Image

കാവാലം നാരായണപ്പണിക്കരുടെ സംസ്‌കാരം ചൊവ്വാഴ്ച

Published on 27 June, 2016
കാവാലം  നാരായണപ്പണിക്കരുടെ സംസ്‌കാരം ചൊവ്വാഴ്ച
കാവാലം  നാരായണപ്പണിക്ക(88)രുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 4.30നു സ്വദേശമായ കാവാലത്തു സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ നടക്കും. 

കഴിഞ്ഞ രാത്രി ഒന്‍പതരയോടെ തൃക്കണ്ണാപുരത്തെ വസതിയായ ഹരിശ്രീയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാത്രി മുതല്‍ തൃക്കണ്ണാപുരത്തെ നാടകക്കളരിയായ സോപാനത്തില്‍ നാരായണപ്പണിക്കരുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ഇന്നു വൈകുന്നേരത്തോടെ മൃതദേഹം കാവാലത്തേക്കു കൊണ്ടുപോകും. 

ചൊവ്വാഴ്ച രാവിലെ മുതല്‍ കാവാലം ചാലയില്‍ തറവാട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശാരദാമണിയാണു ഭാര്യ. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ എന്നിവരാണു മക്കള്‍.

കവി, നാടകകാരന്‍, ഗാനരചയിതാവ് എന്നീ രംഗങ്ങളില്‍ പ്രശസ്തനായ കാവാലം നാരായണപ്പണിക്കര്‍ കുട്ടനാട്ടിലെ കാവാലം ഗ്രാമത്തില്‍ പ്രശസ്തമായ ചാലയില്‍ കുടുംബത്തില്‍ ഗോദവര്‍മയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1928 ഏപ്രില്‍ 28-നാണു ജനിച്ചത്. പ്രശസ്ത നയതന്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന സര്‍ദാര്‍ കെ.എം. പണിക്കര്‍ അദ്ദേഹത്തിന്റെ അമ്മാവനും പ്രശസ്ത കവിയും അധ്യാപകനും സാഹിത്യകാരനുമായിരുന്ന ഡോ.കെ. അയ്യപ്പപ്പണിക്കര്‍ അടുത്ത ബന്ധുവുമായിരുന്നു. 

കാവാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളില്‍ നിന്നുള്ള സ്‌കൂള്‍പഠനത്തിനുശേഷം കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും ആലപ്പുഴ എസ്ഡി കോളജില്‍ നിന്ന് ബിഎ ഇക്കണോമിക്‌സും മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും പൂര്‍ത്തിയാക്കി.

1955 -ല്‍ അഭിഭാഷകനായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം ആറു വര്‍ഷത്തോളം അതു തുടര്‍ന്നു. അഭിഭാഷകവൃത്തിക്കൊപ്പം കലാപ്രവര്‍ത്തനവും തുടര്‍ന്നു. 

1961-ല്‍ കേരള സംഗീതനാടക അക്കാദമി സെക്രട്ടറിയായി നിയമിതനായി. അതോടെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി കലാകാരന്മാരുമായി ബന്ധം സ്ഥാപിക്കാനും വൈവിധ്യം നിറഞ്ഞ ഒട്ടനവധി കലാരൂപങ്ങളുമായി അടുത്തിടപഴകാനും സാധിച്ചു.

കാക്കാരിശിനാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടെയും, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും ചുവടുപിടിച്ചുള്ള സവിശേഷമായ ഒരു അഭിനയരീതിയാണു കാവാലം കൊണ്ടുവന്ന തനതുനാടകവേദിയുടെ അടിത്തറ.

 ദൈവത്താര്‍, അവനവന്‍ കടമ്പ തുടങ്ങി നിരവധി നാടകങ്ങള്‍ക്ക് അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ചു. കാവാലം തുടങ്ങിവച്ച നാടക സമിതിയായ തിരുവരങ്ങില്‍ നിന്നായിരുന്നു ഒരുകാലത്ത് മിക്കവാറും മികച്ച നാടകങ്ങളൊക്കെ അരങ്ങിലെത്തിയിരുന്നത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക