Image

അമ്മ അറിയാന്‍ -സാജന്‍ കുര്യനെക്കുറിച്ച്….( മാലിനി)

മാലിനി Published on 05 January, 2016
അമ്മ അറിയാന്‍ -സാജന്‍ കുര്യനെക്കുറിച്ച്….( മാലിനി)
സാജന്‍ സമായ എന്ന പേരില്‍ ചലച്ചിത്രലോകത്ത് അറിയപ്പെട്ടിരുന്ന സാജന്‍ കുര്യന്‍ 33-ാം വയസ്സില്‍ അന്തരിച്ചു. ഡിസംബര്‍ ഒന്നാം തിയതി ലഡാക്കില്‍ ബൈബ്ലിയോ എന്ന തന്റെ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്.

ജനങ്ങള്‍ക്കിടയില്‍ അധികമൊന്നും അറിയപ്പെടാത്ത പേര്.

സാജന്‍ സമായാ, പ്രിയപ്പെട്ട അനുജാ, എനിക്കു നിന്നെ അറിയില്ല. നിന്റെ സിനിമകള്‍, കഥ, കഥാപാത്രങ്ങള്‍, അഭിനേതാക്കള്‍ - ഒന്നും എനിക്കറിയില്ല. എന്നാല്‍ മൈനസ് 24 ഡിഗ്രി താപനിലയോടു പൊരുതിയ നിന്റെ ശരീരത്തിന്റെ, മനസ്സിന്റെ ബുദ്ധിയുടെ പിടച്ചില്‍ - അതിനു കാരണമായ നിന്റെ സ്വപ്നങ്ങളുടെ തീവ്രത - അതിന്റെ ഒരു കണിക എന്നെ തൊടുന്നു. ആ സ്പര്‍ശം - അതെന്റെ ശ്വാസത്തെ തടസ്സപ്പെടുത്തുന്നു. നിന്റെ നിശ്വാസത്തിന്റെ കിതപ്പ്, അതിന്റെ തളര്‍ച്ച, അതിന്റെ വിടുതല്‍ -  ഒരു പൊള്ളലായി അതെനിക്കറിയാനാകുന്നു.

എഴുത്തിനോടും സിനിമയോടുമുള്ള നിന്റെ മോഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ നിന്നെ കൊണ്ടുപോയ മരണത്തിനു കൂട്ടു നിന്നു ലഡാക് എന്ന മഞ്ഞു മൂടിയ തണുത്ത ഭൂമി. ഒരു പക്ഷേ, അവള്‍ അറിഞ്ഞിരുന്നിരിക്കാം ആ ഭൂമിയെ നീ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന്!

നല്ല സിനിമകള്‍ ചിത്രീകരണം എന്ന മോഹം പൂര്‍ത്തിയാകാതെ നീ യാത്ര പറഞ്ഞു എന്നതൊരു ദുഃഖമായവശേഷിക്കുമ്പോഴും, സാജന്‍, നിന്നെ നഷ്ടമായ നിന്റെ ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക്, നീ ആരെന്ന് അറിയാതെപോലും നിന്നെ സ്‌നേഹച്ചുപോകുന്ന അപരിചിതര്‍ക്ക് ഒരു കാര്യത്തില്‍ അഭിമാനിക്കാം - സാജന്റെ മരണം - അത് സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായിരുന്നു. ലഡാക്കിന്റെ തണുത്ത വായുവിന് തന്റെ അവസാന ശ്വാസവും കൊടുത്ത് അവന്‍ പോരാടി. അതാണ് സാജനെ വിജയിയും വ്യത്യസ്തനുമാക്കുന്നത്.

മഞ്ഞു പെയ്ത്, സൂര്യന്‍ പരാജിതനായി ഭൂമി തണുത്തു വിറക്കുന്ന ദിവസങ്ങളിലെ തണുപ്പിന്റെ സ്പര്‍ശം നിന്റെ മരണത്തെ ഓര്‍മ്മപ്പെടുത്തുന്നു.

സൂര്യകിരണം തൊട്ടുരുമ്മിത്തിളങ്ങുന്ന ഹിമധൂളിയില്‍ നിന്റെ മുഖം തെളിയുന്നു.

അപ്പോഴൊക്കെയും ആ തണുപ്പില്‍ ആലേഖനം ചെയ്യപ്പെട്ട ഒരു സത്യമുണ്ട്. 

“മനസ്സിലെ മോഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വേണ്ടി മരണം വരെ പോരാടിയവനാണ് സാജന്‍ സമായ.”

ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച് ആഹ്ലാദിക്കുന്ന മലയാളം. തനിക്കു സമ്മാനമായി കിട്ടിയ പൈതൃക സ്വത്ത് ലക്ഷണങ്ങളായി പ്രബന്ധങ്ങള്‍ക്കും സെമിനാറുകള്‍ക്കും വിദേശയാത്രകള്‍ക്കുമായി ചാലു തിരിച്ച് വിടുമ്പോള്‍, തന്റെ മക്കള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ അവരുടെ പ്രയത്‌നങ്ങളെ സംരക്ഷിക്കുവാന്‍ കൂടി മലയാളത്തിനു മനസ്സുണ്ടാകട്ടെ.

അതല്ലേ അമ്മ മലയാളത്തിന്റെ പുത്രസ്‌നേഹം !

മലയാള സിനിമയുടെ “അമ്മ” ക്കും.

സാജന്‍ സമായ എന്ന തന്റെ പുത്രന്‍, ജീവന്‍ കൊടുത്തിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ ചിത്രങ്ങളെ സംരക്ഷിക്കാനുള്ള മനസ്സുണ്ടാകട്ടെ !

അമ്മമാരുടെ സ്‌നേഹകരങ്ങള്‍ക്ക് പൊലിഞ്ഞു പോയവര്‍ നട്ട പൂവാടികള്‍ക്കു കൂടി സ്‌നേഹജലം പകരാനാകട്ടെ !

അമ്മ അറിയാന്‍ -സാജന്‍ കുര്യനെക്കുറിച്ച്….( മാലിനി)
Join WhatsApp News
വിദ്യാധരൻ 2016-01-05 09:49:02
"മനസ്സിലെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി മരണംവരെ പോരാടിയവനാണ് സാജൻ സമായാ"
അവിടം വരെ  ശ്വാസം പിടിച്ചിരുന്നാണ് വായിച്ചത്. സംഭവത്തിന്റെ ആകസ്മികതയും വികാരവും കൈവിടാതെ  കളങ്കം എല്ക്കാത്ത മലയാള ഭാഷയിൽ എഴുതിയ സംഭവ കഥയിൽ എഴുത്തിന്റെ  പ്രവാഹം അനുഭവപ്പെട്ടു.  പക്ഷേ ശ്രേഷ്ഠ ഭാഷയുടെയും അമ്മയുടെയും സഹായ ഹസ്തങ്ങൾ തേടുന്ന ഭാഗം വന്നപ്പോൾ വൈകാരികത നഷ്ടപ്പെട്ടു പോയത്പോലെ തോന്നി.  മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവിയും സിനിമയിലെ അമ്മയും കുറെ വ്യക്തികളുടെ സ്വാർത്ഥ താത്പര്യങ്ങളുടെ സന്തതികളാണ്.  മമ്മൂട്ടിയും മോഹൻലാലും പറയുന്നത് കേൾക്കുന്ന അമ്മ, വിദേശ യാത്ര സെമിനാറ് കള്ളടി തുടങ്ങിയവക്കായി ചില കേരളത്തിലെ കുടിലചിത്തരായ സാഹിത്യമാടമ്പികൾ ഉണ്ടാക്കിയെടുത്ത ശ്രേഷ്ഠത (ലക്ഷക്കണക്കിന് പണവുമായി ഇതെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു ).  ഇവരോട് സാഹായം ചോദിക്കുന്നത് ഗുരുത്വം ഇല്ലായ്മയാണ് ( യാജ്ഞാ ഗുരുത്വം ഗുണാത്മ പൂജാ, ചിന്താബലം ഹന്ത്യ ദയാദി ലക്ഷ്മീം ).  

സാജൻ കുര്യന്റെ ആത്മാവ് വഞ്ചനയും ചതിയും ഇല്ലാത്ത ലോകത്ത്  ശാന്തമായി കഴിയെട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക