Image

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ജോര്‍ജ്ജ് ഓലിക്കല്‍ Published on 02 June, 2016
ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍
രണ്ടാം ദിവസം രാവിലെ തന്നെ എല്ലാവരും ലെഗേജുകളുമായി വണ്ടിയിലെത്തി. ഗൈഡ് ഡേവിഡിന്റെ നേതൃത്വത്തില്‍ ജോര്‍ദ്ദാനില്‍ നിന്നും ഇസ്രായേല്‍ അതിര്‍ത്തിയായ അലന്‍ബിയിലേയ്ക്ക് പുറപ്പെട്ടു. അതിര്‍ത്തി കടക്കുക ശ്രമകരമായ കാര്യമാണ്. വിവിധ ചെക്ക് പോസ്റ്റുകള്‍, നൂറു കണക്കിന് വാഹനങ്ങള്‍ വരിവരിയായി കിടക്കുന്നു. അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഇസ്രായേലിന്റെ പട്ടാളക്കാര്‍ തോക്കുകളേന്തി ബസ്സിനുള്ളില്‍ പ്രവേശിച്ച് ഓരോരുത്തരുടെയും പാസ്‌പോര്‍ട്ട് പരിശോധിച്ചു കുഴപ്പക്കാരല്ല എന്ന് ഉറപ്പു വരുത്തി. പിന്നീട് എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി പെട്ടികള്‍ എടുത്ത് എമിഗ്രേഷന്‍ ഓഫീസിലെത്തി. ഓരോരുത്തരുടെയും പാസ്‌പോര്‍ട്ട് പരിശോധിച്ച് വിസ നല്‍കി. ടൂറിസ്റ്റുകളായ ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടായില്ല. 

എന്നാല്‍ പാലസ്തീന്‍കാരോട് വളരെ കര്‍ക്കശമായ രീതിയിലാണ് പെരുമാറുന്നത് പെട്ടികള്‍ തുറന്നു പരിശോധിക്കുകയും, നിരവധി  ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു കുഴപ്പക്കാരനല്ല എന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ അതിര്‍ത്തി കടക്കാന്‍ സമ്മതിക്കൂ. പാലസ്തീന്‍കാരുടെ ജീവിതം ഇവിടെ ദുരിത പൂര്‍ണ്ണമാണ്. എഴുപത് ശതമാനം സ്ഥലവും ഇസ്ലായേല്‍ക്കാരുടെ അധീനതയില്‍ ആണ് എന്നാല്‍ ഒരു കാലത്ത് ഒരു രാജ്യത്ത് കഴിഞ്ഞിരുന്ന ഇരുകൂട്ടരം ഇന്ന് പരസ്പരം വെട്ടിമരിയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഇസ്രായേലിന്റെ അധീനതയില്‍ ഉള്ള സ്ഥലത്തിന് ചുറ്റും മതിലുകളാല്‍ വലയം ചെയ്തിരിയ്ക്കുന്നു. പുറത്ത് പാലസ്തീന്‍കാരുടെ സ്ഥലം, വിവിധ ഭാഗങ്ങളിലുള്ള പാലസ്തീന്‍കാര്‍ക്ക് ഇസ്രായേലിനുള്ളില്‍ പ്രവേശിയ്ക്കുന്നതിന് 68 ചെക്ക് പോയിന്റുകള്‍ ഉണ്ട്. അവിടെ അവര്‍ക്കായി നല്‍കിയിരിയ്ക്കുന്ന സ്‌പെഷ്യല്‍ കാര്‍ഡ് കാണിയ്ക്കണം അകത്തുകടക്കാന്‍., ജോലിസാദ്ധ്യതകളെല്ലാം ഇസ്രായേലിലാണ് എന്നാല്‍ പാലസ്തീന്‍കാര്‍ക്ക് നല്ല ജോലികളൊന്നും നല്‍കുകയില്ല. അവരുടെ ജീവിതം ഇവിടെ ക്ലേശകരമാണ്.

ഞങ്ങള്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇസ്രായേല്‍ അതിര്‍ത്തി കടന്നു. അവിടെ ഞങ്ങള്‍ക്കായി ബസ്സും ഗൈഡും കാത്തു നിന്നിരുന്നു, ഡേവിഡിനോട് യാത്ര പറഞ്ഞു. പുതിയ ഗൈഡും മലയാളിയുമായ ഫാദര്‍ ബിനോയ് ജോര്‍ജ്ജ് ഞങ്ങളോടൊപ്പം ചേര്‍ന്നു. അദ്ദേഹം  കഴിഞ്ഞ നാലുവര്‍ഷമായി ഇസ്രായേലില്‍ താമസിച്ച് റിസേര്‍ച്ചു ചെയ്യുന്ന ഒരു യുവവൈദികനാണ്. ഇസ്രായേലിന്റെ പൗരാണികതയെപ്പറ്റിയുള്ള ഗവേഷണമാണ് അദ്ദേഹം നടത്തുന്നത്, അത് കൊണ്ടു തന്നെ ഫാദര്‍ ബിനോയിയെ ഞങ്ങള്‍ക്ക് ലഭിച്ചതേ വലിയ ഭാഗ്യമായി. ഇസ്രായേലില്‍ എത്തിയ ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത്. ജേക്കബ്‌സ് വെല്‍ യാക്കോബിന്റെ കിണര്‍ യോഹന്നാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം: യേശു സമറിയാക്കാരി സ്ത്രീയോടു കുടിയ്ക്കാന്‍ വെള്ളം ആവശ്യപ്പെടുന്നത് ഈ കിണറിനടുത്തു വെച്ചാണ്. യഹൂദനായ യേശു സമറിയാക്കാരിയോട് വെള്ളം വാങ്ങി കുടിയ്ക്കുന്നതിലൂടെ അക്കാലത്ത് നിലവിലിരുന്ന ആചാരങ്ങളെ മറികടന്നെന്നും പകരമായി യേശു ജീവന്റെ ജലം പ്രദാനം ചെയ്‌തെന്നും ബൈബിളില്‍ വായിയ്ക്കുന്നു. ഇപ്പോള്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് മൊണാസ് സ്റ്ററിയുടെ അധീനതയില്‍ ഉള്ള ഈ കിണറില്‍ നിന്നും ഓരോ ടൂര്‍ ഗ്രൂപ്പുകാര്‍ക്കും ഓരോ ബക്കറ്റ് വെള്ളം കോരാം. എല്ലാവരും ചേര്‍ന്ന് ഒരു ബക്കറ്റ് വെള്ളം കോരി കുപ്പികളിലാക്കി പ്രാര്‍ത്ഥിച്ചു തിരികെ പോന്നു.

പിന്നീട് ഞങ്ങള്‍ പോയത് സെബാസ് സ്റ്റിയ എന്ന സ്ഥലത്തേയ്ക്കാണ്. രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രമുള്ള ഈ സ്ഥലം ഇപ്പോള്‍ പാലസ്തീനിയന്‍കാരുടെ പ്രദേശത്താണ് റോമന്‍ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ ബഹുമാനാര്‍ത്ഥം രൂപകല്‍പ്പന ചെയ്ത ഒരു ചെറുനഗരത്തായിരുന്ന സെബാസ് സ്റ്റിയ പല ആക്രമണങ്ങള്‍ക്കും വേദിയായിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ ആരും ശ്രദ്ധിക്കാനില്ലാതെ വൃത്തിഹീനമായി കിടക്കുന്നു. ഇസ്രായേലിന്റെ ഭീഷണിയില്‍ കഴിയുന്ന പാലസ്റ്റിയന്‍ ജനത നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഇതെല്ലാം എങ്ങനെ ശ്രദ്ധിക്കാന്‍ കഴിയും. ചരിത്രങ്ങള്‍ ഉറങ്ങുന്ന, പടയോട്ടങ്ങള്‍ ഏറെ അരങ്ങേറിയ ഈ രണഭൂമിയില്‍ ടൂറിസ്റ്റുകള്‍ക്കായി നല്ലൊരു റെസ്റ്റോറന്റ് പണി കഴിപ്പിച്ചിട്ടുണ്ട്. അവിടെയായിരുന്നു ഞങ്ങള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. പാലസ്തീനിയന്റെ തനതായ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം, ചോറും കുപ്പൂസും, മക്കല്‍ബ ഇറച്ചിയും, ഫ്രൈഡ് വെജിറ്റബിളും ചോറും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവത്തോടൊപ്പം ഹമ്മസും, ഒലീവും, സാലഡും, സൂപ്പും കൂടിയായപ്പോള്‍ ഉച്ചഭക്ഷണം മറ്റൊരനുഭവമായി.

സെബാസ്റ്റിയായിലെ ചരിത്രാവശിഷ്ടങ്ങളിലൂടെ നടന്നപ്പോള്‍ ആയിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച വന്‍ ഗോപുരങ്ങളുടെ ശില്പചാരുതയും നിര്‍മ്മാണവൈദഗ്ദ്ധ്യവും കണ്ട് അമ്പരന്നു നിന്നുപോയ ഞങ്ങളെ ചരിത്രസ്മരണകള്‍ നിറഞ്ഞ മറ്റൊരു മലമ്പ്രദേശത്തേയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്. മൗണ്ട് ഗരിസിം എന്നറിയപ്പെടുന്ന ആസ്ഥലത്താണ്  സമരിറ്റന്‍ മതവിഭാഗം താമസിയ്ക്കുന്നത്. ക്രിസ്തുവിന് 700-വര്‍ഷം മുമ്പ് ഇസ്രായേലിനെ അസ്സറിയാക്കാര്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തി കുറേപ്പേരെ ബാബിലോണിലേയ്ക്ക് നാടുകടത്തി. ആ പ്രവാസത്തില്‍ ഉണ്ടായ ജനത പിന്നീട് ഇസ്രായേലിലേയ്ക്ക് തിരികെ വന്നപ്പോള്‍ അവരുടെ രക്തം കളങ്കപ്പെട്ടു എന്നാരോപിച്ച് അവര്‍ക്ക് അയിത്തം കല്‍പ്പിച്ച് അവരെ മൗണ്ട് ഹരിസം ഭാഗത്ത് ഒറ്റപ്പെടുത്തി. ശുദ്ധ രക്തമെന്നവകാശപ്പെടുന്ന ഇസ്രായേല്‍കാര്‍ അവരുമായി ഒരു തരത്തിലുള്ള സമ്പര്‍ക്കവും ഉണ്ടാകാതെ വന്നപ്പോള്‍ അവരുടെ വംശം ക്ഷയിച്ചുകൊണ്ടിരുന്നു. ഇന്ന് ആയിരത്തോളമാണ് അവരുടെ ജനസംഖ്യ, ആ ഗ്രാമം സന്ദര്‍ശിയ്ക്കുന്ന അവസരത്തിലായിരുന്നു ഇസ്രായേല്‍ ജനങ്ങളോട് സമാനമായ പാസ്സോവര്‍ ചടങ്ങുകള്‍ക്കായി ഗ്രാമം ഒരുക്കിക്കൊണ്ടിരുന്നത് ഓരോ കുടുംബത്തില്‍ നിന്ന് ഓരോ ആടിനെ കുടുംബനാഥന്‍ കൊണ്ടു വന്ന് പ്രത്യേകമായി തയ്യാറാക്കുന്ന ബലിപീഠത്തില്‍ ബലികഴിക്കുന്നു. യഹോവയെ പ്രീതിപ്പെടുത്താന്‍. പഴയനിയമത്തില്‍ പറയുന്നുണ്ട് വിജാതീയരുമായി ബന്ധപ്പെട്ട ഇവര്‍ ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ടവരാണെന്ന് യഹദൂര്‍ വെറുത്തിരുന്ന സമറിയാക്കാരി സ്ത്രീകളുമായി ഞങ്ങള്‍ സംസാരിച്ചു വളരെ സൗഹാര്‍ദ്ദപരമായ സമീപനമാണ് അവരുടെത് നല്ല ഉയരമുള്ള സുന്ദരികളായ സ്ത്രീജനങ്ങളെ നിരത്തുകളില്‍ കാണുവാന്‍ കഴിഞ്ഞ പാസ്സോവര്‍ ആഘോഷത്തിന്റെ തിരക്കിലായിരുന്നു അവര്‍.

രണ്ടാം ദിവസത്തെ യാത്രയുടെ അവസാനം ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ബൈബിളില്‍ ഏറെ പരാമര്‍ശിച്ചിട്ടുള്ള ഗലീലിയ തടാകത്തിനടുത്താണ്. അവിടെ തടാകത്തിന് അഭിമുഖമായി പടുത്തുയര്‍ത്തിയ കൂറ്റന്‍ ഹോട്ടലായ ടൈബേരിയസിലായിരുന്നു ഞങ്ങള്‍ക്കായി താമസസ്ഥലം ഒരുക്കിയിരുന്നത്. ഹോട്ടലിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ പ്രശാന്ത സുന്ദരമായ ടൈബേരിയസ് അഥവാ ഗലീലിയ തടാകം, ബൈബിളില്‍ പരാമര്‍ശിയ്ക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രൗഢിയോടെയും, എന്നാല്‍ തിരകളില്ലാതെ ശാന്തമായ ഈ ജലാശയത്തെ എത്ര നോക്കിയിരുന്നാലും മതിവരില്ല. ഈ തടാകത്തെ ഉദ്ധരിച്ചുകൊണ്ട് മലയാളത്തില്‍ നിരവധി ഭക്തിഗാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇസ്രായേലിന് ശുദ്ധജലം ലഭിയ്ക്കുന്ന ഏറ്റവും പ്രധാന സ്രോതസ്സുകളില്‍ ഒന്നായും ഈ തടാകം അറിയപ്പെടുന്നു. 

ഞങ്ങളുടെ ഗൈഡ് ബിനോയ് അച്ഛന്‍ പറഞ്ഞതനുസരിച്ച് ഹോട്ടലിന്റെ കോണ്‍ഫ്രന്‍സ് റൂമില്‍ ഞങ്ങളുടെ ഗ്രൂപ്പ് ഒരുമിച്ച് പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരമായിരുന്നു അത്. കേരളത്തില്‍ നിന്ന് എത്തിയര്‍ സ്വയം പരിചയപ്പെടുത്തി ജീവിതത്തിലെ വിവിധ രംഗങ്ങളാല്‍ ജോലി ചെയ്യുന്നവര്‍, റിട്ടയര്‍മെന്റില്‍ പ്രവേശിച്ചവര്‍ അവരോടൊപ്പം രണ്ടു അച്ച•ാരും.
ഫാദര്‍ എബുജിന്‍ ഞാറയ്ക്കല്‍ നിന്നും, ഫാദര്‍ മാത്യു അറയ്ക്കല്‍ കൊല്ലത്ത് നിന്നും അവരുടെ ഇടവകാംഗങ്ങളുമായി എത്തിയതായിരുന്നു. ഓരോരുത്തരും ഓരോ നിയോഗങ്ങളുമായാണ് ഈ തീര്‍ത്ഥയാത്രയില്‍ എത്തിയത് എന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി.
ടൈബീരിയസ് ഹോട്ടലില്‍ ഒരുക്കിയിരുന്ന ഡിന്നര്‍ ബൊഫൈ വിഭവസമൃദ്ധമായിരുന്നു. മെഡിറ്ററേനിയന്‍ വിഭവങ്ങളും അതോടൊപ്പം ഇസ്രായേലിന്റെ തനതായ വിഭവങ്ങലും അടങ്ങിയതായിരുന്നു ഡിന്നര്‍. ഗലീലിയ തടാകത്തില്‍ നിന്നും സുലഭമായി ലഭിയ്ക്കുന്ന മത്സ്യം പ്രത്യേക ഇനമായിരുന്നു. 

ഒരു കാര്യം ശ്രദ്ധിച്ചത് ബ്രേക്ക്ഫാസ്റ്റിനും, ലഞ്ചിനും ഡിന്നറിനും മത്സ്യം ഒഴിച്ചു കൂടാനാവാത്ത ഒന്നായിരുന്നു. ഡിന്നര്‍ കഴിഞ്ഞ് അല്പനേരം ഗലീലിയ തടാകത്തിലെ കുഞ്ഞോളങ്ങളെ നോക്കി ബാല്‍ക്കണിയിലിരുന്നു. ഇളം തണുപ്പാര്‍ന്ന മന്ദമാരുതന്റെ തലോടലേറ്റപ്പോള്‍ മനസ്സിനും ശരീരത്തിനും കുളിര്‍മ തോന്നി. അതിന്റെ സുഖാലസ്യത്തില്‍ ഉറക്കം മെല്ലെ വന്നു. ഈ സുന്ദരമുഹൂര്‍ത്തം നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ഉറങ്ങാന്‍ കിടന്നു. 

(തുടരും...)

ഫോട്ടോസ് : കടപ്പാട് : റെക്‌സണ്‍ റോഡ്‌റിഗസ്


ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍
ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

ഞാന്‍ കണ്ട വിശുദ്ധനാട് (രണ്ടാം ഭാഗം)ജോര്‍ജ്ജ് ഓലിക്കല്‍

Join WhatsApp News
Rexon Rodrigues 2016-06-03 03:18:43
സമെരിടൻസ് യഹൂദർ ആണെങ്കിലും ഈ സ്ഥലത്ത് ഇസ്രേൽ പൌരന്മാർ പ്രവേശിക്കുന്നത് നിയമ വിരുദ്ധമാണ്. ശമെരിഅയിൽ ഏകദേശം 1200 കുടുംബങ്ങൾ ഉണ്ടാകും. അത്ര തന്നെ ആളുകള് ടെൽ-അവിവിലും താമസിക്കുന്നു. ഇവരുടെ പാസ്‌ ഓവർ ആചാരങ്ങൾ ഇന്നും പഴയ നിയമത്തിൽ പറയുന്നത് പോലെ തന്നെ നടക്കുന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇവിടെ ബാലിയര്പ്പിക്കുന്ന ഭക്ഷണം അവര്ക് മാത്രമാണ് വിളംബുക. പുറമേ നിന്നുള്ളവർക് ഒരു ഗലെരിയിൽ നിന്ന് ഇതെല്ലം കാണാം. പക്ഷെ ബലി വസ്തുക്കൾ തുടാൻ പാടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക