ്ടുവന്ന്‌ അന്നത്തെ സോവിയറ്റ്‌ നേതൃത്വം വധിക്കുകയാണുണ്ടായത്‌. 1982 വരെ സോവിയറ്റ്‌ യൂണിയന്റെ രഹസ്യാന്വേഷണ സംഘടനയായ കെ.ജി.ബി. യുടെ തലവനായിരുന്നു. അഴിമതി നിവാരണത്തിനും മദ്യനിരോധനത്തിനും അദ്ദേഹം സോവിയറ്റ്‌ യൂണിയന്റെ ആഭ്യന്തര രംഗത്ത്‌ പൊരുതി. റേഗന്റെ കമ്മ്യൂണിസ്റ്റ്‌ വിരോധം മൂലം അദ്ദേഹത്തിന്‍റെ ഭരണകാലം അമേരിക്കയുമായി നല്ല ബന്ധത്തിലായിരുന്നില്ല. 1983ല്‍ സോവിയറ്റ്‌ യൂണിയന്‍റെ ഒരു പൈലറ്റ്‌ കൊറിയന്‍ വിമാനം വെടി വെച്ചിട്ടതു മുതല്‍ അമേരിക്കയുമായി വഷളായ ഒരു ബന്ധമായിരുന്നുണ്ടായിരുന്നത്‌. അണ്ട്രപ്പോവ്‌ 1984 ഫെബ്രുവരി ഒമ്പതാം തിയതി മരിച്ചു.

അണ്ട്രോപ്പോവിന്റെ മരണശേഷം പിന്‍ഗാമിയായി കോണ്‍സ്റ്റന്റിന്‍ ചെര്‍നങ്കോയെ (ഗീിേെമിശേി ഇവലൃിലിസീ) സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1911ല്‍ ജനിച്ച ചെര്‍നങ്കോ സോവിയറ്റ്‌ യൂണിയന്‍ രാഷ്ട്രീയത്തില്‍ പ്രസിദ്ധനായ ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ പാവപ്പെട്ട കല്‌ക്കരി തൊഴിലാളികളായിരുന്നു. ആദ്യകാലങ്ങളില്‍ താഴെക്കിടയിലുള്ള ജോലികള്‍ ചെയ്‌ത്‌ ജീവിതം തള്ളി നീക്കി. 1931ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ പ്രചരണം നടത്താന്‍ പ്രത്യേകമായ ഒരു വൈഭവവും വിരുതും അദ്ദേഹത്തിനുണ്ടായിരുന്നു. 1950ല്‍ ബ്രഷ്‌നേവിനെ പരിചയപ്പെട്ട നാള്‍ മുതലാണ്‌ അദ്ദേഹത്തിന്‍റെ ഭാഗ്യം തെളിയുവാന്‍ തുടങ്ങിയത്‌. എല്ലാക്കാലവും ബ്രഷ്‌നേവിന്റെ വലംകൈയായി പ്രവര്‍ത്തിച്ചതു കൊണ്ട്‌ ഉന്നതമായ പല സ്ഥാനമാനങ്ങളും നേടാന്‍ സാധിച്ചു. 1982ല്‍ ബ്രഷ്‌നേവ്‌ മരിച്ചപ്പോള്‍ ബ്രഷ്‌നേവിന്റെ ഉറ്റ മിത്രമായ ചെര്‍നങ്കോയായിരുന്നു ജനറല്‍ സെക്രട്ടറിയാകേണ്ടിയിരുന്നത്‌.എന്നാല്‍ സോവിയറ്റ്‌ യൂണിയനില്‍ അന്നു ഭൂരിപക്ഷമുണ്ടായിരുന്ന നവീകരണ ചിന്താഗതിക്കാര്‍ അണ്ട്രോപ്പോവിനു പിന്തുണ നല്‍കിയതുകൊണ്ട്‌ അദ്ദേഹത്തിന്‌ ജനറല്‍ സെക്രട്ടറി സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചില്ല. ബ്രഷ്‌നേവിന്റെ തീവ്ര ചിന്തകള്‍ നടപ്പിലാക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. അണ്ട്രോപ്പോവ്‌ കൊണ്ടുവന്ന ചില രാഷ്ട്രീയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ അദ്ദേഹം തള്ളി കളഞ്ഞു. വിദേശ നയത്തില്‍ അമേരിക്കയോട്‌ ശതൃതാ നയമാണ്‌ പുലര്‍ത്തിയത്‌. 1980ല്‍ മോസ്‌ക്കോയില്‍ നടന്ന ഒളിമ്പിക്‌സ്‌ ബോയ്‌ക്കൊട്ടിനു പകരമെന്നോണം 1984 ലെ ലോസാഞ്ചല്‍സില്‍ നടന്ന സമ്മര്‍ ഗെയിംസില്‍ സോവിയറ്റ്‌ യൂണിയന്‍ പങ്കെടുത്തില്ല. അനാരോഗ്യവാനായതുകൊണ്ട്‌ ആഭ്യന്തര രംഗത്തും അന്തര്‍ ദേശീയ തലങ്ങളിലും അദ്ദേഹത്തിനു പ്രസിദ്ധനാകാന്‍ കഴിഞ്ഞില്ല.

1985 മാര്‍ച്ച്‌ പത്താംതിയതി ചെര്‍നങ്കോ മരിച്ചപ്പോള്‍ ഗോര്‍ബച്ചോവ്‌ സോവിയറ്റ്‌ യൂണിയന്റെ ഭരണാധികാരിയായി ചുമതലയേറ്റെടുത്തു. റഷ്യന്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ച അദ്ദേഹം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ റഷ്യയെ ഉത്ഭാദന വ്യവസായിക മേഖലകളില്‍ അഭിവൃത്തിപ്പെടുത്തുമെന്ന്‌ വിചാരിച്ചു. രാഷ്ട്രീയത്തിലായാലും രാജ്യകാര്യങ്ങളിലായാലും യുക്തിയ്‌ക്കനുസരിച്ച്‌ ചിന്തിക്കാന്‍, സ്വതന്ത്രമായ അഭിപ്രായം പറയാന്‍ ഓരോ പൗരനും അവകാശമുണ്ടെന്ന്‌ അദ്ദേഹം വിശ്വസിച്ചു. ബുദ്ധിജീവികളുടെ പുസ്‌തകങ്ങള്‍ നിരോധിക്കല്‍, രഹസ്യ പോലീസുകാരുടെ സര്‍വ്വാധികാരം മുതലായ സ്റ്റലിന്റെ കാലത്തുണ്ടായിരുന്ന അടിച്ചമര്‍ത്തലുകളെ അദ്ദേഹം ഇല്ലായ്‌മ ചെയ്‌തു. രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. പത്രങ്ങള്‍ക്ക്‌ ഭരിക്കുന്ന സര്‍ക്കാരുകളെ വിമര്‍ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു. സോവിയറ്റ്‌ യൂണിയന്റെ ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ വിശ്വക്കാത്തവര്‍ക്കും തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ സര്‍ക്കാരിന്റെ കുത്തകകള്‍ അവസാനിപ്പിച്ചു. സ്വകാര്യ മേഖലകളില്‍ പണം നിക്ഷേപിച്ചാലെ സാമ്പത്തികമായി രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്നും അദ്ദേഹം വിശ്വസിച്ചു. മാന്യമായ വേതനത്തിനായി തൊഴിലാളികള്‍ക്ക്‌ സമരം ചെയ്യാനുള്ള അവകാശങ്ങളും അനുവദിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ ഈ പരിഷ്‌ക്കാരങ്ങള്‍ക്ക്‌ ഫലം ലഭിച്ചില്ല. പഴയ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി ഇല്ലായ്‌മ ചെയ്‌ത്‌ പുതിയ വ്യവസ്ഥാപിത സാമ്പത്തിക പുനരുദ്ധാരാണത്തിനായി നീണ്ടകാല കാത്തിരുപ്പും ആവശ്യമായിരുന്നു. അത്യാവശ്യ സാധനങ്ങള്‍ ലഭിക്കാന്‍ മണിക്കൂറോളം കടകളില്‍ കാത്തിരുപ്പും അരി, ഗോതമ്പ്‌ വിഭവങ്ങള്‍ക്കുള്ള റേഷനും ഗോര്‍ബോചോവ്‌ നയങ്ങളുടെ പ്രതിഫലനമായിരുന്നു. അതിന്റെ ഫലമായി ജനങ്ങള്‍ക്ക്‌ സര്‍ക്കാരിലുള്ള വിശ്വാസം കുറഞ്ഞു.

ഗോര്‍ബചോവ്‌ വിശ്വസിച്ചിരുന്നത്‌ മറ്റുള്ള രാജ്യങ്ങളോട്‌ പ്രത്യേകിച്ച്‌ യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സിനോട്‌ സൗഹാര്‍ദത്തില്‍ കഴിഞ്ഞാല്‍ സോവിയറ്റ്‌ യൂണിയന്റെ സാമ്പത്തിക നില മെച്ചപ്പെടുമെന്നായിരുന്നു.
ആയുധങ്ങള്‍ കുന്നുകൂട്ടിയിരിക്കുന്ന സോവിയറ്റു യൂണിയനെ പ്രസിഡന്റ്‌ റേഗന്‍ ഒരിയ്‌ക്കല്‍ തിന്മയുടെ രാജ്യമെന്ന്‌ വിളിച്ചു. ആയുധ മത്സരത്തില്‍ നിന്നും വിട്ടു നില്‌ക്കാന്‍ ഗോര്‍ബച്ചോവ്‌ പ്രതിജ്ഞ ചെയ്‌തിരുന്നു. 1979 മുതല്‍ യുദ്ധം ചെയ്‌തുകൊണ്ടിരുന്ന അഫ്‌ഗാനിസ്ഥാനില്‍ നിന്നും സോവിയറ്റ്‌ പട്ടാളത്തെ പിന്‍വലിക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. വാര്‍സോ ഉടമ്പടി പ്രകാരം കിഴക്കേ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിലനിര്‍ത്തിയിരുന്ന സോവിയറ്റ്‌ പട്ടാളങ്ങളെ ചുരുക്കിക്കൊണ്ട്‌ സമാധാനത്തിന്റെ പാത തുറന്നു. മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലാന്നുള്ള നയവും സ്വീകരിച്ചു. പക്ഷെ ആ നയം സോവിയറ്റ്‌ യൂണിയനു ഏതാനും നാളുകളില്‍ മാത്രം നടപ്പാക്കാന്‍ സാധിച്ചുള്ളൂ. 1989ല്‍ കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ സ്വതന്ത്രമായ ജനകീയ ഭരണത്തിനായി മുറവിളി കൂട്ടി. അവരുടെ ജനകീയ മുന്നേറ്റം വിജയിക്കുകയും ചെയ്‌തു. അതുമൂലം സമാധാനപരമായ യുദ്ധം കിഴക്കേ യൂറോപ്പ്‌ മുഴുവന്‍ വ്യാപിച്ചിരുന്നു. ആ മാസം നവംബറില്‍ ബെര്‍ലിന്‍ വാള്‍ താഴെ വീണു. ചെക്കോസ്ലോവോക്കിയായിലെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ താഴെയിറക്കി. എങ്കിലും ഡിസംബറില്‍ അരാജകത്വം തുടര്‍ന്നു. റൊമാനിയായുടെ കമ്മ്യൂണിസ്റ്റ്‌ ഏകാധിപതിയായ 'നിക്കോളോ സീസേസ്‌ച്ചു വിനെയും ഭാര്യയേയും' അധികാരം പിടിച്ചെടുത്ത പട്ടാളം വെടിവെച്ചു കൊന്നു. കിഴക്കേ യൂറോപ്പില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ സോവിയറ്റ്‌ യൂണിയനെയും ബാധിച്ചു. റഷ്യന്‍ സാമ്പത്തിക നില തകര്‍ന്നിരുന്നു. സോവിയറ്റ്‌ യൂണിയനില്‍നിന്നും ഓരോ രാജ്യങ്ങള്‍ പിരിയാനും തുടങ്ങി. ലോകത്തിലെ ശക്തി രാഷ്ട്രമായ സോവിയറ്റ്‌ യൂണിയന്‍ ചരിത്രമായി മാറിക്കൊണ്ട്‌ നിലം പതിക്കുകയും ഭൂപടത്തിന്റെ അതിരുകള്‍ തിരുത്തുകയും ചെയ്‌തു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്നിലെ ക്രിസ്‌തുമസിന്റെ പുലരിനാള്‍ സോവിയറ്റ്‌ നാടിന്റെ പതാക മോസ്‌ക്കോയിലെ ക്രംലിനില്‍ പാറി പറന്ന അവസാനത്തെ ദിനമായിരുന്നു. അതിന്‌ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ സോവിയറ്റ്‌ റിപ്പബ്ലിക്ക്‌ പ്രവിശ്യായിലുള്ള പതിനൊന്ന്‌ അംഗങ്ങള്‍ 'അലമാഅറ്റാ'യിലുള്ള കസ്സാക്ക്‌ പട്ടണത്തില്‍ സമ്മേളിച്ചിരുന്നു. അവരൊത്തുകൂടി ' ഇനിമേല്‍ തങ്ങള്‍ സോവിയറ്റ്‌ നാടിന്റെ ഭാഗമല്ലെന്നു' ലോകത്തെയറിയിച്ചുകൊണ്ട്‌ ചരിത്രപ്രസിദ്ധമായ ഒരു വിളംബരം ചെയ്‌തു. അന്നു മുതല്‍ സോവിയറ്റ്‌ നാടിന്റെ ഭാഗങ്ങളായിരുന്ന യുക്കറയിന്‍,ബെലാറസ്‌, റഷ്യന്‍ ഫെഡറേഷന്‍, അര്‍മേനിയാ, അസര്‍ ബൈജാന്‍, കസ്സാക്‌സ്‌താന്‍, ക്യാര്‍ ഗിസ്‌താന്‍, മോള്‌ഡോവാ , ടര്‍ക്‌ മെനിസ്‌താന്‍ , ടാജി കിസ്‌താന്‍, ഉസ്‌ ബക്കിസ്‌താന്‍ എന്നീ ഭൂപ്രദേശങ്ങള്‍ ഓരോ രാജ്യങ്ങളായി മാറിക്കൊണ്ട്‌ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പൊതുവായ ഒരു കോമണ്‍ വെല്‍ത്തിലെ സ്വതന്ത്ര രാഷ്ട്രങ്ങളായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും പുതിയതായി ഉദയം ചെയ്‌ത ഈ രാഷ്ട്രങ്ങള്‍ പ്രതിജ്ഞ ചെയ്യുകയും ചെയ്‌തു. ബ്രഹത്തായ സോവിയറ്റ്‌ നാട്‌ തകര്‍ന്നത്‌ ആറു വര്‍ഷത്തോളം ഭരിച്ച ഗോര്‍ബചോവിന്റെ പരിവര്‍ത്തനാത്മകമായ നവീകരണ പരിഷ്‌ക്കാരങ്ങള്‍ക്കു ശേഷമായിരുന്നു. നിരാശനായ ഗോര്‍ബചോവ്‌ സോവിയറ്റ്‌ നാടിന്റെ ഭരണാധികാരിയെന്ന നിലയില്‍ അധികാരമൊഴിയുകയും ചെയ്‌തു. സോവിയറ്റ്‌ നാടിന്റെ പതനം സമാധാനപരവും ഭീകരവും രക്തപങ്കിലവും ചരിത്രത്തിലെ ഒരു യുഗത്തിന്റെ അവസാനവുമായിരുന്നു.

ഗോര്‍ബചൊവിനു ശേഷം ബോറീസ്‌ യെല്‍സിന്‍ 1991 മുതല്‍ 1999 വരെ റഷ്യയുടെ പ്രസിഡണ്ടായിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചെങ്കിലും ക്രമേണ അദ്ദേഹം ജനാധിപത്യത്തിലും സ്വതന്ത്രമായ മാര്‍ക്കറ്റ്‌ ധനതത്ത്വ ശാസ്‌ത്രത്തിലും വിശ്വസിച്ചിരുന്നു. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയില്‍ അദ്ദേഹവും സാക്ഷിയായിരുന്നു. രണ്ടു പ്രാവിശ്യം അദ്ദേഹത്തെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. റഷ്യാ സോവിയറ്റ്‌ യൂണിയനില്‍ ഉള്‍പ്പെട്ട കാലത്തായിരുന്നു ആദ്യം പ്രസിഡണ്ടായി തെരഞ്ഞെടുത്തത്‌. സ്വതന്ത്രമായ ഒരു സമൂഹവും ധനതത്ത്വ ശാസ്‌ത്രവുമാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കിലും അദ്ദേഹത്തിന്‍റെ ഭരണകാലഘട്ടത്തില്‍ രാജ്യത്തിന്‌ ഗുരുതരമായ സാമ്പത്തിക ക്ലേശങ്ങള്‍ നേരിടേണ്ടി വന്നു. അഴിമതികളും കുറ്റകൃത്യങ്ങളും രാജ്യം മുഴുവന്‍ നിറഞ്ഞിരുന്നു. ചെച്ചന്യാ റിപ്പബ്ലിക്ക്‌ രക്തചോരിച്ചിലൂടെ ഒരു ഭീകര യുദ്ധത്തിനുശേഷം പിരിഞ്ഞതു ലോക കാര്യങ്ങളില്‍ റഷ്യയുടെ സ്വാധീനം കുറയാന്‍ കാരണമായി.

1931 ഫെബ്രുവരി ഒന്നാംതിയതി 'ബോറീസ്‌ നികൊലയെവിച്‌ യെല്‍സിന്‍' യൂറാള്‍ പര്‍വത നിരകളിലുള്ള 'ബുട്‌കാ'യെന്ന റഷ്യയുടെ ഒരു ചെറു ഗ്രാമത്തില്‍ ജനിച്ചു. അദ്ദേഹത്തിന്‍റെ മാതാപിതാക്കളടങ്ങിയ കുടുംബത്തെയും മുത്തച്ഛന്മാരെയും സ്റ്റലിന്റെ കാലത്ത്‌ ബലമായി കൂട്ടുകൃഷി സമ്പ്രദായത്തില്‍ ഇറക്കിയിരുന്നു. സ്റ്റലിന്റെ ഭീകര ഭരണനാളുകളില്‍ അദ്ദേഹത്തിന്‍റെ പിതാവിനെ അറസ്റ്റു ചെയ്യുകയും ചെയ്‌തു. 1937ല്‍ യെല്‌സിനും മാതാപിതാക്കളും 'ബേറെസ്‌നികി;യെന്ന ഫാക്‌റ്ററികളുള്ള ഗ്രാമത്തില്‍ താമസമാക്കി. ഗുലാഗ്‌ ജയിലില്‍ നിന്നും വിമുക്തനായ അദ്ദേഹത്തിന്‍റെ പിതാവ്‌ അവിടെ തൊഴിലാളിയായി ജോലി തുടങ്ങി. എന്നും അധികാരത്തെയും ഭരണകൂടത്തെയും എതിര്‍ത്തിരുന്ന യെല്‍സിന്‍ യുവാവായിരുന്നപ്പോള്‍ തോക്കുമായി കളിച്ച്‌ തന്റെ രണ്ടു കൈവിരലുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. അദ്ദേഹം ബേറെ സ്‌നികിയില്‍ നിന്ന്‌ താമസം മാറ്റുകയും 1949ല്‍ 'യെകാറ്റെറിന്‍ ബര്‍ഗി'ലുള്ള പോളിറ്റെക്കനിക്ക്‌ കോളേജില്‍ ചേരുകയും ചെയ്‌തു. അവിടെനിന്ന്‌ സിവില്‍ എഞ്ചിനീയറിങ്ങില്‍ പ്രായോഗിക പരിശീലനം നേടി. നല്ല ഒരു വോളിബാള്‍ കളിക്കാരനായിരുന്നു. പഠിക്കുന്ന കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ ഭാവിവധു 'നൈനാ ലോസിഫോവ്‌ന ജിരീനാ;യെ കണ്ടുമുട്ടി വിവാഹിതനായി. യെല്‍സിന്‍ നൈനാ ദമ്പതികള്‍ക്ക്‌ രണ്ടു പെണ്മക്കളും ജനിച്ചു.

സിവില്‍ എഞ്ചിനീയറായി 'യെല്‍സിന്‍' ബിരുദമെടുത്ത ശേഷം കെട്ടിട നിര്‍മ്മാണ പദ്ധതികളുടെ മേല്‌നോട്ടമായി ജോലി തുടങ്ങി. 1961ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടിയിലെ സുപ്രധാനമായ നേതൃസ്ഥാനം വഹിക്കവേ മോസ്‌ക്കൊയില്‌നിന്നു സോവിയറ്റ്‌ നേതാവായ ഗോര്‍ബചോവ്‌ അദ്ദേഹത്തെ കാണണമെന്നാവശ്യപ്പെട്ടു. സര്‍ക്കാര്‍ വക ചില ചുമതലകളും എല്‌പ്പിച്ചു. താമസിയാതെ പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന നേതാവായും വളര്‍ന്നു. അഴിമതിയ്‌ക്കെതിരെ എന്നും സന്ധിയില്ലാ സമരം അദ്ദേഹം നയിക്കുമായിരുന്നു.

1989ല്‍ പുതിയതായി രൂപികരിച്ച പാര്‍ലിമെന്‍റ്‌ തിരഞ്ഞെടുപ്പില്‍ യെല്‍സിന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിയായി. പിറ്റേ വര്‍ഷവും അദ്ദേഹം അതേ സ്ഥാനത്ത്‌ തിരഞ്ഞെടുക്കുകയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ വിട പറയുകയും ചെയ്‌തു. ഗോര്‍ബചോവു രാജിവെക്കാനുള്ള പ്രക്ഷോപണങ്ങളും ആരംഭിച്ചു. പട്ടാളത്തിന്റെ സഹായത്തോടെ ഗോര്‍ബചോവിനെ താഴെയിറക്കാന്‍ ചില യാഥാസ്ഥിതികരുടെ ശ്രമങ്ങളെ യെല്‍സ്സിന്‍ തടഞ്ഞതു കാരണം അവരുടെ ശ്രമം വിജയകരമായില്ല. പതിനഞ്ചു സ്‌റ്റേറ്റുകള്‍ സോവിയറ്റ്‌ യൂണിയനില്‍ നിന്ന്‌ പിരിഞ്ഞു പോയ ശേഷം ഗോര്‍ബ ചോവ്‌ 1991 ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി രാജി വെച്ചു. ആറു ദിവസങ്ങള്‍ക്കു ശേഷം സോവിയറ്റ്‌ യൂണിയനെ പിരിച്ചു വിടുകയും ചെയ്‌തു. പകരം യുക്കറയിനും ബലാറസും ഉള്‍പ്പെട്ട കോമണ്‍ വെല്‍ത്ത്‌ സ്വതന്ത്ര രാഷ്ട്രം യെല്‌സിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുകയും ചെയ്‌തു.

സോവിയറ്റ്‌ യൂണിയന്‍ നാമാവശേഷമായ ശേഷം യെല്‍സിന്‍ ഭരണകൂടം മുതലാളിത്ത രാജ്യങ്ങളെപ്പോലെ സ്വതന്ത്രമായ മാര്‍ക്കറ്റിംഗ്‌ മത്സരങ്ങള്‍ക്കായി വിലനിയന്ത്രണം എടുത്തു കളഞ്ഞു. സ്‌റ്റേറ്റിന്റെ അധീനതയിലുണ്ടായിരുന്ന പല കുത്തക സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിച്ച്‌ വ്യക്തികളുടെയും കമ്പനികളുടെയും മേല്‌നോട്ടത്തിലാക്കി. സ്വന്തമായി വ്യക്തികള്‍ക്കും സ്വത്തുക്കള്‍ സമ്പാദിക്കാമെന്ന നിയമമായി. സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളും ഉപഭോക്ത വിഭവങ്ങളുടെ മാര്‍ക്കറ്റിങ്ങും സ്വകാര്യബാങ്കുകളും നിലവില്‍ വന്നു. ഈ പുതിയ ഭരണപരിഷ്‌ക്കാരങ്ങള്‍ ഏതാനും പേരെ ധനികരാക്കിയെങ്കിലും അനേക റഷ്യാക്കാര്‍ ദാരിദ്ര്യത്തില്‍ തന്നെ കഴിയേണ്ടി വന്നു. വിലപ്പെരുപ്പവും സാധാരണക്കാര്‍ക്ക്‌ താങ്ങാന്‍ കഴിയാതെ ദൈനംദിന ചെലവുകളും ജീവിത നിലവാരവും വര്‍ദ്ധിച്ചു. വന്‍ശക്തിയായിരുന്ന റഷ്യന്‍ രാഷ്ട്രം അഴിമതികള്‍കൊണ്ട്‌ നിറഞ്ഞു. വ്യവസായിക ഉത്‌പന്നങ്ങള്‍ കുറയുകയും രാജ്യമെവിടെയും അരാജകത്തമാവുകയും ചെയ്‌തു. ജനം നിലവിലുള്ള നിയമങ്ങളെ അനുസരിക്കാതെയുമായി.

പ്രസിഡന്റെന്ന നിലയില്‍ യെല്‍സിന്‍ തന്റെ മുന്‍ഗാമികളുടെ നയങ്ങള്‍ക്ക്‌ വ്യത്യസ്‌തമായി പത്രങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തു. രാജ്യത്തുറങ്ങി കിടന്നിരുന്ന പാശ്ചാത്യ സംസ്‌ക്കാരം പ്രോത്സാഹിപ്പിച്ചു. ന്യൂക്ലീയറായുധങ്ങളില്‍ കുറവ്‌ വരുത്താന്‍ സമ്മതിച്ചു. കിഴക്കേ യൂറോപ്പിലും സോവിയറ്റ്‌ നാടിന്റെ ഭാഗങ്ങളിലുമുള്ള റഷ്യയുടെ പട്ടാളക്കാരെ പിന്‍വലിക്കാനും തീരുമാനിച്ചു. ഇതിനിടയില്‍ യെല്‌സിനെ അധികാരത്തില്‍നിന്നു നീക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അത്തരം ഉദ്യമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്‌. കമ്മ്യൂണിസ്റ്റ്‌ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു കൊണ്ട്‌ അദ്ദേഹം 1993 സെപ്‌റ്റംബറില്‍ പുതിയ നിയമസാമാജികര്‍ക്കായി തെരഞ്ഞെടുപ്പു നടത്തി. പിറ്റേ വര്‍ഷം സോവിയറ്റ്‌ നാടില്‍ നിന്നും പിരിഞ്ഞുപോയ ചെച്ചന്യായില്‍ പട്ടാളത്തെ അയച്ചു. അവിടെ നടന്ന യുദ്ധത്തില്‍ എണ്‍പതിനായിരം പൌരജനങ്ങള്‍ മരിച്ചു. 1996 ആഗസ്റ്റില്‍ യുദ്ധം അവസാനിച്ചെങ്കിലും 1999ല്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി പട്ടാള ടാങ്കുകള്‍ ഉരുളാന്‍ തുടങ്ങി. ഒരു പതിറ്റാണ്ടോളം യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു.

1995 കളില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലവാരം മോശമാവാന്‍ തുടങ്ങി. അമിതമായ ലഹരിയുപയോഗം ആരോഗ്യ ഹാനിയ്‌ക്ക്‌ കാരണമായിരുന്നു. എങ്കിലും 1996ല്‍ വീണ്ടും പ്രസിഡണ്ടായി മത്സരിച്ചു ജയിച്ചു. അതിനു ശേഷം അദ്ദേഹത്തിന്‌ ഗുരുതരമായ ഒരു ബയിപാസ്‌ സര്‍ജറി വേണ്ടി വന്നു. അദ്ദേഹത്തിന്‍റെ ഭരണ കാലാവധി അവസാനിക്കുന്നതിനു മുമ്പ്‌ അധികാരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ മറ്റൊരു ശ്രമം കൂടിയുണ്ടായെങ്കിലും പുറത്താക്കല്‍ നടപടികള്‍ വിജയിച്ചില്ല. 1998ല്‍ റഷ്യയുടെ നാണയമായ റൂബിള്‍ ആഗോള മാര്‍ക്കറ്റില്‍ വിലയിടിഞ്ഞു. എങ്കിലും ഓയില്‍ വില കൂടിയതുകൊണ്ട്‌ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സാധിച്ചു.

1999 ഡിസംബര്‍ മുപ്പത്തിയൊന്നാം തിയതി യെല്‍സിന്‍ ഭരണത്തില്‍ നിന്നും രാജി വെയ്‌ക്കുന്നുവെന്ന്‌ പ്രഖ്യാപനം നടത്തി. കഴിഞ്ഞ കാല തെറ്റുകള്‍ക്ക്‌ മാപ്പ്‌ നല്‌കാനും റഷ്യന്‍ ജനതയോട്‌ അദ്ദേഹം അഭ്യര്‍ദ്ധിച്ചു. അതിനു ശേഷം വ്‌ലാഡിമിന്‍ പുട്ടിന്‌ ഭരണാധികാരിയായി അധികാരം കൈമാറി. 2007 ഏപ്രില്‍ ഇരുപത്തി മൂന്നാം തിയതി യെല്‍സിന്‍ മരിച്ചു.

വ്‌ളാഡിമിര്‍ പുട്ടിന്‍ യെല്‌സിന്റെ പിന്‍ഗാമിയായി ഭരണമേറ്റെടുത്തു. 2005 ഏപ്രിലില്‍ ഇസ്രായിലെ പ്രധാന മന്ത്രി 'ഏരിയല്‍ ഷാരോനുമായി' ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ഇസ്രായേല്‍ സന്ദര്‍ശിച്ചു. ക്രംലിനില്‍ നിന്നു ഒരു നേതാവ്‌ ഔദ്യോഗികമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതു ചരിത്രത്തില്‍ ആദ്യമായിരുന്നു. സിറിയന്‍ യുദ്ധത്തില്‍ റഷ്യയുടെ ഇടപെടലിനെ അമേരിക്കാ എതിര്‍ത്തിട്ടുണ്ട്‌. യുദ്ധത്തിന്റെ പേര്‌ സിറിയന്‍ യുദ്ധമെന്നാണെങ്കിലും ആഗോള യുദ്ധമെന്ന പ്രതീതി തോന്നിപ്പിക്കത്തക്കവണ്ണം ലോകത്തിലെ അനേക രാജ്യങ്ങള്‍ ഭീകരര്‍ക്കെതിരെ പടയൊരുക്കി കഴിഞ്ഞു. യുദ്ധത്തിന്റെ കെടുതിയില്‍ ആയിരക്കണക്കിന്‌ അഭയാര്‍ത്ഥികള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേയ്‌ക്ക്‌ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ ലോകമിന്ന്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. രാജ്യങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പശ്ചിമയേഷ്യയെ ചോരക്കളമാക്കിക്കൊണ്ടിരിക്കുന്നു. ഭീകരരുടെ വളര്‍ച്ചയല്ലാതെ ഭീകരര്‍ക്കെതിരായുള്ള യുദ്ധങ്ങളെല്ലാം തന്നെ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അടുത്തൊരു ശീത യുദ്ധത്തിന്‌ തങ്ങളില്ലെന്ന്‌ ഒബാമ പറഞ്ഞു കഴിഞ്ഞു. ആയുധ കച്ചവടം കൊണ്ട്‌ സാമ്പത്തിക ശക്തിയാവാന്‍ കഴിയില്ലെന്നുള്ള തിരിച്ചറിവ്‌ അമേരിയ്‌ക്കയ്‌ക്കും പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടിരിക്കണം. ലോകം ചുട്ടു പഴുക്കുന്നതും ചോരക്കളമാകുന്നതും അഭയാര്‍ത്ഥി പ്രവാഹവും കണ്ടില്ലെന്ന്‌ നടിക്കാന്‍ കഴിയില്ലെന്നാണ്‌ പുടിന്റെ വാദം.

(തുടരും)
സോവിയറ്റ്‌ ഏകാധിപത്യവും തകര്‍ന്ന കമ്മ്യൂണിസവും - റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 12: ജോസഫ്‌ പടന്നമാക്കല്‍)
സോവിയറ്റ്‌ ഏകാധിപത്യവും തകര്‍ന്ന കമ്മ്യൂണിസവും - റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 12: ജോസഫ്‌ പടന്നമാക്കല്‍)
സോവിയറ്റ്‌ ഏകാധിപത്യവും തകര്‍ന്ന കമ്മ്യൂണിസവും - റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 12: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക