Image

സ്ഥിരം കല്ലറ നല്‍കുന്നതില്‍ പുനരാലോചന വേണം: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി

Published on 27 August, 2016
സ്ഥിരം കല്ലറ നല്‍കുന്നതില്‍ പുനരാലോചന വേണം: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി
തൃശൂര്‍: പള്ളി തിരുനാളുകളോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ധൂര്‍ത്തുകള്‍ നിര്‍ത്തി, ആത്മീയതയ്ക്കും വിശ്വാസപ്രഘോഷണത്തിനും പ്രാധാന്യം നല്‍കണമെന്ന് കൊടകരയില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി വിലയിരുത്തി.

ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത തടസമുണ്ടാകുന്നതും പൊതുജനത്തിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും നിയന്ത്രിക്കണം.ദേവാലയ നിര്‍മാണത്തിലെ ധൂര്‍ത്ത് ശരിയല്ലെന്നും അസംബ്ലി വിലയിരുത്തി.

പാവങ്ങളെ പരിഗണിക്കുന്നതിലും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സഭയുടെ മാതൃകാപരമായ ശുശ്രൂഷകള്‍ ശ്ലാഘനീയമാണ്. വ്യക്തിപരമായും പൊതുവായും ലാളിത്യത്തിന്റെ ചൈതന്യത്തില്‍ സഭയുടെ വിവിധ മേഖലകളില്‍ നടത്തുന്ന തിളക്കമാര്‍ന്ന സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ സഭയുടെ സാക്ഷ്യത്തിനു കരുത്തു പകരുന്നു. എന്നാല്‍ ആഴമായ പരിചിന്തനങ്ങള്‍ നടത്തി, സഭയ്ക്ക് ഇനിയും ഏറെ മുന്നോട്ടുപോകാനാവും.

അര്‍ഥപൂര്‍ണമായ ക്രിസ്തുസാക്ഷ്യത്തിലേക്കു സഭയൊന്നാകെ എത്തണം. മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നീ തലങ്ങളിലെല്ലാം ഈ മാറ്റങ്ങള്‍ സംഭവിക്കേണ്ടതുണ്ട്. രൂപതാധ്യക്ഷന്മാരുടെ അജപാലന സന്ദര്‍ശനങ്ങള്‍, വൈദികരുടെ അജപാലനപ്രവര്‍ത്തനങ്ങള്‍, സന്യസ്തരുടെ വ്യക്തി - സാമൂഹ്യ ജീവിതശൈലി, വിശ്വാസിസമൂഹത്തിന്റെ അനുദിന ജീവിതം, ആഘോഷങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. വിശ്വാസികളുമായുള്ള ഇടവക വികാരിമാരുടെ ആശയവിനിമയം കൂടുതല്‍ ഊഷ്മളമാകണം. സെമിത്തേരികളില്‍ ചിലര്‍ക്കു സ്ഥിരം കല്ലറ നല്‍കുന്ന രീതിയില്‍ പുനരാലോചന വേണം. സഭാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ലാളിത്യവും പാവങ്ങളോടുള്ള കരുതലും വേണം. തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ 25 ശതമാനമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം.

സഭയുടെ അടിസ്ഥാനഘടകമായ കുടുംബങ്ങളുടെ നവീകരണത്തിനു വ്യക്തമായ ഊന്നല്‍ നല്‍കി സഭാപ്രവര്‍ത്തനം പുനഃക്രമീകരിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഭാനേതൃത്വത്തില്‍ നിന്നുണ്ടാകണമെന്ന് അസംബ്ലി നിര്‍ദേശിച്ചു.

മാറിയ കാലത്തില്‍ കുടുംബകേന്ദ്രീകൃതമായ അജപാലന ശൈലിയാണു സഭയുടെ ശക്തി. കുടുംബത്തിന്റെ സാമ്പത്തിക, ധാര്‍മിക, ആത്മീയ ഉത്തരവാദിത്വങ്ങള്‍ ശ്രേഷ്ഠതയോടെ നിര്‍വഹിക്കാന്‍ മാതാപിതാക്കള്‍ പ്രാപ്തരാകേണ്ടതുണ്ട്. ഇതിനാവശ്യമായ പരിശീലനങ്ങളും പിന്തുണയും സഭയുടെ ഭാഗത്തുനിന്നു കൃത്യതയോടെ നല്കുന്നതാവണം സഭയുടെ അജപാലനശൈലി. വിവിധ രൂപതകളില്‍ നടപ്പിലാക്കിവരുന്ന പഠനസഹായം, നാലും അതിലധികവും മക്കളുള്ള കുടുംബങ്ങളുടെ മാമ്മോദീസ തുടങ്ങിയ കൗദാശിക ആവശ്യങ്ങള്‍ക്കു രൂപതാധ്യക്ഷന്റെ സാന്നിധ്യം തുടങ്ങിയവ സഭയില്‍ ഏകീകൃത സ്വഭാവത്തോടെ വ്യാപകമാക്കണം.

കുടുംബ ജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കത്തക്ക തരത്തില്‍ വിവാഹത്തിനു മുമ്പും പിമ്പും നിയതമായ പരിശീലന പരിപാടി സജീവമാക്കണം. യുവാക്കള്‍ വിവാഹം താമസിപ്പിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.

കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സന്ധ്യാപ്രാര്‍ഥന, സ്തുതിചൊല്ലല്‍, ഭക്ഷണത്തിനും മുമ്പും ശേഷവുമുള്ള പ്രാര്‍ഥനകള്‍ തുടങ്ങിയ സഭയുടെ നല്ല പാരമ്പര്യങ്ങളിലെ ആത്മീയ ആചാരങ്ങള്‍ സജീവമാകണം. ആര്‍ഭാടമെന്നും എതിര്‍സാക്ഷ്യമെന്നും പൊതുവേ വിലയിരുത്തപ്പെടുന്നതും, പാവങ്ങളുടെ പക്ഷം ചേരുന്നതില്‍നിന്നു സഭയെ അകറ്റുന്നതുമായ കാര്യങ്ങളില്‍ തിരുത്തലുകള്‍ അനിവാര്യമാണെണ്. അതിരു കടന്ന ആഘോഷങ്ങളും ധാരാളിത്തവും പാവപ്പെട്ടവന്റെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി പരിഗണിച്ചാവണം സഭയിലെ ഓരോ ശുശ്രൂഷയും. സമൂഹത്തില്‍ വേദനയനുഭവിക്കുന്ന നാനാജാതി മതസ്ഥരുടെ കഷ്ടതകള്‍ സഭയുടെ നൊമ്പരമാണ്. ഇത് ഏറ്റെടുക്കാനും പരിഹാരം കാണാനും സഭാ നേതൃത്വവും ഇടവകകളും സന്യാസസമൂഹങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ഥിരം കല്ലറ നല്‍കുന്നതില്‍ പുനരാലോചന വേണം: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക