Image

മാര്‍ നിക്കൊളോവോസിന്റെ തെരെഞ്ഞെടുപ്പ് മലങ്കര സഭക്കു ലഭിച്ച അംഗീകാരം

ജോര്‍ജ് തുമ്പയില്‍ Published on 29 June, 2016
മാര്‍ നിക്കൊളോവോസിന്റെ തെരെഞ്ഞെടുപ്പ് മലങ്കര സഭക്കു ലഭിച്ച അംഗീകാരം
വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (WCC)എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയാ മാര്‍ നിക്കൊളോവോസിന്റെ തെരെഞ്ഞെടുപ്പ് മലങ്കര സഭക്കു ലഭിച്ച അംഗീകാരം.

നോര്‍വേ ട്രോന്‍ഡെയിമില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി മീറ്റിംഗിലായിരുന്നു തിരഞ്ഞെടുപ്പ്. പുതുതായി രൂപീകരിച്ച കമ്മിറ്റിയില്‍ തെക്കന്‍ ഏഷ്യയെപ്രതിനിധീകരിച്ച് മാര്‍ നിക്കോളോവോസ് മാത്രമാണ് അംഗമായിട്ടുള്ളത്.

രണ്ട് പതിറ്റാണ്ടുകളിലേറെയായി ഇതാദ്യമായാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രതിനിധാനം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ സഭയെ കമ്മിറ്റിയില്‍ അവസാനമായി പ്രതിനിധീകരിച്ചത് കാലംചെയ്ത ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തയാണ്. ഡബ്ലിയു സി സിയിലെ നിരവധി കമ്മിറ്റികളില്‍ ദീര്‍ഘകാലം മാര്‍ ഗ്രിഗോറിയോസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രോഗ്രാം സ്റ്റാഫിനെ നിയമിക്കുക, ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുക, കേന്ദ്രകമ്മിറ്റി അംഗീകരിച്ച ബഡ്ജറ്റ് ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ചുമതല.

സെന്‍ട്രല്‍ കമ്മിറ്റി ഓഫിസര്‍മാര്‍, മോഡറേറ്റര്‍, രണ്ട് വൈസ് മോഡറേറ്റര്‍മാര്‍, ജനറല്‍ സെക്രട്ടറി, പ്രോഗ്രാം, ഫിനാന്‍സ് കമ്മിറ്റി മോഡറേറ്റര്‍മാര്‍ എന്നിവര്‍ക്കൊപ്പം, തങ്ങളുടെ ഇരുപതോളം അംഗങ്ങളെ ഡബ്‌ള്യു സി സി കേന്ദ്രകമ്മിറ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സേവനം ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നു.
2013 നവംബറില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലിത്ത വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 

ലോകമാകെ 110 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ലോകത്തെ ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലുതറന്‍, മെതഡിസ്റ്റ്, റിഫോമ്ഡ് തുടങ്ങി 500 മില്യണ്‍ ക്രിസ്ത്യാനികളെ പ്രതിനിധീകരിച്ച്, റോമന്‍ കാത്തലിക് ചര്‍ച്ചുമായി ചേര്‍ന്നാണ് ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം. 

മാര്‍ നിക്കോളോവോസിന്റെ പുതിയ സ്ഥാനലബ്ധിയില്‍ ഭദ്രാസന കൗണ്‍സില്‍ നിറഞ്ഞ അഭിമാനവും തികഞ്ഞ സംതൃപ്തിയും രേഖപ്പെടുത്തി. ഇത് മലങ്കര സഭയ്ക്ക് ലഭിച്ച വലിയൊരു ബഹുമതിയായി വിലയിരുത്തുകയും ചെയ്തു. ഭദ്രാസനത്തിലെ മുഴുവന്‍ ജനങ്ങളും ആഹ്ലാദിക്കുന്നതായി ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക