Image

ശബരിമല നടപ്പന്തല്‍ വികസനത്തിന് സമഗ്രപദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

അനില്‍ പെണ്ണുക്കര Published on 30 November, 2015
ശബരിമല നടപ്പന്തല്‍ വികസനത്തിന് സമഗ്രപദ്ധതിയുമായി ദേവസ്വം ബോര്‍ഡ്
ശബരിമലയിലെ നിലവിലെ നടപ്പന്തല്‍ വീതികൂട്ടുന്നതിനും ഒരു നിലകൂടി പണിത് തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യമൊരുക്കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പദ്ധതി. ഇത് പൂര്‍ത്തിയാകുന്നതോടെ ഏകദേശം അയ്യായിരത്തോളം പേര്‍ക്ക് കൂടി നടപ്പന്തലില്‍ വിരിവെക്കാന്‍ സൗകര്യം ലഭിക്കും. ഇതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായതായി ദേവസ്വം ബോര്‍ഡംഗം അജയ്തറയില്‍ അറിയിച്ചു. നിലവില്‍ പണി പൂര്‍ത്തീകരിച്ച ക്യൂ കോംപ്ലക്‌സ് നടപ്പന്തല്‍ വരെ നീട്ടുന്നതിന് ദേവസ്വം ബോര്‍ഡിന് പദ്ധതിയുണ്ടെങ്കിലും ഇതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനും മറ്റും പരമാവധി സൗകര്യമൊരുക്കുന്നതിനാണ് ദേവസ്വം ബോര്‍ഡ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദേഹം പറഞ്ഞു.
നിലവിലുള്ള അപ്പം, അരവണ കൗണ്ടര്‍ വടക്കു വശത്തേക്ക് മാറ്റി പോലീസ് ബാരക്കിന് സമീപത്തു കൂടി സ്വാമി അയ്യപ്പന്‍ റോഡിലേക്ക് ഫ്‌ളൈഓവര്‍ പണിത് തീര്‍ത്ഥാടകരെ ഒരു ദിശയിലൂടെ മാത്രം ദര്‍ശനം നടത്തി തിരിച്ചയ്ക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനൊപ്പം മാളികപ്പുറം നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. കൂടുതല്‍ ടോയിലെറ്റുകള്‍ സ്ഥാപിക്കുന്നതിനും കുടിവെള്ളസൗകര്യമൊരുക്കുന്നതിനും ബോര്‍ഡിന് പദ്ധതിയുണ്ട്. നിലവില്‍ സന്നിധാനത്ത് കുടിവെള്ളമെത്തിക്കുന്ന കുന്നാര്‍ ഡാം ആറുമീറ്റര്‍ ഉയര്‍ത്താനനുമതി ലഭിച്ചാല്‍ സീസണിലേക്കാവശ്യമായ വെള്ളം മുഴുവന്‍ ഇവിടെ നിന്നും ലഭിക്കും. ഡാമിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ വനസമ്പത്തിനോ വന്യമൃഗങ്ങള്‍ക്കോ ഭീഷണിയില്ലാത്തതിനാല്‍ വനം വകുപ്പ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജയ്തറയില്‍ പറഞ്ഞു. കൂടാതെ അരവണ പ്ലാന്റ് വികസിപ്പിക്കുന്നതിനും അപ്പം കൂടുതല്‍ കാലം കേടാവാതെ സൂക്ഷിക്കാവുന്ന രീതിയില്‍ വായു കടക്കാത്ത കവറുകളില്‍ നല്‍കുന്നതിനും ബോര്‍ഡിന് പദ്ധതിയുണ്ടെന്നും അദേഹം പറഞ്ഞു.

സന്നിധാനത്ത് മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു

തീര്‍ത്ഥാടകരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്നതിന് മൂന്ന് പുതിയ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ശബരിമലയിലെ ഇ.എം.സി യൂണിറ്റുകളുടെ ആകെ എണ്ണം 24 ആയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
വാവരുനട, മാളികപ്പുറം നടപ്പന്തല്‍, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് പുതുതായി ഇ.എം.സി യൂണിറ്റുകള്‍ ആരംഭിച്ചത്. വിദഗ്ധ പരിശീലനം ലഭിച്ച നഴ്‌സ്, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭിക്കും.

പതിനായിരങ്ങള്‍ക്ക് അന്നദാന പുണ്യമേകി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന പതിനായിരങ്ങള്‍ക്ക് ദിവസവും അന്നദാനമൊരുക്കുന്ന സന്നിധാനത്തെ ദേവസ്വംബോര്‍ഡിന്റെ അന്നദാനകൗണ്ടര്‍ ഭക്തര്‍ക്ക് ആശ്വാസമാകുന്നു. മണിക്കൂറുകളോളം വരിയില്‍ നിന്ന് അയ്യപ്പദര്‍ശനം നടത്തി വിശന്നു വലഞ്ഞെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കുന്നതിലൂടെ മഹാസേവനമാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നതെന്ന് ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു. ചോറ്, സാമ്പാര്‍, അവിയല്‍/കൂട്ടുകറി, തോരന്‍, രസം, അച്ചാര്‍ എന്നിവയുള്‍പ്പെട്ട വിഭവസമൃദ്ധമായ ഊണ്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ നല്‍കും. വൈകുന്നേരം 6.30 മുതല്‍ രാത്രി 11 വരെ വരുന്നവര്‍ക്ക് കഞ്ഞിയും കൂടെ പയറ്‌തോരനും അച്ചാറും ലഭിക്കും. 11 ന് ശേഷം രാവിലെ 10.30 വരെ ഉപ്പുമാവും കടലക്കറിയും വിതരണം ചെയ്യും. ഒപ്പം നല്ലചുക്കുകാപ്പിയും നല്‍കും. മുന്നൂറോളം സീറ്റുകളാണ് അന്നദാനഹാളില്‍ ഒരുക്കിയിട്ടുള്ളത്. താഴെ കൗണ്ടറില്‍ നിന്നും കൂപ്പണെടുത്ത് ഭക്ഷണം വാങ്ങി ഹാളിലിരുന്ന് കഴിക്കാവുന്ന വിധത്തിലാണ് സംവിധാനമേര്‍പ്പെടുത്തിയിട്ടുള്ളത്.
നല്ല ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കിയാണ് ഭക്ഷണമൊരുക്കുന്നതും തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നതുമെന്ന് ദേവസ്വംബോര്‍ഡിന്റെ അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി.ജെ മുരളീധരക്കുറുപ്പ് അറിയിച്ചു. നൂറ്റി എഴുപതോളം ജീവനക്കാരാണ് അന്നദാനത്തിനായി ജോലി ചെയ്യുന്നത്. തിരക്കു കുറവുള്ള ദിവസങ്ങളില്‍ പോലും പ്രതിദിനം ശരാശരി പതിനായിരംപേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. തിരക്കേറുന്ന ദിവസങ്ങളില്‍ ഇവരുടെ എണ്ണം പതിനയ്യായിരം കടക്കും. യാതൊരു ലാഭേച്ഛയുമില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണിതിന്റെ പൂര്‍ണ്ണ ചെലവ് വഹിക്കുന്നത്. ആരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം സംഭാവന പിരിക്കുന്നില്ലെങ്കിലും സ്വമനസ്സാലെ ഭക്തര്‍ക്ക് അന്നദാനത്തില്‍ പങ്കാളിയാകാമെന്നും അദേഹം അറിയിച്ചു. സന്നിധാനത്തുള്ള ശബരിമല ശ്രീധര്‍മ്മശാസ്ത അന്നദാന ട്രസ്റ്റിന്റെ ഓഫീസിലും അന്നദാന കൗണ്ടറിലും സംഭാവനകള്‍ സ്വീകരിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 
ശബരിമല നടപ്പന്തല്‍ വികസനത്തിന് സമഗ്രപദ്ധതിയുമായി ദേവസ്വം ബോര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക