Image

ആക്ഷനില്ലെങ്കിലും ബിജു സൂപ്പര്‍

ആശ പണി­ക്കര്‍ Published on 05 February, 2016
ആക്ഷനില്ലെങ്കിലും ബിജു സൂപ്പര്‍
ആക്ഷന്‍ ഹീറോ ബിജു. സിനിമയുടെ ശീര്‍ഷകത്തിലെ ആക്ഷന്‍ കണ്ട് ആരും അത്തരമൊരു ശ്രേണിയിലുളള ചിത്രമാണ് എബ്രിഡ് ഷൈനും നിവിന്‍ പോളിയും ചേര്‍ന്നൊരുക്കിയത് എന്ന് വിചാരിക്കരുത്. ആക്ഷന്‍ ഒട്ടും തന്നെയില്ല. പക്ഷേ ഈ നാകയകഥാപാത്രമായ പോലീസുകാരന്‍ നമുക്ക് ഏറെ പരിചിതനാണ് എന്ന് ചിത്രം കാണുമ്പോള്‍ മനസിലാകും.

പ്‌ള്‌സ്ടുക്കാലവും പ്രണയവും എഞ്ചിനീയറിംഗ് സപ്‌ളി എഴുതലമൊക്കെ കഴിഞ്ഞ് തികച്ചും വേറിട്ടോരു ശൈലിയിലേക്ക് നിവിന്‍ മാറിയതാണ് ഈചിത്രത്തിന്റെ ഹൈലൈറ്റ്‌സുകളില്‍ ഒന്ന്. നിവിന്‍ പോളി എന്ന നടനെ ന്യൂജെനറേഷന്‍കാര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനാക്കിയത് തങ്ങളുടെ മനോവ്യാപാരങ്ങളോടും സ്വഭാവവിശേഷങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന കുറേ കഥാത്രങ്ങളെ അവതരിപ്പിച്ച ഒരാള്‍ എന്ന നിലയ്ക്കായിരുന്നു. അതില്‍ നിന്നും നിവിനെ മാറ്റി പ്രതിഷ്ഠിക്കാന്‍ ആദ്യമായി ധൈര്യം കാണിച്ച സംവിധായകനാണ് എബ്രിഡ് ഷൈന്‍. അതേ ആളുടെ തന്നെ രണ്ടാമത്തെ ചിത്രത്തിലാണ് തികച്ചും വേറിട്ടൊരു ഇമേജില്‍ നിവിന്‍ പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ അവതരിപ്പിച്ചു വിജയിപ്പിച്ച നിരവധി പൊലീസ് വേഷങ്ങളുണ്ട്. അത് മനസില്‍ വച്ചുകൊണ്ട് ആക്ഷന്‍ ഹീറോ ബിജു കാണാന്‍ പോകരുത്. കാരണം ഇതിലെ ബിജു തികച്ചും സാധാരണക്കാരനായ ഒരു പൊലീസുകാരനാണ്. അധോലോക സംഘങ്ങളോടോ മദ്യ-മയക്കുമരുന്നു മാഫിയായോടൊ അയാള്‍ ഏറ്റുമുട്ടുന്നില്ല. നമുക്ക് നിത്യജീവിതത്തില്‍ ചിരപരിചിതമായ ജീവിതസാഹചര്യങ്ങളോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരാള്‍. എന്നു മാത്രമേ ഈ സിനിമ കാണുന്ന ആര്‍ക്കും അനുഭവപ്പെടുകയുള്ളൂ.

കേരളത്തിലെ സമകാലീന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അത് സബ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ ജീവിതത്തോട് കോര്‍ത്തിണക്കിയാണ് എബ്രിഡ് ഷൈന്‍ കഥ പറഞ്ഞിട്ടുള്ളത്. ഇതുവരെ കണ്ടു പഴകിയ പോലീസ് കഥകളിലെ സ്ഥിരം ഫോര്‍മുലകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. ധീരനും സത്യസന്ധനുമായ നായകന്‍ -സമസ്ത ദുര്‍ഗുണങ്ങള്‍ക്കും ഉടമയായ വില്ലന്‍. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. ഇങ്ങനെയൊന്നും ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ല. കഥയിലെ കാര്യങ്ങളൊക്കെ നര്‍മത്തില്‍ ചാലിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്.

സ്വന്തം നാടിനോടും സമൂഹത്തോടും ജോലിയോടുമെല്ലാം നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു പൗലോസ്. തേങ്ങ ബിജുവിന് വളരെ ഇഷ്ടമാണ്. കാരണം വളരെ ലളിതം. സ്‌റ്റേഷനില്‍ എത്തുന്ന കുറ്റവാളികള്‍ക്ക് തേങ്ങ തോര്‍ത്തില്‍ പൊതിഞ്ഞുകെട്ടിയാണ് ബിജു ശിക്ഷ നടപ്പാക്കുന്നത്. പൂവാലന്‍മാര്‍, കള്ളന്‍മാര്‍, കള്ളവാറ്റുകാര്‍, കഞ്ചാവ് വില്‍ക്കുന്നവര്‍ എന്നിവരാണ് ബിജുവിന്റെ സ്റ്റേഷനിലെത്തുന്ന കുറ്റവാളികള്‍.

നാട്ടിന്‍പുറത്തും നഗഗരങ്ങളിലുമൊക്കെയുള്ള പൊലീസ് സ്റ്റേഷനുകള്‍ നമുക്ക് പരിചിതമാണ്. ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്ന ഏതൊരു സാധാരണക്കാരനും പരിചിതമായ പല കാര്യങ്ങളും ഈ സിനിമയില്‍ നമുക്ക് നേരിട്ട് കാണാനാകും. അത്ര സ്വാഭാവികതയോടെ എബ്രിഡ് ഷൈന്‍ ഇതിന്റെ പശ്ചാത്തലമൊരുക്കിയിരിക്കുന്നു. എന്നാല്‍ കെട്ടുറപ്പിന്റെ കാര്യത്തില്‍ തീര്‍ത്തും ഭദ്രം എന്നു പറയാവുന്ന ഒന്നല്ല ആക്ഷന്‍ ഹീറോ ബുജുവിന്റെ കഥ. അതുകൊണ്ടു തന്നെ കഥയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചിലയിടത്തെങ്കിലും തിരക്കഥാപരമായ അച്ചടക്കം കൈവിട്ടുപോകുന്നതായി കാണാം. സമകാലീന സംഭവങ്ങള്‍ക്കു മാത്രമാണ് ചിത്രത്തില്‍ പ്രസക്തിയുള്ളത്. നിവിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതില്‍ പ്രണയത്തിന് പ്രാധാന്യം കൊടുത്തിട്ടില്ല. ആക്ഷനും അതുപോലെ തന്നെ.

കഥയുടെ ക്‌ളൈമാക്‌സ് പ്രേക്ഷകര്‍ക്ക് വളരെ പെട്ടെന്ന് ഊഹിച്ചെടുക്കാന്‍ കഴിയുന്നത് ചിത്രത്തിന്റെ രസം കുറയ്ക്കുന്നുണ്ട്. മാത്രമല്ല, പ്രധാന കഥയ്‌ക്കൊപ്പം മറ്റുചില ഉപകഥകള്‍ കൂടി ഇതോടൊപ്പം ചേരുന്നതും ത്രില്‍ കുറയാന്‍ കാരണമാകുന്നുണ്ട്. എന്നാലും അത് സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.

തന്റെ പതിവു ട്രാക്കില്‍ നിന്നു മാറി എത്തിയ നിവിന്റെ ഈ സിനിമയിലെ പ്രകടനം ഉഗ്രനെന്നു തന്നെ പറയണം. നല്ല പഞ്ച് ഡയലോഗും അത്യാവശ്യം മീശ പിരിക്കലുമൊക്കെയായി നിവിന്‍ പോളി ആരാധകരെ തൃപ്തിപ്പെടുത്തും വിധം തന്നെ പ്രകടനം നടത്തിയിരിക്കുന്നു. നായികയായി എത്തിയ അനു ഇ#്മമാനുവലിന് വലിയ പ്രാധാന്യമൊന്നും തിരക്കഥയിലില്ല. സുരാജ് വെഞ്ഞാറമൂട്, ജോജു ആന്റിണി, മേഘനാഥന്‍, ജൂഡ് ആന്റിണി, പ്രജോദ്, സൈജു കുറുപ്പ്, കലാഭവന്‍ പ്രചോദ്, മേജര്‍ രവി, വല്‍സലാ മേനോന്‍, വിന്ദുജാ മേനോന്‍, സാജന്‍ പള്ളുരുത്തി, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിട്ടുളളത്. അലക്‌സ് ജെ.പള്ളിക്കലിന്റെ ഛായാഗ്രഹണം മനോഹരമാണ്. ജെറി അമല്‍ദേവിന്റെ ഗാനങ്ങളും രാജേഷ് മുരുകേശന്റെ പശ്ചാത്തല സംഗീതവും വളരെ മികച്ചതാണ്. രാജകൃഷ്ണന്റെ ശബ്ദ സംവിധാനവും മികച്ചതാണ്. ജോലിയോടു കൂറും സത്യസന്ധതയുമുള്ള സാധാരണക്കാരനായ പോലീസുകാരനെ പരിചിതമായ കേരളത്തില്‍ ഈ സിനിമയ്ക്കു പ്രാധാന്യമുണ്ട്.
ആക്ഷനില്ലെങ്കിലും ബിജു സൂപ്പര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക