Image

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം -­3: ജോസഫ് പടന്നമാക്കല്‍

Published on 11 March, 2016
ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം -­3: ജോസഫ് പടന്നമാക്കല്‍
ഗാന്ധിസവും ഹരിജനോദ്ധ്വാരണവും

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി അഹിംസാ സിദ്ധാന്തങ്ങളുടെ വക്താവും മാനുഷിക മൂല്യങ്ങള്‍ക്കും സമത്വനാളേയ്ക്കും വേണ്ടി പ്രയത്‌നിച്ച അതുല്യ വ്യക്തിപ്രഭയുമായിരുന്നു. 1869 ഒക്ടോബര്‍ രണ്ടാം തിയതി വൈശ്യാ സമൂഹത്തില്‍ ഉന്നതകുല ജാതനായി അദ്ദേഹം ജനിച്ചു. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിലാണു വളര്‍ന്നത്­. ലണ്ടനില്‍ ഉപരി വിദ്യാഭ്യാസത്തിനു പോയി അവിടെനിന്നും നിയമത്തില്‍ ബാരിസ്റ്റര്‍ ഡിഗ്രി നേടി. അതിനുശേഷം തെക്കേ ആഫ്രിക്കയില്‍ പോയി നിയമ പരിശീലനം തുടര്‍ന്നു. അവിടെ തൊലിയുടെ നിറത്തിലും മതത്ത്‌ന്റെ പേരിലും വെള്ളക്കാരില്‍നിന്നു അവഗണനകള്‍ ലഭിച്ചിരുന്നു. ഗാന്ധിജി തെക്കേ ആഫ്രിക്കയില്‍ താമസിച്ചിരുന്ന കാലങ്ങള്‍ മുതല്‍ വര്‍ണ്ണ വിവേചനത്തിന്റെ കാഠിന്യത മനസിലാക്കിയിരുന്നു. തെക്കേ ആഫ്രിക്കയില്‍ ഭരിച്ചിരുന്ന വെള്ളക്കാരുടെ ഭരണകൂടങ്ങള്‍ ഇന്ത്യാക്കാരോട് തികച്ചും വിവേചനപരമായിട്ടായിരുന്നു പെരുമാറിക്കൊണ്ടിരുന്നത്. ആഫ്രിക്കയില്‍ ഇരുപതു വര്‍ഷങ്ങളോളം വര്‍ണ്ണ വിവേചനത്തിനെതിരായി സമരം ചെയ്തു. അദ്ദേഹം ഭാരതത്തില്‍ മടങ്ങി വന്നപ്പോള്‍ ഇന്ത്യയിലെ അവര്‍ണ്ണ ജാതികള്‍ക്കെതിരെയുള്ള സാമൂഹിക അസമത്വങ്ങളെ വിലയിരുത്തുകയും അതിനുള്ള പരിഹാരമാര്‍ഗങ്ങളെപ്പറ്റി ആരായാനും തുടങ്ങി. അവര്‍ണ്ണ ജാതികളുടെ പ്രശ്‌ന പരിഹാരത്തിനായി രാഷ്ട്രം മുഴുവന്‍ പുതുക്കി പണിയണമെന്നും ഗാന്ധിജി ചിന്തിച്ചിരുന്നു.

ഇന്ത്യയില്‍ 'തൊട്ടുകൂടാ ജാതികളുടെ' സാമൂഹിക വിപ്ലവത്തിനൊപ്പം അദ്ദേഹവും പങ്കുചേര്‍ന്നു. ഗാന്ധിജിയുടെ കാലത്ത് ദളിതരെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്­. നിര്‍ദ്ദയമായ സമൂഹത്തിന്റെ വര്‍ണ്ണാശ്രമ കോട്ടയ്ക്കുള്ളിലെ കാഠിന്യ നിയമമനുസരിച്ച് മലിനപങ്കിലമായ എല്ലാത്തരം ജോലികളും ചെയ്തിരുന്നതു തൊട്ടുകൂടാ ജാതികളായിരുന്നു. കക്കൂസുകളും, വസ്ത്രങ്ങളും വൃത്തിയാക്കുകയും എല്ലാ ജാതികളിലെയും ശവശരീരങ്ങള്‍ കുഴിച്ചിടുകയം ദഹിപ്പിക്കുകയും തെരുവുകള്‍ വൃത്തിയാക്കുകയും വീടിനുള്ളിലെ മലിന വസ്തുക്കള്‍ സംഭരിച്ചിരിക്കുന്നത് കൊണ്ടുപോവുകയും ചെയ്യുക അവരുടെ തൊഴിലുകളായിരുന്നു. ഉയര്‍ന്ന ജാതികളുടെ പീഡനവും നിന്ദ്യമായ പെരുമാറ്റവും കാരണം അവരുടെ ജീവിതം ദുരിതങ്ങളും കഷടപ്പാടുകളും നിറഞ്ഞതായിരുന്നു. വൃത്തി ഹീനരായി ജീവിക്കാന്‍ വിധിക്കപ്പെട്ടത് കൊണ്ട് അവരുടെ നേരെ വിരല്‍ ചൂണ്ടിയാലും ഉയര്‍ന്ന ജാതികളില്‍ ഐത്യം കല്പ്പിക്കുമായിരുന്നു.

തൊട്ടുകൂടാ ജാതികള്‍ ചെയ്യുന്ന ജോലികള്‍ വൃത്തികെട്ടതും രോഗാണുക്കള്‍ പകര്‍ത്തുന്നതുമെന്ന ധാരണ മുതിര്‍ന്ന ജാതികള്‍ക്കുണ്ടായിരുന്നു. അവര്‍ക്ക് അമ്പലങ്ങളിലോ ആശുപത്രികളിലോ പ്രവേശനം നിഷേധിച്ചിരുന്നു. അവര്‍ണ്ണരായവരെ വീടിനുള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുമായിരുന്നു. തൊട്ടുകൂടാ ജാതികളുടെ ജീവിത രീതികളില്‍ ഗാന്ധിജിയുടെ ഹൃദയത്തെ തകര്‍ത്തിരുന്നു. ഗാന്ധിജി ഉയര്‍ന്ന ജാതിയില്‍ ജനിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ മനസാക്ഷി എന്നും സമൂഹത്തില്‍ താണവരായ ജനതയോടൊപ്പമായിരുന്നു. സമൂഹത്തിന്റെ അധകൃതരോടുള്ള മനോഭാവം പാടെ മാറ്റാനുള്ള ശ്രമവും ഗാന്ധിജി ആരംഭിച്ചു. ദൈവത്തിന്റെ മക്കളെന്ന അര്‍ത്ഥത്തില്‍ 'ഹരിജനങ്ങളെന്ന്' അവരെ വിളിച്ചു. ഹരിജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും ആരംഭിച്ചു. വൈശ്യാ സമൂഹത്തില്‍പ്പെട്ട അദ്ദേഹം താണവരായ എല്ലാ ജാതികള്‍ക്കുമൊപ്പം കക്കൂസുകളും ഓടകളും ദുര്‍ഗന്ധം വമിക്കുന്ന തെരുവുകളും വൃത്തിയാക്കാന്‍ തുടങ്ങി. അവരോടു സാഹോദര്യ മനോഭാവത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് അസഹ്യമായ അനേക ജോലികള്‍ അദ്ദേഹം ചെയ്തുകൊണ്ടിരുന്നു. ഉന്നതകുല ജാതികള്‍ സ്വപ്നത്തില്‍ പോലും അത്തരം ജോലികള്‍ ചെയ്യാന്‍ തയാറാകില്ലായിരുന്നു. ഹരിജനങ്ങള്‍ ചെയ്യുന്ന ഹീനമായ ജോലികള്‍ ചെയ്­താല്‍ തൊട്ടുകൂടാ ജാതികളാകില്ലെന്നുള്ള വസ്തുത ഗാന്ധിജി അവിടെ തെളിയിക്കുകയായിരുന്നു. ഗാന്ധിജിയുടെ ശ്രമം മൂലം താണ ജാതികളിലുള്ളവര്‍ അവരുടെ ജാതികളില്‍ സ്വയം അഭിമാനികളാകുകയും അവരെ അങ്ങനെ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയുമുണ്ടായി. സമൂഹത്തിന്റെ ചിന്താഗതികള്‍ക്ക് മാറ്റം വരുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ പ്രതിച്ഛായ തന്നെ ഗാന്ധിജിയ്ക്ക് മാറ്റാന്‍ സാധിച്ചു.

തൊട്ടു തീണ്ടായ്മ ക്രൂരവും മനുഷ്യത്വമില്ലാത്തതെന്നും മനുഷ്യന്റെ വ്യക്തി മാഹാത്മ്യത്തെ ഇല്ലാതാക്കുന്നുവെന്നും അടിമത്വത്തിനു ബ്രിട്ടീഷ്കാരല്ല ദേശീയരായ ജനതയുടെ സാമൂഹിക കാഴ്ചപ്പാടാണ് കാരണമെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. 'തൊട്ടുകൂടായ്മ' ഹൈന്ദവ മതത്തിന്റെ തെറ്റായ ധാരണകളില്‍ ഉടലെടുത്ത തിന്മയുടെ ഭാഗമെന്നും വര്‍ണ്ണ വ്യവസ്ഥ തന്നെ ഹൈന്ദവ മതത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജി അവരെ ദൈവത്തിന്റെ മക്കളെന്ന അര്‍ത്ഥത്തില്‍ ഹരിജനങ്ങളെന്നു വിളിച്ചു. "നാം എല്ലാം ഒരേ ദൈവത്തിന്റെ മക്കളെങ്കില്‍ നമ്മില്‍ തന്നെ തിരിച്ചു വ്യത്യാസം എന്തിനെന്നും 'ശുദ്രന്മാരെന്ന' ഏക വര്‍ഗം മാത്രമേ ഇന്ത്യയിലുള്ളുവെന്നും' ഗാന്ധിജി അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ സ്വയം ശൂദ്രന്മാരെന്നു വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യനേക്കാളും മറ്റൊരുവന്‍ കൂടിയവനെന്നു ചിന്തിക്കുന്നവരെയും വിമര്‍ശിച്ചു. 'ജന്മം കൊണ്ട് ആരും മേന്മയുള്ളവരായി ജനിക്കുന്നില്ലെന്നും തോട്ടിയെന്നൊ, തുന്നല്‍ക്കാരനെന്നൊ, തൊഴിലാളിയെന്നോ അദ്ദേഹത്തെ വിളിച്ചുകൊള്ളാനും' പറയുമായിരുന്നു.

ലോകത്തിലെ എല്ലാ മതങ്ങളും ദൈവത്തെ ഒരു സുഹൃത്തായും നിരാലംബരായവരുടെ ആശ്രയമായും കരുതുന്നുവെന്നും ഗാന്ധിജി വിശ്വസിച്ചു. ഇന്ത്യാ സ്വതന്ത്രമാകുന്ന ദിനങ്ങളില്‍ ഹരിജനങ്ങളായവരുടെ സ്ഥിതി ബ്രിട്ടീഷ് ഇന്ത്യായെക്കാളും വഷളായിരിക്കുമെന്നും ചിന്തിച്ചിരുന്നു. തൊട്ടു കൂടായ്മയുടെ ദൂഷ്യവശങ്ങളെ ചൂണ്ടി കാണിച്ച് 'ഹരിജനിലും' 'യങ്ങ് ഇന്ത്യയിലും' അദ്ദേഹം ലേഖനങ്ങളെഴുതിയിരുന്നു. തൊട്ടുകൂടായ്മ അതിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നുതന്നെ നീക്കം ചെയ്യണമെന്നും എഴുതി. അവര്‍ണ്ണ ചിന്താഗതികള്‍ ഹിന്ദു മതത്തിന്റെ ഭാഗമല്ലെന്നും ഭഗവത്ഗീത അങ്ങനെ ഒരിക്കലും പഠിപ്പിച്ചിട്ടില്ലെന്നും ഗാന്ധിജി പറഞ്ഞു. നിയമങ്ങള്‍ സൃഷ്ടിക്കവഴി 'തൊട്ടു കൂടായ്മയെ' സമൂഹത്തില്‍നിന്നും ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്നും ദൈവത്തിന്റെ മുമ്പില്‍ അത് കുറ്റകരമെന്നുള്ള ബോധം മനുഷ്യര്‍ക്കുണ്ടായാലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂവെന്നും ഗാന്ധിജി ചിന്തിച്ചിരുന്നു. 'സാമൂഹികമായി ദളിതര്‍ കുഷ്ഠ രോഗികളെപ്പോലെയും,സാമ്പത്തികമായി അടിമകളെക്കാള്‍ കഷ്ടമായും ജീവിക്കുന്നുവെന്നും പറഞ്ഞു. 'ദൈവത്തിന്റെ ആലയമായ ഹൈന്ദവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കാതെ അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതു അധര്‍മ്മമെന്നും' വര്‍ണ്ണ ജാതികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

തൊട്ടു കൂടായ്‌ക്കെതിരെ ഗാന്ധിജി ജീവിതകാലം മുഴുവന്‍ പയറ്റിയിരുന്നു. ഈ സാമൂഹിക വ്യവസ്ഥിതി ഹൈന്ദവ മതത്തിന് കളങ്കമായി അദ്ദേഹം കണ്ടു. 'സ്വാതന്ത്ര്യം ഹിന്ദുക്കള്‍ അര്‍ഹിക്കുന്നില്ലന്നും സ്വാതന്ത്ര്യം ലഭിച്ചാല്‍ മഹത്തായ ഹിന്ദു മതത്തിന് സവര്‍ണ്ണ ചിന്താഗതിയുള്ളവര്‍ ഒരു അപമാനമായിരിക്കുമെന്നും പശുക്കളോള്ള ആനുകൂല്യവും ദയയും മനുഷ്യത്വ പരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമാവുകയില്ലെന്നും' അദ്ദേഹം തന്റെ മുഖപത്രമായ ഹരിജനില്‍ എഴുതിയിരുന്നു. 1932­ല്‍ അദ്ദേഹം ഹരിജന സേവാ സംഘം സ്ഥാപിച്ചു. ബെര്‍ലാ, താക്കൂര്‍ മുതല്‍പേര്‍ ആ സംഘടനയുടെ തലപ്പത്തുണ്ടായിരുന്നു. ഹരിജനങ്ങളോട് ശുചിത്വത്തെപ്പറ്റിയും കുഞ്ഞുങ്ങള്‍ക്ക് വിദ്യ നല്കുന്നതിനെപ്പറ്റിയും വര്‍ണ്ണ ചിന്തയുള്ളവരില്‍ നിന്നു അകന്നു നില്ക്കാനും ഉപദേശിച്ചിരുന്നു.

മനുഷ്യാവകാശ നിഷേധം നടക്കുന്ന ലോകത്തിലെ വലിയ രാജ്യങ്ങളിലൊന്നായി ഇന്ത്യയേയും കരുതുന്നു. വര്‍ണ്ണ വിവേചനവും തൊട്ടുകൂടായ്മയും പ്രായോഗിക തലത്തില്‍ കൊണ്ടുനടന്ന ഉയര്‍ന്ന ജാതികള്‍ ഇന്നും ദളിതര്‍ക്ക് മാനുഷിക പരിഗണ നല്കാതെ മനുഷ്യാവകാശങ്ങളെ ലംഘിച്ചു കൊണ്ടിരിക്കുന്നതും ഒരു വസ്തുതയാണ്. മനുവിന്റെ മനുസ്മൃതിയില്‍ 'ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശുദ്രാ' എന്നീ നാലു വര്‍ണ്ണങ്ങളെയുള്ളൂവെന്നാണ് ഗാന്ധിജിയുടെ വാദം. ഗാന്ധിജി പറഞ്ഞു, 'തൊട്ടുകൂടായെന്ന ജാതി ഹിന്ദു മതത്തിന്റെ ഘടകമല്ല. അധകൃതരായ ജാതികള്‍ ബ്രഹ്മാവിന്റെ പാദത്തിങ്കല്‍ ജനിച്ച ദൈവത്തിന്റെ മക്കളാണ്. അവരും ബ്രാഹ്മണരെപ്പോലെ ശുദ്ര ജാതിയില്‍ ജനിച്ചവരാണ്.' അംബേദ്­ക്കര്‍ ഹിന്ദു മതത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ തത്ത്വങ്ങളെ അംഗീകരിച്ചില്ല. വര്‍ണ്ണാശ്രമത്തിനു പുറത്തുള്ള തൊട്ടു കൂടാ ജാതികളായ ചണ്ഡാളന്മാര്‍ ഗ്രാമത്തിനു പുറത്തു താമസിക്കണമെന്ന മനുവിന്റെ കൃതിയെ അംബേദ്­ക്കര്‍ വിശദീകരിക്കുമായിരുന്നു.

പ്രാചീനവും അകളങ്കിതവുമായ വേദകാലങ്ങളില്‍ ഹിന്ദു സമൂഹം വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളില്‍ ജീവിച്ചിരുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. ധര്‍മ്മവും ആശ്രമവും രണ്ടായി അദ്ദേഹം കണ്ടു.' ധര്‍മ്മം' എന്നുള്ളത് സമൂഹങ്ങളായുള്ള വേര്‍തിരിവും ആശ്രമം മനുഷ്യന്റെ ജീവിതത്തിന്റെ നാല് ഘട്ടങ്ങളുമായി വേര്‍തിരിക്കുന്നു. ധര്‍മ്മം, വര്‍ണ്ണ ധര്‍മ്മമായും ആശ്രമം, ആശ്രമ ധര്‍മ്മമായും പിന്നീട് അറിയപ്പെട്ടു. ബ്രഹ്മചര്യം, ഗ്രഹസ്ഥ, വാനപ്രസ്ഥ, സന്യാസം എന്നിങ്ങനെ നാല് ആശ്രമങ്ങളാണുള്ളത്. ബ്രഹ്മമെന്നാല്‍ ഈശ്വരന്‍, ചര്യം എന്നാല്‍ നടപ്പ്­ എന്നാണര്‍ത്ഥം. ഈശ്വരനെ ഓര്‍ത്തുകൊണ്ട്­ ഈ സമയത്ത്­ അറിവുനേടുക എന്ന ചിന്ത മാത്രമേ വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ക്കുണ്ടാകാവൂ. ലൌകികം, കുടുംബം, തൊഴില്‍ മുതലായവകള്‍ ഗൃഹസ്താശ്രമത്തില്‍ ഉള്‍പ്പെടും. വാനപ്രസ്ഥാശ്രമം വനത്തില്‍പോയി താമസിക്കുക എന്നല്ല, കുടുംബ കാര്യങ്ങളില്‍നിന്ന്­ വിട്ട്­ സമൂഹകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയെന്നതാണ്. സന്ന്യാസമെന്നാല്‍ ധനവും കീര്‍ത്തിയും ഒന്നും ആഗ്രഹിക്കാതെ നന്മകള്‍ ചെയ്തു ഈശ്വരനെ ഭജിക്കുകയെന്നുമാണ്. അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ക്കണം. സമൂഹത്തില്‍ സ്‌നേഹവും ധര്‍മ്മവും നീതിയും നടപ്പിലാക്കേണ്ടതും അവരാണ്. വര്‍ണ്ണ ധര്‍മ്മം മനുഷ്യകുലങ്ങളില്‍ നിലനില്ക്കുകയും ആശ്രമ ധര്‍മ്മം ഇല്ലാതാവുകയും ചെയ്തു.

വര്‍ണ്ണാശ്രമ ധര്‍മ്മം ആദ്യകാലഘട്ടങ്ങളില്‍ സമത്വാധിഷ്­ഠിതമായ തത്വങ്ങളില്‍ ആരംഭിച്ചു. 'ജനനം കൊണ്ട് വര്‍ണ്ണ വ്യവസ്ഥയെന്നതു പിന്നീട് തെറ്റായി രൂപപ്പെട്ടതെന്നും' ഗാന്ധിജി വിശ്വസിച്ചിരുന്നു. ഒരുവന്റെ ജീവിതത്തിലെ കടമകളാണ് മുഖ്യം. കടമകള്‍ പൂര്‍ത്തിയാക്കാത്തവനു വര്‍ണ്ണാശ്രമം നഷ്ടപ്പെടുന്നു. പൂജാരിയുടെ മകനായി ജനിച്ചവന്‍ വാണിജ്യം നടത്തുന്നുവെങ്കില്‍ അവന്റെ വര്‍ണ്ണം രണ്ടാമത്തെ ഘട്ടമായ വൈശ്യ കുലത്തിലെത്തുമെന്നു വര്‍ണ്ണാശ്രമ ധര്‍മ്മത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്നു. സത്യമായ വര്‍ണ്ണാശ്രമ ധര്‍മ്മത്തെ പിന്നീട് ഉയര്‍ന്നവരും താണവരുമായി വിഭജിച്ചു. ധര്‍മ്മത്തെ ദുരുപയോഗപ്പെടുത്തി സ്വാര്‍ത്ഥമോഹികളായവര്‍ സമൂഹത്തെ വേര്‍പെടുത്തുകയാണുണ്ടായത്. ഉന്നത ജാതികളെന്നു നടിക്കുന്ന പൂജാരി വര്‍ഗം പരിശുദ്ധമായ വര്‍ണ്ണ വ്യവസ്ഥയെ കളങ്കപ്പെടുത്തുകയും ജാതികളും ജാതികള്‍ക്കുമീതെ ഉപജാതികളും വര്‍ഗങ്ങളുമായും തരം തിരിക്കുകയും ചെയ്തു. നിസ്വാര്‍ത്ഥരായ വേദകാല ജനതയില്‍നിന്നും മാറ്റങ്ങളില്‍ക്കൂടി പിന്നീടു വന്ന സ്വാര്‍ത്ഥരായ ജനത മനുഷ്യനെ വേര്‍തിരിച്ചുള്ള വ്യവസ്ഥകള്‍ സൃഷ്ടിച്ച്, ബലഹീനരായവരെ അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. കാലത്തിന്റെ നെട്ടോട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരായ ഈ ജനതയെ ഉന്നതകുല ജാതികളെന്നു നടിച്ചവര്‍' ചൂഷണവും തുടങ്ങി.

ഗാന്ധിജി ഹരിജനില്‍ എഴുതി, 'ലോകം ഇന്ന് നമ്മെയും നമ്മുടെ വര്‍ണ്ണാശ്രമ തത്ത്വങ്ങളെയും പരിഹസിക്കുന്നു. ഇന്നു നിലവിലുള്ള ഹിന്ദു സമൂഹത്തില്‍ ഒരു വര്‍ണ്ണമേയുള്ളൂ. അത് ശുദ്രന്മാരുടെതാണ്. നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നവരെന്നു ചിന്തിക്കുന്ന ഹിന്ദുക്കളുടെ ഒരു വിഭാഗമുണ്ട്. അവരുടെ ചിന്താഗതികള്‍ ഹിന്ദുമതത്തിന്റെ നാശത്തിലേയ്ക്ക് നയിക്കും. ശുദ്രന്മാരാണ്, അവരുടെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് മറ്റുള്ളവരെ സേവിച്ചവരും അവരുടെ ആശ്രയമായി എന്നും നിലകൊണ്ടവരും. ഇന്ത്യാ ഇന്നും മറ്റുള്ളവരെ ആശ്രയിച്ചാണ്­ കഴിയുന്നത്­. അതുകൊണ്ട് ഓരോ ഇന്ത്യാക്കാരനും ശുദ്രജനതയില്‍പ്പെട്ടവരാണ്. '

വര്‍ണ്ണ വ്യവസ്ഥ ഹിന്ദു മതത്തിലെ ഒരു തരം വൃണം പോലെയെന്നും സമൂഹത്തെ പല തട്ടുകളായി വിഭജിക്കുന്നുവെന്നും ഗാന്ധിജി പറഞ്ഞു. വിവിധ ജാതികളില്‍ വിശ്വസിക്കുന്നവര്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനും മിശ്ര വിവാഹത്തിനും സമൂഹത്തിന്റെ നിയന്ത്രണമുണ്ടാവുന്നു. രാജ്യത്തിലെ ബുദ്ധി ജീവികളുടെയിടയിലും ഈ പാരമ്പര്യം തുടരുന്നതും ദൗര്‍ഭാഗ്യകരമാണ്. 1901­ല്‍ നടന്ന കല്‍ക്കട്ടാ കോണ്‍ഗ്രസില്‍ ഗാന്ധിജി ഹാജരായിരുന്നു. ആയിരക്കണക്കിന് ഡെലിഗേറ്റുകള്‍ ആ മഹാസമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. സമ്മേളനം ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിവിധ ബ്ലോക്കുകളായി തരം തിരിച്ചിരുന്നു. 'ആ വലിയ സമ്മേളനത്തിലും തൊട്ടുകൂടാ ജാതീയ ചിന്തകള്‍ സ്പഷ്ടമായിരുന്നുവെന്നു' ഗാന്ധിജി തന്റെ ഹരിജന്‍ പത്രത്തിലെ മുഖപ്രസംഗത്തില്‍ എഴുതി. സമ്മേളനത്തോടനുബന്ധിച്ച് തമിഴരുടെ അടുക്കള സവര്‍ണ്ണരില്‍ നിന്നും ബഹുദൂരമായിരുന്നു. തമിള്‍ പ്രതിനിധികള്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ തൊട്ടു കൂടാ സമൂഹമായിരുന്നു. വൃത്തിയും വെടിപ്പുമില്ലാത്ത അടുക്കളകള്‍ അവര്‍ക്ക് നല്കിയിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ തൊട്ടുകൂടാത്തവരുണ്ടെങ്കില്‍ മറ്റുള്ള സമൂഹങ്ങളുടെ നിലനില്പ്പ് ഊഹിക്കാവുന്നതേയുള്ളൂ. സമ്മേളന നഗരം വൃത്തിയാക്കാന്‍ ആരും ഇല്ലാഞ്ഞതിനാല്‍ അവിടം മുഴുവന്‍ ദുര്‍ഗന്ധം വമിച്ചും മലിനവും നിറഞ്ഞതായിരുന്നു. അന്ന് സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ ചിന്തിച്ചിരുന്നത് വൃത്തിയാക്കല്‍ ജോലി തൊട്ടുകൂടാ ജാതികള്‍ക്കു മാത്രമെന്നായിരുന്നു.

1917­ല്‍ ഗാന്ധിജി അധകൃതരുടെ ഉന്നമനത്തിനുവേണ്ടി 'ചമ്പാരനെന്ന' സ്ഥലത്ത് സംഘിടിത പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ അന്നാട്ടിലെ വക്കീല്‍ സുഹൃത്തുക്കളുടെ ജാതീയമായ ചിന്തകള്‍ അദ്ദേഹത്തെ വിസ്മയഭരിതനാക്കി. ഓരോ വക്കീലന്മാര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേക സേവകരും അടുക്കളകളുമുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രേരണമൂലം അവരുടെ ഓരോരുത്തര്‍ക്കുമുള്ള സേവകരെ പിരിച്ചുവിടാനും പൊതുവായ ഒരു അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാനും തീരുമാനിച്ചു. വക്കീലന്മാരുടെ ജീവിതം ലളിതമാക്കിയതു കൂടാതെ അവരുടെ സമയവും സൌകര്യങ്ങളും അതുമൂലം മെച്ചമാക്കാനും സാധിച്ചു. മറ്റുള്ള സ്ഥലങ്ങളിലും പൊതുവായി ഭക്ഷണം കഴിക്കുന്ന രീതികള്‍ ഗാന്ധിജി ആവിഷ്ക്കരിച്ചു. ഗാന്ധിജിയുടെ ഈ പ്രവര്‍ത്തന വിജയത്തില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. യുവാക്കളെ വര്‍ണ്ണ വ്യവസ്ഥകളില്‍ നിന്നും അകന്നു നില്ക്കാന്‍ ശക്തിയായി പ്രേരിപ്പിക്കുകയും ഗുണദോഷിക്കുകയും ചെയ്യുമായിരുന്നു. പാരമ്പര്യമായി നിലനിന്നു വരുന്ന വര്‍ഗ വിവേചനത്തെ ഉന്മൂലനം ചെയ്ത് ഹൈന്ദവരെയെല്ലാം ഒരേ ഊട്ടുശാലയില്‍നിന്നും ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 'വര്‍ണ്ണ വ്യവസ്ഥകള്‍ ഹിന്ദു മതമല്ലന്നും അതിനുള്ളില്‍ കഴിയുന്ന യുവജനങ്ങള്‍ പുറത്തു ചാടി മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യണമെന്നു' അദ്ദേഹം സ്വന്തം പത്രത്തില്‍ക്കൂടിയും ലേഖനങ്ങളിലും എഴുതുമായിരുന്നു.

തൊട്ടുകൂടായ്മയെന്നുള്ളത് ഹിന്ദുമതത്തില്‍ തനിയെ വളര്‍ന്നു വന്ന മാനസികാവസ്തയെന്നും അതില്‍ അസമത്വങ്ങളും ചൂഷണവും നിറഞ്ഞിരിക്കുന്നുവെന്നും ഗാന്ധിജി കണ്ടു. പാരമ്പര്യമായി തൊഴിലിനെ അടിസ്താനമാക്കിയുണ്ടായിരുന്ന നാലു വര്‍ണ്ണങ്ങള്‍ അന്നുള്ള സാഹചര്യങ്ങളില്‍ വ്യവസായവല്‍ക്കരണത്തിനായി സഹായിച്ചിരുന്നുവെന്നും അങ്ങനെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. പിന്നീടത്­ മതത്തിന്റെ ചൈതന്യം വെടിഞ്ഞ് കിരാതവലയത്തിലെത്തുകയും തൊട്ടുകൂടാ ജാതികളെന്ന അഞ്ചാമതൊരു ദുര്‍ഭൂതത്തെ സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെയൊരു ജാതി ഉയര്‍ത്തെഴുന്നേറ്റതുമൂലം ധര്‍മ്മത്തില്‍ അധിഷ്ടിതമായിരുന്ന ചതുര്‍ വര്‍ണ്ണവ്യവസ്ഥകള്‍ ഹിന്ദു മതത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു. അതിന്റെ പരിണിത ഫലമായി ഹിന്ദു മതത്തിന്‍റെ പരിപാവനമായ തത്ത്വചിന്തകളെയും അതിന്റെ യാഥാര്‍ത്ഥ്യങ്ങളെയും മൂടിവെയ്‌ക്കേണ്ടി വന്നു.

തൊട്ടു കൂടായ്മയ്‌ക്കെതിരായി ശബ്ദം ഉയര്‍ത്തുന്നവര്‍ മനുഷ്യന്റെ തെറ്റായ ആചാരങ്ങളെയും ഹൈന്ദവ മതത്തിന്റെ ധര്‍മ്മ ശാസ്ത്രാദികളെയും അവര്‍ക്കനുകൂലങ്ങളാക്കിക്കൊണ്ട് ഹിന്ദു മതത്തോടു ശത്രുതാ മനോഭാവം പുലര്‍ത്തുന്നതായും കാണാം. എന്നാല്‍ മതത്തിനുള്ളിലെ എല്ലാ ആചാരങ്ങളും നിത്യതയിലേയ്ക്കുള്ള വഴികളല്ലെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജി പറയുന്നു, "അത്തരം ദുഷിച്ചവ എന്റെ മൂക്കില്‍ക്കൂടി ശ്വസിച്ചുവെങ്കില്‍ അതിനെ ഹിന്ദു മതമെന്ന് വിളിക്കാന്‍ കഴിയില്ല. ക്രിസ്തുമതത്തെയും ഇസ്ലാം മതത്തെയും ബഹുമാനിക്കാന്‍ ഞാന്‍ പഠിച്ചത് എന്റെ വിശ്വാസ സത്യമായ ഹിന്ദു മതത്തില്‍ക്കൂടിയാണ്." ഹൈന്ദവരുടെ പരിശുദ്ധമായ സനാതന ധര്‍മ്മത്തിലെ സവിശേഷതകളും വിശുദ്ധ വചനങ്ങളും മുഴുവനായി ഗ്രന്ഥപ്പുരകളില്‍ സൂക്ഷിച്ചു വെച്ചിട്ടില്ല. ഓരോ കാലഘട്ടത്തില്‍ ഭരണചക്രം തിരിക്കുന്നവരുടെ അനുകൂലമായ സാഹചര്യങ്ങളില്‍ ഹിന്ദു വേദങ്ങളെ അര്‍ത്ഥവ്യത്യാസങ്ങള്‍ വരുത്തി വളച്ചു തിരിച്ചിട്ടുണ്ട്. നാട്ടുവിദ്യാഭ്യാസം കൊണ്ടോ വിദേശീയ വിദ്യാഭ്യാസം കൊണ്ടോ തൊട്ടുകൂടായ്മയ്ക്ക് ശമനം വന്നിട്ടുണ്ട്. എങ്കിലും വിദ്യാഭ്യാസം നേടിയവര്‍ ഈ സാമൂഹിക വ്യവസ്ഥകളെ ഇന്നും വിശാലമായി കാണുന്നില്ലെന്നുള്ളതും പരിതാപകരമാണ്. ഇന്ത്യയിലെ വിദ്യാസമ്പന്നരും ഈ സാമൂഹിക വ്യവസ്ഥ കണ്ടില്ലെന്നു നടിച്ചുകൊണ്ട്­ നടക്കുന്നതും നിരാശജനകമാണ്.

കഴിഞ്ഞ വര്‍ഷം വടക്കേ ഇന്ത്യയില്‍ ഇരുപത്തിയൊന്നു വയസുള്ള ഒരു സവര്‍ണ്ണ യുവതി ദളിതനായ ഒരു യുവാവിനെ സ്‌നേഹിച്ചു. അവര്‍ തമ്മില്‍' വിവാഹവും കഴിച്ചു. ദളിതനെ വിവാഹം കഴിച്ച മനോദുഖത്തില്‍ ആ യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തു. അവരുടെ അമ്മ മകളെ ഭര്‍ത്താവ്' തട്ടിക്കൊണ്ടു പോയിയെന്നും തിരിച്ചു കിട്ടണമെന്നുമാവശ്യപ്പെട്ട്' കേസു കൊടുത്തു. അമ്മയുടെ ആവശ്യം കോടതി പരിഗണിക്കുകയും മകള്‍ സ്വമനസാലെ അമ്മയോടൊപ്പം മടങ്ങി വരുകയും ചെയ്തു. 'തനിയ്ക്ക് പൊന്നുപോലെയുള്ള ഒരു ഭര്‍ത്താവും സന്തോഷപ്രദമായ ദാമ്പത്തിക ജീവിതവും സ്‌നേഹിക്കുന്ന അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നു' യുവതി പറഞ്ഞു. 'തങ്ങള്‍ വിവാഹിതരായ സമയം ജാതി ഒരു പ്രശ്‌നമല്ലായിരുന്നുവെന്നും എന്നാല്‍ പിതാവിന്റെ ആത്മഹത്യയും പിന്നീടുള്ള സവര്‍ണ്ണരായവരുടെ ക്രൂരമായ പ്രവര്‍ത്തികളും മൂലം എന്തു ചെയ്യണമെന്നറിയാതെ സ്വന്തം ദാമ്പത്യ ജീവിതത്തെ തകര്‍ക്കേണ്ടി വന്നുവെന്നും' വിങ്ങിപ്പൊട്ടുന്ന ദുഃഖങ്ങള്‍ അമര്‍ത്തിക്കൊണ്ടു ആ യുവതി കോടതിയില്‍ മൊഴിനല്കിയിരുന്നു.

ഗാന്ധിജി ഒരിയ്ക്കല്‍ പറഞ്ഞു, "തൊട്ടു കൂടാ' ചിന്താഗതികള്‍ ഹൈന്ദവ സമൂഹത്തെ അധഃപതിപ്പിച്ചിരിക്കുന്നു. ഈ സമ്പ്രദായം ദൈവത്തിനും മനുഷ്യനും നിരക്കാത്ത അനീതിയാണ്. ഹിന്ദു മതത്തിന്റെ ജീവധാരണമായ സത്തയെ 'തൊട്ടുകൂടായ്മയെന്ന' മാരക വിഷം നശിപ്പിക്കുന്നു. ഹൈന്ദവ മതത്തിന്റെ ധര്‍മ്മശാസ്­ത്രാദികള്‍ വര്‍ണ്ണവ്യവസ്ഥകളിലെ ഈ ക്രൂരതകളെ അംഗീകരിച്ചിട്ടുമില്ല."
ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം -­3: ജോസഫ് പടന്നമാക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക