Image

ഗോര്‍ബചോവിനിസവും പരിഷ്‌ക്കാരങ്ങളും പാളീച്ചകളും (റഷ്യന്‍ ചരിത്രം ഒരു പഠനം -ലേഖനം 13: ജോസഫ്‌ പടന്നമാക്കല്‍)

Published on 24 November, 2015
ഗോര്‍ബചോവിനിസവും പരിഷ്‌ക്കാരങ്ങളും പാളീച്ചകളും (റഷ്യന്‍ ചരിത്രം ഒരു പഠനം -ലേഖനം 13: ജോസഫ്‌ പടന്നമാക്കല്‍)
സോവിയറ്റ്‌ യൂണിയന്റെ അവസാനത്തെ സുപ്രീം ഭരണാധികാരിയായിരുന്ന മൈക്കിള്‍ ഗോര്‍ബചോവ്‌ റഷ്യയില്‍ പ്രിവോളിയെന്ന സ്ഥലത്ത്‌ 1931 മാര്‍ച്ച്‌ രണ്ടാം തിയതി ജനിച്ചു. സോവിയറ്റ്‌ യൂണിയനില്‍ ആധികാരികമായ ഉന്നത സ്ഥാനങ്ങളിലിരുന്ന നേതാവ്‌, സര്‍ക്കാരിന്റെ പ്രതിനിധി, ഔദ്യോഗിക വക്താവ്‌, 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, 199091 കാലങ്ങളില്‍ സോവിയറ്റ്‌ യൂണിയന്‍ പ്രസിഡണ്ട്‌, നോബല്‍ സമ്മാന ജേതാവ്‌ എന്നീ നിലകളില്‍ അദ്ദേഹം അറിയപ്പെടുന്നു. രാജ്യത്തെ ജനാധിപത്യ സംവിധാനമാക്കുന്നതിനും സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കും വ്യവസായങ്ങള്‍ സ്വകാര്യവല്‌ക്കരണത്തിനും അടിസ്ഥാനമിട്ടു. തന്മൂലമുള്ള അദ്ദേഹത്തിന്‍റെ പ്രയത്‌നങ്ങള്‍ കമ്മ്യൂണിസത്തിന്റെ അധപതനത്തിനു വഴി തെളിയിച്ചു. 1991ല്‍ സോവിയറ്റ്‌ യൂണിയന്‍ ച്ഛിന്നഭിന്നമായി അനേക രാജ്യങ്ങളായി ചിതറുകയും ചെയ്‌തു. കൂടാതെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ്‌ യൂണിയന്‌ കിഴക്കേ യൂറോപ്പിന്റെ മേലുണ്ടായിരുന്ന ആധിപത്യവും അവസാനിച്ചു.

ഗോര്‍ബചോവിന്റെ മാതാപിതാക്കള്‍ തെക്കു പടിഞ്ഞാറേ റഷ്യയിലെ 'സ്‌ടാവ്രോപോള്‍' പ്രദേശത്തുള്ള കൃഷിക്കാരായിരുന്നു. യുവാവായിരുന്നപ്പോള്‍ തന്നെ 1946ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു. മോസ്‌ക്കോ യൂണിവെഴ്‌ സിറ്റിയില്‍ 1952ല്‍ നിയമം പഠിക്കാനാരംഭിച്ചു.1955ല്‍ ബിരുദമെടുത്തതിനുശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ സുപ്രധാനങ്ങളായ പല പദവികളിലുമിരുന്ന്‌ പാര്‍ട്ടിയ്‌ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1970ല്‍ പ്രാദേശിക തലത്തിലെ ഒന്നാം സെക്രട്ടറിയായി. 1971ല്‍ ഗോര്‍ബച്ചോവിനെ കേന്ദ്ര കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തു. യൂറി അണ്ട്രപ്പോവിന്റെ പതിനഞ്ചു മാസ ഭരണ കാലയളവില്‍ 1982 മുതല്‍ 1984 വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

ബ്രഷ്‌നേവിന്റെ കാലത്തെ തകര്‍ന്നു കിടന്നിരുന്ന സോവിയറ്റ്‌ യൂണിയന്റെ സാമ്പത്തികം അഭിവൃദ്ധിപ്പെടുത്തുകയെന്നത്‌ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ആദ്യത്തെ ശ്രമമായിരുന്നു. 'സോവിയറ്റ്‌ യൂണിയന്റെ സാമ്പത്തിക തലങ്ങള്‍ തകര്‍ന്നുവെന്നും പരിപൂര്‍ണ്ണമായ ഒരു പുനരുദ്ധാരണം ആവശ്യമാണെന്നും' 1985ല്‍ അദ്ദേഹം പ്രഖ്യാപിച്ചു. സാമ്പത്തിക വിഷയങ്ങളെപ്പറ്റിയുള്ള ഏകദേശമായ ഒരു കരടു രൂപം അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച്‌ കേന്ദ്ര കമ്മിറ്റിയില്‍ കൊണ്ടുവന്നു. അതി വേഗതയില്‍ റഷ്യയുടെ ടെക്കനോളജി നവീകരിക്കേണ്ട ആവശ്യവും അദ്ദേഹം ചൂണ്ടി കാട്ടിയിരുന്നു. വ്യവസായവും കൃഷിയുത്ഭാനവും വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന്റെ വിവിധ തലങ്ങളിലുള്ള അഴിമതികളെ ഇല്ലായ്‌മ ചെയ്യാനും നിര്‍ദേശങ്ങളിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അടിസ്ഥാന വ്യവസ്ഥിതിയെ അഴിച്ചു പണിയാതെ സോവിയറ്റ്‌ യൂണിയന്റെ സാമ്പത്തിക തലങ്ങള്‍ പരിഷ്‌ക്കരിക്കുകയെന്നത്‌ എളുപ്പമല്ലെന്നും ഗോര്‍ബചോവിനു പിന്നീട്‌ ബോധ്യമായി. വ്യവസായിക ഉത്ഭാതന മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ സര്‍ക്കാരിന്റെ പൊതുവായ ഒരു മാനദണ്ഡം ആവശ്യമാണെന്നു മനസിലാക്കി റഷ്യന്‍ ഉല്‌പ്പന്നങ്ങള്‌ക്ക്‌ മെച്ചമായ ഒരു നിലവാരം (ക്വാളിറ്റി കണ്ട്രോള്‍)പുലര്‍ത്താനും നേതൃത്വം കൊടുത്തു.

സോവിയറ്റ്‌ യൂണിയനില്‍ മദ്യപാനികള്‍ വര്‍ദ്ധിച്ച കാരണം 1985ല്‍ മദ്യ നിരോധനവും അദ്ദേഹത്തിന്‍റെ പരിഷ്‌ക്കാരങ്ങളില്‍ ഒന്നായിരുന്നു. വോട്‌ക്കായുടെയും വൈനിന്റെയും ബീയറിന്റെയും വില കൂട്ടിക്കൊണ്ട്‌ മദ്യവില്‌പ്പനയ്‌ക്ക്‌ നിയന്ത്രണം കൊണ്ടുവന്നു. മദ്യം നിരോധിച്ചപ്പോള്‍ സര്‍ക്കാരിന്റെ വരുമാനവും കുറഞ്ഞു. അതിന്റെ ഫലമായി കരിഞ്ചന്തയില്‍ മദ്യം വില്‌പ്പന തുടങ്ങി. റഷ്യയുടെ സാമ്പത്തിക വരുമാനത്തില്‍ 100 ബില്ല്യന്‍ റൂബിള്‍സ്‌ കുറഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിന്‍റെ ഈ പരിഷ്‌ക്കാരങ്ങള്‍ക്ക്‌ ജനങ്ങളില്‍നിന്നു സ്വാഗതവും രാജ്യത്തിന്‌ ഗുണപ്രദവുമെന്നും പൊതുവേ വിലയിരുത്തലുണ്ടായിരുന്നു.

കേന്ദ്രീകൃത സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയിലുള്ള മാര്‍ക്കറ്റ്‌ സമ്പ്രദായത്തിനു മാറ്റങ്ങളും ആഗ്രഹിച്ചു. 1985ല്‍ കേന്ദ്ര കമ്മിറ്റിയിലെ സാമ്പത്തിക സമ്മേളനത്തില്‍ ഗോര്‍ബചോവ്‌ ചെയ്‌ത പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു, 'സര്‍ക്കാരിന്റെ നേരിട്ടുള്ള പദ്ധതികളെക്കാളും മാര്‍ക്കറ്റ്‌ ധനതത്ത്വ ശാസ്‌ത്രം നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി കാണുന്നു. നിങ്ങളുടെ ധനതത്വ ശാസ്‌ത്രത്തില്‍ മാര്‍ക്കറ്റ്‌ ജീവരക്ഷകനായും കാണുന്നു.(ലൈഫ്‌ സേവര്‍). എന്നാല്‍ സുഹൃത്തുക്കളെ നിങ്ങള്‍ ജീവ രക്ഷകനെ ചിന്തിക്കരുത്‌. ഓടുന്ന കപ്പലിനെപ്പറ്റി മാത്രം ചിന്തിക്കുക. സോഷ്യലിസമെന്നു പറയുന്നത്‌ ആ കപ്പലാണ്‌.'

1988 ജൂണില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കോണ്‍ഫ്രന്‍സില്‍ ഗോര്‍ബചോവ്‌ സര്‍ക്കാരില്‍ പാര്‍ട്ടിയ്‌ക്കുള്ള നിയന്ത്രണം കുറച്ചുകൊണ്ട്‌ വിപ്ലവകരമായ മാറ്റങ്ങള്‍ അവതരിപ്പിച്ചു. ഭരിക്കുന്ന സര്‍ക്കാരിന്റെ നയ പരിപാടികളെ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ നോമിനേറ്റു ചെയ്യുന്ന ജനകീയ ഡെപ്യൂട്ടി കോണ്‍ഗ്രസ്സെന്ന സംഘടന രൂപീകരിച്ചു. ജനകീയ ഡപ്യൂട്ടികോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷ തീരുമാനത്തിന്മേല്‍ സര്‍ക്കാര്‍ വക്താകളടങ്ങിയ പ്രസിഡണ്ട്‌ സമ്പ്രദായം നിയമപരമായി നടപ്പാക്കി. അതനുസരിച്ച്‌ 1917നു ശേഷം സോവിയറ്റ്‌ യൂണിയനില്‍ സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ്‌ നടന്നു. 1989 മെയ്‌ ഇരുപത്തിയഞ്ചാം തിയതി ഗോര്‍ബചോവ്‌ സോവിയറ്റ്‌ യൂണിയന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. മാറി മാറി വരുന്ന സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കയ്യടക്കി വെച്ചിരുന്ന അധികാര കുത്തക അവസാനിപ്പിച്ച്‌ 1990ല്‍ ഗോര്‍ബചോവ്‌ സര്‍ക്കാരിന്റെ നടത്തിപ്പ്‌ സര്‍ക്കാര്‍ നിശ്ചയിക്കുന്നവര്‍ക്കായി നല്‌കി വന്നു. അതെ സമയത്തു തന്നെ ഡെപ്യൂട്ടി കോണ്‍ഗ്രസ്‌, കമ്മ്യൂണിണിസ്റ്റ്‌ പാര്‍ട്ടിയ്‌ക്കുണ്ടായിരുന്ന ഭരണഘടനാപരമായ രാഷ്ട്രീയ കുത്തകയധികാരം ഇല്ലാതാക്കി. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിയമപരമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള വഴിയുമൊരുക്കി. സോവിയറ്റ്‌ യൂണിയന്റെ ഏകാധിപത്യം അവസാനിപ്പിച്ച്‌ ജനാധിപത്യത്തില്‍ രാജ്യം പ്രവര്‍ത്തിക്കാനും ഗോര്‍ബചോവ്‌ അവസരങ്ങള്‍ ഒരുക്കി കൊടുത്തു.

1990 മാര്‍ച്ച്‌ പതിനഞ്ചാം തിയതി അമ്പത്തിയൊമ്പത്‌ ശതമാനം ഡെപ്യൂട്ടികളുടെ വോട്ടോടെ ഗോര്‍ബചോവ്‌ സോവിയറ്റ്‌ യൂണിയന്റെ ഒന്നാം എക്‌സിക്യൂട്ടീവ്‌ പ്രസിഡണ്ടായി ചുമതലകളേറ്റെടുത്തു. മാര്‍ച്ച്‌ ഇരുപത്തിയഞ്ചാം തിയതി സോവിയറ്റ്‌ കോണ്‍ഗ്രസ്സിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാനായി സമ്മേളിച്ചു. ആ സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ ഗോര്‍ബചോവിനു പ്രശ്‌നങ്ങളൊന്നും കൊടുത്തില്ല. സോവിയറ്റ്‌ യൂണിയനിലെ മാറ്റങ്ങള്‍ ലോകം മുഴുവനുമുളള ടെലിവിഷനിലും വാര്‍ത്താ മീഡിയാകളിലും നിറഞ്ഞിരുന്നു. വിമര്‍ശനങ്ങളും മാറ്റങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങളും പ്രോത്സാഹിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലുള്ള പലരും പരാജയപ്പെട്ടു. മോസ്‌ക്കോയില്‍ നിന്ന്‌ ബോറീസ്‌ യെല്‍സിന്‍ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഗോര്‍ബചോവിന്റെ ഏറ്റവും വലിയ വിമര്‍ശകനായി മാറി . അമേരിക്കന്‍ രീതി പോലെ ഗോര്‍ബചോവ്‌ ഒരു വൈസ്‌ പ്രസിഡന്‍ണ്ടിനേയും തെരഞ്ഞെടുത്തു.

സോവിയറ്റ്‌ നേതൃത്വത്തിനു മീതെ ഗോര്‍ബചോവ്‌ തന്റെ വ്യക്തിപരമായ അധികാരമെടുക്കാനാരംഭിച്ചു. ബ്രഷ്‌നേവിന്റെ കാലം മുതല്‍ തകര്‍ന്നു കിടന്ന റഷ്യന്‍ സാമ്പത്തിക മാന്ദ്യത്തിന്‌ പരിഹാരം കാണുകയെന്നത്‌ അദ്ദേഹത്തിന്‍റെ ലക്ഷ്യമായിരുന്നു. അതിനായി സോവിയറ്റ്‌ യൂണിയനില്‍ നിലവിലുള്ള പഴഞ്ചനായ ടെക്കനോളജിയെ ആധുനികരിക്കാന്‍ തീരുമാനിച്ചു. പ്രോത്സാഹനങ്ങള്‍ നല്‌കി തൊഴിലാളികളില്‍ നിന്നും രാജ്യത്തിന്റെ വ്യാവസായികോത്ഭാദനം വര്‍ദ്ധിപ്പിക്കാനും പദ്ധതികളിട്ടു. സര്‍ക്കാര്‍ തലങ്ങളിലുള്ള ഉദ്യോഗസ്ഥ മേധാവിത്വവും അഴിഞ്ഞാട്ടവും ചുവപ്പു നാടകളുമില്ലാതാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാര്യക്ഷമമാക്കാനും ശ്രദ്ധിച്ചിരുന്നു. സോവിയറ്റ്‌ യൂണിയനില്‍ ഗോര്‍ബചോവ്‌ തുടങ്ങി വെച്ച മാറ്റങ്ങള്‍ക്ക്‌ ഫലം ലഭിക്കാത്തതിനാല്‍ രാജ്യത്തിനുള്ളിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ സമൂലമായ മാറ്റങ്ങള്‍ക്കായി ശ്രമം തുടങ്ങി. പൌരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യങ്ങളും വിവര സാങ്കേതിക വികസനങ്ങളും വാര്‍ത്താ മാദ്ധ്യമങ്ങളില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും സ്റ്റലിന്റെ ഏകാധിപത്യത്തെ തിരസ്‌ക്കരിക്കലും ഗോര്‍ബചോവിന്റെ ശ്രമഫലമായ മാറ്റങ്ങളായിരുന്നു. സോവിയറ്റ്‌ രാഷ്ട്രീയ വ്യവസ്ഥിതിയെ പരിവര്‍ത്തന വിധേയമായ ജനാധിപത്യ വ്യവസ്ഥിതിയിലാക്കാനും തീരുമാനിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക പോസ്റ്റുകളിലേയ്‌ക്ക്‌ വിവിധ പാര്‍ട്ടികളില്‍ നിന്നും രഹസ്യ ബാലറ്റുവഴി തെരഞ്ഞെടുപ്പുകളും നടത്തിയിരുന്നു. സോവിയറ്റ്‌ സാമ്പത്തിക ശാസ്‌ത്രത്തില്‍ സ്വതന്ത്രമായ മാര്‍ക്കറ്റ്‌ സമ്പ്രദായവും നടപ്പാക്കി. മാറ്റങ്ങളെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്‌ക്കുള്ളിലുള്ളവരും സര്‍ക്കാരിന്റെ ചുവപ്പ്‌ നാടകളും ഒരുപോലെ എതിര്‍ത്തിരുന്നു. സാമ്പത്തിക തലങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന കുത്തക സ്വാതന്ത്ര്യം വിട്ടു കളയാന്‍ തയ്യാറല്ലായിരുന്നു.

രാജ്യത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടാതെ ഗോര്‍ബചോവിന്റെ വിദേശ കാര്യചിന്തകളെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു. ശീതസമരത്തിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ബന്ധങ്ങള്‍ പുതുക്കുന്ന കാര്യവും ഗോര്‍ബചോവ്‌ ആരാഞ്ഞിരുന്നു. പടിഞ്ഞാറുള്ള പ്രമുഖരായ നേതാക്കന്മാരുമായി അദ്ദേഹം നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തു. ജര്‍മ്മന്‍ ചാന്‍സലര്‍ ഹെല്‌മട്ട്‌ കൌള്‍, അമേരിക്കന്‍ പ്രസിഡണ്ട്‌ റൊണാള്‍ഡ്‌ റേഗന്‍, ബ്രിട്ടീഷ്‌ പ്രധാന മന്ത്രി മാര്‍ഗരെറ്റ്‌ താച്ചര്‍ എന്നിവര്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായിരുന്നു. താച്ചര്‍ പറഞ്ഞു, 'ഞാന്‍ ഗോര്‍ബചോവിനെ ഇഷ്ടപ്പെടുന്നു. നമുക്കൊന്നിച്ച്‌ ബിസിനസ്‌ പങ്കാളികളാകാം.' ആഭ്യന്തര പരിഷ്‌ക്കാര ചിന്താഗതികള്‍ പോലെ സോവിയറ്റ്‌ യൂണിയന്റെ ദീര്‍ഘ കാലമായ അന്തര്‍ ദേശീയ ചിന്താഗതികള്‍ക്കും അദ്ദേഹം മാറ്റങ്ങള്‍ വരുത്തി.

1988ല്‍ ഗോര്‍ബചോവ്‌, ബ്രഷ്‌നെവിന്റെ തത്ത്വങ്ങള്‍ തിരസ്‌ക്കരിച്ചുകൊണ്ട്‌ 'കാലഹരണപ്പെട്ട അത്തരം ചിന്താഗതികള്‍ ഇനിമേല്‍ രാജ്യത്തിനാവശ്യമില്ലെന്നും' പ്രഖ്യാപിച്ചു. കിഴക്കുള്ള രാജ്യങ്ങള്‍ക്ക്‌ അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ തനതായ തീരുമാനങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും അനുവദിച്ചു. 1989 ജൂലൈ ആറിലെ ഫ്രാന്‍സില്‍ നടന്ന യൂറോപ്പ്യന്‍ കൌണ്‍സിലില്‍ ചെയ്‌ത പ്രസംഗത്തില്‍ ഗോര്‍ബചോവ്‌ പറഞ്ഞു, 'കഴിഞ്ഞ കാലങ്ങളില്‍ ഏതാനും രാജ്യങ്ങളില്‍ സാമൂഹിക രാഷ്ട്രീയ കാഴ്‌ച്ചപ്പാടുകള്‍ക്ക്‌ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. ഭാവിയിലും അവിടങ്ങളില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ഇത്‌ അതാതു രാജ്യങ്ങളിലെ ജനങ്ങളാണ്‌ തീരുമാനിക്കേണ്ടത്‌. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടലോ, മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തുകയോ, സുഹൃത്തുക്കളെങ്കിലും സഖ്യ കക്ഷികളെങ്കിലും അനുവദനീയമല്ല.' ഒരു മാസത്തിനു ശേഷം 1989 ജൂണ്‍ നാലാം തിയതി പോളണ്ടില്‍ തെരഞ്ഞെടുപ്പ്‌ നടക്കുകയും കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്‌തു. 1989ല്‍ ബ്രഷ്‌നെവിന്റെ തത്ത്വങ്ങള്‍ മോസ്‌ക്കോ തിരസ്‌ക്കരിച്ചതു കിഴക്കേ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ജനകീയ മുന്നേറ്റത്തിനു കാരണമായി. അവിടങ്ങളില്‍ കമ്മ്യൂണിസം വേരോടെ പിഴുതു കളഞ്ഞു. ജനകീയ വിപ്ലവം മൂലം രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം നടന്ന രക്ത ചൊരിച്ചിലുകള്‍ കിഴക്കേ യൂറോപ്പ്‌ മുഴുവന്‍ വ്യാപിച്ചിരുന്നു. സോവിയറ്റ്‌ യൂണിയന്‌ കിഴക്കേ യൂറോപ്പിലുണ്ടായിരുന്ന സ്വാധീനവും ഇല്ലാതായി.

നവംബര്‍ മാസം ഒമ്പതാം തിയതി ബര്‍ലിന്‍ മതില്‍ക്കെട്ടുകള്‍ ഭേദിച്ച്‌ കിഴക്കേ യൂറോപ്പിലുള്ളവര്‍ പടിഞ്ഞാറേ ജര്‍മ്മനിയില്‍ പോകാന്‍ അനുവദിച്ചു. കിഴക്കേ ജര്‍മ്മനിയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെയും പ്രതിക്ഷേധറാലികളുണ്ടായിരുന്നു. ഏകദേശം ഒരു മില്ല്യന്‍ കിഴക്കന്‍ യൂറോപ്പിലുള്ളവര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു. മുമ്പുണ്ടായ വിപ്ലവങ്ങള്‍ സോവിയറ്റ്‌ യൂണിയന്റെ പട്ടാളം അടിച്ചമര്‍ത്തിയിരുന്നു. ഗൊര്‍ബി എന്ന്‌ പശ്ചിമ ജര്‍മ്മനിയിലെ ജനങ്ങള്‍ വിളിക്കുന്ന ഗോര്‍ബചോവ്‌ അവരുടെ വിപ്‌ളവ മുന്നേറ്റത്തില്‍ ഇടപെടുന്നില്ലെന്നും തീരുമാനിച്ചു. ജര്‍മ്മനിയുടെ പുനരൈക്യം അവരുടെ ആഭ്യന്തര പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളുമായി ഗോര്‍ബചോവ്‌ സുധാര്യമായ ബന്ധങ്ങള്‍ പടുത്തുയര്‍ത്തി. 1987 ഡിസംബറില്‍ മദ്ധ്യറേഞ്ചിലുള്ള ന്യൂക്ലീയര്‍ മിസൈലുകളുടെ സ്‌റ്റോക്ക്‌ നശിപ്പിച്ചു കളയാന്‍ അമേരിക്കയിലെ റൊണാള്‍ഡ്‌ റേഗനുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. സോവിയറ്റ്‌ യൂണിയനും അമേരിക്കയും ന്യൂക്ലീയറായുധങ്ങള്‍ പകുതിയാക്കിക്കൊണ്ടുള്ള തീരുമാനങ്ങളുമെടുത്തു. 1987 ഡിസംബറില്‍ പ്രസിഡണ്ട്‌ റൊണാള്‍ഡ്‌ റേഗനും ഫസ്റ്റ്‌ ലേഡി നാന്‍സിയുമൊത്തു ഗോര്‍ബചോവ്‌ വാഷിംഗ്‌ണ്ടണില്‍ ഡിന്നര്‍ കഴിച്ചു.198889ല്‍ അഫ്‌ഗാനിസ്ഥാനിലെ പട്ടാളക്കാരെ പിന്‍വലിച്ചു. നീണ്ട ഒമ്പത്‌ വര്‍ഷങ്ങള്‍ സോവിയറ്റ്‌ പട്ടാളം അഫ്‌ഗാനിസ്ഥാനില്‍ താവളമടിച്ചിരിക്കുകയായിരുന്നു.1979 നും 1989 നുമിടയില്‍ ഏകദേശം മുപ്പതിനായിരം സോവിയറ്റ്‌ ജനത അഫ്‌ഗാനിസ്ഥാനില്‍ മരണമടഞ്ഞിട്ടുണ്ട്‌.

19891990 കളിലെ സംഭവ ബഹുലമായ ലോക വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്‌ ഗോര്‍ബചോവായിരുന്നു. യൂറോപ്പിന്റെ രാഷ്ട്രീയ സ്ഥിതികളെ തന്നെ ഗോര്‍ബചോവ്‌ തരംഗങ്ങള്‍ തകിടം മറിച്ചു കളഞ്ഞു. 1989 കളില്‍ കിഴക്കേ യൂറോപ്പില്‍ കമ്മ്യൂണിസം തകര്‍ന്നുകൊണ്ടിരുന്നു. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഒപ്പം തകര്‍ന്നു നിലം പതിച്ചു. കമ്മ്യൂണിസത്തിന്റെ നവോത്ഥാനത്തിനായുള്ള എല്ലാ അവസരങ്ങളും ഗോര്‍ബചോവ്‌ വിനിയോഗിച്ചു. പുത്തനായ ആശയസംഹിതകളടങ്ങിയ ഒരു വ്യവസ്ഥയുടെ നല്ല നാളെക്കായി അദ്ദേഹം ലോകത്തിന്റെ മുമ്പില്‍ ശബ്ദിച്ചുകൊണ്ടുമിരുന്നു. 198990 കളില്‍ ഈസ്റ്റ്‌ ജര്‍മ്മനി, പോളണ്ട്‌, ഹംഗറി, ചെക്കോസ്ലോവോക്കിയ എന്നീ രാജ്യങ്ങളില്‍ ജനാധിപത്യ സര്‍ക്കാരുകളും നിലവില്‍ വന്നു. 1990ലെ വേനല്‍ക്കാലത്തില്‍ കിഴക്കേ ജര്‍മ്മനിയും പശ്ചിമ ജര്‍മ്മനിയും തമ്മില്‍ യോജിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം അതിന്‌ തടസവും നിന്നില്ല. വേര്‍പെട്ടു പോയ രാജ്യങ്ങളുമായി ശത്രുതാ മനോഭാവം പുലര്‍ത്താതെ സൌഹാര്‍ദ ബന്ധങ്ങള്‍ ദൃഡമാക്കികൊണ്ടിരുന്നു. പുതിയതായി രൂപം പ്രാപിച്ച രാജ്യങ്ങളില്‍ സമാധാന സംവിധാനങ്ങള്‍ക്കായും നേതൃത്വം നല്‌കി. ലോക രാജ്യങ്ങളുടെ ക്ഷേമത്തിനായും സമാധാനത്തിനായും സമയം വിനിയോഗിച്ചുകൊണ്ടിരുന്ന ഗോര്‍ബചോവിന്‌ അക്കൊല്ലത്തെ നോബല്‍ സമ്മാനം നല്‌കി ബഹുമാനിച്ചു. ഗോര്‍ബചോവ്‌ വിഭാവന ചെയ്‌ത ജനാധിപത്യ സ്വാതന്ത്ര്യവും രാഷ്ട്രീയ വ്യവസ്ഥകളുടെ വികീന്ദ്രികരണവും പുതിയതായി രൂപം പ്രാപിച്ച രാജ്യങ്ങളായ അസര്‍ബൈജാന്‍,ജോര്‍ജിയാ , ഉസ്‌ബക്കിസ്ഥാന്‍, എന്നിവടങ്ങളില്‍ അസമാധാനം സൃഷ്ടിച്ചു. ചില വംശീയമായ ഗ്രൂപ്പുകള്‍ ലിത്വാനിയ പോലുള്ള രാജ്യങ്ങളില്‍ പ്രശ്‌നങ്ങളുമുണ്ടാക്കി. അവിടെയെല്ലാം വിപ്ലവത്തില്‍ അനേക ജനങ്ങള്‍ മരിച്ചു.

മാറ്റങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടവരായ ഡപ്യൂട്ടികോണ്‍ഗ്രസ്സില്‍ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികളുമുണ്ടായിരുന്നു. അവര്‍ ഗോര്‍ബചോവിന്റെ പരിഷ്‌ക്കാരങ്ങളില്‍ ആത്മാര്‍ത്ഥതയുള്ളവരായിരുന്നില്ല. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും നല്ല നടത്തിപ്പിനും അവരെ വിശ്വസിക്കാനും സാധിക്കില്ലായിരുന്നു. 1991 ആഗസ്റ്റ്‌ പത്തൊമ്പതു മുതല്‍ ഇരുപത്തിയൊന്നു വരെ ഗോര്‍ബചോവും കുടുംബവും ഭരണത്തിലെതിര്‍പ്പുള്ള റിബലുകളുടെ നിയന്ത്രണത്തില്‍ വീട്ടു തടങ്കലിലായിരുന്നു. എങ്കിലും അവരുടെ വിപ്ലവം അധിക ദിവസം നീണ്ടു നിന്നില്ല, ബോറീസ്‌ യെല്‌സിന്റെ നേതൃത്വത്തിലും മാറ്റങ്ങള്‍ക്കായി ആഗ്രഹിച്ചവരും വിപ്ലവകാരികളെ അടിച്ചമര്‍ത്തി. ഗോര്‍ബചോവ്‌ പ്രസിഡണ്ടായി തുടര്‍ന്നുവെങ്കിലും അദ്ദേഹത്തിന്‍റെ അധികാരം താമസിയാതെ ക്ഷയിക്കാന്‍ തുടങ്ങി. യെല്‍സിനുമായും മാറ്റങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരുമൊത്ത്‌ സര്‍ക്കാര്‍ നടത്തിപ്പ്‌ എളുപ്പമായിരുന്നില്ല. ഡെപ്യൂട്ടി കോണ്‍ഗ്രസിനുള്ള അധികാരം ജനകീയ പരിഷ്‌ക്കാരങ്ങളില്‍ക്കൂടി വര്‍ദ്ധിച്ചതു കാരണം അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ ഭരിക്കാന്‍ സാധിക്കില്ലായിരുന്നു. ഗോര്‍ബചോവ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി പിരിച്ചു വിട്ടു. പാര്‍ട്ടിയ്‌ക്ക്‌ പട്ടാളത്തിന്റെ മേലും കെ ജി ബി യുടെ മേലുള്ള നിയന്ത്രണവും നിറുത്തി. സോവിയറ്റ്‌ യൂണിയന്റെ രാഷ്ട്രീയാധികാരങ്ങളെക്കാള്‍ ഭരണഘടനാപരമായ അധികാരങ്ങള്‍ക്ക്‌ വില കല്‌പ്പിച്ചു. 1991 ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ഗോര്‍ബചോവ്‌ സോവിയറ്റ്‌ യൂണിയന്റെ പ്രസിഡണ്ട്‌ സ്ഥാനം രാജി വെച്ചു. അന്നു തന്നെ സോവിയറ്റ്‌ യൂണിയനും ഇല്ലാതായി.

1996ല്‍ ഗോര്‍ബചോവ്‌ റഷ്യയുടെ പ്രസിഡണ്ടായി മത്സരിച്ചെങ്കിലും ഒരു ശതമാനത്തില്‍ താഴെ വോട്ടാണ്‌ കിട്ടിയത്‌. പിന്നീട്‌ അദ്ദേഹം പൊതു ജീവിതത്തില്‍ സജീവമായിരുന്നില്ല. നല്ലയൊരു പ്രാസംഗികന്‍, ബുദ്ധി ജീവികളുടെ സംഘടനയിലെ അംഗം, ചിന്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. 2006ല്‍ റഷ്യന്‍ ബില്ല്യനേയറും നിയമജ്ഞനുമായ അലക്‌സാണ്ടര്‍ ലെബെദെവ്‌ മായി പങ്കു ചേര്‍ന്ന്‌ സ്വതന്ത്ര പത്രങ്ങളും മാസികകളും തുടങ്ങി. പത്രങ്ങളില്‍ക്കൂടി ക്രംലിന്റെ നയപരിപാടികളെ വിമര്‍ശിച്ചുകൊണ്ടിരുന്നു. 2008 സെപ്‌റ്റംബര്‍ മുപ്പതാം തിയതി ഗോര്‍ബചോവും ലെബെ ദേവും മൊത്തു ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു.

ഗോര്‍ബചോവ്‌ ഒരു ക്രിസ്‌ത്യന്‍ ദൈവവിശ്വാസിയെന്ന്‌ ചില മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു. 2005 ഏപ്രില്‍ രണ്ടാം തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ മരിച്ചപ്പോള്‍ ഗോര്‍ബചോവ്‌പറഞ്ഞു, `ആത്മീയ തലങ്ങളില്‍ കോടാനുകോടി ജനങ്ങള്‍ ജോണ്‍ പോളില്‍ ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും നമുക്കെല്ലാം ആ മഹാനുഭാവന്‍ ഒരു മാതൃക തന്നെയാണ്‌. ദൈവത്തിന്റെ ഈ വിധിയില്‍ എനിയ്‌ക്കൊന്നും പറയാനാവുന്നില്ല.` 2005 നവംബര്‍ ഇരുപതാം തിയതി, മാനുഷിക മൂല്യങ്ങള്‍ക്കായി നല്‌കി വരുന്ന അത്താനാഗോറസ്‌ ഹ്യൂമാനിറ്റോറിയനെന്ന ക്രിസ്‌ത്യനവാര്‍ഡ്‌ ലഭിച്ചത്‌ ഗോര്‍ബചോവിനായിരുന്നു. `താനൊരു ക്രിസ്‌ത്യാനിയായിരുന്നുവെന്നും വോള്‍ഗാ നദിയില്‍ തന്നെ മാമ്മോദീസ്സാ മുക്കിയെന്നും `കൂടെ കൂടെ അദ്ദേഹം പറയാറുണ്ട്‌. 2008 മാര്‍ച്ച്‌ പത്തൊമ്പതാം തിയതി ഇറ്റലിയിലെ സെയിന്റ്‌ ഫ്രാന്‍സീസ്‌ അസീസ്സിയുടെ ഭൌതിക ശരീരമടക്കിയിരിക്കുന്ന കുടീരത്തിങ്കല്‍ അവിചാരിതമായി അദ്ദേഹം പ്രാര്‍ത്ഥിക്കാനായി എത്തിയിരുന്നു. മുട്ടിന്മേല്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹമൊരു ക്രിസ്‌ത്യാനിയെന്ന്‌ ലോകം വ്യാഖ്യാനിച്ചു. കൂടാതെ ഒരു ക്രിസ്‌ത്യന്‍ വിശ്വാസിയെപ്പോലെ ഗോര്‍ബചോവ്‌ പറഞ്ഞു, `സെന്റ്‌ ഫ്രാന്‍സീസ്‌ അസീസ്സി എന്നെ സംബന്ധിച്ചടത്തോളം ക്രിസ്‌തുവിന്റെ മറ്റൊരു ബലിപീഠമാണ്‌. മറ്റൊരു കൃസ്‌തു. അസീസ്സിയുടെ ജീവിത കഥ എന്നില്‍ ഉണര്‍വും ഉത്തേജനവും നല്‌കിയിരുന്നു. അസീസ്സിയില്‍ ആവേശ ഭരിതനായി തന്നെയാണ്‌ ഈ മഹാകുടീരം സന്ദര്‍ശിച്ചത്‌.` എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗോര്‍ബചൊവ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു, `കഴിഞ്ഞ ഏതാനും നാളുകളായി മാധ്യമങ്ങള്‍ എന്നെ കൃസ്‌ത്യാനിയാക്കാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ തെറ്റിധാരണ നീങ്ങാന്‍ നിങ്ങള്‍ വിചാരിക്കുന്ന എന്റെ രഹസ്യമായ ആ കത്തോലിസത്തെപ്പറ്റി ഞാനൊന്നു പറയട്ടെ, ഞാനൊരു നാസ്‌തികനാണ്‌. ശിഷ്ടകാലവും ഈ വിശ്വാസത്തില്‍ മാത്രം എന്റെ ജീവിതം മാറ്റമില്ലാതെ തുടരും.`

(അടുത്ത ലക്കത്തോടുകൂടി ലേഖന പരമ്പര അവസാനിക്കുന്നു)
ഗോര്‍ബചോവിനിസവും പരിഷ്‌ക്കാരങ്ങളും പാളീച്ചകളും (റഷ്യന്‍ ചരിത്രം ഒരു പഠനം -ലേഖനം 13: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക