Image

വിത്ത് (ചെറുകഥ) ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 05 May, 2016
വിത്ത് (ചെറുകഥ) ജോണ്‍ വേറ്റം
ഓഫീസിന്റെ അടുത്തുള്ള പാര്‍ക്കില്‍ ഞങ്ങള്‍ ഇരുന്നു. ചൂടും വെയിലുമുള്ള ദിവസങ്ങളില്‍ അവിടെ ജോലിക്കാര്‍ വരും. സുഖദമായ ഉച്ചനേരം. ഭക്ഷണം കഴിഞ്ഞപ്പോള്‍ മേരി ചോദിച്ചു. നമ്മള്‍ പരിചിതരായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നിട്ടും എന്നെക്കുറിച്ചറിയാന്‍ നീ ആഗ്രഹിച്ചില്ല. അതിനൊരു കാരണമുണ്ടോ? മറ്റുള്ളവരുടെ സ്വകാര്യങ്ങള്‍ ചോദിച്ചറിയാറില്ലെന്നു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അവള്‍ തുടര്‍ന്നു. ജോലി സ്ഥലങ്ങളില്‍ ഉണ്ടാകുന്ന സ്‌നേഹബന്ധം വേഗത്തില്‍ പൂക്കും. എന്നാല്‍, അവയിലധികവും വാടിവീഴും. മനുവിന് ഇഷ്ടമാണെങ്കില്‍ ഞാനൊരു സംഭവകഥ പറയാം. അവളുടെ വര്‍ത്തമാനം കേള്‍ക്കാന്‍ എനിക്ക് ഉത്സാഹമുണ്ടായെങ്കിലും, ഭക്ഷണസമയം കഴിഞ്ഞതിനാല്‍ ഞങ്ങള്‍ മടങ്ങി.

പിറ്റേന്ന് ഒഴിവ് ദിവസമായിരുന്നു. നിശ്ചയിച്ചപ്രകാരം, രാവിലെ, നഗരത്തിലുള്ള ബൊട്ടെനിക്ക് ഗാര്‍ഡനില്‍ ഞങ്ങള്‍ എത്തി. വിശാലബന്ധുരമായ സസ്യോദ്യാനം. അതില്‍ അനവധി ഉപവന്നങ്ങള്‍. ആയിരത്തില്‍പരം ചെടിവര്‍ഗ്ഗങ്ങള്‍ പൂത്തുനില്‍ക്കുന്ന റോസ്ഗാര്‍ഡന്‍. പ്രകൃതിയുടെ കലാത്മകത്വം നിറച്ചു മനോഹരമാക്കിയ മറ്റ് പൂന്തോട്ടങ്ങള്‍. പ്രദര്‍ശനമണ്ഡപങ്ങള്‍. ഉച്ചകൊഴിയുന്നതുവരെ, അവിടെ ഞങ്ങള്‍ നടന്നു. ക്ഷീണിച്ചപ്പോള്‍, സന്ദര്‍ശകര്‍ കുറഞ്ഞ സ്ഥലത്ത്, ബോണ്‍സായ് മരങ്ങളുടെ പിന്നില്‍ ഞങ്ങള്‍ ഇരുന്നു. അപ്പോള്‍, മേരി നിരൂപകയെപ്പോലെ പറഞ്ഞു.

സത്യം പറയാനും സ്വാനുഭവങ്ങളെക്കുറിച്ചു എഴുതാനും ഭയക്കുന്നവരിലധികം സ്ത്രീകളാണ്. ചിലര്‍ ചൊല്ലുന്നത് കള്ളമാണെങ്കിലും വാസ്തവമാണെന്നു വിശ്വസിപ്പിക്കും. ബലഹീനത സ്ത്രീക്കാണെന്നു പുരുഷനും, പരുഷഹൃദയമുള്ളത് പുരുഷനാണെന്നു സ്ത്രീയും പഴിക്കാറുണ്ട്. എന്നാല്‍, സ്ത്രീപുരുന്മാരുടെ സ്‌നേഹത്തിന്റെ നിര്‍വ്വചനവും ഭിന്നിക്കുന്നു. മനുവിന് എന്ത് തോന്നുന്നു? അവള്‍ ചോദിച്ചു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടുവാനും കഴിയാത്ത എനിക്ക് അഭിപ്രായമില്ലെന്നായിരുന്നു എന്റെ മറുപടി. അതു കേട്ടു മധുരമായി ചിരിച്ചുകൊണ്ട് മേരി പ്രതികരിച്ചുയ ഇക്കാലത്ത് സ്ത്രീപുരുഷബന്ധം അപ്രതീക്ഷിതമായിട്ടുണ്ടാകും. ചിലതില്‍ ത്യാഗവും സത്യസന്ധതയുമില്ല. ഒരേ മനസ്സില്‍ പല പുരുന്മാരെ കൊണ്ടു നടക്കുന്ന പെണ്ണുങ്ങളും സ്‌നേഹിക്കാതെ സ്‌നേഹം തടിച്ചു വഴി തെറ്റിക്കുന്ന പുരുന്മാരും കുറവല്ല. ആ വര്‍ണ്ണന കേട്ടു ഞാന്‍ മിണ്ടിയില്ല. എന്നിട്ടും പൂര്‍ണ്ണഹൃദയത്തെ വിശ്വസിക്കുന്ന ഒരുവളെപ്പോലെയായിരുന്നു സംഭാഷണം. അതു വശ്യമായിരുന്നു. മാദകമന്ദഹാസത്തോടെ തുടര്‍ന്നു. 

വെളിച്ചം ശോഭിക്കുന്നതുപോലെയായിരുന്നു എന്റെ ബാല്യം. സന്തോഷത്തിന്റെ സമൃദ്ധിയിലായിരുന്നു വളര്‍ച്ച. ചിത്രകാരനായിരുന്നു എന്റെ ഡാഡി. അദ്ദേഹത്തിന്റെ സര്‍ഗ്ഗഭാവന ഒപ്പിയെടുക്കുന്ന പ്രകൃതിഭംഗിയെ ക്യാന്‍വാസില്‍ പകര്‍ത്തുന്നത് കൗതുകത്തോടെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സുവര്‍ണ്ണകാലത്തിന്റെ സ്മാരകങ്ങളെപ്പോലെ അവ ഇന്നും സൂക്ഷിക്കപ്പെടുന്നു. എനിക്ക് സഹോദരങ്ങള്‍ ഇല്ലാത്തതിനാല്‍ ഏറെ വാത്സല്യം ലഭിച്ചു. എന്നാല്‍, ആ സുഭഗയാത്ര തുടര്‍ന്നില്ല. ഡാഡി സ്വര്‍ഗ്ഗത്തിലേക്കു മടങ്ങി. പിന്നീട് വീട് വിഷാദമൂകമായി. ഞാന്‍ മാസ്റ്റര്‍ ബിരുദമെടുത്തു ജോലിയില്‍ പ്രവേശിക്കുന്നതുവരെ ആ സാഹചര്യം തുടര്‍ന്നു.

അമ്മയുടെ ജന്മദിനത്തില്‍ സമ്മാനം നല്‍കാന്‍ വന്നപ്പോഴാണ് ഞാന്‍ ആദ്യമായി അലനെ കണ്ടത്. അമ്മയുടെ സഹപ്രവര്‍ത്തകന്‍. പിന്നീട് അയാള്‍ കൂടെക്കൂടെ വീട്ടില്‍ വന്നു. ഞങ്ങള്‍ പരിചിതരായി. ഒരു ദിവസം അമ്മ എന്നെ അരികില്‍ ഇരുത്തി. ആത്മസന്തോഷത്തോടെ പറഞ്ഞു. അലന്‍ അവിവാഹിതനും സല്‍സ്വഭാവിയുമാണ്. അതു കേട്ടു ആകാംക്ഷയോടെ ഞാന്‍ അമ്മയെ നോക്കി. അലനെ വിവാഹം ചെയ്യുവാന്‍ എനിക്ക് സമ്മതമാണോ എന്ന് ചോദിക്കുമെന്നു വിചാരിച്ചു. അരുതാത്ത ഒരനുരാഗബന്ധം ഉണ്ടാകരുതെന്നു കരുതി മനോരാജ്യം കൊള്ളുന്ന സമയമായിരുന്നു. എന്ത് പറയണമെന്ന് ആലോചിച്ചപ്പോള്‍, അമ്മ ലജ്ജയോടെ ഒരു സത്യം വെളിപ്പെടുത്തി. ഞാന്‍ വിധവയാണെങ്കിലും എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും അലന്‍ പറഞ്ഞു. അതു കേട്ടു ഞാന്‍ ഞെട്ടി. അസ്വസ്ഥതയും ദേഷ്യവുമുണ്ടായി. അമ്മക്ക് വിവേകമില്ലെന്നു തോന്നി. അസ്വസ്ഥതയും ദേഷ്യവുമുണ്ടായി. അമ്മക്ക് വിവേകമില്ലെന്നു തോന്നി. അലന് അമ്മയെക്കാള്‍ പ്രായക്കുറവ്. മനസ്സില്‍ ഡാഡിയുടെ മുഖം തെളിഞ്ഞു. ഒന്നും പറയാതെ ചിന്തയില്‍ മുഴുകിയിരുന്നപ്പോള്‍ എന്നെ നോക്കാതെ വ്യാകുലതയോടെ അമ്മ തുടര്‍ന്നു. നിന്റെ വിവാരം കഴിയുമ്പോള്‍ നീ മാറിത്താമസിക്കും. ഞാന്‍ ഇവിടെ ഒറ്റപ്പെടും. ഒരു കൂട്ടിന് ആരെങ്കിലും വേണമെന്ന് എനിക്കും തോന്നി. അതു കേട്ടു എന്റെ ഉള്ളം നൊന്തു. പ്രത്യാശയില്ലാതെ, ആയുഷ്‌കാലം മുഴുവന്‍ ഉല്‍കണ്ഠയോടും നിതാന്തദുഃഖത്തോടും കൂടെ ജീവിക്കേണ്ടി വരുന്ന വിധവയുടെ ദാഹമോഹങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞു. ആഴമുള്ള നിരാശ കണ്ടു. 

ആ നിര്‍ണ്ണായകസമയത്ത്, ജീവല്‍ പ്രധാനമായൊരു പ്രശ്‌നപരിഹാരത്തിനും ബോധപൂര്‍വ്വമായ ബുദ്ധിയുപദേശത്തിനും വേണ്ടി, ഒരാഴ്ചയോളം എന്റെ മനസ്സ് അലഞ്ഞു. ഇഷ്ടാനുഷ്ടങ്ങള്‍ കൂട്ടിമുട്ടിയെങ്കിലും ഒരു തീരുമാനത്തിലെത്തി. ആശ്വാസത്തിന്റെ കരംകൊടുത്തുകൊണ്ട്, അമ്മയുടെ ആഗ്രഹത്തെ പിന്തുണച്ചു. അതു വിഷാദത്തില്‍ നിന്നും ഒരു ജീവനെ മോചിപ്പിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അമ്മയുടെ രണ്ടാംവിവാഹം നടന്നു. അത് സഫലമാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. 
അലന്‍ ഞങ്ങളുടെ കൂടെ താമസിച്ചു. അയാളെ ഡാഡി എന്ന് ഞാന്‍ വിളിച്ചില്ല. അങ്കിള്‍ എന്നായിരുന്നു അഭിസംബോധനം. എന്റെ ഡാഡി ഉപയോഗിച്ച ശയനമുറിയില്‍ അയാള്‍ പ്രവേശിച്ചപ്പോള്‍ എനിക്ക് ഇര്‍ഷ്യയുണ്ടായി. ദിവസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ എന്റെ ചിന്താക്കുഴപ്പം മാറി. അയാളുടെ പാകതയുള്ള പെരുമാറ്റം പിതൃതുല്യമായിരുന്നു. ക്രമേണ, ഗൃഹാന്തരീക്ഷം സംതൃപ്തമായി. അലന്‍, വിദഗ്ദ്ധനായ വയലിനിസ്റ്റും വാദ്യമേളക്കാരുടെ സംഘത്തിലെ അംഗവുമായിരുന്നു. ശ്രേഷ്ഠവും മാന്യവുമായിരുന്നു ഞങ്ങളുടെ സംസര്‍ഗ്ഗം.

സമുചിതമായ ഒരു വര്‍ഷം കൊഴിഞ്ഞു. അപ്പോഴും എനിക്ക് ഒരു ബൊയ് ഫ്രെന്‍ഡ് ഇല്ലായിരുന്നു. ഒരു അനുരാഗബന്ധത്തിനു ആഗ്രഹിച്ചെങ്കിലും ചേര്‍ച്ചയുള്ള ഒരാളെ കിട്ടിയില്ല.

ഫെബ്രുവരി മാസത്തിലെ ആദ്യശനിയാഴ്ച. ഇാവിലെ ആരംഭിച്ച മഞ്ഞ് വീഴ്ച തുടര്‍ന്നെങ്കിലും അമ്മ ജോലിക്കു പോയി. ഉച്ചകഴിഞ്ഞപ്പോള്‍ കാറ്റും തണുപ്പും മഞ്ഞും വര്‍ദ്ധിച്ചു. ഗതാഗതം നിലച്ചു. വിടുതല്‍ കിട്ടാഞ്ഞതിനാല്‍ അമ്മക്ക് ജോലി തുടരേണ്ടി വന്നു. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. തലേ രാത്രിയില്‍  സിംഫെണിക്ക് പോയ അലന്‍ മടങ്ങിവന്നെങ്കിലും സന്ധ്യവരെ ഉറങ്ങി. ഉണര്‍ന്നെഴുന്നേറ്റു വീഞ്ഞു കുടിച്ചുകൊണ്ടിരുന്നു. അപ്പോള്‍, വയലിന്‍ വായിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിച്ചു.

അലന്റെ വയലിനില്‍ നിന്നും വഴിഞ്ഞൊഴുകിയ ഒരു അനുരാഗത്തിന്റെ ഹൃദയസ്പര്‍ശിയായ നാദധാര എന്റെ ആത്മാവില്‍ സുഖം പകര്‍ന്നു! മനസ്സ് തരളിതമായി. അനിയന്ത്രിതമായ അഭിനിവേശം പരവശയാക്കി. ഞാന്‍ മെല്ലെ എഴുന്നേറ്റു. സാവധാനം നടന്നു എന്റെ ശയനമുറിയില്‍ കടന്നു. ലൈറ്റ് അണച്ചിട്ട് കട്ടിലില്‍ കിടന്നു. അപ്പോഴും സ്വീകരണമുറിയില്‍ നിന്നും ഗാനവീചികള്‍  പ്രവഹിച്ചു. എന്റെ വികാരങ്ങളില്‍ ഇക്കിളി പകര്‍ന്ന ചിന്തകള്‍. വെളിയില്‍ കനത്ത കാറ്റും മഴയും. പുതപ്പിനടിയിലെ ചൂടിലും സുഖത്തിലും ഞാന്‍ മയങ്ങി. അപ്രതീക്ഷിത സ്പര്‍ശനമേറ്റു ഞാന്‍ ഉണര്‍ന്നു. ആന്തരീക ആസക്തി ആളിക്കത്തിച്ച ചലനങ്ങളെ തടയാന്‍ കഴിഞ്ഞില്ല. ആത്മനിയന്ത്രണത്തിന്റെ അഭാവം. അപകടഭീതിയും എതിര്‍പ്പും ഉണ്ടായില്ല. മിന്നല്‍പ്പിണറിന്റെ വിനാഴിക. സാഫല്യത്തിന്റെ സംഗമം. അനുഭൂതിയില്‍ കുഴഞ്ഞുവീണു ഞാനുറങ്ങി.! 

അര്‍ദ്ധരാത്രി കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ മനസ്സിന്റെ മുറിവില്‍ മാറ്റാനാവാത്തൊരു നീറ്റല്‍. ആകുലീകരിക്കുന്ന കുറ്റബോധത്തിന്റെ മര്‍ദ്ദനം, പെറ്റമ്മയെക്കുറിച്ചൊരു ചശിതചിന്ത. എന്ത് ചെയ്യണമെന്നു ബുദ്ധി പറഞ്ഞില്ല. വിറയലോടെ ഞാന്‍ സ്വയം പഴിച്ചു. കരുതലോടെ സൂക്ഷിച്ചതു നഷ്ടപ്പെട്ടുവെന്ന ബോധം ഉറക്കം കെടുത്തി. പിറ്റേന്ന് രാവിലെ, അമ്മ വരുന്നതിനുമുമ്പ്, ഞാന്‍ വീട് വിട്ടിറങ്ങി. എന്റെ കൂട്ടൂകാരി വസിക്കുന്ന വുമണ്‍സ് ഹോസ്റ്റലില്‍ ചെന്നു. എനിക്കു വേണ്ടി ഒരു വാടകമുറി സജ്ജീകരിച്ചു. മാറിത്താമസിക്കരുതെന്ന് അമ്മ വിലക്കിയെങ്കിലും, അടുത്ത ദിവസം വീട് വിട്ടു. മൂടിപ്പൊതിഞ്ഞ ഏകാന്തജീവിതം തെല്ല് ആശ്വാസം നല്‍കിയെങ്കിലും, കദനപൂരിതമായൊരു അനുഭവസ്മരണ കൂടെക്കൂടെ കുത്തി നോവിച്ചു. മനസ്സില്‍ മാത്രം മറച്ചുവെക്കേണ്ട ഒരു രഹസ്യം, ഇപ്പോള്‍ എന്തിന് പറയുന്നുവെന്ന് എന്നോട് മനു ചോദിക്കാം. അതിനൊരു കാരണമുണ്ട്. അതെന്തെന്ന് പിന്നീട് പറയാം.

മേരിയുടെ കണ്ണ് നിറഞ്ഞു. ആലോചനയില്‍ മുഴുകി. നെടുതായി നിശ്വസിച്ചശേഷം തുടര്‍ന്നു. നേരുള്ളവളായി ജീവിക്കണമെന്നു ഞാന്‍ നിശ്ചയിച്ചു. ലംഘനം മറക്കാന്‍, സ്വസ്ഥതയുള്ള ഭാവി ലഭിക്കുവാന്‍ നിത്യവും പ്രാര്‍ത്ഥിച്ചു. അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, എന്റെ പൂര്‍വ്വകാല സഹപാഠി ജോബിനെ കണ്ടു. അഞ്ച് വര്‍ഷത്തെ സ്‌നേഹബന്ധത്തിനുശേഷം  വഞ്ചിക്കപ്പെട്ട വ്യക്തി. മോഹഭംഗത്താല്‍ മെറിന്‍കോറില്‍ ചേര്‍ന്ന ആത്‌ലെറ്റ്. ഞങ്ങളുടെ ആത്മാക്കളെ സമയം അടുപ്പിച്ചു. വിചാരണ ചെയ്യാത്ത, ക്ഷമിക്കുന്ന സ്‌നേഹം ഞങ്ങളെ ബന്ധിച്ചു. ഒരിക്കലും വേര്‍പെടാനാവാത്ത ഒരവസ്ഥ. വിവാഹിതകാകുവാന്‍  നിശ്ചയിച്ചു. അത് അശാന്തിയായി. ജോബിന്റെ മാതാപിതാക്കളുടെ യഹൂദമതവിശ്വാസം സമ്മതിച്ചില്ല. അതുകൊണ്ട് ഞങ്ങള്‍ ഒരു വാടകവീട്ടില്‍, ഒന്നിച്ചു താമസിച്ചു. കഷ്ടതയുടെ രാപകലുകള്‍ ഞങ്ങളെ പരീക്ഷിച്ചില്ല. രൂക്ഷമായ എതിര്‍പ്പും വിമര്‍ശനവുമൊക്കെ ക്രമേണ കെട്ടടങ്ങി. ആശങ്കയും ഭയവുമില്ലാത്ത സ്വച്ഛജീവിതം. സംതൃപ്തിയുടെ മധുരം ഞങ്ങള്‍ ആസ്വദിച്ചു.

മേരി വീണ്ടും മൂകമായി. കൊഴിഞ്ഞു വീണൊരു കാലത്തിന്റെ ഓര്‍മ്മ. നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് തുടര്‍ന്നു. അടിയന്തിര സേവനത്തിന്, ജോബിനെ മെറിന്‍ കോര്‍ വിളിച്ചു. ഒരു സങ്കീര്‍ണ്ണസമയം. എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. പെട്ടെന്ന് വരാമെന്നു പറഞ്ഞു ജോബ് പോയി. ഉദ്ദിഷ്ടസ്ഥലത്ത് എത്തിയെന്ന് അിറയിച്ചെങ്കിലും, പിന്നെ ജോബ് വിളിച്ചില്ല. ഒരു മാസത്തോളം വിവരമറിയാതെ വിഷമിച്ചു. ഏകാന്തതയുടെ ക്ലേശത്തില്‍ ഞാന്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. എന്നിട്ടും കരുണ ലഭിച്ചില്ല. ജനങ്ങളെ അംഗഹീനരും അനാഥരും അഭയാര്‍ത്ഥികളുമാക്കുന്ന യുദ്ധത്തെ ഞാന്‍ ശപിച്ചു!

മേരി വിങ്ങിക്കരഞ്ഞു. ഞാന്‍ സ്തബ്ധനായി. എന്ത് സംഭവിച്ചു എന്ന് ഞാന്‍ ചോദിക്കുന്നതിനു മുമ്പേ തന്നെ അവള്‍ ഗദ്ഗദത്തോടെ വെളിപ്പെടുത്തി. ഒരു കാര്‍ സ്‌ഫോടനത്തില്‍ എന്റെ ജോബ് ചിതറിപ്പോയി! മേരിയുടെ അനുഭവം എന്നെ വേദനിപ്പിച്ചു. സന്ധ്യയായപ്പോള്‍ ഞങ്ങള്‍ ഉദ്യാനത്തില്‍ നിന്നും മടങ്ങി.

അന്ന് രാത്രിയില്‍ എന്റെ മനസ്സ് അസ്വസ്ഥമായി. മറ്റാരും അറിയരുതാത്ത വ്യക്തിപര രഹസ്യം എന്നെ മാത്രം അറിയിച്ചതിന് ഒരു കാരണമുണ്ടെന്ന് മേരി പറഞ്ഞല്ലോ. അതെന്തായിരിക്കുമെന്ന ചിന്ത. അപരാധബോധവും സത്യസന്ധതയുമുണ്ടെങ്കിലും, അവളുടെ അശുദ്ധശയനങ്ങളെ അവഗണിക്കാന്‍ കഴിഞ്ഞില്ല. ഒരകല്‍ച്ച അനിവാര്യമാണെന്നു തോന്നി. എന്നാലും, അവളുടെ ഭാവി, അനുതാപസങ്കീര്‍ത്തനം പോലെയാകാതെ, ശ്രേഷ്ഠവും മാന്യവുമാകണമെന്നും ആശിച്ചു.

പിറ്റേന്ന്, ഉച്ചഭക്ഷണത്തിന്റെ നേരത്ത് മേരി വിളിച്ചു. മനസ്സാക്ഷി വിലക്കിയെങ്കിലും ഒഴിഞ്ഞുമാറിയില്ല. ഓഫീസിന്റെ അയലത്തെ പാര്‍ക്കില്‍ തണലത്ത് ഞങ്ങള്‍ ഇരുന്നു. സന്തോഷത്തോടെ സംസാരിച്ചു. അപ്പോള്‍ ഞാന്‍ ഉപദേശിച്ചു. മരിച്ചവര്‍ മടങ്ങി വരില്ല. വിഫലമായൊരു ഭൂതകാലത്തെയോര്‍ത്തു വ്യസനിക്കാതെ, സൗഖ്യത്തിന്റെ വഴിയേ പോകണം. വിവാഹം എല്ലാറ്റിനും പരിഹാരമാകും. അതു ശ്രദ്ധിച്ചു കേട്ടശേഷം കപടമില്ലാതെ, അവള്‍ പറഞ്ഞു. ഭൗതികസുഖം തേടിയുള്ള ഒരു യാത്രയാണ് വിവാഹം. എനിക്ക് ആശകളും ആശങ്കകളും ഉണ്ട്. എന്നിലും സ്ത്രീയും സ്ത്രീത്വവുമുണ്ട്. 

അനുഭവങ്ങളെയും പ്രവര്‍ത്തികളെയും മറച്ച്, ഭര്‍ത്താവിനോടും മക്കളോടുമൊത്ത് ജീവിക്കുന്നവരും ജീവിതാവസാനംവരെ അഭിനയിക്കുന്ന നിത്യവഞ്ചകരും ലോകത്തുണ്ട്. ഒരു നടിയാകുവാന്‍ എനിക്ക് സാദ്ധ്യമല്ല. സത്യം പറഞ്ഞാല്‍ ആരും സ്‌നേഹിക്കില്ല. വിശ്വസിക്കുകയില്ല. അതുകൊണ്ട്, എനിക്ക് ഏകാന്തതയാണ് നല്ലത്. വിവാഹം ഇല്ലാതെ ഒരു ജനസമൂഹം വളരുന്നുണ്ട്. സ്വയം രക്ഷിക്കാനാവാത്ത ഒരവസ്ഥ ഉണ്ടാകരുതല്ലൊ.
മേരിയുടെ സിദ്ധാന്തം അബദ്ധമെന്ന് എനിക്കു തോന്നി. അവളെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. അരുതാത്ത തീരുമാനം നല്ലതെന്നു തോന്നാം. എന്നാല്‍, പലപ്പോഴും അതിന്റെ അന്ത്യഫലം വിപരീതമാകും. ശരീരത്തിലെ ശക്തികള്‍ അടര്‍ന്നുപോവുകയും തളര്‍ന്നുവീഴുകയും ചെയ്യുമ്പോള്‍ താങ്ങിനിര്‍ത്താന്‍ ആരെങ്കിലും വേണം. അപ്പോഴും, സ്ഥിരചിത്തതയോടെ അവള്‍ ഉത്തരം നല്‍കി. എനിക്കുമുണ്ട് ആഗ്രഹങ്ങള്‍. ഒരു കുഞ്ഞിനെ വാത്സലിച്ചു വളര്‍ത്താനുളള ആവശ്യബോധം. എന്നാല്‍, ഒരനാഥക്കുട്ടിയെ ദത്തെടുക്കാന്‍ താല്പര്യമില്ല. അപ്പോള്‍, ഗൗരവത്തോടെ ഞാന്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ വിവാഹിതയാകുവാനല്ലെ നിന്റെ ഉദ്ദേശം? എന്റെ കണ്ണില്‍ ഉറ്റുനോക്കി. കൂസല്‍ കൂടാതെ പറഞ്ഞു. ഇപ്പോള്‍, ഗര്‍ഭധാരണത്തിന് വിവാഹം നിര്‍ബന്ധമല്ല. വിവാഹത്തിനു വെളിയില്‍ സൃഷ്ടിക്കപ്പെടുന്ന സമുദായം വളരുന്നുണ്ട്. അതൊരു രഹസ്യമല്ല. നിയമവിരുദ്ധവുമല്ല. ഉല്‍പാദനശേഷിയില്ലാത്തവരെ സഹായിക്കുന്ന വൈദ്യശാസ്ത്രം അഭിമാനമാണ്. അപമാനമല്ല. എന്നാലും, എന്നെ മനസ്സിലാക്കുന്ന, എനിക്കിഷ്ടമുള്ള ഒരാളുടെ സഹകരണം മാത്രമാണ് എനിക്കാവശ്യം.

ലജ്ജയില്ലാതെ, തന്റേടത്തോടെ പ്രകടമാക്കിയ വ്യക്തി താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി. കൈയ്പും ചെടിപ്പും മനസ്സില്‍ ഇരമ്പി. വലിയ അതൃപ്തിയോടെ, ശക്തമായ രോഷത്തോടെ, എന്റെ അഭിപ്രായം വ്യക്തമാക്കി. വിവാഹത്തിനും സന്താനോല്പാദനത്തിനും കഴിവുള്ളവര്‍ കൃത്രിമഗര്‍ഭോല്പാദനം നടത്തുന്നത് നിന്ദ്യമാണ്. നിയമം അനുവദിച്ചാലും അതു പാപമാണ്. ജന്മവൈകല്യങ്ങളെ പരിഹരിക്കുന്ന ചികിത്സയെ ചൂഷം ചെയ്യരുത്. പിതൃത്വം അവകാശപ്പെടാനാവാത്തൊരു സമുദായത്തെ സൃഷ്ടിക്കുന്നത് ഒരു ദുഷിച്ച കര്‍മ്മമാണെന്നു ഞാന്‍ കരുതുന്നു. ഭൂമിയെ നരകമാക്കുന്നവരെ മാതൃകയാക്കരുത്.

മേരിയുടെ മുഖം പൂര്‍വ്വാധികം ചുവന്നു. അസഹിഷ്ണുതയോടെ അവള്‍ തര്‍ക്കിച്ചു. അജ്ഞതയും, അന്ധവിശ്വാസവും വിദ്യാസമ്പന്നര്‍ക്കുമുണ്ട്. വ്യര്‍ത്ഥവിശ്വാസങ്ങളെ വെടിഞ്ഞു വെളിച്ചത്തു വസിക്കാന്‍ മനുഷ്യനു കഴിയണം. സുഖം നുകരാനും പകരാനും സ്ത്രീകളെ അടിമകളാക്കുന്ന വ്യവസ്ഥിതികള്‍ ഇന്നുണ്ട്. വിവാഹം ഒരനുമതിയാണ്. അംഗീകാരം. അത് എനിക്കാവശ്യമില്ല. എന്റെ അനുഭവങ്ങളില്‍ സഹതപിച്ച്, ആവശ്യം മനസ്സിലാക്കി സഹകരിക്കാന്‍ സന്മനസ്സുള്ളവര്‍ ഉണ്ടാകും.  അത്രയും കേട്ടപ്പോള്‍ എന്റെ കോപം ഇരട്ടിച്ചു. പാതിവ്രത്യത്തിനു കളങ്കവും സ്ത്രീത്വത്തിനു മാനഹാനിയുമാണ് നീ എന്നു പറയുവാന്‍ തോന്നി. പക്ഷെ, പറഞ്ഞില്ല. തര്‍ക്കം തുടരാതെ, പ്രബുദ്ധമനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഞാന്‍ ഓഫീസിലേക്ക് നടന്നു. എരിയുന്ന ഹൃദയത്തില്‍ ഈറലുമായി മേരി മരത്തണലില്‍ത്തന്നെയിരുന്നു. പിറ്റേന്ന് ജോലിക്ക് പോയപ്പോഴും എന്റെ ഉള്ളില്‍ ക്രോധം നിറഞ്ഞു നിന്നു. മേരിയെ കാണാനും കാര്യം പറയാനും കൊതിച്ചില്ല. ഒരു വാരത്തോളം അവധിയെടുത്തു എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചു. എന്നോട് പിണങ്ങി വരാതിരുന്നതാണെന്നു തോന്നി. അവള്‍ ഒരു വീശുവലയാണെന്നും വിചാരിച്ചു.

അങ്ങനെ, ഒരാഴ്ച കഴിഞ്ഞു. രാവിലെ, കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു കതക് തുറന്നപ്പോള്‍ വാതില്‍ക്കല്‍ മേരി നില്‍ക്കുന്നതു കണ്ടു. അവള്‍ മാദക മന്ദഹാസത്തോടെ മൊഴിഞ്ഞു. പരിഭവമുണ്ടെന്നറിയാം. എന്നാലും നേരില്‍ കണ്ടു കാര്യം അറിയിക്കാമെന്നു കരുതി. അവളെ ഞാന്‍ ക്ഷണിച്ചു. എന്റെ ശയനമുറിയും സ്വീകരണമുറിയും ഒന്നു തന്നെയായിരുന്നു. കസേരയില്‍ ഇരുന്നുകൊണ്ട് മേരി വിശദീകരിച്ചു. ഉടനേ ചെല്ലണമെന്ന് അമ്മ അറിയിച്ചു. അതുകൊണ്ട്, നാളെ ഞാന്‍ കാലിഫോര്‍ണിയയിലേക്ക് പോകും. ഞങ്ങളുടെ ഉചിതസംഭാഷണത്തില്‍ പുതുസന്തോഷം നിറഞ്ഞു. ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. തലേ ആഴ്ചയില്‍ സംസാരത്തിലുണ്ടായ സംക്ഷോഭം അവളില്‍ കണ്ടില്ല.

പൊടുന്നനവെ, ആകാശത്ത് ഇടിമുഴക്കം. ഉച്ചവെയിലത്ത് ഓടിയെത്തിയ വടതിക്കാറ്റിന് വലിയശക്തി. ജലം നിറഞ്ഞ മേഘം ഉയര്‍ന്നു. അതില്‍ കൊള്ളിമിന്നല്‍. പകലിന്റെ മുഖത്ത് ഭാവങ്ങള്‍. നീരദനിര നിര്‍ഗ്ഗളിച്ചിവെള്ളം മഴയായി. ഏറെ നാള്‍ ദാഹത്തോടെ വരണ്ടുകിടന്ന ഭൂമിയുടെ ഉള്ളിലേക്ക് അതു നനച്ചിറങ്ങി. കാറ്റും കോളും ഇടിയും മിന്നലും സംഗമിച്ച അരമണിക്കൂര്‍ നേരം. ക്രമേണ, മണ്ണ് തണുത്തു. മാനം തെളിഞ്ഞു!
സുഖത്തിനും  സന്തോഷത്തിനും വേണ്ടി സമര്‍പ്പിച്ച നിറഞ്ഞ മനസ്സുമായി മേരി മുറ്റത്തിറങ്ങി നടന്നു.


വിത്ത് (ചെറുകഥ) ജോണ്‍ വേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക