Image

മുങ്ങിയും പൊങ്ങിയും അച്യുതാനന്ദന്റെ കത്ത് (അനില്‍ പെണ്ണുക്കര )

Published on 30 November, 2015
മുങ്ങിയും പൊങ്ങിയും അച്യുതാനന്ദന്റെ കത്ത് (അനില്‍ പെണ്ണുക്കര )
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ടുള്ള അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നമ്മുടെ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു കത്ത് നല്കി. സംഭവം  മുങ്ങി.  വീണ്ടും വി.എസ് കത്ത് നല്‍കി. ചെന്നിത്തല അന്വേഷണത്തിനു ഉത്തരവ് ഇടുകയും ചെയ്തു. വെള്ളാപ്പള്ളിയെ കുടുക്കേണ്ടതിന്റെ ആവശ്യം വി എസ്സിനേക്കാള്‍ ഇപ്പോള്‍ ചെന്നിത്തലയ്ക്കാനല്ലോ. രണ്ടുപേരും മുഖ്യമന്ത്രികുപ്പായം തയ്പ്പിച്ചുവച്ചിരിക്കുന്ന സാഹചര്യത്തില്‍. വി എസ്സ് ചെന്നിത്തലയ്ക്ക് നല്കിയ കത്തിന്റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ട ശ്രീ. രമേശ് ചെന്നിത്തല,

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ടുള്ള അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ താങ്കള്‍ക്ക് 7.10.2015ല്‍ നല്‍കിയ കത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അന്നേ ദിവസം തന്നെ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഈ വിഷയം സംബന്ധിച്ച് ഞാന്‍ മറ്റൊരു കത്തും നല്‍കിയിരുന്നു. ബഹു. മുഖ്യമന്ത്രി എനിക്കുനല്‍കിയ മറുപടിയില്‍ ഞാന്‍ നല്‍കിയ കത്ത് താങ്കള്‍ക്ക് കൈമാറിയതായി കണ്ടു. പ്രസ്തുത കത്തുകള്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായാണ് താങ്കള്‍ എനിക്കുനല്‍കിയ 13102015ലെ കത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്.
സാധാരണക്കാരായ വീട്ടമ്മമാരും കൂലിവേലക്കാരുമായ ഈഴവസമുദായത്തില്‍പ്പെട്ട പാവപ്പെട്ടവരെയാണ് മൈക്രോഫിനാന്‍സിന്റെ പേരില്‍ കൊള്ളയടിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ബാങ്കുകളില്‍ നിന്നും പിന്നോക്കവിഭാഗ കോര്‍പറേഷനില്‍ നിന്നുമായി കോടികള്‍ ആണ് ഇത്തരത്തില്‍ തിരിമറി നടത്തിയിരിക്കുന്നത്. പിന്നോക്കവിഭാഗ കോര്‍പറേഷനില്‍ നിന്നുമാത്രം 15 കോടി രൂപ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമം വഴി എനിക്കുലഭിച്ച രേഖകള്‍പ്രകാരം പിന്നോക്കവിഭാഗ കോര്‍പറേഷനില്‍ നിന്നും എടുത്ത 15 കോടി രൂപ അഞ്ച് ശതമാനത്തിന് പകരം 12 ശതമാനത്തിനാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ദേശീയ പിന്നോക്ക വിഭാഗ കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്താണ് പിന്നോക്കവിഭാഗ കോര്‍പറേഷന്‍ എസ്.എന്‍.ഡി.പി യോഗത്തിന് 15 കോടി രൂപ നല്‍കിയത്.
പിന്നോക്കവിഭാഗ കോര്‍പറേഷന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യോഗം ജനറല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് കരാറൊപ്പിട്ട് തുക സ്വീകരിച്ചിരിക്കുന്നത്. ആളുകളുടെ പേരും വ്യാജമായ അഡ്രസും നല്‍കിയാണ് കോര്‍പറേഷനെ കബളിപ്പിച്ചിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് (സി.എം.ഡി) നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 15.12.2010ല്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ പിന്നോക്കവിഭാഗ കോര്‍പറേഷനില്‍ നിന്നും രണ്ടു ശതമാനം പലിശയ്ക്ക് എടുത്ത പണം എസ്.എന്‍.ഡി.പി യോഗം 12 ശതമാനം പലിശയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഖജനാവിലെ പണം ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.
ചെങ്ങന്നൂര്‍ പൊലിസ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍പ്രകാരം അടൂരില്‍ എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതായും അതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായും അറിവായിട്ടുണ്ട്. അടൂരില്‍ എസ്.എന്‍.ഡി.പി യോഗാംഗങ്ങളും ഗുണഭോക്താക്കളും തമ്മില്‍ നടന്ന സംഘട്ടനങ്ങളും ഇതിനെതുടര്‍ന്നുണ്ടായതാണ്. അതുപോലെ തന്നെ കാസര്‍കോട് ചന്ദേര പൊലിസ് സ്‌റ്റേഷനില്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് എടുത്തിട്ടുള്ള കേസും അതേ ജില്ലയില്‍ തന്നെ ചീമേനി പൊലിസ് സ്‌റ്റേഷനില്‍ ധനലക്ഷ്മി ബാങ്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് എടുത്തിട്ടുള്ള കേസും സംബന്ധിച്ച വിവരവും വിജിലന്‍സ് വകുപ്പ് മൈക്രോഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് നടത്തിയ അന്വേഷണറിപ്പോര്‍ട്ടും താങ്കള്‍ക്ക് അറിയാമെന്നിരിക്കെ ഈ വിഷയത്തില്‍ അടിയന്തരമായും അന്വേഷണം ഏര്‍പ്പെടുത്താതിരുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണ്. എന്നുമാത്രമല്ല, കഴിഞ്ഞ ദിവസം താങ്കള്‍ പത്രക്കാരോട് പറഞ്ഞത് മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നുമാണ്. ഈ പ്രസ്താവന വെള്ളാപ്പള്ളി നടേശനെ രക്ഷപ്പെടുത്താനുള്ള താങ്കളുടെ കുത്സിതശ്രമം മാത്രമായേ കാണാന്‍ കഴിയൂ. ആയതിനാല്‍ മൈക്രോഫിനാന്‍സ് വിഷയത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കുവാനും സമയബന്ധിതമായി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുവാനും തയാറാകണമെന്ന് താല്‍പര്യപ്പെടുന്നു.

വിശ്വസ്തതയോടെ,
വി. എസ്. അച്യുതാനന്ദന്‍

തദ്ദേശഭരണ തെരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ക്ക് പ്രമുഖ രാഷ്ട്രീയകക്ഷികള്‍ രൂപംനല്‍കി.
എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്ര സമാപിക്കുന്നതോടെ കേരളം രാഷ്ട്രീയ കക്ഷികളുടെ ജാഥാവേദിയായി മാറും. കോണ്‍ഗ്രസും സി.പി.എമ്മും തങ്ങളുടെ കേരള യാത്രാ തിയതി പ്രഖ്യാപിച്ചുകഴിഞ്ഞു.
ജാഥ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സി.പി.ഐ നാളെ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുകയാണ്. കോണ്‍ഗ്രസും സി.പി.എമ്മും സംസ്ഥാന ജാഥകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏത് രീതിയിലുള്ള തെരഞ്ഞെടുപ്പ് കാംപയിന് തുടക്കമിടണമെന്നും സി.പി.ഐയോഗത്തില്‍ ചര്‍ച്ചചെയ്യും.
വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാനും രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാനുമാണ് കോണ്‍ഗ്രസും സി.പി.എമ്മും ജാഥകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
ജനുവരി നാലിന് ആരംഭിച്ച് 23ന് സമാപിക്കുന്ന രീതിയില്‍ കാസര്‍കോട് നിന്ന് തിരുവന്തപുരത്തേക്ക് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന കേരള യാത്രയ്ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. ബി.ജെ.പിഎസ്.എന്‍. ഡി.പി കൂട്ടുകെട്ടിനെതിരേയുള്ള പ്രചാരണങ്ങള്‍ താഴെതട്ടില്‍ ശക്തമാക്കാന്‍ കഴിഞ്ഞില്ലെന്നും യു.ഡി.എഫ് ഐക്യം മുകള്‍തട്ടില്‍ മാത്രമായി ഒതുങ്ങിയെന്നും വിമര്‍ശനമുയര്‍ന്നു.
ആര് നയിക്കും എന്ന അനിശ്ചിതത്വത്തിന് വിരാമമിടാന്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെത്തന്നെ നായകനാക്കിയാണ് സി.പി.എം കേരള യാത്രയ്ക്ക് രൂപംനല്‍കിയത്. ജനുവരി 15 ന് കാസര്‍കോട് നിന്നാരംഭിച്ച് ഫ്രെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കുന്നതാണ് സി.പി.എം ജാഥ. ജില്ലകളിലെ സീറ്റുകളെയും സ്ഥാനാര്‍ഥികളേയും സംബന്ധിച്ച ധാരണകള്‍ ഘടകകക്ഷികളുമായി ഉണ്ടാക്കാന്‍ സി.പി.എം ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുമുന്ന ണികള്‍ക്കു പുറമേ ബി.ജെ.പിയുടെ സംസ്ഥാന ജാഥയും വരാനരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക