Image

പ്രവീണ്‍ വര്‍ഗീസ്: രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിഷേധിക്കപ്പെട്ട നീതി

Published on 03 May, 2016
പ്രവീണ്‍ വര്‍ഗീസ്: രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിഷേധിക്കപ്പെട്ട നീതി
ചിക്കാഗോ: തീരാദുഖവും ഉത്തരംകിട്ടാത്ത ചോദ്യങ്ങളും അവശേഷിപ്പിച്ച് പ്രവീണ്‍ വര്‍ഗീസ് വിടപറഞ്ഞിട്ട് രണ്ടു വര്‍ഷവും രണ്ടുമാസവും കഴിഞ്ഞു. പ്രിയ പുത്രന് നീതി കിട്ടാന്‍ വേണ്ടി ലവ്‌ലി വര്‍ഗീസ് അവിരാമം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ഇപ്പോഴും തുടരുന്നു. കാലം കടന്നു പോകുന്തോറും നീതി ലഭിക്കില്ലെന്ന ആശങ്ക അവരുടെ മനസ്സില്‍ നിറയുന്നു.

ഒരു കുരുന്നു ജീവനോട് ജീവിച്ചിരുന്നപ്പോള്‍ അധികൃതര്‍ കാട്ടിയ അലംഭാവവും മരിച്ചശേഷം കാട്ടിയ നിസംഗതയും നീതി നിഷേധവും എണ്ണിയെണ്ണി പറഞ്ഞ് ലവ്‌ലി വര്‍ഗീസ് കാര്‍ബണ്‍ഡേല്‍ സിറ്റി കൗണ്‍സിലിനു മുമ്പാകെ ഹാജരായപ്പോള്‍ അധികൃതര്‍ക്കും മിണ്ടാട്ടമില്ല. പ്രവീണിന്റെ മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ഒരു സിറ്റി കൗണ്‍സില്‍ അംഗം അസ്വസ്ഥയായി പുറത്തുപോകുകയും ചെയ്തു.

പ്രവീണ്‍ മരിച്ചപ്പോഴത്തെ മേയറും സിറ്റി കൗണ്‍സിലും സ്ഥാനമൊഴിഞ്ഞു. പുതുതായി അധികാരമേറ്റവര്‍ അനുഭാവപൂര്‍വമാണ് കാര്യങ്ങള്‍ കാണുന്നത്- ലവ്‌ലി പറഞ്ഞു. പക്ഷെ അതുകൊണ്ട് സ്ഥിതിയ്‌ക്കെന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് പറയാനാവില്ല.

പ്രവീണിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്കിയില്ല. അതു കിട്ടാതെ മുന്നോട്ടുപോകാനും കഴിയില്ല. കഴിഞ്ഞ നവംബറില്‍ ചോദിച്ചപ്പോള്‍ 98 ശതമാനവും അന്വേഷണം കഴിഞ്ഞു എന്നു പറഞ്ഞു. ഈയിടെ ഒരു പത്ര റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അതു 99 ശതമാനമായി. അങ്ങനെ അതു നീണ്ടുപോകുന്നു.

സംഭവ ദിവസം  പ്രവീണിന് റൈഡ് നല്‍കിയ ഗേജ് ബഥൂണിനെതിരേയുള്ള സിവില്‍ കേസാണ് ഇപ്പോള്‍ നിലവിലുള്ളത്. 
രണ്ടിടത്ത് പാര്‍ട്ടികളില്‍ പങ്കെടുത്ത് വരികയായിരുന്നു അവര്‍. ഇടക്കു വച്ചാണു കണ്ടു മുട്ടിയത്‌ . സിറ്റിയേയും പോലീസിനേയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ പുതിയ അറ്റോര്‍ണി നിര്‍ദേശിക്കുകയായിരുന്നു. കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അധികൃതര്‍ക്കെതിരേ ഒന്നും തെളിയിക്കാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ആ തീരുമാനം.

പണം മോഹിച്ചാണ് സിവില്‍ കേസെന്ന് ആരോപിച്ച് അധികൃതര്‍ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സത്യം അറിയുക എന്നതു മാത്രമാണ് തന്റെ ശ്രമങ്ങള്‍ക്കു പിന്നിലെന്ന് ലവിലി പറഞ്ഞു.

ബഥൂണിനെതിരേ ക്രിമിനല്‍ കേസ് എടുക്കുകയുണ്ടായില്ല. തെളിവില്ലെന്നാണ് പോലീസിന്റെ നിലപാട്. ബഥൂണിന്റെ വാഹനത്തില്‍ വച്ച് വഴക്ക് ഉണ്ടാകുകയും കാട്ടിലേക്കോടിയപ്പോള്‍ പ്രവീണ്‍ വഴിതെറ്റി തണുപ്പുകൊണ്ട് മരിച്ചുവെന്നാണ് അധികൃതഭാഷ്യം. പക്ഷെ കുടുംബം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനത്തിന്റെ പാടുകള്‍ വ്യക്തമായിരുന്നു.

ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കൗണ്ടി കൊറോണര്‍ റിപ്പോര്‍ട്ട് ചെയ്തപോലെ അതൊരു അപകടമായിരുന്നില്ലെന്ന് സിറ്റി കൗണ്‍സിലില്‍ ലവ്‌ലി ചൂണ്ടിക്കാട്ടി. "ഞാനും ഒരു നഴ്‌സാണ്. മൃതദേഹം കണ്ടെത്തി രണ്ടു മണിക്കൂറിനകം ഞാന്‍ കണ്ടതാണ്. മുഖം മാത്രമാണ് കാണിച്ചത്. നെറ്റിയില്‍ മുറിവ് കണ്ടു ആരോ മര്‍ദ്ദിച്ചതാണെന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.'

ഫ്യൂണറല്‍ ഹോം ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് രണ്ടാമത്തെ ഓട്ടോപ്‌സി നടത്തിയത്. ജാക്‌സണ്‍ കൗണ്ടി കൊറോണര്‍ പറഞ്ഞപോലെ തണുപ്പുകൊണ്ടല്ല, കടുത്ത ക്ഷതം മൂലമാണ് മരണമെന്നു തെളിഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പതോളജിസ്റ്റ് മൃതദേഹം കാണുകതന്നെ ഉണ്ടായോ എന്നു ലവ്‌ലി ചോദിച്ചു. ടെക്‌നീഷ്യന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ പതോളജിസ്റ്റ് അടുത്ത മുറിയില്‍ ഇരിക്കുകയായിരുന്നിരിക്കണം. ബോഡി ബാഗില്‍ വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നത് തന്നെ വേദനിപ്പിക്കുന്നു. എത്തിക്‌സും മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡുമൊക്കെ എവിടെപ്പോയി. ഒരു മൃഗത്തോടുപോലും ഇങ്ങനെ ചെയ്യില്ല­ - അവര്‍ തേങ്ങി.

റിപ്പോര്‍ട്ടുകളിലെ വൈരുധ്യങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ ഫ്‌ളെയറില്‍ വൈറ്റ് മെയില്‍, ഡ്രൈവര്‍ പറഞ്ഞത് ബ്ലാക് മെയില്‍, കൊറോണറുടെ റിപ്പോര്‍ട്ടില്‍ മിഡില്‍ ഈസ്റ്റേണ്‍. എന്നു മാത്രമല്ല കൊറോണറുടെ റിപ്പോര്‍ട്ടില്‍ ചിലയിടങ്ങളില്‍ വനിത എന്നും എഴുതിയിരിക്കുന്നു.

സംഭവ സമയത്ത് ബഥൂണിനെ സ്റ്റേറ്റ് ട്രൂപ്പര്‍ ചോദ്യം ചെയ്തപ്പോൾ  പ്രവീണുമായി വഴക്കുണ്ടായെന്നും, പോലീസ് വരുന്നെന്ന് പറഞ്ഞപ്പോള്‍ പ്രവീണ്‍ കാട്ടിലേക്കോടിയെന്നുമാണ് ബഥൂണ്‍ പറഞ്ഞത്.

ബഥൂണ്‍ സത്യം മുഴുവന്‍ പറഞ്ഞതായി കുടുംബം കരുതുന്നില്ല. കാണാതായി 5 ദിവസത്തിനുശേഷമാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തുന്നത്. (2014 ഫെബ്രുവരി 18.) എട്ടുമണിക്ക് തെരച്ചില്‍ ആരംഭിച്ചു ഒമ്പതരയ്ക്ക് മൃതദേഹം കാണുകയും അതു നീക്കം ചെയ്യുകയും ചെയ്തു. കൃത്യമായി എങ്ങനെ സ്ഥലം കണ്ടെത്തി. തെരച്ചിലില്‍ ആരൊക്കെയുണ്ടായിരുന്നു. സമീപ സ്ഥലങ്ങളി
ല്‍ സര്‍വേയ്‌ലന്‍സ് ക്യാമറ ഇല്ലായിരുന്നോ? പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് തങ്ങളോട് പറഞ്ഞത്- ലവ്‌ലി കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

പ്രവീണിനുവേണ്ടിയുള്ള തെരച്ചില്‍ നടത്തുമ്പോള്‍ മുതല്‍ സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുകയും കുടുംബത്തിന് അനുകൂലമായി സംസാരിക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തക മോണിക്ക സുക്കാസും യോഗത്തിലെത്തി.

പ്രവീണിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ കുടുംബാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി- കാര്‍ബണ്‍ഡേയിലിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

രണ്ടു വര്‍ഷം കഴിഞ്ഞിട്ടും താന്‍ പോരാട്ടം നടത്തുന്നതിനെ ഒരുപാട് പേര്‍ പിന്തുണയ്ക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നു ലവ്‌ലി പറഞ്ഞു. ഇത്തരമൊരു ചെറുത്തുനില്‍പ് അധികൃതര്‍ പ്രതീക്ഷിച്ചുകാണില്ല. പതിവുപോലെ എല്ലാം ചടങ്ങായി അവര്‍ കൈകാര്യം ചെയ്തു.

തന്നെ വിമര്‍ശിക്കുന്നവരുമുണ്ട്. പക്ഷെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മിണ്ടാതിരുന്നാല്‍ നമ്മുടെ സമൂഹത്തിനു ഒരിക്കലും നീതി കിട്ടില്ല.

പ്രവീണിനെപ്പറ്റി ഒരു ഡോക്യുമെന്ററി ചിക്കാഗോയില്‍ ഒരു ഗ്രൂപ്പ് തയാറാക്കിവരുന്നു. പ്രവീണിന്റെ മരണത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്ന് (മെയ് നാല്) ജിബി തോമസിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് കോള്‍ നടത്തുന്നു. 

Community Empowerment National Conference Call for Justice for Pravin 
on Wednesday, May 4th, 2016 at 8 pm EST

The conference call will be addressed by Mr.Pravin's loving mother Ms.Lovely Varghese and the leaders from all walks of life. Kindly confirm your presence.

www.justiceforpravin.org

Conference Call # 641-715-3610

Access - 539679#


Jiby M Thomas
914-573-1616 (Cell)
പ്രവീണ്‍ വര്‍ഗീസ്: രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിഷേധിക്കപ്പെട്ട നീതി
Join WhatsApp News
Anthappan 2016-05-03 20:16:34
People should get out to the street and fight for the justice rather than sitting inside and pray all the time.  The mighty Malayalee organizations like FOKANA and FOMA has money and time to entertain useless politicians and Bishops from India but don't have the guts to affiliate with Democratic party and mobilize a movement to get the attention of the authority in this case.  We need leaders who can get things done. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക