Image

ഡോ:എ. പി .ജെ അബ്ദുള്‍ കലാം സ്മരണയുമായി ഫോമാ കണ്‍വന്‍ഷന്‍

അനില്‍ പെ­ണ്ണുക്കര Published on 06 July, 2016
ഡോ:എ. പി .ജെ അബ്ദുള്‍ കലാം സ്മരണയുമായി ഫോമാ കണ്‍വന്‍ഷന്‍
"സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളില്‍ നിന്നും ലഭിച്ചതാണ്, എന്നാല്‍ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരില്‍ നിന്നും സഹോദരിയില്‍ നിന്നുമാണ്" ഡോ:എ. പി .ജെ അബ്ദുള്‍ കലാമിന്റെ ആത്മകഥയായ "അഗ്‌നിച്ചിറകുകളില്‍" നിന്നും എടുത്ത രണ്ടു വരികളാണ് മുകളില്‍ ചേര്‍ത്തത് .അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസി മലയാളികള്‍ ചില സമയങ്ങളിലെങ്കിലും ഈ വാക്കുകള്‍ ഓര്‍ക്കാതിരിക്കില്ല .ഈ വാക്കു നമുക്ക് സമ്മാനിച്ച അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത് 2015 ജൂലൈ 27 നാണ് .

ഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 7 മുതല്‍ 10 വരെ അമേരിക്കയിലെ കൊച്ചു കേരളമായ ഫ്‌ലോരിഡയിലെ മയാമിയില്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഫോമയുടെ കണ്‍വന്‍ഷന്‍ നഗറിനു അദ്ദേഹത്തിന്റെ പേരുനല്കി ആദരിക്കുന്നു.ഫോമയുടെ കേരള കണ്‍വന്‍ഷന്‍ നഗറിനും അദ്ദേഹത്തിന്റെ പേരായിരുന്നു നല്‍കിയത്.

നമ്മെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ആ ഗുരുവര്യന്‍ ഇന്ന് നമ്മോടൊപ്പമില്ല .എങ്കിലും ഓരോ ഇന്ത്യക്കാരനും നന്മയുടെ ഒരു പുതു തുടക്കത്തിന് തിരി കൊളുത്തുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന ഊര്‍ജം ഒന്നു വേറെ തന്നയാണ് .
രാഷ്ട്രപതിയെക്കുറിച്ചുള്ള ചര്‍ച്ചകളിലെവിടെയും പരാമര്‍ശിക്കപ്പെടാതെ, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിന്നില്‍, രണ്ട് മലയാളികളുണ്ട്. ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്ന രാഷ്ട്രീയനിലപാടുകളുള്ള ബി.ജെ.പി. നേതാവ് ഒ.രാജഗോപാലും കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും.

2002­ല്‍ രാഷ്ട്രപതിഭവനില്‍ കെ.ആര്‍.നാരായണന്റെ സേവനകാലാവധി തീരുന്നതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെന്ന ചര്‍ച്ച കേന്ദ്രത്തില്‍ എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ്സിനുകൂടി സ്വീകാര്യനായ ആളിനുമാത്രമേ സാധ്യതയുണ്ടായിരുന്നുള്ളു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മലയാളിയായ പി.സി.അലക്‌­സാണ്ടറെ നിര്‍ദ്ദേശിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു. ന്യൂനപക്ഷ സമുദായാംഗമാകണം പുതിയ രാഷ്ട്രപതി എന്ന തീരുമാനമാണ് മലയാളിയായ അലക്‌­സാണ്ടറെ പരിഗണിക്കാന്‍ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അലക്‌­സാണ്ടറുടെ പേരിനോട് താല്പര്യം കാട്ടിയില്ല. ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുള്‍ കലാമിന്റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് വാജ്‌പേയ് ഗവണ്‍മെന്റില്‍ റെയില്‍വേ വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ ഒ.രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്‌പേയിയെ നേരില്‍ക്കണ്ട് രാജഗോപാല്‍ നിര്‍ദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരന്‍, 'കലാം അയ്യര്‍' എന്ന് വിളിപ്പേരു വീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാല്‍ പ്രധാനമന്ത്രിക്കുമുന്നില്‍ വെച്ചു. രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചിലര്‍ കലാമിന്റെ ന്യൂനതയായി പറഞ്ഞിരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്നായി താന്‍ പ്രധാനമന്ത്രിക്കുമുന്നില്‍ വെച്ചതെന്നും രാജഗോപാല്‍ പിന്നീട് പറഞ്ഞിരുന്നു. ഒ. രാജഗോപാലിന്റെ നിര്‍ദ്ദേശത്തെ, മറ്റൊരു മലയാളിയായ അന്നത്തെ കേരള മുഖ്യമന്ത്രി ആന്റണിയാണ്­ കോണ്‍ഗ്രസ് പ്രതിനിധിയായി ആദ്യം ശരിവച്ചത്.

കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയേക്കാള്‍ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്.

10 ജൂണ്‍ 2002­ല്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്സിനോട് തങ്ങള്‍ രാഷ്­ട്രപതി സ്ഥാനത്തേക്ക് അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാര്‍ട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന കെ.ആര്‍. നാരായണന്‍ താന്‍ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി. ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണല്‍. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുള്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്‌ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുള്‍ കലാമിനുണ്ട്. ഡോക്ടര്‍.എസ്.രാധാകൃഷ്ണനും ഡോക്ടര്‍.സക്കീര്‍ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അര്‍ഹരായവര്‍.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാന്‍ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകള്‍ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രപതി ഭവനില്‍ ജോലിക്കാര്‍ ഉള്ളപ്പോളായിരുന്നു ഇത്.ധ32പ ഭാരതത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.

രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ താന്‍ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിന്‍വലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോള്‍, കലാമിന് മുന്‍നിര രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു.

കലാമിന്റെ പിന്‍ഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിന്റെ പേര്‍ വീണ്ടും സജീവമായി ഉയര്‍ന്നു വന്നു. കലാം രാഷ്ട്രപതിയാവാന്‍ വീണ്ടും തയ്യാറാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് ചില രാഷ്ട്രീയപാര്‍ട്ടികള്‍ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി.

2015 ജൂലൈ 27 ന് 84 വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌­മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അബ്ദുള്‍ കലാമിന്‍റെ ചരമ വാര്‍ഷികം ജൂലൈ 27-
ന് രാജ്യം നിറകണ്ണുകളോടെ ആചരിക്കുമ്പോള്‍ ഫോമാ നേതൃത്വത്തിന് അഭിമാനിക്കാം .കാരണം ചരിത്രമാകുന്ന ഒരു കണ്‍വന്‍ഷന്റെ പ്രധാന പ്രോജക്ട് അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്ന കുട്ടികള്‍ക്ക് വേണ്ടി ആയിരുന്നുവെന്ന്...
ഡോ:എ. പി .ജെ അബ്ദുള്‍ കലാം സ്മരണയുമായി ഫോമാ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക