Image

എം.എല്‍.എമാരില്‍ ഭൂരിഭാഗവും ചെന്നിത്തലക്കാര്‍: പ്രതിപക്ഷ നേതാവിന്റെ തിരുപ്പിറവി കാത്ത്...(എ.എസ് ശ്രീകുമാര്‍)

Published on 27 May, 2016
എം.എല്‍.എമാരില്‍ ഭൂരിഭാഗവും ചെന്നിത്തലക്കാര്‍: പ്രതിപക്ഷ നേതാവിന്റെ തിരുപ്പിറവി കാത്ത്...(എ.എസ് ശ്രീകുമാര്‍)
പതിനാലാം നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്ന വേനല്‍ക്കാലം. ഇടതുമുന്നണിക്ക് ന്യായമായ എഡ്ജ് ഉണ്ട് എന്ന തോന്നല്‍ ബലപ്പെട്ടുവന്നു. എന്നാല്‍ മുന്നണി അധികാരത്തില്‍ വന്നാല്‍ ആരാവും മുഖ്യമന്ത്രിയെന്ന് പ്രചാരണ വേദികളില്‍ രാഷ്ട്രീയ എതിരാളികളായ യു.ഡി.എഫും ബി.ജെ.പിയും ഒരേ ശബ്ദത്തില്‍ ചോദിച്ചു. പൊതുജനത്തിനും ഈ സംശയമുണ്ടായിരുന്നു. പക്ഷേ, അന്നൊന്നും ഈ ചോദ്യത്തിന് ഉത്തരം പറയാതെ തെന്നിത്തെറിച്ചു കളിച്ച സി.പി.എം, തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ അതിന് അനായാസം ഉത്തരം കണ്ടു. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തന്ത്രപൂര്‍വമായ ഇടപെടലാണ് മുഖ്യമന്ത്രിയെ പ്രകാശ (കാരാട്ട്) വേഗത്തില്‍ തീരുമാനിക്കാന്‍ ഇടതു കരമായത്. 

അതേസമയം, ഫലപ്രഖ്യാപനം വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. പുതിയ മന്ത്രിസഭയും അധികാരമേറ്റ് 'പണി' തുടങ്ങിക്കഴിഞ്ഞു.   എന്നിട്ടും ഒരു പ്രതിപക്ഷ നേതാവിനു വേണ്ടി യു.ഡി.എഫ് നെട്ടോട്ടമോടുന്ന കാഴ്ച സഹതാപമര്‍ഹിക്കുന്നു. 'പ്രതിപക്ഷ നേതാവാകാന്‍ യോഗ്യതയുള്ളവര്‍ക്ക് സമീപിക്കാം...' എന്ന നിലയില്‍ പത്രപ്പരസ്യം കൊടുക്കേണ്ട ഗ്രൂപ്പ് കലാപ അവസ്ഥ സംജാതമായതോടെ,  ഞായറാഴ്ച (മെയ് 29) പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുമെന്ന ഇതിഹാസ അറിയിപ്പ് വന്നു. എന്നാല്‍ ആരായിരിക്കും ആ വിശിഷ്ട സിംഹാസനത്തിലിരിക്കാന്‍ പോകുന്നത് എന്നറിയാന്‍ പാഴൂര്‍ പടി വരെ പോയിട്ടും കാര്യമില്ലെന്ന് തോന്നുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും എന്നതിനേക്കാളുപരി ആരായിരിക്കും പ്രതിപക്ഷ നേതാവ് എന്നറിയാനാണ് ജനം അത്ഭുതം കൂറിയത്. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ശിരസാ വഹിച്ച്, താനീ പണിക്കില്ലെന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 'കൈപ്പത്തി' കഴുകിയിരുന്നു. ഉമ്മന്‍ ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാന്‍ കൂടുതല്‍ യോഗ്യന്‍ എന്നു പറഞ്ഞ് കെ.എം മാണി രംഗത്തു വന്നെങ്കിലും പുതുപ്പള്ളി ബുദ്ധി ആ ലോക സുഖിപ്പീരില്‍ വീണില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് മേശ ഒരുക്കുന്നുണ്ടെന്നാണ്. പ്രതിപക്ഷ നേതാവിന്റെ കുപ്പായമിടുന്നതില്‍ രമേശിന് ഒട്ടും അഹങ്കാരമില്ല താനും. നിയമസഭാ കക്ഷിയില്‍ 'ഐ' ഗ്രൂപ്പിനാണ് ബലാബലത്തില്‍ മേല്‍ക്കൈ. അതായത് 22 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും ചെന്നിത്തലക്കാരാണ്. ഇതും രമേശിന് ഗുണാത്മകമാണ്.

ഇവിടെ വേറൊരു കൊനഷ്ട് സംഭവിക്കാമെന്ന് 'ഐ'ക്കാര്‍ പേടിക്കുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നീ ഉഗ്ര ത്രിമൂര്‍ത്തികളുടെ ഉജ്വല നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മസിലുപിടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാല്‍ ഹൈക്കമാന്‍ഡ് റൂട്ട് മാറിപ്പിടിക്കുമത്രേ. അതിലേ പോയാല്‍, തരം കിട്ടുമ്പോള്‍ കോണ്‍ഗ്രസിനെതിരെ പല്ലുകടിക്കുന്ന വി.ഡി സതീശനോ, ഇപ്പോള്‍ മര്യാദരാമന് പഠിക്കുന്ന കെ മുരളീധരനോ ബംബര്‍ അടിച്ചേക്കും. തളര്‍ന്നമര്‍ന്നു പോയ 'എ' ഗ്രപ്പില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ മനസിന്റെ ഗോദ്‌റെജ് താക്കോലായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരും, തിരുവനന്തപുരത്തെ  സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ത്രിവര്‍ണ അന്തരീക്ഷത്തില്‍ തത്തിക്കളിക്കുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടെങ്കിലും കനത്ത നഷ്ടം ഉമ്മന്‍ ചാണ്ടിക്കായിരുന്നു. 'എ' ഗ്രൂപ്പിലെ കെടികെട്ടിയ പുലികള്‍ക്കെല്ലാം വോട്ടിന്റെ വെടിയേറ്റതോടെ ഉമ്മന്‍ ചാണ്ടിയുടെ ശക്തി ഇറ്റിറ്റ് ചോര്‍ന്നുപോയി. അദ്ദേഹത്തിന്റെ വിശ്വസ്ഥനും ഇന്നീ നാഴികവരെ ബാര്‍ കോഴ പഴികേട്ട മന്ത്രിയുമായ കെ ബാബു, ഉമ്മന്‍ ചാണ്ടിക്കുവേണ്ടി നിയമയഭയ്ക്കകത്തും പിന്നെ വേണ്ടിവന്നാല്‍ തെരുവിലും തൊണ്ടകീറിയിരുന്ന ഡൊമിനിക് പ്രസന്റേഷന്‍, സഭയില്‍ പണ്ട് പെണ്‍ കടിയേറ്റ കെ ശിവദാസന്‍ നായര്‍, യുവരക്തം പി.സി വിഷ്ണുനാഥ്, വാ പോയ കോടാലി ടി സിദ്ദിഖ് എന്നിവര്‍ക്ക് ഇക്കുറി നിയമസഭയിലിരുന്ന് കാര്‍ഗില്‍ യുദ്ധം നടത്താന്‍ ഭാഗ്യമുണ്ടായില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ഷാഫി പറമ്പില്‍ എന്നീ 'എ' ഗ്രൂപ്പ് വില്ലാളി വീരന്‍മാരുടെ ജയം ഉമ്മന്‍ ചാണ്ടിയെ തെല്ലൊന്ന് സമാശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, 'ഐ'ക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ സാരമായ പരിക്കൊന്നും പറ്റിയതുമില്ല.

ഇതിനിടെ, പരമ ദയനീയ തോല്‍വിയെ കുറിച്ച് എങ്ങനെ ചര്‍ച്ച ചെയ്യണമെന്നുപോലും അറിയാതെ യു.ഡി.എഫ് വട്ടക്കൊട്ടയില്‍ വെള്ളം കോരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ അടിപൊട്ടുമെന്നുറപ്പായതോടെ തോല്‍വിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ജീവനില്‍ കൊതിയുള്ള ആരും മെനക്കെട്ടില്ല. തോല്‍വിയുടെ മുഖ്യ കാരണങ്ങള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും വെവ്വേറെ ഇടിവെട്ട് യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഒന്നും കണ്ടെത്താന്‍ യോഗമുണ്ടായില്ല. മൊത്തം തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി പിണറായിയുടെ പോലീസിനെ സമീപിച്ചു നോക്കാവുന്നതാണ്. 

ഏതായാലും ഞായറാഴ്ച തന്നെ പ്രതിപക്ഷ നേതാവ് പിറക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ തര്‍ക്കത്തിന് വഴിവയ്ക്കാതെ, സിസേറിയന്‍ കൂടാതെ ഉമ്മന്‍ ചാണ്ടി തന്നെ രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചേക്കുമെന്നാണറിയുന്നത്. കടിഞ്ഞാണ്‍ എന്നെന്നേയ്ക്കുമായി പുതുപ്പള്ളിയില്‍ നിന്ന് ചെന്നിത്തലയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഈ അഭിഷേക ചടങ്ങില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബറിയ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

മൃഗീയ ഭൂരിപക്ഷം നേടി അല്‍പം ഹുങ്കോടെ തന്നെയാണ് ഇടതുപക്ഷം സെക്രട്ടേറിയറ്റില്‍ ആസനമുറപ്പിച്ചിരിക്കുന്നത്. വാചകമടിയും തിണ്ണമിടുക്കും കാട്ടി അവര്‍ വല്ലാതെ ഞെളിയാതിരിക്കാന്‍ നട്ടെല്ലുള്ളൊരു പ്രതിപക്ഷ നിരയും ചങ്കുറപ്പുള്ള പ്രതിപക്ഷ നേതാവും ആവശ്യമാണ്. അതൊക്കെ നമ്മുടെ അച്ചുമ്മാമനെ കണ്ടു പഠിക്ക്. പുള്ളക്കാരന്‍ നിയമസഭയിലെ മാത്രം പ്രതിപക്ഷ നേതാവായിരുന്നില്ല. സ്വന്തം മുന്നണിയിലെയും സ്വന്തം പാര്‍ട്ടിയിലെയും പ്രതിപക്ഷ നേതാവായി കളിച്ച ഇരട്ടച്ചങ്കുള്ള അപൂര്‍വ പ്രതിഭാസമാണത്.
***
ജനാധിപത്യ ഭരണം പുഷ്‌കലമാവണമെങ്കില്‍ ശക്തമായ ഭരണപക്ഷം മാത്രം പോര. പാളം തെറ്റുന്ന ഭരണകൂട വീഴ്ചകള്‍ക്കെതിരെ ജനപക്ഷത്തുനിന്ന് വീറോടെ ശബ്ദിക്കുന്ന ബലവത്തായ അഭിപ്രായ ഐക്യമുള്ള ഒരു പ്രതിപക്ഷവും അനിവാര്യമാണ്. അല്ലാത്തപക്ഷം, ജനാഭിലാഷത്തിന്റെ ആഘോഷ ആരവങ്ങളോടെ തങ്ങളുടെ സമ്മതിദാനത്തിന്റെ കരുത്തില്‍ ആവരോധിക്കപ്പെട്ട ഭരണം ദുര്‍ബലമായിപ്പോകും. ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അയയ്ക്കാനേ വോട്ടര്‍മാര്‍ക്ക് അവകാശമുള്ളൂ. ഭരണാധികാരികളെ ചൊല്‍പ്പടിക്ക് നിര്‍ത്തേണ്ടത് ഇച്ഛാശക്തിയുള്ള, പരിണതപ്രജ്ഞരായ പ്രതിപക്ഷമാണ്. 

നിയമസഭയില്‍ കയ്യാങ്കളിയല്ല വേണ്ടത്. അധികാരത്തിന്റെ മത്തുപിടിച്ച് സ്വയം മറക്കുന്നവരെ കായബലം കൊണ്ടല്ല, കാര്യശേഷികൊണ്ടാണ് നേരിടേണ്ടത്. ഏറ്റുമുട്ടലിലൂടെ രാഷ്ട്രീയ ലാഭം കൊയ്‌തേക്കാം. പക്ഷേ, ആത്യന്തികമായി നഷ്ടം സംഭവിക്കുന്നത് കരം കൊടുത്തുന്ന ജനത്തിനാണ്. അങ്ങനെയാവാതിരിക്കാന്‍ ജാഗ്രതയുള്ള ഒരു പ്രതിപക്ഷ നേതാവായിരിക്കട്ടെ ജനങ്ങളുടെ കരം ഗ്രഹിച്ച് കടന്നുവരുന്നത്.


എം.എല്‍.എമാരില്‍ ഭൂരിഭാഗവും ചെന്നിത്തലക്കാര്‍: പ്രതിപക്ഷ നേതാവിന്റെ തിരുപ്പിറവി കാത്ത്...(എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക