Image

ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും (ജോസഫ് പടന്നമാക്കല്‍)

Published on 03 June, 2016
ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും (ജോസഫ് പടന്നമാക്കല്‍)
ഇടയലേഖനങ്ങളില്‍ക്കൂടി സഭാപൗരന്മാരെ തങ്ങളുടെ വഴികളില്‍ നിയന്ത്രിച്ചുകൊണ്ടുപോകാമെന്നു കരുതുന്ന അഭിഷിക്തര്‍ക്കായി ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ഒരു സന്ദേശമുണ്ട്. 'നിങ്ങള്‍ അഭിഷ്‌ക്തരാകുന്ന ദിനം കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങള്‍ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരം എന്നിവയെല്ലാം രാജകൊട്ടാരത്തിലെ രീതികളാണ്. അധികാരപ്രമത്തത കാണിക്കുവാന്‍ ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീന്‍മേശയിലെ മുറകള്‍ അഭ്യസിപ്പിക്കാനുമല്ല. പകരം മനുഷ്യരുടെയിടയില്‍ സേവനനിരതരായി പ്രവര്‍ത്തിക്കാനാണ്.' പാപ്പായുടെ വാക്കുകള്‍ മാനിക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായ പാലാ രൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്‍ തന്റെ വൃക്ക ഹിന്ദുയുവാവിനു ദാനം ചെയ്തവഴി കേരള സഭാചരിത്രത്തില്‍ ഒരു തങ്കപ്പൊട്ടു ചാര്‍ത്തിയിരിക്കുന്നു. ഭാരതത്തിലെ അഭിഷിക്ത ലോകത്തിനും പുരോഹിത ലോകത്തിനും ആത്മീയത തിളച്ചു മറിയുന്നവര്‍ക്കും അദ്ദേഹം ഒരു അനുകരണീയനാണെന്നതിലും സംശയമില്ല.

മഹാമനസ്‌ക്കരും മാനുഷിക ധര്‍മ്മം നിറഞ്ഞവരും മനുഷ്യ ഹൃദയങ്ങളില്‍ നിത്യം പ്രകാശിക്കുന്നവരാണ്. ജീവിതത്തില്‍ എത്രമാത്രമുയര്‍ന്നാലും അനുഗ്രഹീതമായ ഹൃദയ വിശാലതയോടുകൂടിയവര്‍ നമ്മെയെന്നും സ്വാധീനിച്ചുകൊണ്ടിരിക്കും. അത്തരം ഏതാനും മഹാപ്രതിഭകളെ കേരള സുറിയാനി കത്തോലിക്കാ സഭയിലെ പുരോഹിതരില്‍നീന്നും കണ്ടെത്തിയതില്‍ നമുക്കഭിമാനിക്കാം. ഫ്രാന്‍സീസ് മാര്‍പ്പാപ്പാ 2016നെ കാരുണ്യ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിലെ അര്‍ത്ഥവ്യാപ്തി അല്മായരില്‍ മാത്രം നടപ്പാക്കാനാണ് കേരള സഭാനേതൃത്വം തുനിയുന്നത്. എന്നാല്‍ മാര്‍പ്പാപ്പായുടെ മാനസിക വികാരങ്ങള്‍ ശരിയ്ക്കും മനസിലാക്കിയ മഹാപുരോഹിതരാണ് വൃക്ക ദാനം ചെയ്ത പാലാ ബിഷപ്പ് ജേക്കബ് മുരിക്കനും ഫാദര്‍ ഡേവീഡ് ചിറമേലും അദ്ദേഹത്തിന്റെ സഹകാരികളായ ഏതാനും പുരോഹിതരും കന്യാസ്ത്രികളും ഫാദര്‍ സെബാസ്റ്റ്യനുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇവരില്‍ ബിഷപ്പ് മുരിക്കനും ഫാദര്‍ ചിറമേലും സ്വന്തം വൃക്കകള്‍ ഹൈന്ദവ സഹോദരര്‍ക്ക് ദാനം ചെയ്തപ്പോള്‍ ഫാദര്‍ സെബാസ്റ്റ്യന്‍ തന്റെ വൃക്ക ഒരു ഇസ്ലാമിക യുവാവിനു നല്കി. വാസ്തവത്തില്‍ ഇവര്‍ കാരുണ്യത്തിന്റെ മഹാദേവനായ യേശുവിന്റെ സന്ദേശം ലോകത്തിനു നല്കുകയായിരുന്നു. യേശു കുടികൊള്ളുന്നത് ദരിദ്രരുടെ കുടിലുകളിലാണെന്നും അവിടെ ജാതിയോ മതമോയില്ലെന്നും തെളിയിച്ചുകൊണ്ട് ഈ സന്യസ്തര്‍ സമൂഹത്തിനു മാതൃകയായി നിലകൊള്ളുന്നു. മനുഷ്യത്വം എന്തെന്നു വഴി കാട്ടിയ പാലാ രൂപതയുടെ സഹായ മെത്രാനായ അഭിവന്ദ്യ ജേക്കബ് മുരിക്കന്‍ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ്.

2016 ജൂണ്‍ ഒന്നാം തിയതി ഒരു കത്തോലിക്കാ ബിഷപ്പ് തന്റെ കിഡ്‌നി കാരുണ്യത്തിന്റെ മികവില്‍ ദാനം ചെയ്തപ്പോള്‍ അത് സീറോ മലബാര്‍ സഭയുടെ തന്നെ ചരിത്രമാവുകയായിരുന്നു. ഒരു പക്ഷെ ഒരു ബിഷപ്പിന്റെ ഹൃദയസ്പര്‍ശിയായ ഈ കാരുണ്യം ലോക ചരിത്രത്തിലെ സംഭവങ്ങളില്‍ ആദ്യത്തെതുമാകാം. കൊച്ചിയിലെ ലേയ്ക്ക്‌ഷോര്‍ ഹോസ്പിറ്റലിലാണ് കിഡ്‌നി മാറ്റുന്നതിനായി അദ്ദേഹം സര്‍ജറിയ്ക്ക് വിധേയനായത്. ഉടന്‍തന്നെ ഒരു ഹിന്ദു യുവാവായ സൂരജിന്റെ ശരീരത്തില്‍ ബിഷപ്പിന്റെ കിഡ്‌നി മാറ്റി വെക്കുകയും ചെയ്തു. ആ യുവാവില്‍ ജീവന്റെ തുടിപ്പുമായി ബിഷപ്പ് മുരിക്കന്റെ വൃക്ക നല്ലവണ്ണം പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ പതിനെട്ടു മാസമായി സുരജെന്ന ദരിദ്ര യുവാവ് കിഡ്‌നി പ്രശ്‌നം കൊണ്ട് ജീവിതവുമായി മല്ലിടുകയായിരുന്നു. സമര്‍ത്ഥരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന ഈ സര്‍ജറി വിജയകരമായിരുന്നു. ബിഷപ്പും സൂരജും അവരുടെ നിരീക്ഷണത്തില്‍ പൂര്‍ണ്ണമായും ആരോഗ്യമായി കഴിയുന്നു. ബിഷപ്പ് മുരിക്കന്‍ ഓപ്പറേഷന്‍ തീയറ്ററില്‍ പോവുന്നതിനു മുമ്പ് അദ്ദേഹം രാവിലെ ഹോസ്പിറ്റല്‍ ചാപ്പലില്‍ ദിവ്യകാരുണ്യം അര്‍പ്പിച്ചിരുന്നു. രാവിലെ പത്തര മണിയ്ക്ക് ആരംഭിച്ച സര്‍ജറി ഏകദേശം ഉച്ചവരെ നീണ്ടു നിന്നിരുന്നു. അദ്ദേഹത്തിന്റെ മൂന്നു സഹോദരരും സൂരജിന്റെ ഭാര്യയും അവരുടെ കുടുംബങ്ങളും സര്‍ജറി സമയം ഹോസ്പിറ്റലിലുണ്ടായിരുന്നു. ബിഷപ്പിന്റെ മാതൃകാപരമായ ഈ സ്വയം ത്യാഗം കൂടുതല്‍ ജനങ്ങളെ കിഡ്‌നി ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'കാരുണ്യ വര്‍ഷം ആതുര സേവനത്തിനായും ദീന ദയാ പ്രവര്‍ത്തനങ്ങള്‍ക്കായും അര്‍പ്പിക്കണമെന്ന മാര്‍പ്പായുടെ ആഹ്വാനമാണ് കിഡ്‌നി ദാനം നല്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും' ബിഷപ്പ് മുരിക്കന്‍ ചുറ്റും നിന്നവരോടായി പറയുകയുമുണ്ടായി.

മുപ്പതു വയസുകാരനായ സൂരജിന് ജന്മനാ തന്നെ കിഡ്‌നിയ്ക്ക് പ്രശ്‌നവും മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഡയാലിസീസ് ചെയ്തുകൊണ്ടിരുന്ന അയാളുടെ രണ്ട് കിഡ്‌നികളും തകരാറിലായിരുന്നു. സൂരജിന്റെ ഈ രോഗവിവരം ബിഷപ്പ് മുരിക്കനോട് ആദ്യം പറഞ്ഞത് ഫാദര്‍ ചിറമേലായിരുന്നു. ഫാദര്‍ ചിറമേല്‍ ഇന്ത്യ കിഡ്‌നി ഫൌണ്ടേഷന്‍ ഡിറക്റ്ററാണ്. 2009ല്‍ അയല്‍വക്കത്തുള്ള ഹിന്ദുവായ ഒരു യുവാവിന് കിഡ്‌നി ദാനം ചെയ്തവഴി ഫാദര്‍ ചിറമേല്‍ കേരള സഭാ ചരിത്രത്തില്‍ സുപ്രസിദ്ധനായി തീര്‍ന്നിരുന്നു. അതിനുശേഷം അദ്ദേഹം കിഡ്‌നി രോഗ ബാധിതരായവരെ സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി കിഡ്‌നി ദാനം ചെയ്ത പുരോഹിതനെന്ന ബഹുമതിയും ഫാദര്‍ ചിറമേലിനുണ്ട്. അദ്ദേഹത്തിന് ഇപ്പോള്‍ അമ്പത്തിയാറ് വയസ് പ്രായമുണ്ട്. അദ്ദേഹത്തെ അനുകരിച്ച് അനേകം പുരോഹിതരും കന്യാസ്ത്രികളും ഇന്ത്യാ കിഡ്‌നി ഫൌണ്ടേഷനില്‍ക്കൂടി സാധുക്കള്‍ക്ക് കിഡ്‌നി ദാനം ചെയ്തു.

2016 ജൂണ്‍ പതിനാറാം തിയതി അമ്പത്തി മൂന്നു വയസു തികയുന്ന ബിഷപ്പ് മുരിക്കന്‍ ലാളിത്യവും സന്മാര്‍ഗനിഷ്ഠയും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹം വൃദ്ധസദനങ്ങളിലും പ്രായമായ പുരോഹിതരെ നോക്കുന്ന ചുമതലകളിലും ഏര്‍പ്പെട്ടിരിക്കുന്നു. ആഡംബരമേറിയ കാറുകളില്‍ യാത്രയൊഴിവാക്കി സാധാരണക്കാരെപ്പോലെ ബസിലും ട്രെയിനിലും യാത്ര ചെയ്യാന്‍ താല്പര്യപ്പെടുന്നു. അദ്ദേഹത്തിനു കിട്ടുന്ന കേയ്ക്കുകളും മറ്റു സമ്മാനങ്ങളും മാനസിക രോഗികള്‍ വസിക്കുന്ന മരിയാ സെന്ററില്‍ കൊണ്ടുപോയി കൊടുക്കും.1963 ജൂണ്‍ പതിനാറാം തിയതി മുട്ടുചിറയില്‍ അദ്ദേഹം ജനിച്ചു. ധനതത്വ ശാസ്ത്രത്തില്‍ എം.എ ബിരുദം നേടിയ ശേഷം പാലായിലുള്ള ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ പഠിച്ചു. അതിനുശേഷം കോട്ടയത്തുള്ള സെന്റ് തോമസ് സെമിനാരിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കി. 1993 ഡിസംബര്‍ ഇരുപത്തിയേഴാം തിയതി പുരോഹിതനായി പട്ടമേറ്റു. 

അദ്ദേഹത്തിന്റെ മുട്ടുചിറയിലുള്ള ഇടവകയില്‍ ബിഷപ്പ് പള്ളിക്കാപ്പറമ്പന്റെ കാര്‍മ്മികത്വത്തില്‍ പുത്തന്‍ കുര്‍ബാന ചൊല്ലി. കുറച്ചു കാലം കുറവിലങ്ങാട്ടുള്ള പള്ളിയില്‍ സഹവികാരിയായിരുന്നു. പിന്നീട് നീലൂരുള്ള സാവിയോ ഹോം ബോര്‍ഡിംഗ് ചുമതലകള്‍ വഹിച്ചുകൊണ്ട് ആ സ്ഥാപനത്തിന്റെ റെക്റ്ററായിരുന്നു. മൈനര്‍ സെമിനാരിയുടെ പ്രൊഫസറായി ജോലി ചെയ്തു. പാലാരൂപതയുടെ വിദ്യാഭ്യാസ മേഖലയില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സെക്രട്ടറിയായിരുന്നു. ചമ്പക്കുളത്തും നീലൂരും വികാരിയായി സേവനം ചെയ്തു. 2012 ആഗസ്റ്റ് പന്ത്രണ്ടാം തിയതി പാലാ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2012 ഒക്ടോബര്‍ ഒന്നാംതിയതി പാലായിലെ സെന്റ് തോമസ് കത്തീഡ്രലില്‍ അദ്ദേഹത്തിന്റെ മെത്രാന്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ ആഘോഷമായി കൊണ്ടാടിയിരുന്നു.

2013 സെപ്റ്റംബര്‍ പതിമൂന്നാം തിയതി അദ്ദേഹവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലായി പുതിയതായി വാഴിച്ച മെത്രന്മാരും മാര്‍പാപ്പയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാനില്‍ സമ്മേളിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചു മുതല്‍ പന്ത്രണ്ടുവരെ കത്തോലിക്കാ ബിഷപ്പ് കൊണ്‍ഫ്രന്‍സിന്റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു. 2016 കാരുണ്യ വര്‍ഷമായി പ്രഖ്യാപിച്ച മാര്‍പ്പാപ്പായുടെ ആഹ്വാനം അനുസരിച്ച് അദ്ദേഹം തന്റെ കിഡ്‌നി ഒരു ഹിന്ദു യുവാവിന് ദാനം നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ടയിംസ്സ് ഓഫ് ഇന്ത്യ ദിനപത്രമായിരുന്നു. വാര്‍ത്ത പ്രസിദ്ധമാകുന്നതിനു മുമ്പുതന്നെ അതിനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

മലപ്പുറം കോട്ടയ്ക്കലിലുള്ള മുപ്പതു വയസുകാരന്‍ ഈശ്വര സൂരജിനു കിഡ്‌നി ദാനം ചെയ്യാന്‍ തീരുമാനിച്ചയുടന്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഇതേ സംബന്ധിച്ച് മാര്‍ മുരിക്കന്‍ ചര്‍ച്ച നടത്തിയിരുന്നു. സൂരജ് നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ടതായിരുന്നു. ഡയാലീസിസിന് പണം കണ്ടെത്താന്‍ കഴിവില്ലാത്തതിനാല്‍ സാധുക്കളെ കിഡ്‌നി മാറ്റിവെക്കാന്‍ സഹായിക്കുന്ന സംഘടനയായ കിഡ്‌നീ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യാ എന്ന സംഘടനയില്‍ സഹായം അഭ്യര്‍ദ്ധിച്ചിരുന്നു. ഈ സാമൂഹിക സംഘടന സ്ഥാപിച്ചത് ഫാദര്‍ ഡേവീസ് ചിറമേല്‍ ആണ്. വിവരം മനസിലാക്കിയ ബിഷപ്പ് മുരിക്കന്‍ തന്റെ കിഡ്‌നി സൂരജിന് ദാനം ചെയ്യാന്‍ തയാറാവുകയായിരുന്നു.

പാവപ്പെട്ടവനായ സൂരജ് തന്റെ അമ്മയും ഭാര്യയുമടങ്ങിയ കുടുംബം പോറ്റാനുള്ള ഏക ആശ്രയമായിരുന്നു. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ ജോലി ചെയ്തിരുന്ന വേളയില്‍ കിഡ്‌നി തകരാറുണ്ടെന്നു രണ്ടു വര്‍ഷം മുമ്പ് മനസിലാക്കിയിരുന്നു. ഭാര്യ ബേബി രമണിയും അമ്മ പാര്‍വതിയും അടങ്ങിയ കുടുംബത്തില്‍ നാലുവര്‍ഷം മുമ്പ് സൂരജിന്റെ പിതാവ് പാമ്പ് കടിയേറ്റു മരിച്ചു പോയി. ഒരു സഹോദരനും ഹൃദയാഘാതം മൂലം ഇതിനിടെ നഷ്ടപ്പെട്ടിരുന്നു. 'ഫാദര്‍ ചിറമേല്‍ രണ്ടു വര്‍ഷം മുമ്പ് ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ മാതൃകയാക്കാന്‍ താനും ആവേശഭരിതനായെന്നും തന്റെ കിഡ്‌നിയും പാവപ്പെട്ട ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ തീരുമാനിച്ചുവെന്നും കാരുണ്യത്തിന്റെ വര്‍ഷത്തില്‍ പറ്റുന്ന സഹായം നല്കണമെന്ന ചിന്തകള്‍ അലട്ടിക്കൊണ്ടിരുന്നുവെന്നും ഒരു ദൈവിക സന്ദേശം തന്നില്‍ ജ്വലിക്കുന്നതായി തോന്നിയെന്നും .' ബിഷപ്പ് മുരിക്കന്‍ പറയുന്നു. ആ യുവാവിനെപ്പറ്റി ബിഷപ്പ് ആദ്യമായി കേട്ടത് ഫാദര്‍ ചിറമേലില്‍ നിന്നുമായിരുന്നു.

ദൈവദൂതനെപ്പോലെ വന്ന ഒരു ബിഷപ്പാണ് തനിയ്ക്ക് കിഡ്‌നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ സൂരജിന്റെ കണ്ണുകളില്‍ വികാരാവേശത്താല്‍ മിഴിനീര്‍ത്തുള്ളികള്‍ നിറഞ്ഞിരുന്നു. ആ യുവാവ് ഇതറിഞ്ഞയുടന്‍ പറഞ്ഞു, ' ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് എനിയ്ക്ക് വൃക്കയിലുള്ള രോഗം വഷളായപ്പോള്‍ ഇതിനുള്ള ചീകത്സ തുടങ്ങിയിരുന്നു. ഒരു ബിഷപ്പാണ് കിഡ്‌നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ഈശ്വരന്‍ ഭൂമിയില്‍ താണുവന്ന് അനുഗ്രഹിച്ചതായും തോന്നി. ഇത് ദൈവത്തിന്റെ ഇടപെടലായി എനിക്കനുഭവപ്പെടുന്നു.' 'കിഡ്‌നി സ്വീകരിക്കുന്ന വ്യക്തി മറ്റൊരു മതത്തില്‍പ്പെട്ട വ്യക്തിയാണെങ്കിലും തന്നെ സംബന്ധിച്ച് അത് പ്രശ്‌നമല്ലെന്നും സഭാപുത്രനെന്ന നിലയില്‍ കാരുണ്യത്തിന്റെ ഈ വര്‍ഷത്തില്‍ ഇതെന്റെ കടമയായി കരുതുന്നുവെന്നും' ബിഷപ്പ് പറഞ്ഞു. 'ഞാനുള്‍പ്പെടുന്ന എന്റെ സഭയും മാര്‍പ്പാപ്പയും അത്തരം മഹത്തായ ദാനങ്ങള്‍ക്കായി അഭിലക്ഷിക്കുന്നുവെന്നും ഇത് സഭയുടെ ചൈതന്യമാണെന്നും എനിയ്ക്ക് ചുറ്റുമുള്ള ജനത്തിനായുള്ള ശക്തമായ ഒരു സന്ദേശമാണിതെന്നും എന്നിലുള്ള ക്രിസ്തീയത ഇവിടെ പ്രതിഫലിക്കുന്നുവെന്നും' ബിഷപ്പിന്റെ വാമൊഴിയിലുണ്ടായിരുന്നു.

ക്രൈസ്തവധര്‍മ്മത്തിന്റെ അടിസ്ഥാനമായ സ്‌നേഹമെന്ന തത്ത്വത്തില്‍ അധിഷ്ടിതമായ ഈ ധാര്‍മ്മീക പ്രവര്‍ത്തനങ്ങള്‍ക്ക് പുറകിലുള്ള മനുഷ്യന്‍ ഫാദര്‍ ചിറമേലായിരുന്നു. സ്വന്തം വൃക്ക ദാനം ചെയ്യണമെന്ന സാഹസം പൌരാഹിത്യ ശൃംഖലകളില്‍ ആദ്യമായി തുടക്കമിട്ടതും അദ്ദേഹമായിരുന്നു. ബിഷപ്പ് തുടരുന്നു, 'ഞങ്ങള്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയപ്പോള്‍ കിഡ്‌നി സ്വീകരിക്കുന്ന വ്യക്തിയുടെ കുടുംബത്തില്‍ നിന്നാരെങ്കിലും മറ്റൊരു വ്യക്തിക്ക് കിഡ്‌നി ദാനം ചെയ്യണമെന്നുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ സൂരജിന്റെ കാര്യത്തില്‍ അത് സാധ്യമല്ലായിരുന്നു. ആ കുടുംബത്തിലുള്ളവര്‍ അനാരോഗ്യമുള്ളവരായിരുന്നു. അതിനാല്‍ അത്തരം ഒരു വ്യവസ്ഥ പ്രാവര്‍ത്തികമായിരുന്നില്ല. ഞങ്ങള്‍ അത് മനസിലാക്കിയിരുന്നു.'

എകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ബൈബിള്‍ സമ്മേളനത്തില്‍ വൃക്ക ദാനം ചെയ്യുന്ന ദൈവിക ദൗത്യത്തെ സംബന്ധിച്ചു കിഡ്‌നി ഫൌണ്ടേഷന്‍ സ്ഥാപകനായ ഫാദര്‍ ഡേവീഡ് ചിറമേലിന്റെ വികാരപരമായ ഒരു പ്രസംഗം ബിഷപ്പ് മുരിക്കനെ ആവേശഭരിതനാക്കിയിരുന്നു. ജ്വലിക്കുന്ന സ്‌നേഹാഗ്‌നി നിറഞ്ഞ മനസുമായി അപ്പോള്‍തന്നെ തന്റെ കിഡ്‌നി ദാനം ചെയ്യാനുള്ള ആഗ്രഹം അദ്ദേഹം ഫാദര്‍ ചിറമേലിനെ അറിയിക്കുകയും ചെയ്തു. ഫാദര്‍ ചിറമേലും സ്വന്തം അനുഭവ കഥകള്‍ പകര്‍ത്തി. അദ്ദേഹം ഇത്തരമൊരു സാഹസത്തിനൊരുങ്ങിയ സമയം എതിര്‍പ്പുകള്‍ നാനാഭാഗത്തു നിന്നുമുണ്ടായിരുന്ന വിവരവും ബിഷപ്പിനെ അറിയിച്ചു. മെത്രാന്മാര്‍ക്കും ചിറമേലിന്റെ തീരുമാനം പുതുമയായിരുന്നു. എന്തിനാണ് ശരീരഭാഗം മുറിച്ചു കൊടുത്ത് സ്വയം ത്യാഗത്തിലേയ്ക്ക് ഒരുമ്പെടുന്നതെന്നും ചോദ്യങ്ങള്‍ നാനാ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പത്രക്കാര്‍ പുതിയൊരു വാര്‍ത്ത കിട്ടിയതുപോലെ ചുറ്റും വന്ന് ചോദ്യങ്ങള്‍ ചോദിച്ചതും മടുപ്പിക്കുന്ന കാര്യങ്ങളും ഫാദര്‍ ചിറമേല്‍ വിവരിക്കുന്നു.

ഫാദര്‍ ചിറമേലില്‍ പ്രേരിതനായി വൃക്ക ദാനം ചെയ്ത മറ്റൊരു കത്തോലിക്കാ പുരോഹിതനാണ് കോട്ടയംകാരനായ ഫാദര്‍ സെബാസ്റ്റ്യന്‍. ഒരു ബസ് യാത്രയില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ ഫാദര്‍ സെബാസ്റ്റ്യന്‍ ഒരു മുസ്ലിം യുവാവിന് തന്റെ വൃക്ക ദാനമായി നല്കുകയുണ്ടായി. രണ്ടുപേരും അപരിചിതരായിരുന്നു. യാത്രയ്ക്കിടയില്‍ വ്യത്യസ്ഥ മതങ്ങളായ ഇരുവരുടെയും ദൈവിക വിശ്വാസം ചര്‍ച്ചയ്ക്കു കാരണമായി. അത് കാരുണ്യത്തിന്റെയും ദയയുടെയും കഥയായി മാറുകയായിരുന്നു. ഈ കണ്ടുമുട്ടല്‍ ഇരുവരുടെയും ജീവിതത്തിന്റെ പുത്തനായ മാറ്റങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. നാല്പ്പത്തിയൊന്നു വയസുള്ള ഫാദര്‍ സെബാസ്റ്റ്യന്‍ മുപ്പതു വയസുള്ള റസാക്ക് മുഹമ്മദിന് തന്റെ വൃക്ക സമ്മാനിച്ചപ്പോള്‍ മത സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും ഊഷ്മളത അവിടെ പങ്കുവെക്കുകയായിരുന്നു. ആലപ്പുഴക്കാരനായ റസാക്ക് വൃക്ക തകരാറുമൂലം ജീവിതവുമായി പടവെട്ടുന്ന സമയവുമായിരുന്നു. രണ്ടുപേരും അവരവരുടെ മതത്തില്‍ തീവ്രമായ മതവിശ്വാസികളും. ഒന്നിച്ചുള്ള ബസിലെ യാത്രയില്‍ ഫാദര്‍ സെബാസ്റ്റ്യന്‍, റസാക്കിന് തന്റെ കിഡ്‌നി ദാനം നല്കാമെന്നു വാഗ്ദാനം ചെയ്തു. ദൈവം തന്നെ ഒരു പുരോഹിതന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് വൃക്ക ദാനം ചെയ്ത് പുതിയൊരു ജീവിതം തനിക്കു നല്കിയെന്ന് റസാക്ക് വിശ്വസിക്കുന്നു.

യാഥാസ്ഥികരായ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഫാദര്‍ സെബാസ്റ്റ്യന്‍ വളര്‍ന്നത്. മതകാര്യങ്ങളില്‍ വളരെ കര്‍ശനമായ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കുന്ന കാലങ്ങളില്‍ സ്‌കൂളിലും ജില്ലാതലത്തിലും എന്നും ഒന്നാമനായിരുന്നെങ്കിലും ഒരു പുരോഹിതനാകണമെന്ന മോഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പുരോഹിതനായാലും ആതുര സേവനത്തിനായിരുന്നു മുന്‍ഗണന നല്കിയത്. ആരെങ്കിലും രോഗികളെയോ വേദനകൊണ്ട് കരയുന്നവരെയോ കണ്ടാല്‍ അദ്ദേഹത്തിന്റെ കണ്ണുകളും നിറയുമായിരുന്നു. മരണം നടക്കുന്ന വീടുകളില്‍ പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിനു പ്രയാസമായിരുന്നുവെന്നും പറയുമായിരുന്നു. 'കുടുംബത്തിലുള്ളവര്‍ കരയുമ്പോള്‍ തന്റെ കണ്ണുകളും നിറയുമെന്നും അവരുടെ കണ്ണുകളില്‍ നോക്കാതെയാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും' അദ്ദേഹം പറയുന്നു. ഫാദര്‍ ഡേവീസ് ചിറമേല്‍ ഒരു ഹിന്ദുയുവാവിനു വൃക്ക ദാനം ചെയ്തതുമുതലായിരുന്നു ഫാദര്‍ സെബാസ്റ്റ്യനും അത്തരമൊരു കാരുണ്യ പ്രവര്‍ത്തനത്തിനു മോഹമുണ്ടായത്. അതുപോലുള്ള അവസരങ്ങള്‍ക്കായി നീണ്ട കാലത്തോളം അദ്ദേഹം കാത്തിരിക്കുകയായിരുന്നു. 'തന്റെ സീറ്റിലിരുന്ന മുസ്ലിം യുവാവ് തികച്ചും അതിന് അനുയോജ്യനാണെന്നും തന്റെ വൃക്ക അയാള്‍ക്ക് യോജിക്കുമെന്നും' ഫാദര്‍ സെബാസ്റ്റ്യന്‍ മനസിലാക്കിക്കൊണ്ട് 2013 ല്‍ അദ്ദേഹം തന്റെ വൃക്ക ദാനം ചെയ്യുകയായിരുന്നു.

ഫാദര്‍ ചിറമേല്‍ തുടങ്ങി വെച്ച വൃക്കദാന സംരംഭം അത്ഭുതകരമായ നേട്ടങ്ങളാണുണ്ടായത്. അദ്ദേഹത്തിന്റെ ശ്രമഫലമായി കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചു വൈദികരും എട്ടു കന്യാസ്ത്രികളും വൃക്ക സമൂഹത്തിനായി ദാനം ചെയ്തു. ദാനങ്ങള്‍ പലവിധത്തിലാകാം. സമ്പത്തുകൊണ്ടും വിദ്യകൊണ്ടും മറ്റുള്ളവരെ സഹായിക്കാന്‍ പറ്റും. പക്ഷെ രക്തം ചിന്തിക്കൊണ്ടുള്ള ഒരു ദാനത്തിന് ഫാദര്‍ ചിറമേല്‍ ഉള്പ്പടെയുള്ള വൈദികരും കന്യാസ്ത്രികളും ബിഷപ്പ് മുരിക്കനും ഒരുമ്പെട്ടത് ക്രൈസ്തവീക വികാരങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. ക്രൂരമായ കൂട്ടക്കൊലകള്‍ നടത്തി ഭീകരര്‍ തിന്മയുടെ രക്തച്ചൊരിച്ചിലുകള്‍ ലോകത്തു സൃഷ്ടിക്കുന്നു. വൃക്ക ദാനം വഴി നന്മയുടെ രക്തച്ചൊരിച്ചിലുകള്‍ക്കു തയാറാകാന്‍ ഫാദര്‍ ചിറമേല്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അവരെ തടയരുതെന്ന് യേശു നാഥന്‍ പറഞ്ഞതുപോലെ വൃക്ക ദാനം ചെയ്യുന്നവരെ തടയരുതെന്നും ഹൃദയ ശുദ്ധിയുള്ളവര്‍ക്കു മാത്രമേ ഇത്തരം പരിപാവനമായ പുണ്യകര്‍മ്മം ചെയ്യാന്‍ സാധിക്കുള്ളൂവെന്നും ഫാദര്‍ ചിറമേല്‍ വിശ്വസിക്കുന്നു. 

ജാതിയും മതത്തിനുമുപരിയായി മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നുള്ള തത്ത്വ ചിന്തകള്‍ ബിഷപ്പ് മുരിക്കനും ചിറമേലും അദ്ദേഹത്തോടൊപ്പമുള്ള മറ്റു പുരോഹിതരും ലോകത്തിനു കാണിച്ചു കൊടുക്കുകയാണുണ്ടായത്. നിശ്ചലമായ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ചീകത്സിക്കാന്‍ നിവൃത്തിയില്ലാതെ ആയിരക്കണക്കിന് ജനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഈ മഹാ പുരോഹിതര്‍ നല്കിയ സന്ദേശം എല്ലാ മത വിശ്വാസികള്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശകളാണ് നല്കുന്നത്. 

ബലിയല്ല സ്‌നേഹമാണ് വേണ്ടതെന്നു ക്രിസ്തു തത്ത്വം പറയുന്നു. സത്യമായ രക്തം ചീന്തിയുള്ള ഒരു 'ബലി', സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ബലി സമൂഹത്തിനു വേണ്ടി അര്‍പ്പിക്കാന്‍ തയാറായ ബിഷപ്പ് മുരിക്കന്റെയും ചിറമേലിന്റെയും മറ്റു പുരോഹിതരുടെയും കന്യാസ്ത്രീ സഹോദരികളുടെയും മാര്‍ഗങ്ങള്‍ പിന്തുടരാന്‍ അനേകര്‍ക്കും അല്മായ ലോകത്തിനും ആവേശം നല്‍കുമെന്നതില്‍ സംശയമില്ല. 'അവയവം തരൂവെന്ന് നമുക്കാരോടും ആവശ്യപ്പെടാന്‍ സാധിക്കില്ലന്നും അത് സ്വയം ചെയ്യേണ്ട കര്‍മ്മമാണെന്നും മനസ് പാകപ്പെടുത്തിയാലെ ഇത്തരമൊരു പുണ്യ കര്‍മ്മത്തിനു സാധ്യമാവുള്ളൂവെന്നും' ബിഷപ്പ് മുരിക്കന്‍ പറയുന്നു.
ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും (ജോസഫ് പടന്നമാക്കല്‍)
ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും (ജോസഫ് പടന്നമാക്കല്‍)

ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും (ജോസഫ് പടന്നമാക്കല്‍)

ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും (ജോസഫ് പടന്നമാക്കല്‍)

ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും (ജോസഫ് പടന്നമാക്കല്‍)

Join WhatsApp News
pappachi 2016-06-04 09:27:24
the respected father done a very good job. why it is making as a very big issue as he give his kidney to a hindu person.  A namboothiri girl give her kidney to  a muslim boy  and all these are quiet natural. donot make it as a big issue
Joseph Padannamakkel 2016-06-04 10:39:54
ആയിരക്കണക്കിന് ജനം കിഡ്നികൾ ദാനം ചെയ്തിട്ടുണ്ട്. ശരി തന്നെ. അത് കുടുംബ ബന്ധങ്ങളാകാം. പണത്തിനു വേണ്ടിയാകാം, പ്രേമത്തിന്റെ ലഹരിയിലാകാം. സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷണം കൊണ്ടാകാം. ജീവകാരുണ്യമാകാം. എങ്കിലും അത്തരം വാർത്തകൾക്ക് പുതുമ കല്പ്പിക്കാറില്ല. ലോകവാർത്തകളിൽ സ്ഥാനം പിടിക്കുകയുമില്ല. എന്നാൽ മുരിക്കന്റെ കിഡ്നിദാനം ഇന്ത്യയിലെയും വിദേശത്തിലെയും പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ മുഖ്യമന്ത്രി തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അർപ്പിച്ചു. ഒരു ബിഷപ്പ് കിഡ്നി ദാനം ചെയ്യുന്നത് ലോകചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. അതുപോലെ ഫാദർ ചിറമേൽ കിഡ്നി ദാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പുരോഹിതനായിരുന്നു. അതിനുശേഷം അനേക പുരോഹിതർ കിഡ്നി ദാനം ചെയ്തെങ്കിലും വാർത്തകളിൽ സ്ഥാനം പിടിച്ചില്ല. കോളേജിൽ പഠിക്കാൻ നിവൃത്തിയില്ലാത്ത ഒരു ദളിതൻ വടക്കേ ഇന്ത്യയിൽ കിഡ്നി വിൽക്കാൻ ശ്രമിച്ചിട്ട് സവർണ്ണ ഹിന്ദുക്കൾ സ്വീകരിക്കാൻ തയാറാകാഞ്ഞതും അടുത്ത കാലത്തെ വാർത്തയായിരുന്നു. വർഗീയപുക തലയിൽ നിറച്ചു വെച്ചവർക്കു  ഇങ്ങനെയുള്ള വാർത്തകൾ മനസുകൾക്ക് ശാന്തി കൊടുക്കും.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക