Image

ദാമ്പത്യജീവിതം എങ്ങനെ വിജയിപ്പിയ്ക്കാം? (ലേഖനം-ഭാഗം-1)തൊടുപുഴ.കെ.ശങ്കര്‍

തൊടുപുഴ.കെ.ശങ്കര്‍ Published on 12 February, 2016
ദാമ്പത്യജീവിതം എങ്ങനെ വിജയിപ്പിയ്ക്കാം? (ലേഖനം-ഭാഗം-1)തൊടുപുഴ.കെ.ശങ്കര്‍
'വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു' എന്ന പഴഞ്ചൊല്ല് നാം കേട്ടിട്ടുണ്ടല്ലോ. സമ്പൂര്‍ണ്ണമായ ദാമ്പത്യജീവിതം നയിക്കണമെന്ന അഭിലാഷം ഇഹലോകത്തില്‍ ആയില്ലെങ്കില്‍ തീര്‍ച്ചയായും സ്വര്‍ലോകത്തില്‍ സാക്ഷാത്ക്കരിയ്ക്കപ്പെടുമെന്നു വിശ്വസിക്കുന്നു. ദമ്പതികളുടെ ദാമ്പത്യജീവിതവിജയം അവര്‍ക്ക് സംതൃപ്തിയും ഭാവിതലമുറയ്ക്ക് ഒരു നല്ല മാതൃകയും പ്രദാനം ചെയ്യുന്നതായിരിയ്ക്കണം. ആദ്യമായി ദാമ്പത്യജീവിതത്തിന്റെ സുവര്‍ണ്ണസോപാനങ്ങള്‍ കയറുന്ന രണ്ട് ആത്മാക്കളുടെ ഒത്തുചേര്‍ന്നുള്ള ജീവിതം വിജയിയ്ക്കുവാനും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന വിധത്തിലാകുവാനും ആവശ്യമായ 7 മുഖ്യഘടകങ്ങള്‍ അഥവാ നിയമങ്ങള്‍ വേദങ്ങള്‍ നിശ്ചയിച്ചിരിയ്ക്കുന്നു.  അവയെല്ലാം ശ്രദ്ധയോടെ പാലിയ്ക്കുകയാണെങ്കില്‍ വളരെ പ്രതീക്ഷകളോടെ സമാരംഭിയ്ക്കുന്ന ദാമ്പത്യജീവിതം അതിന്റെ പരമകാഷ്ഠയെ പ്രാപിയ്ക്കുമെന്നതില്‍ സംശയമില്ല. സുനിശ്ചിതമായ വിജയം വാഗ്ദാനം ചെയ്യുന്ന പ്രസ്തുത നിയമങ്ങള്‍ എന്തെല്ലാമെന്ന് നമുക്ക് വിശകലനം ചെയ്തുനോക്കാം.

1. പരസ്പരവിശ്വാസം 

പുതിയതായി പണിയുന്ന ഒരു സൗധത്തിന് വളരെ ബലവത്തായ അടിത്തറ എത്രമാത്രം പ്രധാനമാണോ, അത്രമാത്രം പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാണ് ദാമ്പത്യ ജീവിതത്തില്‍ പരസ്പരവിശ്വാസവും. പരസ്പരവിശ്വാസം, വൈവാഹിക ജീവിതത്തില്‍ ഭൂമിയ്ക്ക് അച്ചുതണ്ടെന്നപോലെ പ്രവര്‍ത്തിയ്ക്കുന്നു. സുദൃഢമായ പരസ്പരവിശ്വാസം ബോധം അന്യോനം ഇല്ലാതെ അന്യാധത്വത്തോടെ കഴിയുകയാണെങ്കില്‍ ആ ജീവിതം കടലിലെ പാറക്കെട്ടിലോ മഞ്ഞുകട്ടയിലോ തട്ടിത്തകരുന്ന ഒരു കപ്പല്‍ പോലെ നാമാവശേഷമാകും. അനാവശ്യമായ സംശയങ്ങളും ഊഹാപോഹങ്ങളും പാറക്കെട്ടുകള്‍ പോലെ നടുവില്‍ പൊന്തിവന്നാല്‍ അത് തകര്‍ച്ചയുടെ നാന്ദിയായി മാറും. അപ്രകാരം ജീവിതം തകരാതെ സൂക്ഷിക്കേണ്ടത് രണ്ടുപേരുടെയും കടമയാണ്. പിന്നീട് ദുഃഖിച്ചിട്ടോ, വാവിട്ടുകരഞ്ഞിട്ടോ പരസ്പരം പഴിച്ചിട്ടോ കാര്യമില്ല. പരസ്പരവിശ്വാസമില്ലാതെ ദാമ്പത്യജീവിതം തകര്‍ന്നുപോയ എത്രയോ കഥകള്‍ നാം കേള്‍ക്കാറുണ്ടല്ലോ. വിവാഹവും വിവാഹമോചനവും അടുത്തടുത്തു നടക്കുന്ന ശോചനീയമായ പല കഥകളും, നാം സമൂഹത്തിലും മാധ്യമങ്ങളിലും കാണാറുണ്ടല്ലോ.
'സംശയിയ്ക്കുന്നവരെ വിശ്വസിയ്ക്കരുത്, വിശ്വസിയ്ക്കുന്നവരെ സംശയിയ്ക്കരുത്' എന്ന പ്രമാണം നമുക്കു സുപരിചിതമാണ്. നഷ്ടപ്പെട്ട വിശ്വാസം പുനഃസ്ഥാപിയ്ക്കുക എന്നത് വളരെ കഷ്ടമാണ്. അതുകൊണ്ട് ദമ്പതികള്‍ ഓര്‍മ്മിയ്‌ക്കേണ്ട വസ്തുതയാണ്. അവിശ്വാസവും, ഐക്യവും ഒരിയ്ക്കലും ഒത്തുപോകുകയില്ല. ദമ്പതികള്‍ പരസ്പരം വിശ്വാസം വളര്‍ത്തിയാലേ, ദാമ്പത്യജീവിതം ഭദ്രമാകൂ! 

2. പരസ്പരബഹുമാനം

വിജയപ്രദമായ ദാമ്പത്യജീവിതത്തിന് അവശ്യം വേണ്ട രണ്ടാമത്തെ ഘടകമാണ് പരസ്പരബഹുമാനം. ബഹുമാനം, തുടക്കത്തിലേ ഇല്ലാതിരുന്നാലും പിന്നീടില്ലാതായാലും എല്ലാം ഫലം ഒന്നു തന്നെ. പരസ്പരബഹുമാനം പിന്നീട് പുനഃസ്ഥാപിക്കുകയെന്നത് വളരെ ക്ലേശകരമായ ഒന്നാണ്. മുഖ്യമായും തെറ്റായ സമീപനരീതിയും, സംഭാഷണരീതിയും പലപ്പൊഴും സാധാരണബന്ധങ്ങള്‍ പോലും നശിപ്പിയ്ക്കുമ്പോള്‍ ദാമ്പത്യജീവിതത്തില്‍ പ്രത്യേകിച്ചു പറയാനില്ലല്ലോ. തന്റെ പങ്കാളിയുടെ മനോവ്യാപാരങ്ങളെയും മാനസികാവസ്ഥകളെയും മനസ്സിലാക്കിയാല്‍ അതിനു യോജ്യമായ രീതിയില്‍ പെരുമാറാന്‍ പറ്റും.
പരസ്പരവിശ്വാസം നശിച്ചാല്‍ പിന്നീടതു തിരിച്ചെടുക്കാന്‍ ക്ലേശിക്കുന്നതില്‍ ഭേദമാണ് അപ്രകാരമൊരു പരിതസ്ഥിതിവരാതെ ശ്രദ്ധിയ്ക്കുന്നത്. തികഞ്ഞ പക്വതയോടെ ഇരുകൂട്ടരും പെരുമാറിയാല്‍ ഒന്നും ഭയപ്പെടാനില്ല. ആരും ആരുടെയും അടിമയല്ല. വിശ്വാസവും ബഹുമാനവും നശിയ്ക്കുമ്പോഴാണ് ബന്ധങ്ങള്‍ ശിഥിലമാകുന്നത്. വിവാഹമോചനത്തില്‍ കലാശിക്കുന്നത്. ബഹുമാനം കൊടുത്തുവാങ്ങേണ്ട ഒരു ഗുണമാണ്. അഹംഭാവം ഇല്ലാതെ പെരുമാറിയാല്‍ മാത്രമേ അതു സാധ്യമാകുകയുള്ളൂ.

3. പരസ്പരശുശ്രൂഷ

ദാമ്പത്യജീവിതത്തലില്‍ പങ്കാളികള്‍ പാലിയ്‌ക്കേണ്ട മൂന്നാമത്തെ പ്രധാനഘടകമാണ്‌
പരസ്പരശുശ്രൂഷ. രണ്ടുപേരില്‍ ആരും പ്രത്യേകിച്ചും പുരുഷന്‍ തന്റെ പങ്കാളിയെ തനിക്കു സേവനം ചെയ്യാനുള്ള അടിമയായി കണക്കാക്കരുത്. പണ്ടെല്ലാം അജ്ഞാനം മൂലവും സാത്വത്തികപരാധീനതമൂലവും ഭര്‍ത്താവ് ഭാര്യയെ തന്റെ പരിചാരികയായിക്കണക്കാക്കിയിരുന്നു. പക്ഷേ, ഇന്ന് വിദ്യാഭ്യാസമ്പന്നരും ഉദ്യോഗമോ തൊഴിലോ നേടി സാമ്പത്തിക പരാധീനതയില്‍ നിന്ന് വിമുക്തരായവരുമാണ് മിക്ക സ്ത്രീകളും ശാരീരിക-മാനസികപ്രതിസന്ധികളില്‍ പ്രത്യേകിച്ചും വാര്‍ദ്ധക്യത്തില്‍ പരസ്പരശുശ്രൂഷ അഥവാ പരിചരണമനോഭാവം വളര്‍ത്തണം. പരസ്പര ശുശ്രൂഷയുടെ ആവശ്യവും പ്രാധാന്യവും മന്‌സസിലാക്കാത്തതിനാലാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. വാര്‍ദ്ധക്യദശയില്‍ കൂടുതല്‍ സേവനസന്നദ്ധരായിരിയ്ക്കണം. പരാശ്രയം കൂടാതെ കഴിയ്ക്കാന്‍ സാധിയ്ക്കും. താന്‍ ഒറ്റയ്ക്കല്ല എന്ന ആത്മവിശ്വാസം ദമ്പതികളുടെ ജീവിതം സുരക്ഷിതമാക്കും. വളരെ പവിത്രമായ ദാമ്പത്യജീവിതം ആനന്ദപ്രദമാക്കുവാന്‍ പരസ്പരശുശ്രൂഷാബോധം വഹിക്കുന്ന പങ്ക് ലഘുവല്ല.

                                                                                 (തുടരും)..........


ദാമ്പത്യജീവിതം എങ്ങനെ വിജയിപ്പിയ്ക്കാം? (ലേഖനം-ഭാഗം-1)തൊടുപുഴ.കെ.ശങ്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക