Image

കമല ഹാരീസിനെ ഒബാമ പിന്തുണച്ചത് ഇരുവരും കറുത്തവര്‍ ആയതുകൊണ്ടെന്ന് ലൊറേറ്റ സാഞ്ചസ്‌

Published on 23 July, 2016
കമല ഹാരീസിനെ ഒബാമ പിന്തുണച്ചത് ഇരുവരും കറുത്തവര്‍  ആയതുകൊണ്ടെന്ന് ലൊറേറ്റ സാഞ്ചസ്‌
സാക്രമെന്റോ: യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരീസിന് പ്രസിഡന്റ് ഒബാമ തന്റെ പിന്തുണ അറിയിച്ചത് ഇരുവരും കറുത്ത വര്‍ഗക്കാരായതുകൊണ്ടാണെന്ന് കമലയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റും ഓറഞ്ച് കൗണ്ടി കോണ്‍ഗ്രസ് പ്രതിനിധിയുമായ ലൊറേറ്റ സാഞ്ചസ് പറഞ്ഞു. കമല ജമൈക്ക-ഇന്ത്യന്‍ ദമ്പതികളുടെ പുത്രിയും സാഞ്ചസ് മെക്‌സിക്കന്‍ കുടിയേറ്റ ദമ്പതികളുടെ മകളുമാണ്. ഇതാദ്യമായിരിക്കും ഒരു ലാറ്റിനോയോ ഒരു ഇന്ത്യന്‍ വംശജയോ അമേരിക്കന്‍ സെനറ്റിലെത്തുക. അതിനാല്‍ നവംബറില്‍ നടക്കുവാന്‍ പോകുന്ന ചരിത്രപ്രാധാന്യമുള്ള തിരഞ്ഞെടുപ്പു ഗോദയിലേക്ക് സാഞ്ചസ് തന്റെ പ്രസ്താവനയിലൂടെ വംശീയ രാഷ്ട്രീയം വിതറിയിരിക്കുകയാണ്. 

സാക്രമെന്റോയിലെ യൂണി വിഷന്‍-19 എന്ന ടി.വി ക്കു നല്‍കിയ അഭിമുഖത്തിലാണ് സാഞ്ചസ് വിവാദ പ്രസ്താവന നടത്തിയത്.  “ഒബാമയും കമലയും ദീര്‍ഘകാല സുഹൃത്തുക്കളാണ്. ഒബാമയെപ്പോലെ കമല ഹാരിസും ആഫ്രിക്കന്‍ അമേരിക്കനാണ്. പലപല മീറ്റിംഗുകളിലും മറ്റും അടുത്തിടപഴകിയിട്ടുള്ള ഇരുവരും തമ്മില്‍ പരസ്പരം നന്നായറിയാം. ഈ ഘടകങ്ങളായിരിക്കാം കമലയെ പിന്തുണയ്ക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചത്...” ലൊറേറ്റ വ്യക്തമാക്കുന്നു. പ്രസിഡന്റ് ഒബാമയോടൊപ്പം വൈസ് പ്രസിഡന്റ് ജോ ബൈഡനും കമലയ്ക്ക് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു.

കാലിഫോര്‍ണിയയിലെ ഉയര്‍ന്ന റാങ്കുള്ള രാഷ്ട്രീയ പ്രവര്‍ത്തകയാണ് കമല ഹാരീസ്. സെനറ്റ് റേസില്‍ വിജയിക്കുകയാണെങ്കില്‍ യു.എസ് സെനറ്റിലെത്തുന്ന രണ്ടാമത്തെ കറുത്ത വര്‍ഗക്കാരിയും ആദ്യത്തെ ഇന്ത്യന്‍ വംശജയുമായിരിക്കുമവര്‍. അമേരിക്കന്‍ ചരിത്രത്തിലെ പ്രഥമ ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിഡന്റാണല്ലോ ബറാക്ക് ഒബാമ. അതേ സമയം ലൊറേറ്റ സാഞ്ചസിന്റെ കമന്റുകള്‍ നിരാശാജനകമായിപ്പോയെന്നും ഇത് അവര്‍ക്ക് മോശം പ്രതിഛായ നല്‍കുമെന്നും ഹാരീസിന്റെ കാമ്പെയ്ന്‍ മാനേജര്‍ ജുവാന്‍ റോഡ്രിഗ്‌സ് അഭിപ്രായപ്പെട്ടു. ശക്തമായ സ്ഥാനാര്‍ത്ഥി തന്നെയാണ് ലൊറേറ്റയും. പക്ഷേ, ദേശീയ തലത്തില്‍ തന്നെ വംശീയ സംഘര്‍ഷം നിലനില്‍ക്കെ ലൊറേറ്റയുടെ അഭിപ്രായ പ്രകടനം പ്രകോപനപരവും അനവസരത്തിലുള്ളതും ഒഴിവാക്കേണ്ടപ്പെടേണ്ടതുമായിരുന്നു എന്നാണ് ഭൂരിപക്ഷ അഭിപ്രായം.

കാലിഫോര്‍ണിയയിലെ ജനസംഖ്യ 39 മില്ല്യണ്‍ വരും. ഇതില്‍ 73 ശതമാനം വൈറ്റ്‌സും 15 ശതമാനം ഏഷ്യക്കാരുമാണ്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ 6.5 ശതമാനം ഉണ്ട്. വിവിധ വംശത്തില്‍ പെട്ട ലാറ്റിനോകളാകട്ടെ 38.8 ശതമാനമാണ്. കഴിഞ്ഞ മാസം ആഫ്രിക്കന്‍ അമേരിക്കക്കാരും പോലീസും തമ്മിലുണ്ടായ പ്രമാദമായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ കമലാ ഹാരീസ് ഏറ്റവും സ്വാധീന ശക്തിയുള്ള ബ്ലാക്ക് പൊളിറ്റീഷ്യന്‍ എന്ന റോളിലേക്കുയരുകയുണ്ടായി. വംശീയമായ വിവേചനങ്ങളെക്കുറിച്ചും പാര്‍ശ്വവത്ക്കരണത്തെപ്പറ്റിയും പോലീസിന്റെ പക്ഷപാതസമീപനത്തെ സംബന്ധിച്ചും ഒരു ബ്ലാക്ക് വനിത എന്ന നിലയില്‍ തനിക്ക് ഏറെ ബോധ്യമുണ്ടെന്ന് കമല പറയുന്നു. തന്റെ ബന്ധു മിത്രാദികളും സഹപ്രവര്‍ത്തകരും ഇന്നും അതിന്റെ തിക്താനുഭവങ്ങള്‍  അഭിമുഖീകരിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂണിലെ സെനറ്റ് പ്രൈമറിയില്‍ കമലാ ഹാരീസ് വിജയിച്ചിരുന്നു. അവരുടെ ലീഡുയര്‍ത്താന്‍ സാഞ്ചസിന്റെ പ്രതികരണങ്ങള്‍ പര്യാപ്തമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂണിലെ പ്രൈമറിയില്‍ 20 ശതമാനം വോട്ടിനാണ് കമല സാഞ്ചസിനെ പരാജയപ്പെടുത്തിയത്. ഫണ്ട് റെയ്‌സിംഗിലും കമല മുന്നിട്ടു നില്‍ക്കുന്നു. 

കമല ഹാരീസിനെ ഒബാമ പിന്തുണച്ചത് ഇരുവരും കറുത്തവര്‍  ആയതുകൊണ്ടെന്ന് ലൊറേറ്റ സാഞ്ചസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക