Image

സ്റ്റാറ്റന്‍ ഐലന്റില്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയ നിര്‍മ്മാണാരംഭത്തിന്‌ ശനിയാഴ്‌ച തുടക്കംകുറിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 20 January, 2012
സ്റ്റാറ്റന്‍ ഐലന്റില്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയ നിര്‍മ്മാണാരംഭത്തിന്‌ ശനിയാഴ്‌ച തുടക്കംകുറിക്കുന്നു
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സ്റ്റാറ്റന്‍ഐലന്റിലെ പ്രഥമ ഓര്‍ത്തഡോക്‌സ്‌ ഇടവകയായ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ കര്‍മ്മം ജനുവരി 21-ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു.

സ്റ്റാറ്റന്‍ഐലന്റില്‍ മനോഹരമായ ഭൂപ്രദേശത്ത്‌ 28, സണ്‍സെറ്റ്‌ ഈവില്‍ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളുടെ ചിരകാല അഭിലാഷം പൂവണിയുന്ന സുദിനം ഇതാ സമാഗതമായി. പ്രസ്‌തുത ചടങ്ങുകളില്‍ സ്റ്റാറ്റന്‍ഐലന്റ്‌ ബോറോ പ്രസിഡന്റ്‌ ജയിംസ്‌ പി. മോളിനാരോ, കൗണ്‍സില്‍ അംഗം ജയിംസ്‌ എസ്‌ ഓഡ്ഡോ, കോണ്‍ഗ്രസ്‌മാന്‍ മൈക്കിള്‍ ഗ്രിം, സഭയിലെ വൈദീക ശ്രേഷ്‌ഠര്‍, ഭദ്രാസന ഭാരവാഹികള്‍, വിവിധ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശനിയാഴ്‌ച രാവിലെ 7.30-ന്‌ സീഡര്‍ ഗ്രൗവ്‌ അവന്യൂവിലുള്ള ദേവാലയത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും, എട്ടുമണിക്ക്‌ അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. രാവിലെ 11 -ന്‌ 28 സണ്‍സെറ്റ്‌ ഈവില്‍ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ കര്‍മ്മം നിര്‍വഹിക്കും.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ കേരളത്തിനു പുറത്ത്‌ ആദ്യമായി സ്വന്തമായി ഒരു ദേവാലയം കരസ്ഥമാക്കിയ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഇടവകയില്‍ 90-ല്‍ പരം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുണ്ട്‌. 3.5 മില്യന്‍ ഡോളര്‍ ചിലവ്‌ പ്രതീക്ഷിക്കുന്ന ഈ പള്ളി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.

ഇടവക വികാരി റവ.ഫാ. അലക്‌സ്‌ കെ. ജോയി നേതൃത്വംകൊടുക്കുന്ന ബില്‍ഡിംഗ്‌ കമ്മിറ്റികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നു. എല്ലാ വിശ്വാസികളേയും അഭ്യുദയകാംക്ഷികളേയും ഈ ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. അലക്‌സ്‌ കെ. ജോയി (വികാരി) 913 489 6440, ജോണ്‍ ചെറിയാന്‍ (സെക്രട്ടറി) 718 698 8446), ഈപ്പന്‍ തോമസ്‌ (ട്രഷറര്‍) 917 678 7468, ബാബു ഫിലിപ്പ്‌ (ഫിനാന്‍സ്‌ കോര്‍ഡിനേറ്റര്‍) 347 200 2465, നിതീഷ്‌ പി. ജോയി (848 219 2760). റെജി വര്‍ഗീസ്‌ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ ഐലന്റില്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയ നിര്‍മ്മാണാരംഭത്തിന്‌ ശനിയാഴ്‌ച തുടക്കംകുറിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക