Image

വെള്ളാപ്പള്ളി തീകൊണ്ട് കളിക്കുന്നു (ജയമോഹനന്‍ എം)

Published on 01 December, 2015
വെള്ളാപ്പള്ളി തീകൊണ്ട് കളിക്കുന്നു (ജയമോഹനന്‍ എം)
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊണ്ട് ബിജെപി - വെള്ളാപ്പള്ളി കൂട്ടുകെട്ട് അവസാനിക്കുമെന്നും വെള്ളാപ്പള്ളിയുടെ കാവികൂട്ടുകെട്ട് വലിയ സംഭവമൊന്നുമാകില്ലെന്നും കരുതിയ കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തെറ്റുപറ്റുകയാണ്. വെള്ളാപ്പള്ളിയുടെ സമ്വതമുന്നേറ്റ യാത്ര വന്‍ വിവാദങ്ങളും വിഭാഗീയതയും സൃഷ്ടിച്ചുകൊണ്ടാണ് കേരളത്തില്‍ സഞ്ചരിക്കുന്നത്. വന്‍ പരസ്യപ്രചരണ തന്ത്രങ്ങള്‍ (അതും ടെലിവിഷന്‍ പരസ്യങ്ങള്‍), ഓരോ പ്രസംഗ വേദികളിലും അമ്പതിനായിരത്തിനും ലക്ഷത്തിനുമിടയില്‍ ശ്രോതാക്കള്‍, കൊണ്ടുപിടിച്ച മാധ്യമ പ്രചരണങ്ങള്‍, വീണുകിട്ടുന്ന വിവാദങ്ങള്‍ എന്നിവയെല്ലാം വെള്ളാപ്പള്ളിയുടെ യാത്രയെ ഒരു സംഭവമാക്കുന്നുണ്ട്. പഞ്ചായത്ത് ഇലക്ഷനിലെ ചെറിയ കളിയല്ല ഇനി വെള്ളാപ്പള്ളി കളിക്കാന്‍ പോകുന്നത് എന്നത് തീര്‍ച്ചപ്പെടുത്താം. 

എന്നാല്‍ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ പ്രസ്താവന അദ്ദേഹത്തിന്റെയും അദ്ദേഹത്തെ നയിക്കുന്നവരുടെയും യഥാര്‍ഥ്യ ലക്ഷ്യങ്ങളും മനസിലിരുപ്പും വ്യക്തമാക്കുന്നതാണ്. കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മാന്‍ഹോളില്‍ വീണ് ജീവന്‍ വെടിഞ്ഞ നൗഷദിന്റെ മഹത്തായ ജീവത്യാഗത്തെ വിലകുറഞ്ഞ പ്രസ്താവനകളിലൂടെ കളങ്കപ്പെടുത്തിയാണ് വെള്ളാപ്പള്ളി തന്റെ യാത്രയുടെ യഥാര്‍ഥ്യ ലക്ഷ്യം പറയാതെ പറഞ്ഞു വെക്കുന്നത്. 

നൗഷാദ് മുസ്ലീമായതിനാല്‍ അയാള്‍ക്ക് ഗവണ്‍മെന്റ് സഹായങ്ങള്‍ ലഭിക്കുന്നു. മരണപ്പെട്ടത് ഹിന്ദുവായിരുന്നുവെങ്കില്‍ ഒരു സഹായവും ലഭിക്കുമായിരുന്നില്ല. മരണപ്പെട്ടത് ഹിന്ദുവോ മുസ്ലീമോ എന്നുള്ളതല്ല അയാള്‍ ജീവന്‍ വെടിയാനുണ്ടായ സാഹചര്യമാണ് പ്രധാനം. മാനവികത ഉച്ചത്തിലുള്ള ശബ്ദമാണ് നൗഷാദ് തന്റെ മരണം കൊണ്ട് സാധ്യമാക്കിയത്. എന്നാല്‍ വെള്ളാപ്പള്ളി അതിനെ മുസ്ലീമിന്റെ മരണമെന്ന് ചുരുക്കി. 

വിഭാഗീയതയെ സൃഷ്ടിക്കാന്‍ എപ്പോഴും തീവ്രഹിന്ദുത്വസംഘടനകള്‍ ഉപയോഗിക്കുന്ന സംഗതിയാണ് ന്യൂനപക്ഷക്കാര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ ഭൂരിപക്ഷത്തിന് ലഭിക്കുന്നില്ല എന്നത്. സത്യത്തില്‍ യാതൊരു വാസ്തവവുമില്ലാത്ത പ്രചരണമാണിത്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ക്ക് അപ്പുറമായി ന്യൂനപക്ഷത്തിന് യാതൊന്നും അധികമായി ലഭിക്കുന്നില്ല എന്നത് തന്നെയാണ് യഥാര്‍ഥ്യം. പിന്നെ ക്രിസ്ത്യന്‍, മുസ്ലീം സമുദായ സംഘടനകള്‍ സമര്‍ദ്ദ തന്ത്രത്തിലൂടെ സ്‌കൂളുകളും കോളജുകളും നേടിയിട്ടുണ്ടെങ്കില്‍ അതേ സമര്‍ദ്ദ തന്ത്രത്തിലൂടെ ഭൂരിപക്ഷ സമുദായ സംഘടനകളും നേടിയിട്ടുണ്ട്. ഈ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും നേടിയിട്ടുണ്ട്. അതില്‍ കൂടുതലൊന്നും മറ്റു സമുദായ സംഘടനകള്‍ നേടിയിട്ടുണ്ട് എന്ന് പറയാ
ന്‍ വയ്യ. 

പക്ഷെ എപ്പോഴും യാഥാര്ഥ്യങ്ങളെ വളച്ചൊടിക്കുന്നതാണ് ഫാസിസ്റ്റ് സംഘടനകളുടെ പ്രചരണ രീതി. ഈ പ്രചരണങ്ങളുടെ ഭാഗമാണ് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന അമിത നേട്ടം. ഇത്തരം നിരവധിയായ അപരവല്‍ക്കരണങ്ങള്‍ നടത്തിയാണ് ഇന്ത്യന്‍ സമൂഹത്തില്‍ സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ തീവ്രഹിന്ദുത്വ സംഘടനകളും തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളും വേരുപിടിച്ചത്. എന്നാല്‍ കാനേഷുമാരി കണക്ക് പ്രകാരം ഭൂരിപക്ഷമാണെങ്കിലും ഹിന്ദു മതം തത്വത്തില്‍ ഒരു കടലാസ് മതമാണ്. നിരവധിയായ ജാതികളും ഉപജാതികളുമായി വേര്‍പിരിഞ്ഞു കിടക്കുന്ന ഹിന്ദുമതത്തിന് ഇസ്ലാമിനെപ്പോലെയോ ക്രിസ്ത്യാനിറ്റിയെപ്പോലെയോ ഒരു സെമറ്റിക് മത സ്വഭാവമില്ല. സ്വാതന്ത്ര്യത്തിന് മുമ്പ് ഹിന്ദുമഹാസഭയ്ക്കും പിന്നീട് ആര്‍എസ്എസിനും ഇന്ത്യയില്‍ അപ്രമാദിത്വം നേടാന്‍ കഴിയാതിരുന്നതിന് പിന്നിലെ കാരണവും ഇത് തന്നെയാണ്. എന്നാല്‍ പോയ നിരവധി വര്‍ഷങ്ങള്‍ക്കൊണ്ട് സെന്‍സസ് പ്രകാരം ഹിന്ദുക്കളായ നിരവധി ജാതികളെ ഹിന്ദു മതം എന്ന വിഭാഗത്തിലേക്ക് ചുരുക്കി ഒതുക്കിയെടുക്കുക എന്ന അജണ്ട ആര്‍എസ്എസ് നടപ്പാക്കി വരുന്നു. അതിനായി പൊതു ഹിന്ദു സ്വഭാവമുള്ള നിരവധിയായ ഇമേജുകള്‍ അവര്‍ സൃഷ്ടിക്കുന്നു. 

പശുവിനെ ഗോമാതാവായി അവതരിപ്പിക്കുക എന്ന പരിപാടി ഇതിന്റെ ഭാഗമാണ്. മുസ്ലീമിന്റെ ഭക്ഷണമായ പശു നമ്മുടെ മാതാവാണ്. അപ്പോള്‍ നമുക്ക് പുണ്യമായതിനെ മറ്റൊരു ഭക്ഷിക്കുന്നതിനെ എതിര്‍ക്കാന്‍ നാം ഒരുമിക്കുക. ഇതാണ് ഈ അജണ്ടയിലൂടെ പറയപ്പെടുന്നത്. അങ്ങനെ മറ്റു മതവിഭാഗങ്ങളെ അപരവല്‍കിരിച്ച് ഒരു ഹിന്ദുത്വ ദേശീയത രൂപവല്‍കിരിക്കുക. ഇന്ത്യപോലെ വിശാലമായ വലിയ ജനസംഖ്യയുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് ഈ പരിപാടി അത്ര എളുപ്പമല്ല. എന്നാല്‍ വലിയ അളവില്‍ ആര്‍എസ്എസ് വിജയിച്ച പരിപാടി തന്നെയാണിത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ രാജ്യത്തിലെ എല്ലായിടത്തു നിന്നും കര്‍സേവകരെ എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞ ഹിന്ദുത്വസൃഷ്ടി എന്ന അജണ്ടയുടെ വിജയമാണ്. 

എന്നാല്‍ ഇടതുപക്ഷത്തിനും മതേതരത്വത്തിനും വലിയ വേരോട്ടമുള്ള കേരളത്തില്‍ ഈ ഹിന്ദുത്വ പദ്ധതി ചിലവാകുമായിരുന്നില്ല. എന്നാല്‍ സംഘപരിവാര്‍ നേതൃത്വം കേരളത്തെ നോട്ടമിട്ടിട്ട് നാളുകളായി. അവര്‍ക്ക് ലഭിച്ച തുറുപ്പ് ചീട്ടാണ് വെള്ളാപ്പള്ളി. വന്‍ ഓഫറുകള്‍ നല്‍കി വെള്ളാപ്പള്ളിയെ സംഘപരിവാര്‍ പാളയത്തില്‍ എത്തിച്ചപ്പോള്‍ അതിന്റെ നേതാക്കള്‍ പോലും ഈ പോഗ്രാം ഇത്രത്തോളം വിജയമായിരിക്കുമെന്ന് കരുതിയില്ല. കാരണം വെള്ളാപ്പള്ളി വര്‍ഗീയത നന്നായി പ്രസംഗിച്ചു തുടങ്ങിയിരിക്കുന്നു. 

വെള്ളാപ്പള്ളിയുടെ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ വേഷം കാക്കി നിക്കറാകുമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത് വെറുതയല്ല. വെള്ളാപ്പള്ളി സംസാരിക്കുന്നത് തികഞ്ഞ തീവ്രഹിന്ദുത്വവാദിയെപ്പോലെയാണെന്നത് ജനം കേട്ടു കഴിഞ്ഞു. എന്നാല്‍ ഈ വിഭാഗീയ വത്കരണത്തിന്റെ ഫലം വെള്ളാപ്പള്ളിയും മറ്റു രാഷ്ട്രനേതാക്കളും പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭീകരമായിരിക്കും. വര്‍ഗീയതയെ ജനം തള്ളുമെന്ന ഉപരിപ്ലവമായ പ്രസ്താവനകള്‍കൊണ്ട് കാര്യമൊന്നുമില്ല. സ്ഥിരമായി കേള്‍ക്കുമ്പോള്‍ എന്തും ജനം വിശ്വസിക്കുമെന്ന ഗീബല്‍സിയന്‍ തന്ത്രത്തില്‍ ട്രെയിനിംഗ് നേടിയാണ് വെള്ളപ്പള്ളി കളത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. 

നാളുകള്‍ പിന്നിടുമ്പോള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഇതൊരു വിഭാഗീയത സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. അതിനായി നിലമൊരുക്കുകയാണ് ഇപ്പോള്‍ സമത്വമുന്നേറ്റ യാത്ര ചെയ്യുന്നത്. അറിഞ്ഞുകൊണ്ടു തന്നെ കേരളീയ സമൂഹത്തെ വലിയൊരു ദുരന്തത്തിലേക്ക് വലിച്ചെറിയുകയാണ് ഇവിടെ ഈ യാത്ര ചെയ്യുന്നത്. 

ഇവിടെ ജാഗ്രത പാലിക്കേണ്ടത് ജനം തന്നെയാണ്. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് ചെവികൊടുക്കാതെ വര്‍ഗീയതയെ തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടത് മലയാളിയാണ്. മലയാളിക്ക് അതിനു കഴിയുമ്പോള്‍ മാത്രമാകും ഇത്തരം വര്‍ഗീയ യാത്രകള്‍ക്ക് അവസാനമുണ്ടാകുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക