Image

കോഴിക്കൂടിന്റെ കമ്പിവേലി തകര്‍ത്ത് തെരുവ് നായ്ക്കള്‍ 80 കോഴികളെ കൊന്നു

Published on 26 July, 2016
 കോഴിക്കൂടിന്റെ കമ്പിവേലി തകര്‍ത്ത് തെരുവ് നായ്ക്കള്‍ 80 കോഴികളെ കൊന്നു
കാട്ടാക്കട: തെരുവ് നായ്ക്കളുടെ അതിക്രമം ഒരു നാടിനെ ഭീതിയിലാക്കുന്നു. കള്ളിക്കാട് പഞ്ചായത്തിലെ മഞ്ചാടിമൂട് ഭാഗത്താണ് തെരുവ് നായ്ക്കള്‍ വിലസുന്നത്. വീട്ടിലെ വളര്‍ത്തുമൃഗങ്ങളേയും വീട്ടുക്കാരേയും വരെ ആക്രമിക്കുകയാണ് നായ്ക്കള്‍. കഴിഞ്ഞ ദിവസം മഞ്ചാടിമൂട് സ്വദേശി സുരേഷിന്റെ വീടിന്റെ ടെറസിനു മുകളിലെ കോഴിക്കൂടിന്റെ കമ്പിവല തകര്‍ത്ത് അകത്തുകയറിയ തെരുവ് നായകൂട്ടം 80 കോഴികളെ കൊന്നു. കൂട്ടത്തോടെ വന്നവയെ ഓടിക്കാന്‍ ശ്രമിച്ചിട്ടും വല തകര്‍ത്താണ് അകത്തു കയറി കോഴികളെ കൊന്നത്. 

രണ്ടാഴ്ച മുന്‍പ് ഈ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെയും 10 കാട കോഴികളെയും തെരുവ് നായകള്‍ കടിച്ചു കൊന്നിരുന്നു. അതിനും മുന്‍പ് സമീപ പ്രദേശത്തെ ചെല്ലയ്യന്‍ നാടാരുടെ വീട്ടിലെ മൂന്നു ആടുകളെയും തെരുവ് നായകള്‍ കടിച്ചു കൊന്നു. ഇവിടെ തന്നെ വിവിധ വീടുകളില്‍ വളര്‍ത്തിയിരുന്ന കോഴികളേയും ആട്ടിനെയും ആക്രമിച്ച നിരവധി സംഭവങ്ങളുണ്ട്. അക്രമകാരികളായ തെരുവ് നായകളുടെ ശല്യം കാരണം ഈ പ്രദേശത്തെ നാട്ടുകാര്‍ ഭീതിയിലാണ്. 

പകല്‍ സമയത്ത് പട്ടികളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. വീട് പൂട്ടി പോലും പോകാന്‍ കഴിയുന്നില്ല. തെരുവ് നായകളുടെ ശല്യം കുഞ്ഞുങ്ങളോടും ഉണ്ടാകുമെന്നതിനാല്‍ അതീവ ജാഗ്രതയില്‍ കഴിയുകയാണ് ഇവിടുള്ളവര്‍. വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തെരുവ് നായ്ക്കള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് താമസിക്കുന്ന വാര്‍ഡിലാണ് തെരുവ് നായക്കൂട്ടം വിലസുന്നതെന്നും എന്നിട്ടും പഞ്ചായത്ത് ഇക്കാര്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക