Image

ഉണര്‍ത്തുപാട്ട് (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 01 August, 2016
ഉണര്‍ത്തുപാട്ട് (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
വെളളിപ്പണത്തിന്‍ കിലുക്കമോടാരവം
നാള്‍ക്കുനാളുള്ളില്‍പ്പെരുക്കുന്നിവര്‍ ക്ഷണം
ഉയരുന്നതേറെയും തിരുമാറില്‍ പണ്ടിവര്‍
കൂര്‍ത്തിരുമ്പാണി തറപ്പിച്ചതിന്‍ ഹരം!
തീപിടിപ്പിക്കുന്ന ചിന്തകള്‍ പാകുവോര്‍
കൂരിരുട്ടില്‍ മുളപ്പിച്ചിടുന്നൊരു നിഴല്‍
വേരറ്റുപോയവര്‍ക്കാകെയെന്നോര്‍മ്മയില്‍
നീര്‍തെളിച്ചെത്തുന്നിടയ്ക്കാര്‍ദ്രമാം പകല്‍
വീഴ്ത്തുന്നതെല്ലാം നിണത്തുളളികള്‍ സ്ഥിരം
വാഴ്ത്തുവാനാളുണ്ടിവര്‍ക്കെന്നമായിരം
തീര്‍പ്പാക്കിടുന്നിടയ്‌ക്കൊരുപാടു ജീവിതം
നേര്‍ പാതിയാക്കിടുന്നില്ലൊടുക്കം ദ്രുതം!
ഓര്‍ത്തെടുത്തീടാന്‍ ശ്രമിക്കെയെന്നുളളിലാ­
യാഴത്തിലറിയുന്നുലകിന്റെ നൊമ്പരം
നന്മതന്‍ തീരം തിരഞ്ഞുചെന്നെങ്കിലും
കൂര്‍ത്തുമൂര്‍ത്തൊന്നായ് തുറപ്പിച്ച താവളം
കാത്തുനിര്‍ത്തുന്നില്ല! കാലത്തിനൊപ്പമെന്‍
ചാരത്തുയര്‍ത്തുന്നഴല്‍ക്കാല ജാലകം
ചേര്‍ത്തുനിര്‍ത്താനില്ലയലിവാര്‍ന്ന ഹൃത്തടം
നേര്‍ത്തുപോകുന്നെന്റെ ജനനിതന്‍ സ്വസ്ഥകം
* * * * *

അല്ലലാലേറെത്തപിക്കുന്നവര്‍ക്കുമേല്‍
കൊല്ലലെന്നുളള പടുതത്വം പുലര്‍ത്തുവോര്‍­
ക്കെതിരെയിന്നെന്തുചെയ്‌തെന്നുണര്‍ത്തീടാതെ
പതിയെനാവെന്തേ തളര്‍ത്തുന്നിവിടെ നാം?
ചൂഴ്‌ന്നെടുക്കുന്നവര്‍ക്കെതിരെ നാമേവരും
താഴ്ന്നുപോകാത്ത ശിരസ്സുമായ് നില്‍ക്കണം
നേരോതിടാനായ് സധൈര്യം നിവര്‍ന്നു നാം
നേര്‍വഴി കാട്ടിക്കൊടുത്തുയര്‍ന്നീടണം.
വാളെടുത്തോര്‍ നശിക്കട്ടെ വാളാല്‍ സ്ഥിരം­
താഴിട്ടുപൂട്ടുമിക്കാലഘട്ടം ദ്രുതം!
വേര്‍പെട്ടിടാതെ നാം നാടിന്‍തുടിപ്പിനാ­
യേവം പുലര്‍ത്തേണമിടറാത്ത ചിന്തകം
തലമുറകള്‍ക്കുദയമറിയുവാന്‍ വേണ്ടിനാം
മറയാത്ത ലോകത്തിനായുണര്‍ന്നീടണം
അറിവിന്റെയാകാശമകമേ വരുത്തുവാ­
നതിലേറെയൂര്‍ജ്ജം പകര്‍ന്നുനല്‍കീടണം.
തളരാത്ത വീര്യംവരിച്ചെന്റെ ഭാരതം
പകരുന്നൊരാശയത്തിന്‍ പകരമായിരം
ചെറുചെരാതോരോ മനസ്സില്‍ തെളിക്കണം
പുതിയൊരു കിരണമായ് പരിണമിച്ചീടണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക