Image

ആഴത്തിലുള്ള ചര്‍ച്ചകള്‍ സജീവമാക്കിയ ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം

Published on 21 November, 2015
ആഴത്തിലുള്ള ചര്‍ച്ചകള്‍ സജീവമാക്കിയ ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം
ചിക്കാഗോ: അവതരിപ്പിച്ച വിഷയങ്ങളുടെ പുതുമയും ആഴത്തിലുള്ള ചര്‍ച്ചകളും സമ്പന്നമാക്കിയ സെമിനാറുകളും കേരളത്തില്‍ നിന്നുള്ള പ്രഗത്ഭ രാഷ്ട്രീയ -മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത ഉദ്ഘാടന സമ്മേളനവും പുത്തന്‍ ദിശാബോധം പകര്‍ന്നു നല്‍കി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കണ്‍വന്‍ഷന്റെ പ്രഥമ ദിനം ചരിത്രം കുറിച്ചു.

അവധിദിനമല്ലാതിരുന്നിട്ടും പങ്കെടുത്തവരുടെ എണ്ണംകൊണ്ട് ശ്രദ്ധേയമായ കണ്‍വന്‍ഷനില്‍ രാഷ്ട്രീയ- രംഗത്തുനിന്ന്   തോമസ് ഉണ്ണിയാടന്‍ 
എം.എല്‍.എ, റാന്നി എം.എല്‍.എ രാജു ഏബ്രഹാം, കോണ്‍ഗ്രസ് വനിതാ നേതാവ് ഷാഹിദ കമാല്‍, ഗവണ്‍മെന്റ് പ്രതിനിധികളായി പ്രവാസികാര്യം-സംസ്‌കാരികം, പബ്ലിക് റിലേഷന്‍ എന്നിവയുടെ സെക്രട്ടറിയായ റാണി ജോര്‍ജ് ഐ.എ.എസ്, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. ആര്‍.എസ് കണ്ണന്‍, മാധ്യമ രംഗത്തുനിന്നും ജോണ്‍ ബ്രിട്ടാസ് (കൈരളി ടിവി), പി.ജി. സുരേഷ്‌കുമാര്‍ (ഏഷ്യാനെറ്റ്), സെര്‍ജി ആന്റണി (പ്രസ് അക്കാഡമി ചെയറും, ദീപിക ലീഡര്‍ റൈറ്ററും), സന്തോഷ് ജോര്‍ജ് ജേക്കബ് (മനോരമ), മത-സാംസ്‌കാരിക രംഗത്തുനിന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവരുമാണ് പങ്കെടുത്തത്.

ഉദ്ഘാടനം നിര്‍വഹിച്ച തോമസ് ഉണ്ണിയാടന്‍ പ്രവാസി സമൂഹം കേരളത്തിനു ചെയ്യുന്ന സേവനങ്ങള്‍ അനുസ്മരിച്ചു. പ്രവാസികളുടെ ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ നട്ടെല്ല്. അതില്‍ തന്നെ പകുതി സംഖ്യ യൂറോപ്പിലും അമേരിക്കയിലുമുള്ളവര്‍ അയയ്ക്കുന്നതാണ്. എത്ര കടല്‍ കടന്നാലും മലയാളി സ്വന്തം നാടിനെ മറക്കുന്നില്ല.

 ജാതിമത രാഷ്ട്രീയ ഭേദമില്ലാത്ത സദസ് എന്നതും അഭിനന്ദനമര്‍ഹിക്കുന്നു. വിവാദമാകുന്ന കാര്യങ്ങളേ വാര്‍ത്തയാകൂ എന്ന ധാരണ മാധ്യമ ലോകം തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബില്‍ പുതിയ തലമുറയ്ക്ക് എന്തു അവസരമാണ് നല്‍കുന്നതെന്നു രാജു ഏബ്രഹാം എംഎല്‍.എ ചോദിച്ചു. മാധ്യമങ്ങളി
ല്‍  മുന്നില്‍ വരാനുള്ള സാഹചര്യം അവര്‍ക്കുണ്ടാകണം. 

ലക്ഷണക്കണക്കിനു പ്രവാസികള്‍ ഉണ്ടെങ്കിലും അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത്  അതിന്റെ  പ്രതിഫലനമൊന്നും കാണാത്തതും ഖേദകരമാണ്. വടക്കേ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ പോലും നമുക്ക് ആര്‍ജിക്കാനാവുന്നില്ല. നമ്മുടെ കുട്ടികള്‍ പഠനത്തിലും മറ്റും സമര്‍ത്ഥരെങ്കിലും പൊതു രംഗത്ത് അത് കാണുന്നില്ല. ഇതെന്തുകൊണ്ടാണെന്നു പരിശോധിക്കേണ്ടതുണ്ട്.

വാക്കുകള്‍ വാചകങ്ങളും ആശയങ്ങളുമൊക്കെയാക്കുകയും ജനഹൃദയത്തെ സ്വാധീനിക്കുകയും ചെയ്യുന്നതു റാണി ജോര്‍ജ് ഐ.എ.എസ് ചൂണ്ടിക്കാട്ടി. പ്രവാസികാര്യം, സാംസ്‌കാരികം, മാധ്യമരംഗം എന്നീ വിഷയങ്ങളുടെയെല്ലാം സെക്രട്ടറി എന്ന നിലയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനും ആളുകളുമായി ആശയവിനിമയത്തിനും അവസരം ലഭിച്ചത് സന്തോഷം പകരുന്നു. അമേരിക്കന്‍ മലയാളികളുമായി ഇത്തരമൊരു ആശയസംവാദം ആദ്യമാണ്. പ്രവാസി എന്നു പറയുമ്പോള്‍ ഗള്‍ഫ് രാജ്യമാണ് മനസില്‍ വരിക. അവിടെയാണ് ബഹുഭൂരിപക്ഷം. ്രശ്‌നങ്ങളും അവിടെ തന്നെ. അവയൊന്നും ഇവിടെയില്ല.

മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളിലെ വിശ്വാസ്യത കാക്കാന്‍ ബാധ്യതയുണ്ടെന്നവര്‍ പറഞ്ഞു. 

മറ്റു ജോലികള്‍ക്കിടയിലും മാധ്യമ പ്രവര്‍ത്തനം നടത്തുന്ന അമേരിക്കയിലെ പത്രക്കാരെ അഭിനന്ദിക്കാതെ പറ്റില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പത്രപ്രവര്‍ത്തകനെങ്കിലും കൈരളി ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ മുതലാളിമാര്‍ക്കൊപ്പം ഇരിക്കുന്ന വ്യക്തിയാണ് താന്‍. അതു പലപ്പോഴും ശ്വാസംമുട്ടലാണ്. ഇവിടെ വരുമ്പോഴാണ് ഒരാശ്വാസം. കാരണം ഇവിടെയുള്ള പത്രക്കാരെല്ലാം മാധ്യമ മുതലാളിമാര്‍കൂടിയാണ്.

തോമസ് ഉണ്ണിയാടനായിരുന്നു മാധ്യമ ശ്രദ്ധയില്‍ ഏതാനും ദിവസം മുമ്പ് എങ്കില്‍ ഇപ്പോള്‍ പശുപാലനായി മാറി. എം.എല്‍.എയോട് ഇപ്പോൾ 
ആരും ചോദിക്കാന്‍ പോലും വന്നുവെന്നു വരില്ല. 

മാധ്യമ പ്രവര്‍ത്തകര്‍ ഭീഷണിയൊന്നും നേരിടുന്നില്ല എന്നു കരുതുന്നതു ശരിയല്ല. മാതാ അമൃതാനന്ദമയിക്കെതിരേ പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വേലിനെ താന്‍ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ നൂറുകണക്കിനു വധഭീഷണി വന്നു. 22 കേസുകള്‍ ഇപ്പോഴും തുടരുന്നു. ഫേസ്ബുക്കിലൂടെ തേജോവധം. 

ഇപ്പോള്‍ പ്രചാരണം പശുപാലനേയും താന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടെന്നാണ്. എത്രയോ പേര്‍ ഇന്റര്‍വ്യൂ ചെയ്തശേഷമാണ് താന്‍ ഇന്റര്‍വ്യൂ ചെയ്തത്. പക്ഷെ അതു പ്രശ്‌നമല്ല.

മാധ്യമ പ്രവര്‍ത്തനം എന്നാല്‍ സദ്‌  വാര്‍ത്ത എഴുത്താണെന്നു തെറ്റിദ്ധാരണയുണ്ട്. അതിനു മതഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മതി. മാധ്യമ പ്രവര്‍ത്തനത്തില്‍ എല്ലാവരും സമന്മാരാണ്. വലിയ ആളുകളും ചെറിയ ആളുകളുമില്ല. വാര്‍ത്തയുടെ ഉറവിടമേയുള്ളൂ.

ദീപികയില്‍ എന്‍.ആര്‍.ഐ ന്യൂസ് കൈകാര്യം ചെയ്തപ്പോള്‍ മനസിലായത് അതു ശുഷ്‌കമാണെന്നാണ്- സെര്‍ജി ആന്റണി ചൂണ്ടിക്കാട്ടി. സിട്രസ് രംഗത്ത്‌  
 മാറ്റമുണ്ടാക്കിയ ഡോ. മാണി സ്‌കറിയയെപ്പോലുള്ളവര്‍ ധാരാളമുണ്ട്. പക്ഷെ അവരെപ്പറ്റിയൊന്നും വിദേശത്തെ മാധ്യമങ്ങള്‍ എഴുതില്ല. ജനം അവരെപ്പറ്റി അറിയാതെ പോകുകയും ചെയ്യുന്നു. 

പ്രസ് ക്ലബിലുള്ളവരൊക്കെ 40 കഴിഞ്ഞവരാണ്. ഈ രീതിയില്‍ പോയാല്‍ പത്തിരുപത് വര്‍ഷം കഴിയുമ്പോള്‍ പ്രസ് ക്ലബ് ഇല്ലാതാകും- അദ്ദേഹം മുന്നറിയിപ്പു നല്‍കി.

താന്‍ അമേരിക്കയിലെത്തിയ ആദ്യ ദിനം തന്നെ ഇത്തരം നല്ല ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായത് ഭാഗ്യമായി കാണുന്നുവെന്നു ഷഹിദ കമാല്‍ പറഞ്ഞു. അതിനു പ്രസ് ക്ലബിനോടും പ്രസിഡന്റ് ടാജ് മാത്യുവിനോടും നന്ദിയുണ്ട്.

ആസുരമായ ഈ കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറിയിരിക്കുന്നു. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മാധ്യമരംഗം അനവധാനതകൊണ്ടും പക്ഷപാതിത്വം കൊണ്ടും മലിനപ്പെടുന്നതു ഖേദകരമാണ്. സമത്വവും സഹിഷ്ണുതയും നിഷ്പക്ഷതയും കാക്കേണ്ടവരാണവര്‍. രാജ്യത്തിനു ഗുണകരമായ കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടവര്‍.

അതേസമയം മാധ്യമ പ്രവര്‍ത്തനത്തിനുവേണ്ടി ജീവന്‍വെടിയുന്നവരുണ്ട്. മാധ്യമ രംഗത്ത് വനിതകള്‍ കുറയുന്നതു ആശങ്കാജനകമാണ്. സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പറ്റാത്ത സ്ഥിതിയുള്ളപ്പോള്‍ അവര്‍ക്ക് രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഏങ്ങനെ കഴിയും?

ഗാന്ധിജിയെ ആണ് താന്‍ ബഹുമാനിക്കുന്നതെന്നും അദ്ദേഹത്തിന്റെ സഹിഷ്ണുതയാണ് മാര്‍ഗ്ഗദര്‍ശനമെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞുവെങ്കില്‍ അതേ സഹിഷ്ണുത കാക്കാന്‍ മാധ്യമങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.

ക്ഷണം സ്വീകരിച്ചിട്ട് അവസാന നിമിഷം വരാതിരിക്കില്ല എന്നുറപ്പുള്ള രണ്ട് മാധ്യമ സുഹൃത്തുക്കള്‍ എന്ന നിലയിലാണ് തോമസ് ഉണ്ണിയാടനേയും രാജു ഏബ്രഹാമിനേയും ക്ഷണിച്ചതെന്നു പ്രസിഡന്റ് ടാജ് മാത്യു പറഞ്ഞു. പത്രപ്രവര്‍ത്തകനും പ്രസ് ക്ലബ് സാരഥിയുമായിരുന്നു രാജു ഏബ്രഹാം.

പ്രസ് ക്ലബിനു നിര്‍ലോഭമായ പിന്തുണയാണ് ജനങ്ങളില്‍ നിന്നുണ്ടായത്. എല്ലാ കാര്യത്തിനും പണം വേണം അതു നല്‍കാന്‍ ആളുകള്‍ ഒരു മടിയും കാട്ടിയില്ലെന്നതു മാധ്യമങ്ങള്‍ക്കു ലഭിക്കുന്ന വലിയ അംഗീകാരമാണ്.

പ്രവര്‍ത്തനങ്ങളില്‍ തന്നോടോപ്പം പ്രവര്‍ത്തിച്ച ടീമംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേലിനും കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലിക്കും അദ്ദേഹം നന്ദി പറഞ്ഞു.

കൊച്ചൊരു സംഘടനയില്‍ നിന്നു ഫോമയെ 65 സംഘടനകളുടെ കൂട്ടായ്മയാക്കിയതു മാധ്യമങ്ങളാണെന്നു ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പറഞ്ഞു. ഫ്‌ളോറിഡയില്‍ നിന്നു മത്സരിക്കുന്ന മേരി തോമസ് (റിപ്പബ്ലിക്കന്‍), സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്ന സാജന്‍ കുര്യന്‍ (ഡമോക്രാറ്റിക്) എന്നിവര്‍ക്കായി ഫോമാ നേതാക്കള്‍ ആഴ്ചയിലൊരിക്കല്‍ വീടുവീടാന്തരം പ്രചാരണത്തിനിറങ്ങും. ഭാഗ്യമുണ്ടെങ്കില്‍ അടുത്ത തവണ രാജു ഏബ്രഹാം അമേരിക്കയിലെത്തുമ്പോള്‍ നമുക്കും ജനപ്രതിനിധികളുണ്ടാകും.

പി.ജി. സുരേഷ് കുമാര്‍, സന്തോഷ് ജോര്‍ജ്, പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍ മാത്യു വര്‍ഗീസ്, മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലി ആമുഖ പ്രസംഗം നടത്തുകയും സംഘടനാ ഭാരവാഹികളെ പരിചയപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍ നന്ദി രേഖപ്പെടുത്തി. 

വിവിധ കലാപരിപാടികള്‍ സദസിനു മനംകവരുന്നതായി. വനിതകളുടെ ശിങ്കാരിമേളം, ബാലികമാര്‍ അവതരിപ്പിച്ച പഞ്ചാബി നൃത്തം, ബാഹുബലിയിലെ നൃത്തം, പുരുഷന്മാരുടെ നൃത്താവിഷ്‌കരണം എന്നിവയൊക്കെ ഹൃദ്യമായി.

സെമിനാറുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വരും ദിനങ്ങളില്‍.

ഇന്നു രാവിലെ 9.30-നു ഗുരുരത്‌നം ജ്ഞാനതപസ്വി നയിക്കുന്ന സെമിനാറുണ്ട്. മാധ്യമങ്ങളില്‍ മതത്തിന്റെ കൈകടത്തല്‍.

11.15: ദൃശ്യമാധ്യമങ്ങള്‍, വെല്ലുവിളികള്‍ സാധ്യതകള്‍-പി.ജി സുരേഷ്‌കുമാര്‍.
2 മണി സമകാലീന ഇന്ത്യയും മാധ്യമങ്ങളും- ജോണ്‍ ബ്രിട്ടാസ്.
വൈകിട്ട് 7 മുതല്‍ 10 വരെ സമാപന സമ്മേളനം.
ആഴത്തിലുള്ള ചര്‍ച്ചകള്‍ സജീവമാക്കിയ ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക