Image

പാര്‍ലിമെന്റ് മുതല്‍ ഉറി വരെ-പാക്കിസ്ഥാന്റെ ഭീകരഗാഥ തുടരുന്നു (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 26 September, 2016
പാര്‍ലിമെന്റ് മുതല്‍ ഉറി വരെ-പാക്കിസ്ഥാന്റെ ഭീകരഗാഥ തുടരുന്നു (ഡല്‍ഹികത്ത്: പി.വി.തോമസ്)
സമാധാനത്തിന്റെ സമയത്ത് ഒരു മനുഷ്യന് വിനയാന്വിതന്‍ ആകുന്നതിന് അപ്പുറം ഒന്നും ചെയ്യുവാന്‍ ഇല്ല. പക്ഷേ, യുദ്ധത്തിന്റെ പെരുമ്പറയടി കാതുകളില്‍ തറയ്ക്കുമ്പോള്‍ ഈറ്റപ്പുലിയെ അനുകരിക്കുക. രക്തവും സര്‍വ്വശക്തിയും സമാഹരിക്കുക. മാന്യതവെടിയുക, ക്രോധാസക്തന്‍ ആവുക. ഇത് വില്ല്യം ഷെയ്ക്ക്‌സ്പിയര്‍ ആണ്(ഹെന്‍ട്രി 5).

ഈ ഉദ്ധരണിയുടെ മാറ്റൊലിയാണ് ഇന്‍ഡ്യ ആകെ സെപ്തംബര്‍ 18-ലെ ഉറി പാക്ക് ഭീകരാക്രമണത്തിന് ശേഷം മുഴങ്ങി കേള്‍ക്കുന്നത്. പാക്കിസ്ഥാനുമായി യുദ്ധംചെയ്യുക എന്ന സമരകാഹളമാണ് രാജ്യമാകെ. ശരിയാണ് ഉറി ചാവേര്‍ ആക്രമണത്തില്‍ മരിച്ച 18 ഇന്‍ഡ്യന്‍ സൈനികരുടെയും മുറിവേറ്റ 20 സൈനികരുടെയും ചോരക്ക് പകരം ചോദിക്കണം. കാരണം പാക്ക് ഭരണകൂടത്തിന്റെയും സേനയുടെയും ഐ.എസ്.ഐ.യുടെയും ഒത്താശയോടെയാണ് പാക്ക് ഭീകര സംഘടനയായ ജയിഷ്-ഇ- മുഹമ്മദ് ഈ കടുംകൈ ചെയ്തത്. ആക്രമണം നടത്തിയ നാല് ചാവേര്‍ ഭീകരരെയും സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയെങ്കിലും അത് കൊണ്ടായില്ല. ഈ ഭീകരാക്രമണ പരമ്പര- പ്രോക്‌സി വാര്‍- അവസാനിപ്പിക്കണം.

ഇങ്ങനെ യുദ്ധവികാരം ഭരണകക്ഷിയുടെ ഒരു വിഭാഗത്തിലും ആര്‍.എസ്.എസിലും ജനങ്ങളില്‍ പൊതുവെയും ആളികത്തുമ്പോള്‍ മറ്റ് ചില കേന്ദ്രങ്ങളില്‍ സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും സമന്വയത്തിന്റെയും വാദങ്ങളും ഉയര്‍ന്ന് കേള്‍ക്കാം. യുദ്ധത്തിന്റെ നശീകരണ സ്വഭാവത്തെ കണക്കിലെടുത്തുകൊണ്ട് അവര്‍ ഉദ്ധരിക്കുന്നത് ഏണസ്റ്റ് ഹെമിംങ് വെയെ പോലുള്ള പ്രതിഭാധനന്മാരെയാണ്. ഹെമിംങ് വെ എഴുതി: ആധൂനിക യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. ഇരു കൂട്ടരും തോല്‍ക്കുന്ന രീതിയിലാണ് അത് നിര്‍വ്വഹിക്കുന്നത്. ഇരുകൂട്ടര്‍ക്കും മരണവും നാശവും ആണ് ഒരു യുദ്ധത്തിന്റെ ഫലം. ഇത് വളരെ ശരിയാണ്. പക്ഷേ, ഉറികള്‍ക്ക് എന്താണ് പ്രതിവിധി? അക്രമികള്‍ ശിക്ഷിക്കപ്പെടേണ്ടെ? ഇത് ഭീരുത്വപരമായ ഒരു ആക്രമണം ആണെന്നും അക്രമികള്‍ ശിക്ഷിക്കപ്പെടാതെ പോവുകയില്ലെന്നും ആണ് ഇന്‍ഡ്യയുടെ പ്രധാനമന്ത്രി അതേ ദിവസം തന്നെ ട്വീറ്റ് ചെയ്തത്. അദ്ദേഹം പ്രത്യാക്രമണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സേനക്ക് നല്‍കുകയും ചെയ്തു. സേന തിരിച്ചടിക്കുവാന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. എന്താണ് യുദ്ധത്തിന്റെ ആയുധശാലയില്‍ സംഭവിക്കുന്നത്? പരിശോധിക്കാം. അതിനു മുമ്പ് പാക്കിസ്ഥാന്റെ ഈ പ്രോക്‌സിവാറും ഇന്‍ഡ്യയുടെ പ്രതികരണവും എന്തായിരുന്നു ഇതുവരെ എന്ന് നോക്കാം. ഇത് ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്.

1999 ഡിസംബര്‍ 24 ന് രാജ്യം ശാന്തമായ ഒരു ക്രിസ്മസ് ആഘോഷത്തിന് തയ്യാറെടുക്കവെ ആണ് കാഠ്മണ്ടുവിലെ ത്രിഭുവന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദല്‍ഹിയിലേക്ക് 176 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി.814 എന്ന വിമാനം ഹര്‍ക്കത്ത്- ഉള്‍-മുജാഹിദിന്‍ എന്ന പാക്ക് ഭീകരസംഘടനയിലെ അംഗങ്ങള്‍ റാഞ്ചിയത്. ഈ ഭീകര സംഘടന ഐ.എസ്.ഐ.യുടെ ഒരു സൃഷ്ടിയാണ്. ഇവരുടെ പ്രധാന ആവശ്യം വിവിധ ഇന്‍ഡ്യന്‍ ജയിലുകളില്‍ തടവുകാരായി കഴിയുന്ന പാക്ക് ഭീകരരെ മോചിപ്പിക്കുകയെന്നതായിരുന്നു. ഇതില്‍ മസൂദ് അഷര്‍ എന്ന ഭീകരനും ഉണ്ടായിരുന്നു. ഈ പേര് ഓര്‍മ്മയിലിരിക്കട്ടെ. കാരണം ഇദ്ദേഹം ആണ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി ജെയിഷ്-ഇ-മൊഹമ്മദ് എന്ന ഭീകര സംഘടന പില്‍ക്കാലത്ത് സ്ഥാപിച്ചത്. മസൂദ് അഷറും ജെയിഷ്-ഇ-മൊഹമ്മദും ആണ് പാര്‍ലിമെന്റ് ആക്രമണവും പത്താന്‍ കോട്ട് വായുസേന കേന്ദ്ര ആക്രമണവും ഒടുവിലത്തെ ഉറി ആക്രമണവും പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയത്.

അടല്‍ ബിഹാരി വാജ്‌പേജിയുടെ എന്‍.ഡി.എ. ഗവണ്‍മെന്റ് ഹര്‍ക്കത്ത്-ഉള്‍- മുജാഹിദിന്റെ ഭീഷണിക്കു മുമ്പില്‍ വഴങ്ങിയില്ല. 'എന്റെ ഗവണ്‍മെന്റ് ഭീകരര്‍ക്കു മുമ്പില്‍ മുട്ടുമടക്കുകയില്ല' എന്നായിരുന്നു വാജ്‌പേയിയുടെ ഉറച്ച നിലപാട്. 

ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനം ഭീകരര്‍ അമൃത്സറിലേക്ക് തിരിച്ചുവിട്ടു. അമൃത്സറില്‍ വിമാനം 45 മിനിട്ട് കിടന്നു. പക്ഷേ ഗവണ്‍മെന്റിന് ആശയക്കുഴപ്പം മൂലം ഒന്നും ചെയ്യുവാനായില്ല. അമൃത്സറില്‍ നിന്നും വിമാനം ലാഹോറിലേക്ക് പറത്തി ഭീകരര്‍. വിമാനത്തിന്റെ ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പാക്ക് ഗവണ്‍മെന്റ് ആദ്യം വിമാനത്തിന് ഇറങ്ങുവാനുള്ള അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നല്‍കി. ഇന്ധനം നിറച്ചതിനു ശേഷം വിമാനം വീണ്ടും പറന്നുയര്‍ന്നു. അതിന്റെ അടുത്ത ലാന്റിംങ്ങ് ദുബായില്‍ ആയിരുന്നു. യാത്രക്കാരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഒരു രാജ്യം മുഴുവന്‍ ഉദ്യോഗത്തോടെ ഇതെല്ലാം വീക്ഷിക്കുകയായിരുന്നു നിസഹായരായി. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഗവണ്‍മെന്റും പട്ടാളവും വായുസേനയും നാവികസേനയും. വിമാനം അമൃത്സറില്‍ ഇറങ്ങിയപ്പോള്‍ നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ കമോന്റോകളെ അയച്ച് ഒരു പ്രതിരോധം ഗവണ്‍മെന്റ് ആലോചിച്ചതാണ്. പക്ഷേ, നടന്നില്ല. ദുബായില്‍ വച്ചും ഒരു ആക്രമണം ആസൂത്രണം ചെയ്തതാണ്. പക്ഷേ, അപ്പോഴെക്കും അത് ഭീകരര്‍ക്ക് മനസിലായി. അവര്‍ വിമാനം അഫ്ഘാനിസ്ഥാനിലെ കാന്തഹാറിലേക്ക് വിട്ടു. താളിബാന്റെ ഭരണത്തിന് കീഴിലായിരുന്നു അഫ്ഘാനിസ്ഥാന്‍ അന്ന്. അവിടെ ഭീകരര്‍ക്ക് ചുവപ്പ് പരവതാനി സ്വീകരണം ആണ് ലഭിച്ചത്. ദുബായില്‍ നിന്നും പറന്നുവരുന്നതിന് മുമ്പ് ഭീകരര്‍ 27 യാത്രക്കാരെ മോചിപ്പിച്ചിരുന്നു. വെടിവെച്ചു കൊന്ന മറ്റൊരു യാത്രക്കാരന്റെ മൃതദേഹവും അധികൃതര്‍ക്ക് നല്‍കിയിരുന്നു.

ഭീകരര്‍ കാന്തഹാറില്‍ വിമാനം ഇറക്കി. ഗവണ്‍മെന്റ് ഭീകരരുമായി സംഭാഷണം ആരംഭിച്ചു. ഗവണ്‍മെന്റിന്റെ മേല്‍ യാത്രക്കാരുടെ ബന്ധുക്കളുടെയും മറ്റും വന്‍സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സംഭാഷണങ്ങള്‍ക്ക് മാദ്ധ്യസ്ഥത വഹിച്ചത് പാക്കിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ വികസന പ്രൊജക്ടിന്റെ മേധാവിയായിരുന്ന എറിക്ക് ഡിമുള്‍ ആയിരുന്നു. അദ്ദേഹത്തിന് ഒരേയൊരു സൗജന്യം മാത്രമെ ഭീകരരില്‍ നിന്നും നേടിയെടുക്കുവാന്‍ സാധിച്ചുള്ളൂ. സ്വതന്ത്രരാക്കേണ്ട ഭീകരരുടെ എണ്ണം 36-ല്‍ നിന്നും മൂന്നായി കുറക്കുവാന്‍. അങ്ങനെ മസൂദ് അഷര്‍, ഒമര്‍സെയ്ത് ഷേക്ക്, മുഷ്താക്ക് അഹമ്മദ് സര്‍ഗര്‍ എന്നീ മൂന്ന് ഭീകരരെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റ് സമ്മതിച്ചു.
ഇന്‍ഡ്യയുടെ രക്ഷാമന്ത്രി ജസ്വന്ത് സിംങ്ങ് ആണ് ഈ മൂന്ന് ഭീകരരെ മോചിപ്പിച്ച് ഒരു പ്രത്യേക വിമാനത്തില്‍ അവരെ കാന്തഹാറില്‍ എത്തിച്ച് താളിബാന് കൈമാറിയത്. യാത്രക്കാരും മോചിതരായി. യാത്രക്കാരുടെ മോചനം വലിയ ഒരു ആശ്വാസം ആയിരുന്നു രാഷ്ട്രത്തിനെങ്കിലും ഈ മൂന്ന് ഭീകരരുടെ മോചനം വലിയ ഒരു ആഘാതമായിരുന്നു. മസൂദ് അഷര്‍ ഇന്‍ഡ്യയുടെ സുരക്ഷക്ക് വലിയ ഒരു ഭീഷണിയായി ഇന്നും നിലകൊള്ളുന്നു. പാര്‍ലിമെന്റ് ആക്രമണത്തിനും പത്താന്‍കോട്ട്-ഉറി ആക്രമണങ്ങള്‍ക്കും ശേഷം. ഒമര്‍ ഷെയിക്ക് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ട് പോയി വധിച്ച കേസില്‍ ഒരു പാക്കിസ്ഥാന്‍ ജയിലില്‍ ആണ്. മുഷ്താക്ക് സര്‍ഗര്‍ പാക്ക് അധീന കാശ്മീരില്‍ ഭീകരപ്രവര്‍ത്തനവുമായി സജീവം ആണ്. 

1999 ലെ ഈ വിമാന റാഞ്ചല്‍ സംഭവത്തില്‍ ഇന്‍ഡ്യയെ ഭീകരര്‍  മുട്ടുകുത്തിക്കുകയാണുണ്ടായത്. മൂന്ന് ഭീകരരെ മോചിപ്പിച്ചത് കൂടാതെ കോടിക്കണക്കിന് രൂപയും ഗവണ്‍മെന്റ് നല്‍കിയതായി ശ്രുതി ഉണ്ട്. പക്ഷേ, ഗവണ്‍മെന്റ് ഇത് അന്നേ നിരാകരിച്ചിരുന്നു. ഏതായാലും ഭീകരരെ മോചിപ്പിച്ചതിനു ശേഷം ഒരു തുടര്‍നടപടിയും ഗവണ്‍മെന്റ് നടത്തിയതായി അറിവില്ല. വിമാനയാത്രക്കാരെ രക്ഷിച്ചത് തീര്‍ച്ചയായും ശ്ലാഘനീയം തന്നെ. പക്ഷേ..

2001 ഡിസംബറിലെ പാര്‍ലമെന്റ് ആക്രമണം ആയിരുന്നു പാക്കിസ്ഥാന്റെ ഈ പ്രോക്‌സി വാര്‍ പരമ്പരയിലെ മറ്റൊരു ഗുരുതരമായ കണ്ണി. ഡിസംബര്‍ 13-ാം തീയ്യതി ഞാന്‍ പാര്‍ലിമെന്റിലേക്ക് കാര്‍ ഓടിച്ച് പോവുകയായിരുന്നു. ചോദ്യോത്തരവേളകഴിഞ്ഞിട്ട്(11-12) പാര്‍ലിമെന്റില്‍ എത്തുവാനായിരുന്നു കണക്കുകൂട്ടല്‍. പാര്‍ലിമെന്റ് എത്താറായപ്പോള്‍, ഏതാണ്ട് അര ഫര്‍ലോങ്ങ് കാണും, അതായത് പ്രസ്‌ക്ലബ് റൗണ്ട് എബൗട്ട് കഴിഞ്ഞപ്പോള്‍, ഒരു സുഹൃത്ത് മൊബൈലില്‍ വിളിച്ച് ചോദിച്ചു: എവിടെയാണ്? ഞാന്‍ പറഞ്ഞു ഞാന്‍ പാര്‍ലിമെന്റ് ഗെയിറ്റിലേക്ക് വരുകയാണ്. സുഹൃത്ത് പറഞ്ഞു: വരേണ്ട. ഇവിടെ ഭീകരാക്രമണം നടക്കുകയാണ്. ഞാന്‍ ഉടനെ കാര്‍ തിരിച്ച് തൊട്ടടുത്ത പ്രസ്‌ക്ലബിലേക്ക് വിട്ട് അവിടെ പാര്‍ക്ക് ചെയ്തു. അവിടെയിരുന്നു കൊണ്ട് ആ വെടിയൊച്ചകള്‍ കേട്ടു. ഇന്‍ഡ്യയുടെ പാര്‍ലിമെന്റ് ആക്രമിക്കപ്പെട്ടു.

ഞാന്‍ കാര്‍ കയറ്റി പാര്‍ക്കുചെയ്യുവാന്‍ പോയിരുന്ന അതേ ഗെയിറ്റിലൂടെയായിരുന്നു ഭീകരര്‍ അകത്തുകയറിയത്. വ്യാജരേഖകളിലൂടെ(വിജയ് ചൗക്ക് ഗെയിറ്റ്). അന്ന് വ്യാഴാഴ്ച ആയിരുന്നു. അന്ന് പരമ്പരാഗതമായി പ്രധാനമന്ത്രി രാജ്യസഭയില്‍ ഹാജരാകേണ്ട ദിവസം ആണ്. ഈ ഗെയിറ്റ് രാജ്യസഭ ഹാളിന് തൊട്ടടുത്ത് ആണ്. വാജ്‌പേയിയും ഭീകരരുടെ പട്ടികയില്‍ മുമ്പന്‍ ആയിരുന്നു! അഞ്ച് സായുധധാരികളായ ഭീകരര്‍ ആയിരുന്നു അന്ന് ഇന്‍ഡ്യയുടെ പരമോന്നത ജനാധിപത്യ-നിയമനിര്‍മ്മാണ സ്ഥാപനത്തെ ആക്രമിച്ചത്. അവര്‍ ജയിഷ്-ഇ-മൊഹമ്മദ്, ലഘ്ക്കര്‍-ഇ-തൊയ്ബ എന്നീ പാക്ക് കേന്ദ്രീകൃത ഭീകരസംഘടനകളുടെ അംഗങ്ങള്‍ ആയിരുന്നു. ഒരു മണിക്കൂറോളം അവര്‍ പാര്‍ലിമെന്റിലെ സുരക്ഷാ സൈന്യവുമായി വെടിയുതിര്‍ത്തു. ഏകദേശം 100 ല്‍ അധികം ലോകസഭാംഗങ്ങള്‍ അപ്പോള്‍ പാര്‍ലിമെന്റില്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി വാജ്‌പേയി പാര്‍ലിമെന്റില്‍ എത്തിയിരുന്നില്ല. കാരണം രാജ്യസഭയില്‍ ചില വാഗ്വാദങ്ങളെ തുടര്‍ന്ന് സഭ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

അഞ്ച് ഭീകരര്‍ ആണ് അന്ന് പാര്‍ലിമെന്റില്‍ ഇടിച്ചുകയറിയത്. അവര്‍ 12 സുരക്ഷാ സൈനികരെ വെടിവെച്ച് കൊന്നു.

അപ്പോഴും ബി.ജെ.പി. നയിച്ച മുന്നണിയായിരുന്നു രാജ്യം ഭരിച്ചിരുന്നത്. രാജ്യം കലുഷിതം ആയി. ആഭ്യന്തര മന്ത്രി ലാല്‍ കിഷന്‍ അദ്വാനി പാക്കിസ്ഥാനെ പഴിച്ചു. എന്ത് ഫലം? അന്ന് വൈകുന്നേരം ഇന്‍ഡ്യയുടെ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി പ്രധാനമന്ത്രി വാജ്‌പേയിയുടെ അദ്ധ്യക്ഷതയില്‍ സൗത്ത് ബ്ലോക്കില്‍ കൂടി. അന്തരീക്ഷം ഖന ഗംഭീരം ആയിരുന്നു. ഇന്‍ഡ്യയുടെ പാര്‍ലിമെന്റ് ആക്രമിക്കപ്പെട്ടിരിക്കുന്നു ഒരു അയല്‍ രാജ്യത്തെ ഭീകരരാല്‍. എങ്ങനെ തിരിച്ചടിക്കണം? എന്ത് മറുപടി പറയണം ജനങ്ങളോട്?  അവസാനം ക്യാബിനറ്റ് കമ്മറ്റി ഒരു തീരുമാനത്തില്‍ എത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍. പാക്കിസ്ഥാന്റെ ഐ.എസ്.ഐ. ആണ് ഈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരകന്‍. ഇതിന് എതിരെ ഇന്‍ഡ്യ സൈനിക നടപടി എടുക്കണം.

ഇന്‍ഡ്യ വിപുലമായ തോതിലുള്ള സൈനികം നീക്കം തുടങ്ങി. പാക്കിസ്ഥാനും എതിര്‍ കരുനീക്കങ്ങള്‍ തുടങ്ങി. പാക്കിസ്ഥാന്‍ അമേരിക്കയെ സഹായിക്കുവാനായി അഫ്ഘാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സേനയെ ഇന്‍ഡ്യന്‍ അതിര്‍ത്തിയിലേക്ക് മാറ്റി. ഇന്‍ഡ്യ അഞ്ച് ലക്ഷം സൈനികരെയാണ് പാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ചത്.
അമേരിക്ക ഒരു ഇന്‍ഡോ-പാക്ക് യുദ്ധം മണത്തു. ബുഷ് ഭരണകൂടം വാജ്‌പേയി ആയും മുഷറഫ് ആയും ബന്ധപ്പെട്ടു. കാരണം രണ്ട് രാജ്യങ്ങളും പുതിയതായി രൂപപ്പെട്ട ആണവ ശക്തികള്‍ ആണ്. അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റെയിറ്റ് കോളിന്‍ പവല്‍ ദല്‍ഹിയും ഇസ്ലാമാബാദും സന്ദര്‍ശിച്ച് സംഭാഷണം നടത്തി. അവസാനം പവല്‍ പാക്കിസ്ഥാന്‍ ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിനോട് ജിഹാദി ഗ്രൂപ്പുകളെ തള്ളിപറയുവാന്‍ പറഞ്ഞു. മുഷറഫ് 2002- ല്‍ അത് അനുസരിച്ചു. വാജ്‌പേയി യുദ്ധം തല്‍ക്കാലം ഇല്ലെന്ന് പ്രസ്താവിച്ചു. 1999 കാര്‍ഗില്‍ യുദ്ധം ജയിച്ച വാജ്‌പേയി എന്തിനും തയ്യാര്‍ ആയിരുന്നു. ഇന്‍ഡ്യയും സമരസജ്ജം ആയിരുന്നു. പക്ഷേ....
പാര്‍ലിമെന്റ് ആക്രമണവും തുടര്‍ന്നുണ്ടായ കാലുചാക്ക് ആര്‍മിക്യാമ്പ് ആക്രമണവും(ജമ്മു-മെയ് 2002) ഇന്‍ഡ്യയെ നിഷ്‌ക്രിയനായ ഒരു ഇരയാക്കി മാറ്റി. കാലുചാക്ക് ആക്രമണത്തില്‍ 22 സ്ത്രീകളെയും കുട്ടികളെയും ആണ് ഭീകരര്‍ വധിച്ചത്. ഇവര്‍ ഇന്‍ഡ്യന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ ആയിരുന്നു. അപ്പോഴും ഇന്‍ഡ്യക്ക് ഒന്നും ചെയ്യുവാനായില്ല.

എത്ര കോടിരൂപയാണ് പാര്‍ലിമെന്റ് ആക്രമണത്തെ തുടര്‍ന്നുള്ള സൈനിക നീക്കത്തിനും മറുനീക്കത്തിനും ചിലവഴിച്ചത്? എന്നിട്ടും ഇന്‍ഡ്യക്ക് തക്കതായ ഒരു മറുപടി പാക്കിസ്ഥാന് നല്‍കുവാന്‍ സാധിച്ചോ? ഇല്ല.

അടുത്തത് 2008 നവംബര്‍ 26-ലെ മുംബൈ ആക്രമണം ആണ്. ലഷ്‌ക്കര്‍-ഇ-തൊയ്ബ ഭീകരര്‍ കറാച്ചിയില്‍ നിന്നും മുംബൈയില്‍ കടല്‍മാര്‍ഗ്ഗം എത്തിയാണ് മുംബൈയിലെ ഛത്രപതി ശിവാജി റെയില്‍വെ ടെര്‍മിനസ്, ടാജ്-ഒബിറോയ് ഹോട്ടലുകള്‍, ചബാട്ട് ഹൗസ് ജൂതകേന്ദ്രം എന്നിവ ആക്രമിച്ച് 200 ലേറെ പേരെ കൊന്നത്. അന്ന് യു.പി.എ.യുടെ മന്‍മോഹന്‍സിംങ്ങ് ആയിരുന്നു പ്രധാനമന്ത്രി. ക്യാബിനറ്റ് കമ്മറ്റി ഓണ്‍ സെക്യൂരിറ്റി പതിവുപോലെ സമ്മേളിച്ചു. എല്ലാ പ്രത്യാക്രമണ വഴികളും ചര്‍ച്ചചെയ്തു. ഇതില്‍ ഒരു വായുസേന ആക്രമണവും ഉള്‍പ്പെട്ടു ലഷ്‌ക്കര്‍-ഇ- തൊയ്ബയുടെ കേന്ദ്ര ആസ്ഥാനമായ മുരിഡ്‌ക്കെയിലും (പാക്കിസ്ഥാന്‍) പാക്ക് അധിനിവേശ കാശ്മീരിലെ ഭീകര പരിശീലന ക്യാമ്പുകളിലും. പക്ഷേ, ഒന്നും നടന്നില്ല. ഇതിന് വളരെയേറെ കാരണങ്ങള്‍ ചൂണ്ടികാണിക്കപ്പെട്ടിരുന്നു. അതിലേക്കൊന്നും ഞാന്‍ ഇപ്പോള്‍ പ്രവേശിക്കുന്നില്ല.
പത്താന്‍കോട്ടിന് ശേഷമുള്ള ഉറി ആക്രമണവും ഏതാണ്ട് ഇത് പോലെയൊക്കെ കലാശിക്കും. പത്താന്‍കോട്ട് പാക്കിസ്ഥാന്റെ ഒരു അന്വേഷണ സംഘത്തിന്റെ സന്ദര്‍ശനം ഇന്‍ഡ്യ അനുവദിക്കുകയുണ്ടായി. പക്ഷേ, പാക്കിസ്ഥാന്‍ ഇന്‍ഡ്യയുടെ ഒരു അന്വേഷണ സംഘത്തെ അനുവദിച്ചില്ല. ഉറി മറക്കുകയില്ലെന്നും ഉറിയിലെ അക്രമണകാരികള്‍ ശിക്ഷിക്കപ്പെടാതെ പോവുകയില്ലെന്നും മോഡി ഘോഷിക്കുന്നുണ്ട്.

ആരും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. അത് ഒന്നിനും പരിഹാരവും അല്ല. പക്ഷേ എന്താണ് ഇതിനുള്ള പ്രതിവിധി? സര്‍ജിക്കല്‍ സ്‌ട്രൈക്ക്? നയതന്ത്ര ഒറ്റപ്പെടുത്തല്‍? ആഗോള സാമ്പത്തീക ഉപരോധനം? എന്തായാലും ഈ ഭീകര ആക്രമണത്തിന്, പ്രോക്‌സി വാറിന് ഒരു അറുതി കണ്ടേ പറ്റൂ.

പി.വി.തോമസ്‌

പാര്‍ലിമെന്റ് മുതല്‍ ഉറി വരെ-പാക്കിസ്ഥാന്റെ ഭീകരഗാഥ തുടരുന്നു (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക