Image

ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും (ജോസഫ് പടന്നമാക്കല്‍)

Published on 05 March, 2016
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
1920-നു ശേഷം ഭാരതത്തില്‍ അനേക മത, സാംസ്‌ക്കാരിക സംഘടനകളും ചിന്തകരും രാഷ്ട്രീയ കൂട്ടാളികളും വര്‍ണ്ണ വ്യവസ്ഥകളെ എതിര്‍ക്കുകയും മനുഷ്യാവകാശങ്ങളെ പിന്താങ്ങുകയും ചെയ്തതിട്ടുണ്ട്.1950ല്‍ ഇന്ത്യന്‍ ഭരണഘടനയുണ്ടായി. ഭരണഘടന ഡ്രാഫ്റ്റ് ചെയ്യുന്ന കമ്മറ്റിയുടെ ചെയര്‍മാന്‍ ഡോക്ടര്‍ അംബേദ്ക്കറായിരുന്നു.

വര്‍ണ്ണവ്യവസ്ഥയെ തുടച്ചു നീക്കിക്കൊണ്ട് സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ തത്ത്വങ്ങളില്‍ അടിയുറച്ചായിരുന്നു ഭരണഘടന തയ്യാറാക്കിയത്. ഭരണഘടനയില്‍ ജാതിമത,സ്ത്രീപുരുഷ വര്‍ഗഭേദമില്ലാതെ മനുഷ്യാവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ നിയമങ്ങളും തത്ത്വങ്ങളും പാടെ പരാജയമായിരുന്നു. 1950ല്‍ നടപ്പായ ഭരണഘടനയനുസരിച്ച് 'തൊട്ടുകൂടാ നയം' നിയമത്തിനെതെരെങ്കിലും ഒരുവന്റെ ജനനമനുസരിച്ചുള്ള വര്‍ഗവിവേചനം ഭാരത മണ്ണില്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ചതുര്‍വര്‍ണ്ണത്തിലുള്ളവരെ 'സവര്‍ണ്ണ'രെന്നും ചതുര്‍ വര്‍ണ്ണത്തിനു പുറത്തുള്ളവരെ 'അവര്‍ണ്ണര്‍' അല്ലെങ്കില്‍ 'തൊട്ടു തീണ്ടാ' ജാതികളെന്നും വിളിക്കുന്നു. മനുസ്മൃതിയില്‍ സൂചിപ്പിച്ചിരിക്കുന്നത് 'ചണ്ഡാളന്മാര്‍ താമസിക്കുന്ന കുടിലുകള്‍ ഗ്രാമങ്ങളുടെ പുറത്തായിരിക്കണം. പട്ടികളും കഴുതകളും അവരുടെ സ്വത്തുക്കളായിരിക്കും. ചത്തു പോയവരുടെ മൃതദേഹത്തിലെ വസ്ത്രങ്ങള്‍ അവര്‍ക്കുള്ളതാണ്. പൊട്ടിയ പാത്രങ്ങളിലേ അവര്‍ ഭക്ഷണം കഴിക്കാവൂ. കാരിരുമ്പു കൊണ്ടുള്ള ആഭരണങ്ങള്‍ മാത്രമേ അവര്‍ ധരിക്കാന്‍ പാടുള്ളൂ. ഒരിടത്തും സ്ഥിരമായി താമസിക്കാതെ കരകള്‍ തോറും അലഞ്ഞു നടക്കണം. രാത്രികാലങ്ങളില്‍ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ ഉറങ്ങുവാന്‍ പാടില്ല.' തൊട്ടു കൂടാ തീണ്ടാ ജാതികള്‍ ഇന്നും വര്‍ണ്ണ ജാതികളില്‍ നിന്നും അകന്നു താമസിക്കണമെന്നുള്ളന്നത് പരക്കെ അറിയാവുന്ന വസ്തുതയാണ്. അതേ സമയം വര്‍ണ്ണ ജാതികള്‍ ഗ്രാമങ്ങളിലേയും പട്ടണങ്ങളിലെയും പ്രധാന ഭാഗങ്ങളില്‍ സുഭിക്ഷിതമായി താമസിക്കുന്നതും കാണാം. ഇതില്‍ നിന്നും വ്യക്തമാകുന്നത് തൊട്ടുകൂടാ ജാതികള്‍ ഹിന്ദു മതത്തിന്റെ ഭാഗമല്ലായെന്നാണ്. അവരെ അകത്തി നിര്‍ത്തി വര്‍ണ്ണവിവേചനാടിസ്ഥാനത്തില്‍ വേര്‍പെടുത്തി അടിമകളാക്കിയ പാരമ്പര്യമാണ് ഹിന്ദുമതത്തിന്റെ വക്താക്കളായ ബ്രാഹ്മണ കൂട്ടായ്മയ്മകള്‍ നാളിതുവരെ പുലര്‍ത്തി വന്നിരുന്നത്.

'തൊട്ടു കൂടായ്മ അതിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നു തന്നെ മാറ്റി കളയണ'മെന്നും ഒരു മനുഷ്യനെയും വേറിട്ടു കാണാന്‍ ഹിന്ദുമതം പഠിപ്പിക്കുന്നില്ലായെന്നും' ഗാന്ധിജി പറയുമായിരുന്നു. ബ്രാഹ്മണരെക്കാളും ചണ്ഡാളര്‍ താണ ജാതികളെന്നു ഭഗവത്ഗീത പഠിപ്പിക്കുന്നില്ല.1932ല്‍ ഗാന്ധിജി ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹം ഹരിജനങ്ങളുടെ ഉന്നമനത്തിനായി ഹരിജന സേവാ സംഘം രൂപീകരിച്ചു. ഈ സംഘടന കോണ്‍ഗ്രസിന്റെ ഭാഗമല്ലായിരുന്നു. 'തൊട്ടുകൂടാ ജാതികള്‍ ദുര്‍ബലരല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ട ജനതയും സ്വയം താഴ്ത്തപ്പെട്ടവരുമാണെന്ന്' വിവേകാനന്ദന്റെയും ഉദ്ധരണിയായിരുന്നു.

1932ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിസഹകരണ പ്രസ്ഥാനത്തിന്റെ പേരില്‍ നാടെങ്ങും വിപ്ലവം നടക്കുന്ന സമയമായിരുന്നു. ഗാന്ധിജിയെ നിയമ ലംഘനത്തിന്റെ പേരില്‍ യെരോവ്ദാ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ അധകൃതരെ സംഘടിപ്പിച്ച് അംബേദ്ക്കറും പൗരാവകാശങ്ങള്‍ക്ക് മുറവിളി കൂട്ടുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ അധകൃത സമുദായങ്ങള്‍ക്ക് പ്രത്യേകമായ ഒരു ഭരണ സമ്പ്രദായം നടപ്പാക്കാന്‍ തീരുമാനിച്ചു. വര്‍ണ്ണ വ്യവസ്ഥയില്‍ അധകൃതര്‍ക്കു മാത്രമായി നിയോജകമണ്ഡലങ്ങള്‍ തരം തിരിച്ച് തിരഞ്ഞെടുപ്പു നടത്താന്‍ ഒരു തീരുമാനമായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിനു തടസം നല്കിക്കൊണ്ട് ഇന്ത്യന്‍ ജനതയെ രണ്ടായി പിളര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ച ഈ പദ്ധതിയെ ഗാന്ധിജി എതിര്‍ത്തു. അധകൃത ജനതയെ തരം തിരിച്ച് ഇന്ത്യന്‍ ജനതയെ വിഭജിക്കുന്ന തീരുമാനത്തില്‍ പ്രതിക്ഷേധിച്ച് ഗാന്ധിജി മരണം വരെ ജയിലില്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. സാമൂഹിക വ്യവസ്ഥയില്‍ ഉയര്‍ന്നവരും താണവരുമെന്ന അടിസ്ഥാനത്തില്‍ ഇന്ത്യയെ രണ്ടായി വിഭജിക്കപ്പെടുമെന്ന് ഗാന്ധിജി ഭയപ്പെട്ടു. യെരോവ്ദാ ജയിലില്‍ നിന്നും ഗാന്ധിജി പറഞ്ഞു, 'എന്റെ ജീവിതം സമൂഹത്തിലെ അധകൃതര്‍ക്കു വേണ്ടി ബലിയിടുവാന്‍ ദൈവം തന്ന ഒരു അവസരമാണ്.' അംബെദ്ക്കര്‍ അന്ന് ഗാന്ധിജിയുടെ ചിന്താഗതികളെ ചോദ്യം ചെയ്തിരുന്നു. ഉന്നത ജാതികളും താണ ജാതികളും തമ്മിലുള്ള ഒത്തു തീര്‍പ്പില്‍ പ്രശ്‌നങ്ങള്‍ തീരുകയും ആറു ദിവസം നടത്തിയ ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു.


'ഹിന്ദുമതം' എന്ന മതം ദുര്‍ബലരായ ജനതയെ ചൂഷണം ചെയ്യാനുള്ള മാര്‍ഗമെന്നും അംബേദ്ക്കര്‍ പറഞ്ഞിരുന്നു. 'ഹിന്ദു മതത്തെ രക്ഷിക്കണമെങ്കില്‍ ബ്രാഹ്മണ മേധാവിത്വം ഇല്ലാതാക്കണം. വര്‍ണ്ണ വ്യവസ്തയെന്നുള്ളത് അടിമത്വമാണ്. തൊട്ടുകൂടായ്മ ചിന്താഗതി വര്‍ണ്ണ വ്യവസ്തയോടൊപ്പം അവസാനിപ്പിക്കണം. വര്‍ണ്ണാശ്രമത്തിന്റെ കാരണം ബ്രാഹ്മണിസവും, ബ്രാഹ്മണിസത്തിന്റെ കാരണം ഏകാധിപത്യവും രാഷ്ട്രീയ ശക്തിയുമാണ്.' അംബേദ്ക്കറിന്റെ മരണശേഷം ശരിയായ നേതൃത്വമില്ലാതെ ദളിത പ്രസ്ഥാനങ്ങള്‍ തകര്‍ന്നുകൊണ്ടിരുന്നു. ദളിതരുടെ ഉന്നമനത്തിനായി ഡോക്ടര്‍ ഫുലെയെ മാതൃകയാക്കിക്കൊണ്ട് അംബേദ്ക്കര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. മഹാത്മാ ഗാന്ധിജിയുടെ അവസാനാളുകളില്‍ ഗാന്ധിജി അംബേദ്ക്കറിന്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ടിരുന്നു.

വര്‍ണ്ണാശ്രമ വ്യവസ്ഥിതികളെ നിയമത്തില്‍ക്കൂടി ഇല്ലാതാക്കുവാന്‍ അംബേദ്ക്കര്‍ ചെയ്ത സേവനങ്ങളെ ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. വര്‍ണ്ണ വ്യവസ്ഥകളുടെ പരിഷ്‌കര്‍ത്താവെന്ന നിലയില്‍ അദ്ദേഹം ഭാരതത്തിനായി ശക്തമായ ഒരു നേതൃത്വം നല്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിശ്രമ ഫലങ്ങള്‍ ദളിതരുടെ ജീവിത നിലവാരത്തിനു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജ്യോതിര്‍ ഫുലെയും മഹാത്മാ ഗാന്ധിയും വീര സര്‍വെക്കറും ദയാനന്ദ സരസ്വതിയും ദളിതരുടെ ഉന്നമനത്തിനായി ശ്രമിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ഇന്ത്യയുടെ വര്‍ണ്ണാശ്രമ നിയമത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. എന്നാല്‍ അംബേദ്ക്കര്‍ വ്യത്യസ്തമായ ചിന്താഗതിയില്‍ക്കൂടി ഹിന്ദു മതത്തെ തന്നെ നിശിതമായി വിമര്‍ശിച്ചു. ദളിതരുടെയും സമൂഹത്തില്‍ താണവരുടെയും അവകാശങ്ങള്‍ക്കായി മാത്രം പൊരുതി. അംബേദ്ക്കറിന്റെ ചിന്തകളും പ്രസംഗങ്ങളും ദളിതരെ അടിമത്വത്തിനെതിരായ വിപ്ലവങ്ങളിലേയ്ക്ക് നയിച്ചു.

1936ഏപ്രില്‍ മാസത്തില്‍ 'ജാറ്റ് പാറ്റ്‌തോടക മണ്ഡല്‍' എന്ന ഉന്നത ജാതിയിലുള്ള ഹൈന്ദവരുടെ സംഘടന ഡോക്ടര്‍ അംബെദ്ക്കറിനെ അവരുടെ ലാഹോറില്‍ നടത്തിയ വാര്‍ഷിക സാമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നു. സമൂഹത്തില്‍ വര്‍ണ്ണ വ്യവസ്ഥ അവസാനിപ്പിക്കുകയെന്നത് ഈ സംഘടനയുടെ ലക്ഷ്യമായിരുന്നു. ഡോക്ടര്‍ അംബെദ്ക്കര്‍ ക്ഷണം സ്വീകരിക്കുകയും അന്നു പറയാനുള്ള വിഷയത്തെപ്പറ്റി ഗഹനമായി ചിന്തിച്ച് പ്രസംഗം തയ്യാറാക്കുകയും ചെയ്തു. ഹിന്ദു മതത്തിന്റെ വര്‍ണ്ണ വ്യവസ്ഥ അവസാനിപ്പിക്കുക മാത്രമല്ല വര്‍ണ്ണ വ്യവസ്ഥ തന്നെ ഹിന്ദുമതത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന പരുഷമായ ഭാഷാ പ്രയോഗങ്ങളായിരുന്നു അംബേദ്ക്കറിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വര്‍ണ്ണ വ്യവസ്ഥകൊണ്ട്, പ്രത്യേകിച്ചു തൊട്ടുകൂടാ നയംകൊണ്ട് ഹിന്ദു മതത്തിന് നാശം സംഭവിച്ചുവെന്നും അതുകൊണ്ട് അദ്ദേഹം ഹിന്ദു മതം ഉപേക്ഷിക്കാന്‍ പോകുന്ന വസ്തുതയും വെളിപ്പെടുത്തി. അതിലെ സംഘാടകര്‍ അംബെദ്ക്കറിന്റെ ഭാഷാ പ്രയോഗങ്ങള്‍ നീക്കം ചെയ്യാനും ഹൈന്ദവ മതത്തോടുള്ള എതിരഭിപ്രായങ്ങള്‍ സംഘടനയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും അറിയിച്ചു. അംബേദ്ക്കര്‍ അതിനു തയ്യാറാകാത്തതുകൊണ്ട് സംഘടനാ ഭാരവാഹികള്‍ അദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ല. അനിഹിലേഷന്‍ ഓഫ് കാസ്റ്റ് (അിിശവശഹമശേീി ീള ഇമേെല) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതുകൊണ്ട് പഞ്ചാബിലെ ഒരു മഹാസമ്മേളനത്തിനുവേണ്ടി തയാറാക്കിയ ഒരു പ്രസംഗവും അവതരിപ്പിക്കാന്‍ സാധിച്ചില്ല. മനുഷ്യ ജാതിയില്‍ പുരുഷനെയും സ്ത്രീയേയും തുല്യവകാശങ്ങളോടെ സൃഷ്ടിച്ചെന്നും സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍ പാപമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. 'സത് സാരാ' (വേല ലലൈിരല ീള േൃൗവേ) എന്ന പുസ്തകത്തില്‍ അദ്ദേഹം ബ്രഹ്മ സമാജത്തിലെയും പ്രതനാ സമാജത്തിലെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അതിനുള്ളിലെ നേതാക്കന്മാരെയും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. 'നിങ്ങളുടെ സംഘടനയുടെ സഹായം ഞങ്ങള്‍ക്കാവശ്യമില്ലെന്നും ഞങ്ങളെപ്പറ്റി നിങ്ങള്‍ ആകുലരാകെണ്ടന്നും' അദ്ദേഹം എഴുതി. അവതരിപ്പിക്കാന്‍ സാധിക്കാതെ പോയ ഹൈന്ദവ മതത്തെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ 1936 ജൂണ്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചു.

രാജര്‍ഷി ചത്രപതി ഷാഹൂജി മഹാരാജാവ് സര്‍ക്കാര്‍ ജോലി കാര്യങ്ങളില്‍ ദളിതര്‍ക്കു മുന്‍ഗണന നല്കി ആദ്യം റിസര്‍വേഷന്‍ നടപ്പാക്കിയ മഹാ മനസ്‌ക്കനായിരുന്നു. ദളിതരുടെ സാമൂഹിക പരിഷ്‌ക്കാരങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ തികച്ചും വിലമതിച്ചതാണ്. ദളിതരായവരെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. അംബേദ്ക്കറിനെ വിദേശത്തു വിട്ടു പഠിപ്പിക്കാനുള്ള ചെലവുകള്‍ വഹിച്ചത് അദ്ദേഹമായിരുന്നു.

1827ല്‍ പൂനയില്‍ മാലി ജാതിയില്‍ ജനിച്ച 'ജ്യോതിര്‍ ഫുലെ' സുപ്രസിദ്ധ ദളിത സാമൂഹിക പ്രവര്‍ത്തകനായും വിദ്യാഭ്യാസചിന്തകനായും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കുടുംബം പൂക്കള്‍ വിതരണം ചെയ്തിരുന്ന തൊഴിലുകളില്‍ എര്‍പ്പെട്ടിരുന്നതു കൊണ്ട് 'ഫുലെ' യെന്ന പേരും ലഭിച്ചു. പഠിക്കുന്ന കാലങ്ങളില്‍ സമര്‍ത്ഥനായ വിദ്യാര്‍ഥിയായിരുന്നു. 1847ല്‍ ഇംഗ്ലീഷ് സ്‌കൊട്ടീഷ് സ്‌കൂളില്‍ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജാതി മതങ്ങളില്ലാതെ ദൈവത്തിന്റെ മക്കള്‍ തുല്യരാണെന്നുള്ള തത്ത്വ സംഹിതകളില്‍ വിശ്വസിക്കുകയും ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായി സ്വീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസം ലഭിക്കാതെ ഒരു ജനം പുരോഗമിക്കുകയില്ലെന്നും പ്രത്യേകിച്ച് സ്ത്രീകള്‍ അടുക്കളയില്‍ മാത്രം കഴിയാതെ അടിസ്ഥാന വിദ്യാഭ്യാസം നേടണമെന്നും സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അധകൃത പെണ്‍ക്കുട്ടികള്‍ക്കായി അദ്ദേഹം 'ഭിടെ' യെന്ന ഗ്രാമത്തില്‍ ഒരു സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ഉയര്‍ന്ന ജാതിയിലുള്ളവര്‍ എതിര്‍ക്കുകയും ആ സ്‌കൂള്‍ പൂട്ടിക്കുകയും ചെയ്തു. അവിടെനിന്നു അദ്ദേഹം പോവുകയും പിന്നീട് യൂറോപ്യരില്‍ നിന്നും സാമ്പത്തികമായി ഉയര്‍ന്നവരില്‍ നിന്നും പണം ശേഖരിച്ച് ദളിതര്‍ക്കായി മൂന്നു സ്‌കൂളുകള്‍ ആരംഭിക്കുകയും ചെയ്തു. 1851ല്‍ 'ബുധാവര്‍ പെട്ടിലും' അതേ വര്‍ഷം തന്നെ 'രാഷ്ടാ പെട്ടിലും' 1852ല്‍ 'വിടല്‍ പെട്ടിലു'മാണ് സ്‌കൂളുകള്‍ ആരംഭിച്ചത്.1854ല്‍ താണ ജാതിക്കാര്‍ക്കായി ഒരു ലൈബ്രറിയും തുടങ്ങി. പിന്നീട് സ്‌കോട്ടിഷ് മിഷ്യന്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി തുടങ്ങി. 1855ല്‍ സ്വന്തം വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയുമൊത്ത് ഒരു സായാഹ്ന സ്‌കൂളുമാരംഭിച്ചു. 1857ല്‍ സര്‍ക്കാരും അദ്ദേഹത്തിന് ഒരു സ്‌കൂള്‍ തുടങ്ങുന്നതിനു സ്ഥലം നല്കി. മനുഷ്യാവകാശങ്ങള്‍ക്കായും ദളിതരുടെ സാമൂഹിക നീതിക്കായും പ്രവര്‍ത്തിക്കാന്‍ 1860ല്‍ 'സത്യ ശൊഭക' എന്ന സംഘടന സ്ഥാപിച്ചു. 1860ല്‍ അനാഥരായ സ്ത്രീകള്‍ക്കായി ഒരു ആതുരായം തുടങ്ങി. ആരുമാരും നോക്കാനില്ലാത്ത സ്ത്രീകള്‍ക്ക് ആ സ്ഥാപനം ഒരു ആശ്രയമായിരുന്നു. 'സതി'യ്‌ക്കെതിരെയും ബാലികാ ബാലന്മാരുടെ വിവാഹങ്ങള്‍ക്കെതിരെയും അദ്ദേഹം പൊരുതിയിരുന്നു. പന്ത്രണ്ടു വയസുവരെ എല്ലാവര്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം വേണമെന്നും വാദിച്ചു. ബോംബയിലെ മില്ലിലെ തൊഴിലാളികള്‍ക്ക് മെച്ചമായ ജീവിത സൗകര്യങ്ങള്‍ക്കായും തൊട്ടുകൂടാ ജാതികളായ കൃഷിക്കാരുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചു. അന്നത്തെ സാമൂഹിക മാദ്ധ്യമങ്ങളില്‍ക്കൂടി അദ്ദേഹത്തിന്റെ ചിന്താഗതികളും ആശയങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. മരണം വരെ അദ്ദേഹം വിശ്രമമില്ലാതെ ദളിതരുടെ സാമൂഹിക ഉന്നമനത്തിനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്നു

1854ല്‍ ശ്രീ നാരായണ ഗുരു ജനിച്ചു. ഗുരു ജനിച്ചത് വര്‍ണ്ണാശ്രമ ധര്‍മ്മ വ്യവസ്ഥയ്ക്കു പുറത്തുള്ള ഈഴവ ജാതിയിലായിരുന്നു. ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം (ടചഉജ) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ തുടക്കമിട്ട ആ മഹാപ്രസ്ഥാനം വളര്‍ന്ന് അതിന്റെ പ്രവര്‍ത്തന ശൃംഖലകള്‍ ഇന്നു ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പൂര്‍വിക തലമുറകള്‍ മുതല്‍ നടപ്പിലായിരുന്ന ചതുര്‍വര്‍ണ്ണത്തില്‍ വിശ്വസിച്ചിരുന്ന ഗാന്ധിജിയെ അദ്ദേഹം വ്യക്തിപരമായും വിമര്‍ശിച്ചിരുന്നു. പ്രസംഗവും പ്രവര്‍ത്തികളും രണ്ടായി തുടരുന്ന നയങ്ങളാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദളിതര്‍ക്കായി കാര്യമായ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതെയും മൈതാന പ്രസംഗങ്ങളില്‍ മാത്രം വാചാലരുമായ കോണ്‍ഗ്രസിനെയും വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധിജിയെയും ഒരുപോലെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മുദ്രാ വാക്യവും ശ്രീ നാരായണ ഗുരുവിന്റെതാണ്. എല്ലാ ജാതികള്‍ക്കും തുല്യമായി പ്രവേശിക്കാവുന്ന അമ്പലങ്ങളും അദ്ദേഹം സ്ഥാപിച്ചു.

1909ല്‍ അവര്‍ണ്ണ ജാതിയില്‍ ജഗജീവന്‍ റാം ജനിച്ചു. 'ചമാര്‍ വര്‍ഗത്തില്‍പ്പെട്ട' അദ്ദേഹത്തിന്റെ പിതാവ് ചത്ത മൃഗങ്ങളെ കുഴിച്ചിടുകയും ചെരുപ്പു നന്നാക്കുകയും ചെയ്യുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. വിപ്ലവകാരിയായ ജഗജീവന്‍ റാം മെച്ചമായ വേതനത്തിനായി ബീഹാറില്‍ കാര്‍ഷിക തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങളും പ്രകടനങ്ങളും നടത്തുമായിരുന്നു. ഇന്ത്യയിലെ ബ്രഹത്തായ ഒരു സംഘടനയായ 'ദളിത് വര്‍ഗ സംഘ'ത്തിന്റെ സ്ഥാപകനായിരുന്നു. ഇന്ത്യാ മുഴുവനുമുള്ള ദളിതരെ യോജിപ്പിച്ച് ചെറു സംഘടനകളായി ഗ്രാമങ്ങളില്‍ വ്യാപിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ജഗജീവന്‍ റാം കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് തൊഴില്‍ നിയമങ്ങള്‍ പാസാക്കുകയും തൊഴിലാളികള്‍ക്കു നിശ്ചിതമായ ഒരു കൂലി നിര്‍ണ്ണയിക്കുകയും ചെയ്തു. പിന്നോക്ക ജാതികള്‍ക്കായുള്ള 'ബായ്ക്ക് വേര്‍ഡ് ഫെഡറേഷനും' (ആമരസംമൃറ ളലറലൃമശേീി) സ്ഥാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയിലൊന്നായി അത് വളരുകയം ചെയ്തു. ഗാന്ധിജിയെപ്പോലെ അനീതിയും സാമൂഹിക ഉച്ഛ നീചത്വങ്ങളും തൊട്ടു കൂടായ്മയും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിച്ചതിനൊപ്പം അദ്ദേഹം സത്യമായ ഹിന്ദു മതത്തിലും വിശ്വസിച്ചിരുന്നു ഹിന്ദു മതത്തിന്റെ ദുഷിച്ച തൊട്ടു തീണ്ടാ വ്യവസ്ഥിതിയെ ജഗജീവന്‍ റാവു എതിര്‍ത്തിരുന്നു. വര്‍ണ്ണ വിവേചനത്തെയും യാഥാസ്ഥിതിക ചിന്തകളെയും എതിര്‍ത്തെങ്കിലും ഹൈന്ദവ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ആദര്‍ശങ്ങള്‍ വിളമ്പാമെന്നല്ലാതെ നിലവിലുള്ള പാരമ്പര്യ വിശ്വാസങ്ങളെ തുടച്ചു മാറ്റുക എളുപ്പമല്ലന്നു ആഗോള തൊഴിലാളി സംഘടനകളുടെ ഒരു യോഗത്തില്‍ അദ്ദേഹം പറഞ്ഞു,

'കന്‍ഷി റാം' ദളിതരുടെ സാമൂഹിക പരിഷ്‌ക്കാര മുന്നെറ്റത്തിനായും പരിവര്‍ത്തനത്തിനായും ശ്രമിച്ച ഒരു രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു. 'ബഹുജന്‍ സമാജ പാര്‍ട്ടി'യുടെ സ്ഥാപക നേതാവുമാണ്. ജീവിക്കാന്‍ കഷ്ടി മാത്രമുണ്ടായിരുന്ന ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു. കുട്ടിക്കാലത്ത് ഉയര്‍ന്ന ജാതികളില്‍ നിന്നും അദ്ദേഹത്തിന് വിവേചനങ്ങളുണ്ടായിട്ടുണ്ട്. ചെറുപ്പകാലങ്ങളില്‍ വര്‍ണ്ണ ജാതികളില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളില്‍ മനം നൊന്തിരുന്നു. യുവാവായ കാലങ്ങളില്‍ ദളിതരെ സംഘടിപ്പിച്ച് വര്‍ണ്ണ വ്യവസ്ഥകള്‍ക്കെതിരെ പ്രതികരിക്കാനും തുടങ്ങി. അദ്ദേഹം അറിയപ്പെട്ട ഒരു നേതാവായി ദളിതരുടെയിടയില്‍ വളര്‍ന്നു. രാഷ്ട്രീയമായ ഉയര്‍ച്ചക്കു ശേഷം മായവതിയുമായി കൂട്ടു പിടിച്ചുകൊണ്ട് ദളിതരെ ഒരേ രാഷ്ട്രീയ കുടക്കീഴിലാക്കി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. യൂ.പിയിലും, എം പിയിലും, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവടങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കന്‍ഷിറാമും മായാവതിയും ഹൃദയ സ്പര്‍ശമായ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ സമ്മേളനങ്ങളില്‍ കൂടുമായിരുന്നു. കന്‍ഷി റാമിന്റെ പ്രവര്‍ത്തനം കൊണ്ട് മായാവതി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി. സ്ത്രീകളുടെ ഉന്നമനത്തിനായും കന്‍ഷിറാം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഗ്രാമീണ പ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴിലിനായി വിവിധങ്ങളായ കുടില്‍ വ്യവസായങ്ങളും ആരംഭിച്ചു. സ്വാതന്ത്ര്യം കിട്ടിയ ശേഷം കാന്‍ഷി റാം ഇന്ത്യാ കണ്ട മഹാനായ നേതാവായിരുന്നു. അംബേദ്ക്കറിന്റെ വലിയ ആരാധകനുമായിരുന്നു. മരണം വരെ അദ്ദേഹം ദളിതര്‍ക്കു വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

'രാം വിലാസ് പാസ്വാന്‍' ദളിതരുടെ കരുത്തുറ്റ ഒരു നേതാവാണ്. ബീഹാറിലും ഇന്ത്യാ മുഴുവനായും അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഏതു സാധാരണക്കാരനും ഏതു സമയത്തും സമീപിക്കാവുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. പാര്‍ലിമെന്റില്‍ റെക്കോര്ഡു ഭേദിച്ച് അനേകം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. എന്‍. ഡി.എ സര്‍ക്കാരിന്റെ കാലത്ത് റയില്‍വേ ടെലകമ്മ്യൂണിക്കേഷന്‍ മന്ത്രിയായിരുന്നു. ദളിതരുടെ സാമൂഹിക സാമ്പത്തിക പ്രശ്‌ന പരിഹാരത്തിനായി എന്നും മുമ്പിലുണ്ടായിരുന്നു. 'ലോക ജനശക്തി' യെന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചുകൊണ്ട് അതിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ക്കൂടി ദളിതരുടെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീധന സമ്പ്രദായവും പ്രായ പൂര്‍ത്തിയാകാത്തവരുടെ വിവാഹവും അദ്ദേഹം എതിര്‍ക്കുന്നു. സ്ത്രീ പീഡനങ്ങളെള്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തുന്നു. സ്ത്രീകളും പുരുഷന്മാരെപ്പോലെ തുല്യരായി വിദ്യാഭ്യാസം നേടണമെന്നും ചിന്തിക്കുന്നു.

കെ ആര്‍ നാരായണന്‍ 1921 ഫെബ്രുവരി നാലാം തിയതി സാധാരണ ഒരു ദളിത കുടുംബത്തില്‍ ജനിച്ചു. സ്‌കൂള്‍ കാലങ്ങളില്‍ വളരെ സമര്‍ത്ഥനായ വിദ്യാര്‍ഥിയായിരുന്നു. ജവര്‍ഹാലാല്‍ നെഹ്‌റു അദ്ദേഹത്തെ വിദേശ സേവനത്തിനായി നിയോഗിച്ചു. ഇന്ത്യയുടെ പണ്ഡിതനായ രാഷ്ട്രപതിയെന്നു അദ്ദേഹത്തെ അറിയപ്പെടുന്നു. എഴുതാനും വായിക്കാനും എന്നും അദ്ദേഹത്തിനു വലിയ താല്പ്പര്യമായിരുന്നു തിരുവിതാംകൂറില്‍ അധ്യാപകനായി ജോലി തുടങ്ങി. 1944ല്‍ ഹിന്ദു പത്രത്തില്‍ പത്രാധിപരായി ജോലി ചെയ്തു. പിന്നീട് ടോക്കിയോയിലും ചൈനയിലും നയതന്ത്ര മേഖലകളില്‍ വിദേശ സേവനത്തിലുമായിരുന്നു. അമേരിക്കന്‍ അംബാസിഡറായിരുന്നു. ലോക സഭാംഗം, കേന്ദ്ര മന്ത്രി, ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുതലായ സമുന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.

1932ല്‍ ജനിച്ച യൂ.റ്റി.രാജശേഖരന്‍ ഷെട്ടി ഇന്ത്യാ മുഴുവന്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധനായ പത്ര പ്രവര്‍ത്തകനായിരുന്നു. ദളിത സാഹിത്യത്തില്‍ ആധിപത്യവും വഹിച്ചിരുന്നു. 'ദളിത വോയിസ്' എന്ന പത്രം നടത്തിയ വിവാദ നായകനുമായിരുന്നു. ദളിത സമൂഹത്തിന്റെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ വാചാലമായ എഴുത്തുകളില്‍ക്കൂടി പ്രതിഫലിച്ചിരുന്നു. ദളിതര്‍ക്ക് നവോത്വാന ചിന്തകള്‍ പ്രദാനം ചെയ്യാന്‍ അദ്ദേഹത്തിന്റെ പത്ര പ്രവര്‍ത്തനങ്ങളില്‍ക്കൂടിയും എഴുത്തുകളില്‍ക്കൂടിയും സാധിച്ചു. അദ്ദേഹം ദളിതനായിരുന്നില്ല. ഉയര്‍ന്ന ജാതിയില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് തിമ്മപ്പാ ഷെട്ടി ഒരു ജില്ലാധികാരിയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങളോളം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പത്രാധിപരായി ജോലി ചെയ്തു. അനേക പുസ്തകങ്ങളുടെ ഗ്രന്ഥ കര്‍ത്താവാണ്. സെമറ്റിക് മതങ്ങള്‍ക്കെതിരെയും ആഫ്രോ സാമൂഹിക തത്ത്വ ചിന്തകളെയും അടിസ്ഥാനമാക്കിയായിരുന്നു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

പെരിയാര്‍ ഈ വി രാമസ്വാമി നായിക്കര്‍ (1879 സെപ്റ്റംബര്‍ 171973 ഡിസംബര്‍ 24) സാമൂഹിക പരിഷ്‌കര്‍ത്താവും പ്രസിദ്ധനായ രാഷ്ട്ര തന്ത്രജ്ഞനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകനുമായിരുന്നു. തമിഴ് നാട്ടിലെ പ്രസിദ്ധനായ യുക്തിവാദിയും വര്‍ണ്ണാശ്രമത്തിനു പുറത്തുള്ള തൊട്ടുകൂടാ ജാതികള്‍ക്കു വേണ്ടി പോരാടിയ വിപ്ലവകാരിയുമായിരുന്നു. ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള ഹിന്ദു മതം അദ്ദേഹം ഉപേക്ഷിച്ചു. മനുവിന്റെ തത്ത്വങ്ങള്‍ മനുഷ്യത്വമില്ലാത്തതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാ വര്‍ഗങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. സൂത്രശാലികളായ ചെറുവിഭാഗം ഉയര്‍ന്ന ജാതികള്‍ വര്‍ണ്ണ വിവേചനം സൃഷ്ടിച്ചുകൊണ്ട് വലിയൊരു ജനവിഭാഗത്തിനെ അടിമകളാക്കിയെന്നും പെരിയാര്‍ പറയുമായിരുന്നു. ഉന്നത ജാതികള്‍ കൊളുത്തിയിരിക്കുന്ന ചങ്ങലകളെ ഭേദിച്ച് നാം സ്വയം ബഹുമാനിതരാകണമെന്നും യുക്തിപൂര്‍വ്വം ചിന്തിക്കണമെന്നും തകര്‍ന്ന ജനതകളായ ദളിതരെ അദ്ദേഹം ഉപദേശിക്കുമായിരുന്നു. പെരിയാറിന്റെ ഉദ്ധരണി ഇങ്ങനെ, 'വലിയ ഒരു വിഭാഗം ജനം തൊട്ടുകൂടാ ജാതികളും മറ്റൊരു വിഭാഗം ശുദ്രന്‍മാരും. അവര്‍ ദാസന്മാരായും കൂലികളായും ഹീനജോലികളും പാദസേവ ചെയ്യുന്നവരായും ജനിയ്ക്കുമ്പോഴേ നിശ്ചയിക്കും. അധകൃതരായ ഈ ജനതയില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഭാരതത്തിനു എന്തിനു സ്വാതന്ത്ര്യം വേണം? മതവും അവരുടെ പുരാണങ്ങളും ദൈവങ്ങളും തികച്ചും നിരര്‍ത്ഥകവുമായിരിക്കും.'

പെരിയാര്‍ പറയുമായിരുന്നു, 'പക്ഷി മൃഗാദികളിലും പുഴുക്കളിലും വര്‍ഗ വിവേചനമില്ല. ഉയര്‍ന്നവരെന്നോ താണവരെന്നോ വ്യത്യാസവുമില്ല. മനുഷ്യന്‍ യുക്തി ചിന്തകനെങ്കിലും അവനുണ്ടാക്കിയ നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് ഇതെല്ലാം സഹിക്കേണ്ടി വരുന്നു. പട്ടികളില്‍ ബ്രാഹ്മണരോ പറയരോ ഇല്ല. കുരങ്ങന്മാരിലും കഴുതകളിലും ഇങ്ങനെയുള്ള വര്‍ഗങ്ങളെ കാണാന്‍ സാധിക്കില്ല. എന്നാല്‍ മനുഷ്യരില്‍ വ്യത്യസ്തതയുണ്ട്.' 'യുക്തി ചിന്തയുള്ള മനുഷ്യന്‍ എങ്ങനെ ബ്രാഹ്മണര്‍ക്കു മാത്രം പ്രത്യേക പരിഗണന നല്കുന്നു. അടിമകളായ താണ വര്‍ഗക്കാര്‍ അവന്റെ കാലുകളില്‍ വീഴുന്നു. അവന്റെ കാലുകള്‍ കഴുകി ചിലപ്പോള്‍ ആ വെള്ളം കുടിക്കുന്നു. ഇതാണ് ഹിന്ദു തത്ത്വമെങ്കില്‍ ഇതാണ് ഹിന്ദുമതമെങ്കില്‍ ആ മതം നമുക്കാവശ്യമില്ലന്നും' പെരിയാര്‍ പറഞ്ഞിരുന്നു.
(തുടരും) 
Read part 1
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക