Image

തിരുവെഴുത്തുകള്‍ സര്‍ഗ്ഗഭാവനകളോ? (സുധീര്‍ പണിക്കവീട്ടില്‍)

Published on 24 January, 2016
തിരുവെഴുത്തുകള്‍ സര്‍ഗ്ഗഭാവനകളോ? (സുധീര്‍ പണിക്കവീട്ടില്‍)
(ശ്രീ സി. ആന്‍ഡ്രൂസ്സിന്റെ "സത്യവേദപുസ്തകം, സത്യവും മിഥ്യയും ഒരു അവലോകനം )

ശ്രീ സി. ആന്‍ഡ്രൂസിന്റെ "സത്യവേദപുസ്തകം, സത്യമോ, മിഥ്യയോ'' എന്ന പുസ്തകത്തിനു ഒരവതാരികയോ നിരൂപണമോ ആവശ്യമില്ല.സത്യമോ മിഥ്യയോ എന്ന് ഗ്രന്ഥകര്‍ത്താവ് ചോദിക്കുമ്പോള്‍ അതില്‍ സത്യവും ഉണ്ടെന്ന ഒരു തോന്നല്‍ വായനകാരനുണ്ടാകുമെങ്കില്‍ അത് തെറ്റാണ്. കാരണം പുസ്തകം മുഴുവന്‍ സത്യമെന്ന് ധരിക്കുന്നവരോട് സത്യം എന്താണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.ക്രുസ്തുവര്‍ഷം 2016ഇപ്പോള്‍ പിറന്ന്‌വീണു.അത് ആചരിക്കുന്നത് ക്രുസ്തു എന്നയാള്‍ ജീവിച്ചിരുന്നു, അദ്ദേഹം ദൈവപുത്രനാണെന്ന പൂര്‍ണ്ണവിശ്വാസത്തിലാണ്. എന്തുകൊണ്ടാണ് ആളുകള്‍ കാലങ്ങളുടെ പുറകില്‍ നിന്ന് കേള്‍ക്കുന്നതൊക്കെ വിശ്വസിക്കുകയും കണ്മുന്നില്‍കാണിച്ചുകൊടുക്കുന്ന സത്യങ്ങള്‍ മനസ്സിലാക്കാനും അറിയാനും ശ്രമിക്കാതിരിക്കുകയും ചെയ്യുന്നത്.മനുഷ്യരിലെ ഈ തെറ്റിദ്ധാരണ അല്ലെങ്കില്‍ മൂഢത്വം അതായ്ത് പണ്ട് പറഞ്ഞതൊക്കെ ശരിയെന്ന മിത്ഥ്യാബോധം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം ജനം, വ്യക്തമായി പറയുകയാണെങ്കില്‍ ദൈവ നാമത്തില്‍ ധനികരാകാന്‍ കൊതിക്കുന്നവര്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ഭൂമിയില്‍ അന്ധവിശ്വാസം നില നിന്ന് പോരുന്നത്.ചിന്തിക്കാന്‍ മെനക്കെടാത്ത ബുദ്ധിയുള്ള മനുഷ്യര്‍ ഒരു പക്ഷെ ഓരോരോ വിശ്വാസങ്ങള്‍ക്കടിമയായി കഴിയുന്നത് അത് കൊണ്ടാണ്. പാപികളെ രക്ഷിക്കാന്‍ വന്നുവെന്ന വചനം വളച്ചൊടിച്ച് സ്വയം രക്ഷപ്പെടുന്നത്. പാപി ഒരു പാപം ചെയ്യുമ്പോള്‍ അവിടെ ഒരു "ഇര'' ഉണ്ടായിരിക്കുമല്ലോ? എന്ത്‌കൊണ്ട് ഇരകളെ രക്ഷിക്കാന്‍ എന്നെഴുതിയില്ല. അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം അത് വിട്ട് കളഞ്ഞു.കാരണം ഇരകളെ രക്ഷിക്കാന്‍ സാദ്ധ്യമല്ല. ഇപ്പോള്‍ ഏത് ക്രൂര ക്രുത്യം ചെയ്യുന്നവനും ദൈവത്തോട് മാപ്പപേക്ഷിച്ച്് ജീവിതം തുടരാം. പാവം ഇരകള്‍ അവര്‍ക്കേറ്റക്ഷതവുമായി നിയമവും, ദൈവവും(പ്രതികാരം ചെയ്യരുത്) കുടുക്കിയ കൂരുക്കില്‍ ചത്തത് പോലെ ജീവിക്കുന്നു. എത്രയോ ദയനീയം.അവതാരങ്ങളും പ്രവാചകന്മാരും ഭൂമിയില്‍ വന്ന് അവര്‍ക്കറിയുന്നതൊക്കെ പറഞ്ഞ് പോയി. എന്നാല്‍ പതിരു തെല്ല് പോലുമില്ലാത്ത ഒരു വചനം പ്രായോഗിക ജീവിതത്തില്‍ മനുഷ്യനു കിട്ടിയിട്ടില്ലെന്ന സത്യം ശ്രീ ആന്‍ഡ്രൂസ്സിനെപോലുള്ളവര്‍ മനസ്സിലാക്കുന്നു.അവര്‍ അത് നമ്മേ ബോധിപ്പിക്കുന്നു. അവര്‍ സത്യാന്വേഷകരാകുന്നു. അവരുടെ ഗവേഷണഫലങ്ങള്‍ മനുഷ്യരാശിയുടെ നന്മക്കായി അവതരിപ്പിക്കുന്നു.എന്നാല്‍ അവരെപോലെുയുള്ളവരെ ക്രൂശിക്കയും, കല്ലെറിയുകയും ചെയ്ത് മനുഷ്യന്‍ അവന്റെ അന്ധകാരഗ്രുഹ ചുമരുകള്‍ക്കുള്ളില്‍ ഭീരുത്വം പുതച്ച് ഉറങ്ങുന്നു. സത്യം മനസ്സിലാക്കാന്‍ വിസമ്മതിക്കുന്ന മനുഷ്യന്‍ ചൂട് വെള്ളത്തില്‍ വെന്തുപോയ തവളയെപോലെയാണ്. തവള കിടന്നിരുന്ന വെള്ളം പതുക്കെ ചൂടാക്കികൊണ്ടിരുന്നപ്പോള്‍ തവളക്ക് നല്ല സുഖം. വെള്ളം ചൂടായികൊണ്ടിരുന്നപ്പോഴും തവള ആ സുഖാനുഭൂതിയില്‍ ലയിച്ച് രക്ഷപ്പെടണമെന്ന ചിന്തയില്ലാതെ ആ വലിയ തൊട്ടിയില്‍ കിടന്നു. പിന്നെ വെള്ളം തിളക്കാന്‍ തുടങ്ങിയപ്പോള്‍ രക്ഷയില്ലായിരുന്നു. മനുഷ്യനും അതെപോലെ സ്വയം ചിന്തിക്കാതെ ഭൂരിപക്ഷത്തിന്റെ പുറകെ പോകുന്നു അല്ലെങ്കില്‍ അന്ധമായ വിശ്വാസത്തിനടിമയായി ജീവിച്ച്് മരിക്കുന്നു.

മുമ്പ് പറഞ്ഞതും കേട്ടതും ശരിയാണെന്ന് അന്ധമായി വിശ്വസിക്കുന്ന ലോകത്തിന്റെ മുന്നിലേക്ക് സത്യത്തിന്റെ വെളിച്ചവുമായി പലരും വന്നു. ശ്രീ യേശുപോലും ഞാന്‍ ഒന്നും മാറ്റാനല്ല മറിച്ച് നിവര്‍ത്തിക്കാനാണ് വന്നതെന്ന് അദ്ദേഹത്തെ കുറിച്ച് എഴുതിയവര്‍ എഴുതി വച്ചിട്ടുണ്ട്. അദ്ദേഹത്തേയും അന്നത്തെ ജനം കുറിശിലേറ്റി വധിച്ചുകളഞ്ഞുഞ്ഞുവെന്നും നമ്മള്‍ ബൈബിളില്‍ വായിക്കുന്നു.. എന്നാല്‍ ഒരു ജനതയ്ക്ക് പിന്നീട് അദ്ദേഹം ദൈവമായി തീര്‍ന്നു. അദ്ദേഹത്തിന്റെ പേരില്‍ ഒരു മതം പിറന്നു.ഈ ലോകത്തിലെ 32 ശതമാനം പേര്‍ ആ വിശ്വാസത്തില്‍ കഴിയുന്നു. ഈ ലോകത്ത് എണ്ണമറ്റ വിശ്വാസങ്ങളും മതങ്ങളും ഉണ്ട്. കൂടുതല്‍ അനുയായികള്‍ ഉള്ളവര്‍ ആണോ യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കുന്നത് എന്ന് ഇന്ന് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.കാരണം ശരിയായ ഉത്തരം അവര്‍ക്ക് പോലും കണ്ടെത്താന്‍ കഴിയുന്നില്ല.അന്ധകാരത്തില്‍ ഉഴലുന്ന ലോകത്തിനു സത്യത്തിന്റെ വെളിച്ചം കാണിക്കാന്‍ വേണ്ടി ശ്രീ ആന്‍ഡ്രൂസ്സ് എഴുതിയ ഈ പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിക്കാം.ഒരു പക്ഷെ ഭൂരിഭാഗം ജനം വിശ്വസിക്കുന്ന ഒരു മതഗ്രന്ഥത്തിലെ തെറ്റുകള്‍ അല്ലെങ്കില്‍ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം തീരുമാനിച്ചത് ഒരു വലിയ ജനവിഭാഗം വഞ്ചിക്കപ്പെടരുതെന്ന നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം.

സെമിറ്റിക്ക് മതങ്ങളൊക്കെ ഭൂമിയില്‍ വേരു പിടിച്ചത് ദൈവ വചനങ്ങളുടെ ശക്തികൊണ്ടല്ല മറിച്ച് അത് പ്രചരിപ്പിച്ചവരുടെ ശേഷിയും ശേമുഷിയും (വാള്, തോക്ക്, പ്രലോഭനം, മാനം കെടുത്തല്‍ തുടങ്ങിയ ആയുധങ്ങള്‍ കൊണ്ട്) അനുസരിച്ചാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ അറിവ് ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു ദൈവവിശ്വാസി ദൈവത്തിന്റെ കഴിവില്‍ എത്രമാത്രം ഉറപ്പുള്ളവനാണു്. അവനുറപ്പിച്ച .മനുഷ്യര്‍ക്ക് എന്ത് സംഭവിച്ചാലും അനങ്ങാത്ത ഈ അത്ഭുത പ്രതിഭാസത്തെ, ദൈവം എന്ന സങ്കല്‍പ്പത്തെ പിന്നെ എങ്ങനെ ഈ ലോകം മുഴുവന്‍ ആരാധിക്കുന്നു. ചിലര്‍ അയല്‍പക്കകാരനെ സ്‌നേഹിച്ചു കൊണ്ട്, ചിലര്‍ അവനെ വെട്ടികൊന്നുകൊണ്ട്, ചിലര്‍ ശിലകളില്‍ പാലും തേനും ഒഴുക്കികൊണ്ട്, ചിലര്‍ തല മൊട്ടയിടിച്ച് മൗനം പാലിച്ചുകൊണ്ട് ഒക്കെ ആരാധന നടത്തുന്നു. സ്‌നേഹം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്നല്ലാതെ ബാക്കിപ്രവര്‍ത്തികളൊക്കെ പേടിത്തൊണ്ടനായ മനുഷ്യന്റെ ചാപല്യം മാത്രം.ശ്രീ ആന്‍ഡ്രുസ്സ് ഈ പുസ്ത്കം രണ്ട് ഭാഗങ്ങളായിട്ടാണു് എഴുതിയിരിക്കുന്നത്. രണ്ടാം ഭാഗം ആരംഭിക്കുന്നതിനു മുമ്പുള്ള ഒരു അദ്ധ്യായത്തില്‍ ദൈവത്തിന്റെ ജനനത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണു്.സ്വന്തം ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം സ്വപനം കണ്ടും സഹജീവികളില്‍നിന്നുള്ള ആക്രമണം ഭയന്നും മനുഷ്യര്‍ തന്നെ ഉണ്ടാക്കിയതാണു് എന്റെ ദൈവം, എന്റെ മതം, എന്റെ വിശ്വാസം എന്നിങ്ങനെയുള്ള മിഥ്യാസങ്കല്‍പ്പങ്ങളെല്ലാം.രോഗം, ദാരിദ്ര്യം, അത്യാഹിതം, കൂട്ടക്കൊല എന്നിവ ഉളവാക്കുന്ന ഭീതി നിമിത്തം അറിഞ്ഞും, അറിയാതെയും "എന്റെ ദൈവമേ എന്ന് പണ്ട് കാലം മുതല്‍ക്കേ മനുഷ്യര്‍ ദൈവത്തില്‍ ശരണപ്പെട്ടിരുന്നു. ഭീതിദമായ കാര്യങ്ങളെ നിയന്ത്രിക്കാന്‍ ദൈവത്തിനു ശക്തിയുണ്ടെന്ന ധാരണയാണു് അര്‍ത്ഥശൂന്യവും നിഷ്ഫലവുമായ ഈ കേഴലിന്റെ കാരണം. മനുഷ്യന്റെ ഈ ബലഹീനതയെ മതവും മന്ത്രവാദിയും മുതലെടുത്തു. പൂജയും നേര്‍ച്ചകാഴ്ചകളും ബലിയുംകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാന്‍ സാധിക്കുമെന്ന് അവര്‍ പ്രചരിപ്പിച്ചു. ...(പേജ് 215-216)

ശ്രീ ആന്‍ഡ്രൂസ്സ് എന്തിനാണ് ഈ പുസ്തകം എഴുതിയത്? ജനത്തിന്റെ വിശ്വാസങ്ങളെ മാറ്റാന്‍ ഒരാള്‍ക്ക് കഴിയുമൊ? അങ്ങനെ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ പുസ്തകം കൊണ്ടെന്ത് പ്രയോജനം.അതിനുത്തരം അദ്ദേഹത്തിന്റെ പുസ്തകം പറയുന്നു.പുസ്തകത്തില്‍ ദൈവമില്ലെന്ന് ആന്‍ഡ്രുസ്സ് പറയുന്നില്ല. അപ്പോള്‍ പിന്നെ ദൈവനിഷേധിയായ ഒരാളുടെ പുസ്തകമെന്ന അധിക്ഷേപത്തിനു ഈ പുസ്തകം പാത്രമാകുന്നില്ല. മരണശേഷമുള്ള സ്വര്‍ഗ്ഗത്തിനുവേണ്ടി പുരോഹിതന്മാരെ തീറ്റിപ്പോറ്റി സ്വയം അധ:പതിക്കുന്ന മനുഷ്യരെ ഉണര്‍ത്തുകയാണു ശ്രീ ആന്‍ഡ്രുസ്സ്. അദ്ദേഹം എഴുതുന്നു.ലോകജനതയാകെ "സമാധാനം'' എന്ന രാഷ്ട്രത്തിലെ പൗരന്മാരും "സല്‍പ്രവര്‍ത്തികള്‍' എന്ന മതത്തിലെ വിശ്വാസികളും ആകണം. ഈ അവസ്ഥ ഉണ്ടാകാനായി യത്‌നിക്കേണ്ടത് ഓരോ മനുഷ്യസ്‌നേഹിയുടേയും കടമയാണ്. ഇതിനെ എതിര്‍ക്കുന്നവരോ, ലോകത്ത് ആസുരതയുടെ വിത്തുകള്‍ വിതയ്ക്കുന്നു. ധൂപം, ബലി, നേര്‍ച്ച, ഉപകാരസ്മരണ എന്നിവകൊണ്ട് ദൈവത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നത് ദൈവ നിന്ദയല്ലാതെ മറ്റൊന്നുമല്ല. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പെരുന്നാളുകള്‍ എന്നിവയിലൂടെ ദൈവത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ദൈവം എന്താണെന്ന് അറിയാത്തത്‌കൊണ്ടാണ്. സദ്ഗുണസമ്പന്നമായ പ്രവര്‍ത്തികളാണ് യഥാര്‍ത്ഥ ദേവസ്തുതി. അങ്ങനെയുള്ള കര്‍മ്മനിരതയാണു ശരിയായ ആരാധന. മനോവിചാരവും കര്‍മ്മവും, നിഷ്ക്കപടവും മനുഷ്യനന്മക്കുതകിയും ആകുമ്പോള്‍ ദൈവം നമ്മില്‍ ആവസിക്കുന്നു. സ്വര്‍ഗ്ഗംഭാവിയിലെ സമ്മാനമല്ല.ഈ ജീവിതത്തില്‍ എല്ലായ്‌പ്പോഴും അനുഭവിക്കാവുന്ന ഒന്നാണ്. ജീവിതം മുഴുവന്‍ നന്മ്കളാല്‍ നിറയുമ്പോള്‍ ഒരുവനില്‍ സ്വര്‍ഗ്ഗരാജ്യം താനെ വരുന്നു.ഇത്രയും ലളിതമായി ഇദ്ദേഹം ജീവിതത്തേയും സ്വര്‍ഗ്ഗരാജ്യത്തേയും കുറിച്ച് പറയുമ്പോള്‍ അത് ശ്രദ്ധിക്കുന്നത് നന്മയല്ലേ? അല്ലാതെ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ളവര്‍ എഴുതിവച്ച കാര്യങ്ങള്‍ അത് ദൈവത്തിന്റെ ശബ്ദ്മായി കരുതി ഇവിടെ തമ്മില്‍ തമ്മില്‍മത്സരിക്ലും പോര്‍ വിളിച്ചും ഭൂമിയെ മനുഷ്യ രക്തം കൊണ്ട് എന്തിനു നനച്ച് കുതിര്‍ത്തുന്നു.

അന്യോന്യവിരുദ്ധമായ വിവരണങ്ങള്‍ അടങ്ങുന്ന ബൈബിള്‍ ദൈവവചനമല്ലെന്ന് വിശ്വാസയോഗ്യമായ ഉദാഹരണങ്ങള്‍ നിരത്തികൊണ്ട് ശ്രീ ആന്‍ഡ്രുസ്സ് സ്ഥാപിക്കുന്നു.

ബൈബിളിനെ ഒരു പുരാണകഥയായി കാണുന്നത് ഇന്ന് സാങ്കേതിക വളര്‍ച്ചയും ശാസ്ര്തപുരോഗതിയും കൊണ്ട് മാത്രമുണ്ടായ ഒരു വികാസമല്ല. എ.ഡി 185 മുതല്‍ 430 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ ദേവാലയ പിതാക്കള്‍ ബൈബിളിലെ ഉത്പത്തി പുസ്തകത്തെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാതെ ആലങ്കാരികമായി കണ്ടിരുന്നു. അത്തരം അബദ്ധങ്ങളുടെ വിവരണം ശ്രീ ആന്‍ഡ്രുസ് ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ഒരു പക്ഷെ ഇത് ജനം വായിക്കുകയും അറിവ് നേടുകയും അല്ലെങ്കില്‍ ഇതെപ്പറ്റി ഗവേഷണം നടത്താന്‍ തീരുമാനിക്കയും ചെയ്താല്‍ കോടിക്കണക്കിനു വരുമാനമുള്ള ദേവാലയങ്ങളും അതിനെ ചുറ്റിപ്പ്റ്റി നില്‍ക്കുന്ന പുരോഹിത വര്‍ഗ്ഗവും തകര്‍ന്ന് വീഴും. സ്വയം ദുര്‍ബ്ബലനും ഭയമുള്ളവനുമായ മനുഷ്യനെ പേടിപ്പെടുത്താനല്ല അവനെ ബോധവത്കരിക്കാനാണ് ആന്‍ഡ്രൂസ് ശ്രമിക്കുന്നത്.ദൈവത്തെ വിറ്റ് കാശാക്കാന്‍ ശ്രമിച്ചവര്‍ മനുഷരെ എത്രത്തോളം പേടിപ്പിക്കാമോ അത്രയ്ക്ക് പേടിപ്പിച്ചു. സ്വര്‍ഗ്ഗം നരകം എന്ന ഏതോ എഴുത്തുകാരന്റെ ഓലപാമ്പ് ഇന്നും അതിന്റെ ഇല്ലാത്ത പത്തി വിടര്‍ത്തി ജീവജാലങ്ങളില്‍ ഏറ്റവും അധികം ബുദ്ധിശാലിയായ മനുഷ്യനെ നിയന്ത്രിക്കുന്നു.അത് കൊണ്ട് തന്നെ ആന്‍ഡ്രൂസ്സിന്റെ സന്ദേശങ്ങള്‍ എല്ലാവരിലും എത്താന്‍ സമയം എടുത്തേക്കാം.

ബൈബിളില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഈ പുസ്തകം വായിച്ച് തീരുമ്പോള്‍ വെളിപ്പെടുന്ന സത്യങ്ങള്‍ അദ്ദേഹത്തിനു ജീവിതത്തില്‍ നന്മയും സന്തോഷവും പകരുമെന്ന കാര്യം തീര്‍ച്ചയാണു്. അല്ലെങ്കില്‍ ശ്രീ ആന്‍ഡ്രുസ്സ് കണ്ടെത്തിയ സത്യങ്ങള്‍ സത്യങ്ങള്‍ അല്ലെന്ന് ആരെങ്കിലും തെളിയിക്കണം.ഈ ലേഖകന്‍ ഇക്കാര്യം ശ്രീ ആന്‍ഡ്രുസ്സിനോട് സൂചിപ്പിച്ചപ്പോള്‍ പുസ്തകത്തില്‍ അദ്ദേഹം കണ്ടെത്തി അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ മുന്നോട്ട് വരുന്നവരെ അദ്ദേഹം സ്വാഗതം ചെയ്യുന്നു എന്നറിയിക്കയുണ്ടായി.വളരെ യാഥാസ്ഥിതത്വമുള്ള ഒരു ക്രുസ്തീയ വിശ്വാസിയോട് ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി കാലാകാലങ്ങളായി ലോകമെമ്പാടും വായിക്കയും വിശ്വസിക്കയും ചെയ്യുന്ന വിശുദ്ധ ഗ്രന്ഥത്തെആര്‍ക്കെങ്കിലും ഗവേഷണം നടത്തി അതിന്റെ ദൈവീകത്വം നഷ്ടപ്പെടുത്താന്‍ കഴിയുമോ എന്നാണ്. നിഗൂഡതകളുടെ മൂടി തുറക്കാന്‍ ആര്‍ക്കും ഇഷ്ടമില്ല. ദൈവകോപം എന്ന ഭയത്തില്‍ അനങ്ങാന്‍ കഴിയാതെ അടങ്ങികഴിയുകയാണു പാവം ജനങ്ങള്‍.ദൈവം നീതിമാനും, കരുണാമയനുമൊന്നുമല്ലെന്നു അറിയുമ്പോള്‍ തന്നെ അങ്ങനെ വിശ്വസിക്കാന്‍ പാവം മനുഷ്യന്‍ കഷ്ടപ്പെടുന്നു.ദൈവത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യന്‍ ആര്‍ എന്ന തുരുപ്പ് ചീട്ടില്‍ ജീവിതമെന്ന ചൂതാട്ടം ആടുന്നവര്‍ കൈ നിറയെ കാശ് വാരുന്നു.അറിവിന്റെ കനി തിന്നരുതെന്ന് (ഏദന്‍ തോട്ടത്തില്‍) ദൈവം പറയാന്‍ വഴിയില്ല. അത് ഏതോ ബുദ്ധിരാക്ഷസന്റെ ഭാവനയായിരിക്കുമെന്ന് ശ്രീ ആന്‍ഡ്രുസ്സിന്റെ പുസ്തകം വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകും.അറിവ് അജ്ഞതയെ അകറ്റുന്നു. അത് കൊണ്ട് അറിവ് നേടാതിരിക്കുക, അതാണു ആ വരി എഴുതി വച്ചസൂത്രശാലിയായ മനുഷ്യന്റെ തന്ത്രം. ഹിന്ദു മതത്തിലും വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കുക എന്ന് എഴുതി വച്ചിട്ടുണ്ട്.

ശ്രീ ആന്‍ഡ്രൂസ്സിന്റെ പുസ്തകത്തില്‍ മുഴുനീളം വേദപുസ്തകത്തിലെ സംഭവങ്ങളെ, വാക്യങ്ങളെ ഖണ്ഡിക്കുകയും അവയെ വായനകാര്‍ക്ക് ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പുസ്തകം പുറം 271ല്‍ ആന്‍ഡ്രുസ്സ് എഴുതുന്നു.യെറുശലേം ദേവാലയം വീണതോടെ ലോകം മുഴുവന്‍ അവസാനിക്കുമെന്നു അല്‍പ്പജ്ഞാനികള്‍ കരുതി. ഇതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മര്‍ക്കോസിന്റെ സുവിശേഷം രൂപകല്‍പ്പന ചെയ്യപ്പെട്ടത്. മര്‍ക്കോസ് പറയും പ്രകാരമുള്ള അന്ത്യം വന്നില്ല. അന്ത്യദിനം കാത്തിരുന്ന ജനം പ്രായം ചെന്ന് സ്വാഭാവികമായി മരിച്ചു. വളരെ വേഗം തന്നെ മര്‍ക്കോസിന്റെ സുവിശേഷത്തിന്റെ പ്രവചനാടിസ്ഥാനം ദുര്‍ബ്ബലമായി.യേശു പറഞ്ഞത് പ്രചരിപ്പിക്കുകയായിരുന്നില്ല മര്‍ക്കോസ്സിന്റെ ഉദ്ദേശ്യം.....യേശു എന്തുകൊണ്ട് താന്‍ അറിയിക്കാന്‍ വന്ന സുവിശേഷം രഹസ്യമായി വച്ചു. യേശുവിന്റെ രക്ഷയുടെ സുവിസേഷം രഹസ്യമായി വയ്ക്കാനുള്ളതാണെങ്കില്‍ എന്തിനു യേശു വന്നു. ...യേശു ലോകരക്ഷകനാണെന്ന വാദം ഇവിടെ പൊളിയുന്നു. മിസ്റ്റിസ്സിസത്തിലെ രഹസ്യങ്ങളെക്കുറിച്ച് മര്‍ക്കോസിന്റെ എഴുത്തുകാരനു പരിമിതമായ അറിവ് ഉണ്ടായിരുന്നിരിക്കണം. യേശുവിനെക്കുറിച്ച് ഓരോരുത്തരും ഓരൊ മാതിരി എഴുതി വച്ചിരിക്കുന്നുവെന്ന് വായിച്ചപ്പോള്‍ ബൈബിള്‍ എന്താ അമേരിക്കന്‍ മലയാള സാഹിത്യമാണോ എന്നു തോന്നി. ഇവിടെ ഒരാള്‍ എഴുതിയാല്‍ അത് അനുകരിക്ലും അതില്‍ നിന്ന് പ്രചോദനം കൊണ്ടും (നൈസര്‍ഗ്ഗികമായ സര്‍ഗ്ഗശക്തിയില്ലാതെ)പലരും എഴുതുന്നുണ്ടല്ലോ.തന്റെ ഗവേഷണത്തില്‍ നിന്നും കണ്ടെത്തിയ വിവരങ്ങള്‍ സംശയാതീതമായി ബോദ്ധ്യം വന്നതിലാകാം ശ്രീ ആന്‍ഡ്രുസ്സ് "ദൈവത്തിന്റെ പേരിലെഴുതിയ കള്ളസാഹിത്യമാണു തിരുവചനം എന്നു വ്യക്തം'' എന്നു പ്രഖ്യാപിക്കുന്നത്.സത്യ്‌വേദപുസ്തകത്തില്‍ കാണുന്നതെക്ലാം സത്യമല്ല. സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്ന സത്യം മനസ്സിലാക്കുന്ന കാലം വരെ വിശ്വാസികള്‍ വിജ്ഞാനരഹിതരും വിഡ്ഡികളുമായിരിക്കും. വിജ്ഞാനരഹിതമായ വിശ്വാസം തുടങ്ങുമ്പോള്‍ തന്നെ വ്യക്തി ആത്മീയമായി മരിക്കുന്നു. ജീവിക്കുമ്പോള്‍ തന്നെ മരിച്ചവര്‍ എന്തിനു ഭൂമിക്ക് ഭാരമായി തുടരുന്നു. ദൈവം തന്നോട് സംസാരിക്കുന്നുവെന്നൊക്കെ പറയുന്നത് മാനസികരോഗം തന്നെ. ..ശ്രീ ആന്‍ഡ്രുസ്സ് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു. (പുറം 386-387)

മതം ഇന്ന് മനുഷ്യനെ കൊന്നൊടുക്കുന്ന ഒരു പിശാചായി മാറിക്കഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നമ്മള്‍ വായിക്കുന്ന മതതീവ്രവാദത്തിന്റെ വാര്‍ത്തകള്‍ സുഖകരമല്ല. ലോകത്തിന്റെ ഈ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ ഒരു വഴി " അറിവ് നേടുക അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കുക '' എന്നാണു്. പക്ഷെ അതത്രെ എളുപ്പമല്ല. കാരണം ഒരോ വ്യക്തിയും അതിനു ശ്രമിക്കണം. അങ്ങനെ ശ്രമിക്കുന്നതിനെ ക്കാള്‍ മനുഷ്യന്റെ സ്വഭാവമാണു് ആരെയെങ്കിലും പട്ടിയെപോലെ പിന്‍ തുടരുകയെന്ന്. അയാള്‍ എറിഞ്ഞ്‌കൊടുക്കുന്ന അപ്പ കഷണവും തിന്ന് അവനു വേണ്ടി കുരയ്ക്കുക. കാലാകാലങ്ങളായി അത് സംഭവിക്കുന്നില്ലേ? സത്യം വിളിച്ചു പറയുന്നവനെ ഭ്രാന്തനാക്കി ഒഴിച്ച് നിറുത്തുന്നില്ലേ? ജനങ്ങള്‍ക്ക് വായിക്കാന്‍ താല്‍പ്പര്യമില്ലാത്തത് മനുഷ്യരാശിയെ ചൂഷണം ചെയ്തും ചതിച്ചും കഴിയുന്ന ഒരു വിഭാഗത്തിനു എത്രയോ അനുഗ്രഹമ്രായി.പ്രബുദ്ധരല്ലാത്ത ഒരു ജനതയെ ഒരാള്‍ക്ക് എങ്ങനെ വേണമെങ്കിലും നയിക്കാമല്ലോ.

ശുഭം
തിരുവെഴുത്തുകള്‍ സര്‍ഗ്ഗഭാവനകളോ? (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2016-01-24 21:46:44
സർവേശ്വരാ! സർവ സംരക്ഷകാ ! നീ ആവശ്യങ്ങളില്ലാത്തവനല്ലേ? എല്ലാം തരുന്നവൻ? നിനക്ക് എന്നെപ്പോലെ വിശപ്പോ, ദാഹമോ ഉണ്ടോ? നീ എന്റെ നേർച്ചയ്ക്കായി കൊതിചിരിക്കുകയാണോ? ഈ ബ്രഹ്മാണ്ഡം മുഴുവൻ നീ നല്കിയിരിക്കുന്ന ദാനമല്ലേ? പഞ്ചഭൂതങ്ങളെല്ലാം നിന്റെതല്ലേ? എന്റെ ഈ ശരീരവും മനസ്സും ബുദ്ധിയുമെല്ലാം? ഞാൻ പിന്നെ നിനക്ക് എന്ത് നേർച്ച നൽകാനാണ് ? എന്നാലും നീ നിശ്ചയിച്ചപ്പോലെ ഞാൻ ദിവസവും അന്നപാനങ്ങൾ കഴിക്കുന്നുണ്ട്. ഉറങ്ങി വിശ്രമിക്കുന്നുണ്ട്. കാര്യമായും കളിയായും പലതും ചെയ്യുന്നുണ്ട്. വെറും മൺകട്ടയായ ഈ ദേഹം ഉടയുവോളം അങ്ങനെ ചെയ്യുത് കൊള്ളാനല്ലേ നിന്റെ നിർദേശം.  അതുകൊണ്ട് ഞാൻ തിന്നുമ്പോൾ കുടിച്ചിട്ട് ഇങ്ങനെ എഴുതുമ്പോൾ അത് നീ നേർച്ചയായി കരുതി കൊള്ളണേ .  സർവ്വ വ്യാപിയായ മഹാ പ്രഭോ! നിന്റെ പാദങ്ങൾ എവിടെ? ഞാൻ എവിടെ കുമ്പിടണം? ഞാനോ ഒന്നും അറിയാത്തവൻ. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും എല്ലാം നിനക്ക് ഒരുപോലെയല്ലേ? കൈകാലുകൾ നീണ്ടു നിവർത്തി ഞാൻ കിടക്കുമ്പോൾ നീ അതിനെ സാഷ്ടാംഗപ്രണാമമായി കരുതണമേ. ഞാൻ എന്ന് പറയുന്നത് എന്നോട് ക്ഷമിക്കണമേ. അത് അഹങ്കാരപരമാണെന്നാണ് പൊതുജന അഭിപ്രായം.  എന്റെ ശക്തിസ്രോതസ്സുകളെല്ലാം അഹം ബുദ്ധിയിൽ നിന്ന് പൊട്ടി ഒഴുകി വരുന്നവയാണ്. അതിനുവേണ്ടി ഈ മൺ കൂട്ടിൽ നീ ചെരുകി വച്ചതല്ലേ ആ ബോധം? എന്റെ അഹന്തയുടെ വക്തിവില്ലായ്മക്ക് ഒരറുതിയുമില്ല. എന്റെ അനുകരണങ്ങളും, ഇത്പോലെ നിത്യചൈതന്യ യതിയുടെ പുസ്തകത്തിൽ നിന്നുള്ള മോഷണവും വീരാട്ടഹാസങ്ങളും വെല്ലു വിളികളും ഒക്കെ കേൾക്കുമ്പോൾ നിനക്ക് ചിരി വരുന്നുണ്ടോ? ഞാൻ നിറെ ദാനമാണല്ലോ 'ഞാൻ' അത് തന്നെ ഒരു ദക്ഷിണയായി ഞാൻ നിനക്ക് സമർപ്പിക്കട്ടെ ? വാക്കുകൾ എന്നെ വിട്ടു പോകുന്നു . എനിക്ക് കിടക്കുവാൻ സമയമായി.  മൗനം കൂടുതൽ അർത്ഥഗർഭമായി തോന്നുന്നു. ഓം അമേൻ .  

വയലാറിന്റെ ഒരു പ്രാത്ഥനാ ഗാനത്തോടെ ഞാൻ ഉപസംഹരിക്കുന്നു.  നിത്യ ചൈതന്യയതി  എന്റെ ഈ പ്രാർത്ഥന കണ്ടു കുഴപ്പം ഉണ്ടാക്കില്ല എന്ന് കരുതുന്നു. അതവാ ഒച്ച വച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല 

ദൈവം മറ്റൊരു ദേശത്താണെന്ന് വിശ്വസിക്കുന്നവരെ 
വെറുതെ വിശ്വസിക്കുന്നവരെ 
ഇവിടെ തന്നെ സ്വർഗ്ഗവും നരകവും 
രണ്ടും കണ്ടിട്ടുല്ലവരല്ലോ തെണ്ടികൾ ഞങ്ങൾ 
മതങ്ങൾ തമ്മിൽ യുദ്ധം മതം ഇല്ലേലും യുദ്ധം 
യുദ്ധമയം യുദ്ധമയം ഈ പ്രതികരണകോളം 
നിരീശ്വരൻ 2016-01-25 10:04:50
(എന്തതിശയമേ എന്ന രീതി )

എന്തതിശയമേ ആണ്ട്രൂന്റെ പുസ്തകം 
എത്ര മനോഹരമേ 
അത് വായിച്ചു പഠിച്ചു 
ചിന്തിച്ചു നോക്കിയാൽ 
സത്യം ഒട്ടേറെയുണ്ട് .
മതത്തിന്റെ പേരിൽ
നടക്കുന്ന കൊള്ള  
താങ്ങുവാൻ വയ്യെനിക്ക് 
ആയിരവും പതിനായിരവും ഞാൻ 
പള്ളിപണിയാൻ കൊടുത്തു  
എനിക്കവിടെയൊരു സ്ഥാനം തരാമെന്നുള്ള 
ഉറപ്പിൽ പൈസയും കൊടുത്തുടനെ .
പൈസയും പോയി സ്ഥാനവും പോയി 
ഞാനൊരു വിഡ്ഢിയായി മാറിയല്ലോ 
സ്വർഗ്ഗവും വേണ്ട നരകവും വേണ്ട 
ഇവിടെ ഞാൻ ജീവിച്ചോട്ടെ 
ദൈവത്തിൻ പേരിൽ മേലിൽ എൻ വീട്ടിൽ 
വന്നാൽ വിടില്ലോരുത്തനേം ഞാൻ 
എന്തൊരു ചതിയാ ദൈവത്തിൻ പേരിൽ 
നാട്ടിൽ നടപ്പതെന്നോ? 
ഹാ ! ചിന്തിച്ചു നോക്കിൽ തലമണ്ട പുകയും 
മുഴു ഭ്രാന്തും പിടിച്ചീടുമെ 
അതുകൊണ്ട് ഏവരും ആണ്ട്രുവിൻ പുസ്തകം 
വാങ്ങിച്ചു വായിച്ചിടുവിൻ 
സാത്താന്റെ ഉപദ്രവം ഇടയ്ക്കിടെ ഉണ്ട് 
അതുകൊണ്ട് ഭയപ്പെടണ്ടാ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക