ബ്രിട്ടനില്‍നിന്നും പുരോഹിതര്‍ നടത്തുന്നതായ 'പ്രവാചക ശബ്ദമെന്ന' ഓണ്‍ലൈന്‍
പത്രത്തില്‍ 'സഭാമാതാവിനെ കല്ലെറിയുന്നവര്‍ സൂക്ഷിക്കുക'യെന്ന തലക്കെട്ടില്‍
നീണ്ടയൊരു ലേഖനമുണ്ടായിരുന്നു. ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങള്‍
ഉള്‍ക്കൊള്ളാനോ യോജിക്കാനോ കഴിയുന്നില്ല. സ്ഥലപരിമിതിമൂലം വിശദമായ ഒരു
മറുപടിയെഴുതാനും പ്രയാസമാണ്. ബൈബിളിലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ലേഖകന്‍
പിശാചുക്കളെ തേടുന്നതും. "പിശാചിന്റെ പ്രേരണയാല്‍ ഒരു കൂട്ടമാളുകള്‍ സോഷ്യല്‍
മീഡിയാവഴി ബിട്ടനില്‍ പുതിയതായി രൂപീകരിക്കുന്ന രൂപതയ്ക്കെതിരെ കുപ്രചരണങ്ങള്‍
നടത്തുന്നുവെന്നാണ് പരാതി. ലേഖകന്‍ അവര്‍ക്കെതിരായി ഉന്നയിച്ച വാദഗതികളെല്ലാം വെറും
അര്‍ത്ഥശൂന്യങ്ങളും തമാശയായും മാത്രമേ യുക്തിയോടെ വായിക്കുന്നവര്‍ക്ക്
തോന്നുകയുള്ളൂ.
സഭയുടെ നിയമങ്ങളനുസരിച്ച് സംശയങ്ങളോ സഭയെ വിമര്‍ശിക്കാനോ
പാടില്ലാന്നുണ്ട്. അത്തരത്തിലാണ് ലേഖകന്‍ ചിന്തിക്കുന്നതെങ്കില്‍ അതിനുള്ള
ഉത്തരമെന്തെന്നറിയില്ല. ആഗോള സഭയില്‍നിന്നും വ്യത്യസ്തമായി സീറോ മലബാര്‍ സഭയെ
പ്രത്യേകമായ സാരൂപ്യത്തോടെയാണല്ലോ സഭാ മാതാവെന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
യൂറോപ്പിലും അമേരിക്കയിലും നിലവിലുള്ള ആഗോള കത്തോലിക്കാ സഭയെ പരിഹസിക്കുന്ന ലേഖകന്
സഭാ മക്കള്‍ക്കു എത്ര അമ്മമാരുണ്ടെന്നു വ്യക്തമാക്കാമോ? കത്തോലിക്കാ സഭയെന്നു
പറയുന്നത് ലോകത്തിന്റെ ഒരു ചെറിയ വട്ടത്തില്‍ താമസിക്കുന്ന സീറോ മലബാര്‍ സഭയോ?
ബ്രിട്ടനില്‍ മാര്‍ത്തോമ്മാ എത്തിയതായും അറിവില്ല. പിന്നെയെങ്ങനെ ബ്രിട്ടീഷ്
ഇന്ത്യന്‍ പൗരന്മാരായി വളരുന്ന കുട്ടികള്‍ മാര്‍ത്തോമ്മായുടെ
പാരമ്പര്യത്തില്‍പ്പെട്ടവരാകും. വിഡ്ഢിത്തരമല്ലേ പുരോഹിതര്‍ പ്രചരിപ്പിക്കുന്നത്.
സീറോ മലബാര്‍ സഭയെന്ന അമ്മയുടെ മക്കളായിരുന്നെങ്കില്‍, ഈ 'അമ്മ പ്രവാസി നാടുകളില്‍
വരുന്നതിനുമുമ്പ് മക്കള്‍ വളര്‍ന്നത് രണ്ടാനമ്മയുടെ കൂടെയായിരുന്നോ? പുതിയ അമ്മയെ
ബ്രിട്ടനില്‍ കാണുമ്പോള്‍ പാലൂട്ടിയ ആഗോള സഭയിലെ അമ്മ വേശ്യയായിരുന്നുവെന്നു
ഉച്ചത്തില്‍ വിളിച്ചു കൂവണമായിരുന്നുവോ? അതു തന്നെയല്ലേ തന്റെ ലേഖനത്തില്‍ക്കൂടി
ലേഖകന്‍ സ്ഥാപിച്ചിരിക്കുന്നതും.
സീറോ മലബാര്‍ സഭയെ സത്യവിശ്വാസമെന്നു
ലേഖകന്‍ കൂടെ കൂടെ വിശേഷിപ്പിച്ചിരുന്നു.ഈ സഭയ്ക്ക് പുറത്തുള്ള ആഗോളസഭ
അങ്ങനെയെങ്കില്‍ അസത്യവിശ്വാസികളെന്നു കരുതണം. മാര്‍പ്പാപ്പാ സംസാരിക്കുന്നതും
അസത്യമാകണം. പുരോഹിതര്‍ സത്യമെന്ന നിര്‍വചനം എന്തെന്ന് ആദ്യം
പഠിക്കേണ്ടിയിരിക്കുന്നു. ലേഖനം വായിച്ചാല്‍ വിശ്വാസത്തിനുതന്നെ ഒരു
അളവുകോലുണ്ടെന്നു തോന്നിപ്പോവും. ചിലര്‍ക്ക് രാത്രിയും പകലും പ്രാര്‍ത്ഥിച്ചാലെ
വിശ്വാസം വരൂ. കൂടാതെ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും നാടുമുഴുവന്‍ കൂടണം.
മൈക്കില്‍ക്കൂടി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കണം. അമ്പത്തി മൂന്നുമണി ജപം
നൂറ്റിയമ്പത്തിമൂന്നുമണി ജപം എന്നിങ്ങനെ പ്രാര്‍ത്ഥനകളുടെ വ്യാപ്തി
കൂടുന്നതനുസരിച്ചു വിശ്വാസത്തിന്റെ അളവുകോലും നീണ്ടുപോവുകയാണ്. 'നീ ഏകാന്തമായി
പ്രാര്‍ത്ഥിക്കുകയെന്ന' ക്രിസ്തു വചനം തിരസ്ക്കരിച്ചുകൊണ്ടുള്ള ഒരു സത്യവിശ്വാസമാണ്
ലേഖകന്റെ സത്യസഭയിലുള്ളത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കാത്ത ചെണ്ടകൊട്ടും,
മുത്തുക്കുട ആചാരവും, മെത്രാനെ എഴുന്നെള്ളിപ്പും വെടിക്കെട്ടുകളുമെല്ലാം
സത്യവിശ്വസിയുടെ അവിഭാജ്യ ഘടകമാണ്. അയല്‍ക്കാരന്റെ സ്വൈര്യ ജീവിതത്തെ തകര്‍ക്കലും
സത്യവിശ്വാസം തന്നെ.
ബ്രിട്ടനില്‍ രൂപതയുണ്ടാകുന്നതോടനുബന്ധിച്ചുള്ള
തദ്ദേശവാസികളുടെ അഭിപ്രായപ്രകടനങ്ങളും ബ്ലോഗുകളും ലേഖകനില്‍
നീരസമുണ്ടാക്കിയിരിക്കുന്നു. സഭയ്ക്കെതിരെ ആരോപണമുന്നയിച്ചുവെന്നാണ് ലേഖകന്‍
തന്റെ പേരുവെക്കാത്ത സ്വ.ലെ. ലേഖനത്തില്‍ വിവരിച്ചിട്ടുള്ളത്. ഒരു പുരോഹിതന്റെ
കൊള്ളരുതായ്മകളെയോ ലൈംഗിക കുറ്റങ്ങളെയോ ബ്രിട്ടനിലുള്ളവര്‍ ഫേസ് ബുക്കിലോ ബ്ലോഗിലോ
എഴുതിയിട്ടില്ല. പിന്നെ എന്ത് ആരോപണങ്ങളാണ് ലേഖകന്‍ കണ്ടതെന്നും
വിശദീകരിക്കുന്നില്ല. എല്ലാവിധ ആര്‍ഭാടങ്ങളോടെ കരുണയുടെ വര്‍ഷത്തില്‍ മെത്രാനെ
എഴുന്നള്ളിക്കുന്നതില്‍ അവിടെയുള്ളവര്‍ പരിഹസിച്ചാല്‍ അവരെങ്ങനെ
കുറ്റാരോപിതരാകും.
സഭാനേതൃത്വം പറയുന്നത് പഞ്ചപുച്ഛമടക്കിക്കൊണ്ടു സഭയെന്തു
തെറ്റ് ചെയ്താലും നിശബ്ദരായിരിക്കണമെന്നാണ്. അത്തരം ചിന്താഗതികള്‍ പുരോഹിതര്‍
മാറ്റിയെടുക്കേണ്ടതുമുണ്ട്. ഭൂമി പരന്നതെന്നു പുരോഹിതമതം പഠിപ്പിച്ചാല്‍ കാണാതെ
വിശ്വസിക്കുന്ന കാലമൊക്കെ മാറി. ഇന്ന് നേരില്‍ക്കണ്ട് ശാസ്ത്രീയമായി തെളിഞ്ഞാല്‍
മാത്രമേ യുക്തിയുള്ളവര്‍ വിശ്വസിക്കുള്ളൂ. അതിനു അവിശ്വാസിയായ തോമസ് ചെയ്തതുപോലെ
കര്‍ത്താവിന്റെ തിരുമുറിവുകളെ തൊട്ടു വിശ്വസിക്കുക തന്നെ വേണം.' കാണാതെ
വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാരെന്ന' മറ്റൊരു ആപ്ത വാക്യവും പുരോഹിതന്റെ
സൗകാര്യത്തിനായി പുതിയ നിയമത്തില്‍ ചേര്‍ത്തിട്ടുമുണ്ട്. ഇത്തരം തത്ത്വങ്ങളൊന്നും
ചിന്തിക്കുന്ന പുത്തനായ തലമുറകളില്‍ ചെലവാകില്ല.
'സീറോ മലബാര്‍ രൂപതയുടെ
പേരില്‍ സഭാമാതാവിനെ കല്ലെറിയുന്നവര്‍ സൂക്ഷിക്കുക'യെന്ന മുന്നറിയിപ്പോടെയാണ് ലേഖനം
തുടങ്ങുന്നത്. പിശാചാണ് ഇതെല്ലാം ചെയ്യിപ്പിക്കുന്നതെന്നും ലേഖകന്‍
വിശ്വസിക്കുന്നു. ഏദന്‍ തോട്ടവും ആദവും അവ്വായും പഴം തിന്നാന്‍ പ്രേരിപ്പിച്ച
പിശാചും വെറും സങ്കല്‍പ്പമെന്നു മാര്‍പ്പാപ്പാവരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആകാശം
മുട്ടിയുള്ള പള്ളികളെയും ആഡംബരമേറിയ മെത്രാന്റെ വേഷങ്ങളെയും സഞ്ചരിക്കുന്ന വിലകൂടിയ
വാഹനങ്ങളെയും മാര്‍പ്പാപ്പാ വിമര്‍ശിച്ച വിവരവും ലേഖകന്‍ പരിഗണിക്കുമെന്നു
വിശ്വസിക്കുന്നു. കര്‍ദ്ദിനാള്‍മാരുടെ രാജകീയ ജീവിതത്തെയും മാര്‍പ്പാപ്പാപ്പാ
വിമര്‍ശിച്ചു കഴിഞ്ഞു. എല്ലാവിധ ആഡംബരങ്ങളെയും അദ്ദേഹം വെറുക്കുന്നു. ഇങ്ങനെയെല്ലാം
വിമര്‍ശിക്കുന്ന മാര്‍പ്പാപ്പായെ ഏതു പിശാചാണ് ബാധിച്ചതെന്നും അറിഞ്ഞുകൂടാ. മനസും
ശരീരവുമൊക്കെയുണ്ടെങ്കിലേ ഒരാള്‍ക്ക് മറ്റൊരാളെ പ്രേരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതെല്ലാം പിശാചിനുമുണ്ടെന്നു യുക്തിരഹിതമായി ചിന്തിക്കുന്ന ലേഖകന്റെ ബുദ്ധിവൈഭവത്തെ
ചോദ്യം ചെയ്യുന്നില്ല.
ബൈബിള്‍ വചനങ്ങള്‍ ലേഖനത്തിലുടനീളം കാണാം. "അപ്പവും,
പ്രശസ്തിയും ആഡംബരങ്ങളും കാണിച്ചു കൊടുത്തുകൊണ്ടാണ് പിശാച് യേശുവിനെ
പരീക്ഷിക്കുന്നത്" (മത്തായി 4:38). പിശാച് യേശുവിനെ പരീക്ഷിച്ചതുപോലെ സീറോ മലബാര്‍
സഭയെ പ്രശസ്തിയ്ക്കുവേണ്ടി ചിലര്‍ ചെളിവാരിയെറിയുന്നു"വെന്നാണ്
ആരോപണമുന്നയിച്ചിരിക്കുന്നത്. മന്ദബുദ്ധി നിറഞ്ഞ ഇത്തരം തുറുപ്പുചീട്ട് കാണിച്ചു
ബുദ്ധിയും വിവേകവുമുള്ളവരെ നേരെയാക്കാമെന്നും ലേഖകന്‍ കരുതുന്നുണ്ടാവാം.
കുഞ്ഞായിരിക്കുമ്പോള്‍ ദൈവവും പിശാചും കുഞ്ഞുമനസുകളില്‍ ചലനം
സൃഷ്ടിക്കുമായിരുന്നു.. ഇത്തരം വചനങ്ങള്‍ പൊള്ളയായി വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇനി
ബിഷപ്പ് സ്രാമ്പിക്കലും കൂട്ടരും ബ്രിട്ടനിലെ കുഞ്ഞാടുകളുടെയിടയില്‍
പ്രവര്‍ത്തിക്കാന്‍ പോവുന്നത്. പിശാചിന്റെ ദൈവത്തിനെതിരായ യുദ്ധങ്ങള്‍ സ്വര്‍ഗ്ഗം
വരെയുണ്ടായിരുന്നു. ഗബ്രിയേലിന്റെ നേതൃത്വത്തിലുള്ള മാലാഖമാര്‍ ലൂസിഫറിനെയും മറ്റു
പിശാചുക്കളെയും സ്വര്‍ഗ്ഗത്തില്‍ നിന്നും അടിച്ചു പുറത്താക്കി. സീറോ മലബാര്‍ സഭ
വേരൂന്നിയതോടെ ബ്രിട്ടനിലെ വളര്‍ന്നുവരുന്ന കുട്ടികളും ഇത്തരം പൊട്ടക്കഥകള്‍ ഇനി
വിശ്വസിക്കണം. അനേകായിരം സ്‌പോടനങ്ങളിലെ വെറുമൊരു പരമാണു ഗോളമാണ് ഭൂമിയെന്നുള്ള
വസ്തുത പുരോഹിതരുടെയോ കുഞ്ഞാടുകളുടെയോ യുക്തിബോധത്തിലേയ്ക്ക് തറച്ചുകയറില്ല.
മാര്‍പാപ്പാവരെയും വിസ്‌പോടനങ്ങളെ വിലയിരുത്തി അടുത്ത നാളില്‍ സംസാരിച്ചിരുന്നു.
സ്‌പോടനങ്ങളെല്ലാം സംഭവിച്ചത് ദൈവത്തിന്റെ ശക്തിവിശേഷമാണെങ്കില്‍ത്തന്നെയും അവിടെ
പുരോഹിതര്‍ ഭാവന കാണുന്ന പിശാചിന്റെ ജോലി വ്യക്തമല്ല.
നൂറു കണക്കിന് ഡോളര്‍
സിനിമാ താരങ്ങളുടെയും കലാകാരന്മാരുടെയും പരിപാടികളില്‍ ചെലവാക്കുന്നവര്‍ ആത്മീയ
കാര്യങ്ങള്‍ക്കായി ഇരുപത്തിയഞ്ചു ഡോളര്‍ ചോദിച്ചതിന് ഒച്ചപ്പാടുകള്‍
സൃഷ്ടിക്കുന്നത് പിശാചിന്റെ പരീക്ഷണമാണെന്നാണ് ഈ പണ്ഡിതന്റെ അഭിപ്രായം. സീറോ
മലബാര്‍ സഭയുടെ വക്താവായ ഇദ്ദേഹം സഭയുടെ കഴിഞ്ഞകാല കഥകളൊക്കെ അവഗണിക്കുന്നുമുണ്ട്.
ഒരു കല്യാണക്കുറി മേടിക്കാന്‍ ചെന്നാല്‍ ആയിരക്കണക്കിന് ഡോളര്‍ കുടിശിഖയുണ്ടെന്നു
പറഞ്ഞു ബില്ലുകളുമായി ചെല്ലും. അത്തരം കളികള്‍ ഇനിമേല്‍ നടക്കില്ലെന്ന് ഷിക്കാഗോ
രൂപതാ മെത്രാന്‍ അങ്ങാടിയത്തിനു മനസിലായി. ഭീമമായ തുക നവദമ്പതികളില്‍ നിന്നും
വസൂലാക്കാന്‍ ശ്രമിച്ച ഷിക്കാഗോരൂപതയുടെ മെത്രാന്‍ ഒരു വക്കീല്‍ നോട്ടീസ്
കിട്ടിയപാടെ വരന്റെ വീട്ടില്‍ കുറിയെത്തിക്കുകയും ചെയ്തു. അതിനേക്കാളും വലിയ
പിശാചുക്കളുടെ നാടാണ് ബ്രിട്ടനെന്ന വസ്തുത പുതിയ രൂപതയും മെത്രാനും ശിങ്കിടികളും
മനസിലാക്കുന്നതും നന്നായിരിക്കും. എങ്കില്‍ അത്തരം പിശാചുക്കളുടെ പരീക്ഷണങ്ങള്‍
ഒഴിവാക്കാം. ഒരുവന്‍ അദ്ധ്വാനിച്ച പണം ചെലവഴിക്കുന്നത് എങ്ങനെയെന്ന്
തീരുമാനിക്കാനുള്ള അവകാശം അദ്ധ്വാനിക്കുന്നവനു കൊടുക്കുകയല്ലേ നല്ലത്. അവിടെയുള്ള
കുടുംബങ്ങള്‍ പണം മുടക്കി കലാപരിപാടികള്‍ക്ക് പോവുന്നുവെങ്കില്‍ ലേഖകനോ സഭയ്ക്കോ
എന്താണ് നഷ്ടപ്പെടാന്‍ പോകുന്നത്. ഒരു കുടുംബവുമായുള്ള സ്വരുമ കലാമേളകളില്‍
ലഭിക്കുന്നപോലെ ദേവാലയങ്ങളില്‍ നിന്നും ലഭിക്കില്ല. പകരം അത്മീയ കച്ചവടക്കാര്‍
കരിഷ്മാറ്റിക്ക് ധ്യാനങ്ങളും പ്രാര്‍ഥനകളും ഉപവാസങ്ങളും വഴി കുഞ്ഞാടുകളെ കരുവാക്കി
ഭ്രാന്തന്മാരുടെ ഒരു ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വട്ടുപിടിച്ച
ധ്യാനഗുരുക്കന്മാര്‍ സീറോ മലബാര്‍ പള്ളികളുടെ ഒത്താശയോടെ അമേരിക്കയിലും യൂറോപ്പിലും
കറങ്ങി നടക്കുന്നുണ്ട്. എല്ലാവരുടെയും ഒരേ ലക്ഷ്യം, മാലാഖാമാരായ കുഞ്ഞാടുകളുടെ
പോക്കറ്റില്‍ നിന്നും പണം തട്ടിയെടുക്കല്‍ മാത്രം. അത് ചോദ്യം ചെയ്യുന്നവര്‍
പിശാചുക്കളും. പുതിയതായി പള്ളിയില്‍ ചാര്‍ജെടുക്കുന്ന വികാരിയുടെ ഫ്രിഡ്ജ്
നിറക്കാന്‍ ബ്രിട്ടനിലെ വീട്ടമ്മമാരും ഇനി മത്സരം തുടങ്ങും.
സോഷ്യല്‍
മീഡിയാകള്‍ കാരണം പുരോഹിതരാകാനും കന്യാസ്ത്രികളാകാനും യുവതികളും യുവാക്കളും
മടിക്കുന്നുവെന്നു കര്‍ദ്ദിനാള്‍ ആലഞ്ചേരിപറയുകയുണ്ടായി. ഇപ്പോള്‍ പ്രവാചക
ശബ്ദത്തിലെ ലേഖകനും അതുതന്നെ പറയുന്നു. സഭയുടെ കൊള്ളരുതായ്മകള്‍ പച്ചയായി
വിളിച്ചുപറയുന്ന സോഷ്യല്‍ മീഡിയാകളെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ലേഖകന്‍
ശ്രമിക്കുകയാണ്. എന്നിട്ടും പുരോഹിതരുടെയിടയിലുള്ള കൊള്ളയ്ക്കും കള്ളത്തരത്തിനും
കുറവില്ലതാനും. ഇവര്‍ കാണിക്കുന്ന അനീതികള്‍ കണ്ടാലും കേട്ടാലും
നിശബ്ദരായിരുന്നുകൊള്ളണം. ബ്ലോഗുകളും വീഡിയോകളും പിശാചിന്റെ പ്രവര്‍ത്തനങ്ങളെന്നാണ്
പുരോഹിതര്‍ അല്‌മെനികളെ പഠിപ്പിക്കുന്നത്. എങ്കിലേ അല്‌മെനിയുടെ അജ്ഞതയില്‍നിന്നും
മുതലെടുക്കാന്‍ അവര്‍ക്കു കഴിയുകയുള്ളൂ.
ശാസ്ത്രീയ നേട്ടങ്ങളെ എന്നും
പഴിചാരുന്ന ഒരു പ്രവണതയാണ് സഭയ്ക്കുള്ളത്. ചരിത്രത്തിലാദ്യമായി ഒരു മാര്‍പ്പാപ്പാ
ശാസ്ത്രത്തോടു കൂടുതല്‍ യോജിക്കാന്‍ തുടങ്ങി. എങ്കിലും സീറോ മലബാറിലെ മെത്രാന്മാരും
പുരോഹിതരും നൂറ്റാണ്ടുകള്‍ പിന്നെയും പുറകോട്ടു പോകാനാണഗ്രഹിക്കുന്നത്.
അല്‌മെനികളുമായി നേരിട്ടു പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്യാനുള്ള ഏറ്റവും നല്ല
മാര്‍ഗമാണ് സോഷ്യല്‍ മീഡിയാ. പക്ഷെ സോഷ്യല്‍ മീഡിയായെ പിശാചായി കാണുന്ന ഇവരുടെ
അജ്ഞതയെ പുച്ഛിച്ചു തള്ളുകയേ പറ്റുകയുള്ളൂ. ഭൂരിഭാഗം പുരോഹിതര്‍ക്കും
മെത്രാന്മാര്‍ക്കും കമ്പ്യൂട്ടര്‍ എന്തെന്നോ ഒരു ഇമെയിലിന്റെ പ്രസക്തിയോ അറിയില്ല.
ഇവര്‍ക്കെതിരായി സംസാരിക്കുന്ന മാധ്യമങ്ങളെയും പിശാചുക്കളായി കാണുന്നു. ഇത്തരം
ബൗദ്ധികചിന്താഗതികളില്‍ പുറകോട്ടു ചിന്തിക്കുന്ന യാഥാസ്ഥിതികരായവരാണ് കുഞ്ഞാടുകളുടെ
അദ്ധ്യാത്മിക പരിപാലനത്തിനായി ബ്രിട്ടനിലെത്തിയിരിക്കുന്നത്. അവിടെ വളരുന്ന
കുഞ്ഞുങ്ങളില്‍ കലര്‍ത്താന്‍ പോവുന്ന ആത്മീയ വിഷത്തെപ്പറ്റി തികച്ചും അജ്ഞരായി
ജീവിക്കുന്നവര്‍ക്ക് മനസിലാവുകയുമില്ല.അവര്‍ക്കു പള്ളിയും പട്ടക്കാരും മാത്രം മതി.
സഭയെ വിമര്‍ശിക്കുന്നത് പിശാചിന്റെ പ്രവര്‍ത്തിയെന്നുള്ള ലേഖകന്റെ വാദം
തികച്ചും ബാലിശമാണ്. അടുത്തകാലത്തായി പിശാചിന്റെ പ്രവര്‍ത്തനം മൂലം ബലഹീനര്‍
കൂടുതല്‍ ശക്തിയേറുന്നതും ശ്രദ്ധേയമാകുന്നു. സമീപകാലങ്ങളിലെ സംഭവവികാസങ്ങള്‍
കണക്കിലെടുത്താല്‍ ബലഹീനരുടെ ശക്തിവിശേഷം മനസിലാക്കാന്‍ സാധിക്കും. ഈ പിശാചുക്കള്‍
സഭയുടെ പല കൊള്ളരുതായ്മകളും പുറത്തു കൊണ്ടുവരാന്‍ തുടങ്ങി. ഇറ്റലിയില്‍ നിന്നും
നടുപാതിരായ്ക്ക് മഠത്തില്‍ നിന്നും ഇറക്കിവിട്ട അനീറ്റയെന്ന യുവകന്യാസ്ത്രിക്ക്
അവരുടെ കന്യകാത്വത്തിനു വിലയായി പത്തു ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. അവരെ ലൈംഗിക
കാര്യങ്ങള്‍ക്കായി ഒരു പുരോഹിതന്‍ പ്രേരിപ്പിച്ചപ്പോള്‍ അതിനു വഴങ്ങാത്ത
പ്രതികാരമായിരുന്നു യുവതിയായ ആ കന്യാസ്ത്രീയെ മഠത്തില്‍ നിന്നും പുറത്താക്കാന്‍
കാരണമായത്. അതിനുത്തരവാദിയായ പുരോഹിതന്‍ ഇന്നും സമൂഹത്തില്‍ മാന്യനായി നടക്കുന്നു.
പാലായിലെ ചേര്‍പ്പുങ്കല്‍ കന്യാസ്ത്രിയെ പീഡിപ്പിച്ച കഥ കേരളത്തിലെ മുഖ്യ
മാധ്യമങ്ങളിലെയും സോഷ്യല്‍ മീഡിയാകളിലെയും വാര്‍ത്തയായിരുന്നു. നാളിതുവരെയുള്ള സഭാ
ചരിത്രത്തെ മറികടന്ന് അവര്‍ക്കും അഞ്ചുലക്ഷം രൂപാ കൊടുക്കേണ്ടി വന്നു. സോഷ്യല്‍
മീഡിയാകള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ അന്നൊക്കെ തൊടുത്തു വിട്ടില്ലായിരുന്നെങ്കില്‍
വെറും കയ്യോടെ ഈ കന്യാസ്ത്രിക്ക് ഒന്നും കൊടുക്കാതെ
പറഞ്ഞയക്കുമായിരുന്നു.
"ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം
ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ
പാദങ്ങളുടെ പൊടി തട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തേക്കാള്‍ സോദോം
ഗൊമോറാ ദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യം സത്യമായി ഞാന്‍
നിങ്ങളോടു പറയുന്നു" (മത്തായി 10:1415). ഈ വചനപ്രകാരം പുതിയതായി ഒരു പുതിയ
ദേശത്തുവരുന്ന സ്രാമ്പിക്കല്‍ മെത്രാനെ സ്വീകരിക്കണമെന്ന സാരോപദേശവുമുണ്ട്. അദ്ദേഹം
സാക്ഷാല്‍ തോമ്മാശ്ലീഹായുടെ പിന്‍ഗാമിയെന്ന അവകാശവാദവും ലേഖനത്തില്‍ നിന്നും
മനസിലാക്കാം.
മത്തായിയുടെ വചനംകൊണ്ടു വിശ്വാസികളെ പേടിപ്പിക്കുകയാണ്.
കൂന്തന്‍ തൊപ്പിയും അംശവടി പിടിച്ചും വിലയേറിയ കുപ്പായവുമിട്ടും ആഡംബര കാറുകളില്‍
സഞ്ചരിച്ചും നടക്കുന്ന ഈ അഭിഷിക്തരെ ക്രിസ്തു വിളിച്ചിരുന്നത് വെള്ളയടിച്ച
കുഴിമാടങ്ങളെന്നായിരുന്നു. മുത്തുക്കുട പിടിക്കാനോ, വെഞ്ചാമരംകൊണ്ട് വീശാനൊ,
യേശുവിനാരുമുണ്ടായിരുന്നില്ല. ആര്‍ഭാടമേറിയ കൊട്ടാരമോ എഴുന്നള്ളിക്കാന്‍
കുഞ്ഞാടുകളോ സേവകരോ യേശുവിനില്ലായിരുന്നു. തൊഴുത്തില്‍ പിറന്നു ജീവിച്ച ആശാരി
ചെറുക്കന്‍ എന്നും ദരിദ്രനും ദരിദ്രരോടപ്പവുമായിരുന്നു.അവന്റെ ശിക്ഷ്യന്മാരെ ആരും
പിതാവെന്ന് വിളിച്ചില്ല. മത്തായിയുടെ സുവിശേഷ വചനത്തിലെപ്പോലെ ആരെയും പിതാവെന്ന്
വിളിക്കരുതെന്ന് അവന്‍ പഠിപ്പിച്ചിരുന്നു.
ഒരു മെത്രാനെന്നയാള്‍
ശ്ലീഹന്മാരുടെ പിന്‍ഗാമികളാണുപോലും. "എന്‍റെ നാമം പ്രസംഗിക്കുമ്പോള്‍ നിങ്ങളോടു
വസ്ത്രം ചോദിക്കുന്നവര്‍ക്ക് പുറംകുപ്പായവും ഊരിക്കൊടുക്കാനാണ് യേശു പറഞ്ഞത്.
അവിടുത്തെ ശിഷ്യരുടെ പിന്‍ഗാമികളെന്നു അവകാശപ്പെടുന്ന കോതമംഗലം രൂപതയുടെ മെത്രാന്‍
തൊടുപുഴയിലെ കൈവെട്ടുകേസില്‍ ഇരയായ ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ തല
പാത്രത്തിലിട്ട് പൂജിക്കുന്നുണ്ടാകാം. കാഞ്ഞിരപ്പള്ളി ശ്ലീഹാ തട്ടിപ്പു
വീരപരാക്രമങ്ങള്‍ ഉപേക്ഷിച്ച് മോനിക്കായുടെ കണ്ണുനീര്‍ എന്നാണോ ഒപ്പുന്നതെന്നും
അറിഞ്ഞുകൂടാ. തൃശൂരുള്ള ഒരു മെത്രാന്‍ പള്ളിപിടിച്ചെടുക്കലും പ്രതിക്ഷേധിക്കുന്നവരെ
ഗുണ്ടകളെക്കൊണ്ടു തല്ലിച്ചും സ്ലൈഹിക ദൗത്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
ഇടുക്കിയിലെ മെത്രാന്‍, ജ്വാലിയന്‍വാലാ മെത്രാന്‍, മകളെ ദത്തെടുത്ത കൊച്ചിയിലെ
പുറത്താക്കപ്പെട്ട തട്ടില്‍ മെത്രാന്‍, കൊലക്കേസില്‍ പ്രതിയായ കോയമ്പത്തൂര്‍
മെത്രാന്‍ അങ്ങനെ ശ്ലീഹന്മാരുടെ കൈവെപ്പു കര്‍മ്മം കിട്ടിയ മെത്രാന്മാരുടെ ഒരു വലിയ
കോട്ട തന്നെയുണ്ട്. ഇടുക്കി മെത്രാന് മലയാളത്തില്‍ പച്ചത്തെറി വിളിക്കാനുമറിയാം.
മറ്റൊരു തൃശൂരുള്ള ശ്ലീഹായ്ക്ക് പ്രേമിക്കാനും സഭാവസ്ത്രമൂരിയ ജസ്മിക്ക്
പ്രേമലേഖനങ്ങള്‍ അയക്കാനുമറിയാമായിരുന്നു.
മെത്രാന്‍ അധിവസിക്കുന്ന
'രൂപത'യെന്നാല്‍ എന്തെന്ന് ലേഖകന്‍ നിര്‍വചിച്ചിട്ടുണ്ട്. "സ്വര്‍ഗ്ഗത്തിലും
ഭൂമിയിലും സര്‍വ്വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ പിന്‍ഗാമികളെന്ന നിലയില്‍
മെത്രാന്മാര്‍ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ജനങ്ങള്‍ക്ക് വിശ്വസിക്കേണ്ട
സത്യത്തേയും പ്രായോഗികമാക്കേണ്ട പ്രവര്‍ത്തന ശൈലിയേയും പറ്റി പ്രബോധനം നല്‍കുകയും
ആസന്നമായ തെറ്റുകളില്‍ നിന്നും ജാഗ്രതാപൂര്‍വ്വം തടയുകയും ചെയ്യുന്നു (രള: ഘൗാലി
ഏലിശtuാ 24, 25)." ഇതിനിടയില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ഇടയ്ക്കു കയറി
വീണതു ലേഖകന്‍ വിസ്മരിക്കുന്നു. ചക്രവര്‍ത്തിയുടെ കാലം മുതല്‍ മെത്രാനെ
രാജകിരീടങ്ങളും അണിയിച്ചു. സ്വര്‍ഗ്ഗത്തിനിടയില്‍ ശുദ്ധീകരണ സ്ഥലമെന്ന മറ്റൊരു
ലോകവുമുണ്ടാക്കി. അത് വിറ്റു മണിഗോപുരങ്ങളും സൗധങ്ങളും വത്തിക്കാന്‍ കൊട്ടാരവുംവരെ
പടുത്തുയര്‍ത്തി. അനേകായിരം വിധവകളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടു ഇവര്‍ യേശുവിനെ
വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ദളിതന്‍ മരിച്ചാല്‍ അവന്റെ കുടീരം
സെമിത്തേരിക്കു പുറത്ത്. ലക്ഷങ്ങളും കോടികളും വരെ ശവക്കല്ലറയ്ക്ക് വിലപറയുന്നു.
ദരിദ്രന്റെ ശവത്തെ പള്ളിപ്പറമ്പിലെ കുഴിമാടങ്ങളിലടക്കാതെ കഴുകനെപ്പോലെ ശവത്തെയും
കുത്തും.
ഒരമ്മയുടെ ശവം പള്ളിപ്പറമ്പില്‍ അടക്കാന്‍ വിസമ്മതിച്ച പുരോഹിതനെ
വെല്ലുവിളിച്ചുകൊണ്ട് ഹൈന്ദവ സംസ്ക്കാര കര്‍മ്മങ്ങള്‍ നടത്തി അമ്മയുടെ ശവം
ദഹിപ്പിച്ചതും സീറോ മലബാര്‍ പുരോഹിതര്‍ നട്ടു വളര്‍ത്തിയ ഒരു സംസ്ക്കാരത്തിന്റെ
പ്രതിഫലനമായിരുന്നു. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കാവല്‍ക്കാരായ മെത്രാന്‍
പ്രഭുക്കളുടെ അധികാരം ആ ചെറുപ്പക്കാരന്റെ മുമ്പില്‍ അന്ന് തീയായി ചാമ്പലായി
തീര്‍ന്നു, ഷിജു. ഉഴുവ സെന്റ് അന്നാസ് കത്തോലിക്കാ പള്ളി ഇടവകാംഗമായിരുന്നു.
അന്തരിച്ച എം. പി. ലീലാമ്മ ടീച്ചറുടെ മകന്‍. അമ്മയുടെ മൃതദേഹം വെച്ച് വിലപേശാന്‍
വന്ന വികാരിയുടെ മുന്നില്‍ പൊരുതിക്കൊണ്ടു പുരോഹിത വെല്ലുവിളിക്കുത്തരം കൊടുത്തു. .
ഈ കഥയൊക്കെ ലേഖകന്‍ മനസിലാക്കുന്നതും നന്നായിരിക്കും. അതിനുശേഷം ബ്രിട്ടനില്‍
വളരുന്ന കുട്ടികളെ സംസ്ക്കാര സാമ്പന്നരുമാക്കാം.
"മാമ്മോദീസ എന്ന
കൂദാശയിലൂടെ ഓരോ വിശ്വാസിയും പിശാചിന്റെ ആഡംബരങ്ങളെ ഉപേക്ഷിക്കുവാനും
കാലിത്തൊഴുത്തില്‍ ദരിദ്രനായി പിറന്ന യേശുവിനെ അനുകരിക്കുവാനും
വിളിക്കപ്പെട്ടവരാണെന്നാണ്" സഭയുടെ പ്രമാണം. ഇവിടെ വിശ്വാസമെന്നുപറഞ്ഞാല്‍
അല്മായനുമാത്രം. പുരോഹിതനു ബാധകമല്ല. ഇങ്ങനെ ലേഖകന്റെ കുഞ്ഞാടുകളോടുള്ള ഉപദേശവും
കേള്‍ക്കാന്‍ സുഖം തന്നെ. ബ്രിട്ടനില്‍ കുഞ്ഞാടുകള്‍ക്കു ലഭിച്ച സൗഭാഗ്യത്തിനുള്ള
കാരണം ദൈവത്തിന്റെ അനുഗ്രഹമെന്നു അവിടെയുള്ള പുരോഹിതര്‍ കുഞ്ഞാടുകളെ ധരിപ്പിക്കാന്‍
തുടങ്ങി. ദൈവത്തിന്റെ വീതം പത്തു ശതമാനം തരൂവെന്നു അവകാശപ്പെട്ടുള്ള ഇടയലേഖനവും
തയ്യാറായിക്കാണും. ശൈശവ ദിശയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ബ്രിട്ടനില്‍ മെത്രാസന
മന്ദിരം പണിയണം. അതിനിനി പിരിവെടുക്കണം. സായിപ്പിനെ മറികടന്ന് ഉയരത്തിലുള്ള
കത്തീഡ്രലുകള്‍ പണിയണം. ഇത്തരം മെത്രാന്റെ ഭാവികാര്യങ്ങളൊന്നും ലേഖനത്തില്‍
വിശദീകരിച്ചിട്ടില്ല.
അമേരിക്കന്‍ പള്ളികളില്‍ പൊയ്‌ക്കൊണ്ടിരുന്ന ആദ്യകാല
മലയാളികളുടെ കുടുംബ ബന്ധങ്ങള്‍ തകര്‍ന്നുവെന്നും അവരുടെ മക്കളുടെ വിവാഹ ജീവിതം
ദുരിതപൂര്‍ണ്ണമായതുകൊണ്ട് പല മാതാപിതാക്കളും കണ്ണുനീരു കുടിക്കുന്നുവെന്നുമാണ്
മറ്റൊരു കണ്ടുപിടുത്തം. അമേരിക്കയിലും സീറോ മലബാര്‍ പള്ളികളില്‍ തകൃതിയായിത്തന്നെ
കുരിശുയുദ്ധങ്ങളുണ്ട്. ഇറാക്കിലെ കൊലപാതികളെ തൂക്കിയിരുന്ന മാനിക്കേയിന്‍ കുരിശ്,
കുരിശില്‍ താമരയെന്നൊക്കെ പേരിലാണ് ഇവിടെ തല്ലുപിടുത്തമുള്ളത്. കുടുംബങ്ങളെ
തമ്മില്‍ അടിപ്പിക്കാന്‍ കേരളത്തില്‍നിന്നും വിദഗ്ദ്ധരായ അനേക പുരോഹിതരെയും
ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പള്ളികളില്‍ സമാധാനമായി പൊയ്‌ക്കൊണ്ടിരുന്ന
ഒരു ജനതയുടെ ഇടയിലേക്കാണ് കുഞ്ഞാടുകളെ സേവിക്കാന്‍ നാട്ടില്‍നിന്നും ഒരു കൂട്ടം
പുരോഹിതരെ ഈ നാട്ടിലെത്തിച്ചത്. അവരില്‍ പലരും ഇന്നാട്ടില്‍നിന്നു സ്ത്രീകളെ
കണ്ടുമുട്ടി വിവാഹിതരുമായി. ചിലര്‍ അമേരിക്കന്‍ മണ്ണില്‍തന്നെ സ്ഥിരതാമസമാക്കി.
ഒരാളിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ വികാരി നാട്ടില്‍ ആ സ്ത്രീയുമായി ജീവിക്കുന്നു.
സമാധാനമായി ജീവിച്ചിരുന്ന പല കുടുംബങ്ങളെയും കൂട്ടിയടുപ്പിച്ചു അസമാധാനം
സൃഷ്ടിക്കാന്‍ നാടന്‍ പുരോഹിതര്‍ വിരുതരാണ്. ഓരോ കുടുംബത്തിലും
പ്രശ്‌നങ്ങളുണ്ടാക്കി ഇടവക ഭരിക്കുകയെന്നതാണ് നയവും. കുര്‍ബാനപ്പണം അമ്പതും നൂറും
ഡോളര്‍ ഓരോരുത്തരില്‍നിന്നും കൈപ്പറ്റും. നാട്ടിലുള്ള പാവപ്പെട്ട പുരോഹിതര്‍ക്ക്
ചെറിയൊരു തുക കൊടുത്ത് ബാക്കിയുള്ള പണം ഇവര്‍ പോക്കറ്റിലുമിടും. ഒരു
വികാരിയ്ക്കെതിരെ മറ്റൊരു വികാരി പാരവെക്കാനും മിടുക്കനാണ്. ഇങ്ങനെ പോകുന്നു
അമേരിക്കയിലെ വാഴ്ത്തപ്പെട്ട ക്രിസ്തു ശിക്ഷ്യരായവരുടെ കഥകള്‍.
സീറോ മലബാര്‍
പള്ളികളുടെ അഭാവത്തില്‍ അമേരിക്കന്‍ മലയാളി പിള്ളേര്‍ വഴിപിഴച്ചു പോവുമെന്ന
ലേഖകന്റെ വാദം വിചിത്രം തന്നെ. കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ സീറോ
മലബാര്‍ പള്ളികളില്‍ പോകില്ലന്നുള്ളതാണ് മറ്റൊരു സത്യം. നാട്ടില്‍നിന്നും വന്ന
ഇംഗ്ലീഷറിയാന്‍ പാടില്ലാത്ത പുരോഹിതരുടെ ഭാഷ കുട്ടികള്‍ക്ക് പ്രശ്‌നമാണ്.
മാര്‍ത്തോമ്മായുടെ പൊട്ടക്കഥയൊന്നും ബ്രിട്ടനിലും അമേരിക്കയിലും വളരുന്ന
പിള്ളേര്‍ക്കറിയാന്‍ താല്‍പ്പര്യവും കാണില്ല. സീറോ മലബാര്‍ പള്ളികളില്‍ സ്ഥിരം
പൊയ്‌ക്കോണ്ടിരുന്ന മാതാപിതാക്കളുടെ മക്കള്‍ പലരും മയക്കു മരുന്നിന്റെ അടിമകളുമായി.
സ്വന്തം സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ ചുരുക്കവും. സീറോ മലബാര്‍
രൂപതയും പള്ളികളും തീയേറ്ററുകളാകാനും അധിക കാലം വേണ്ടിവരില്ല. ഒരു തലമുറയുടെ
പ്രയത്‌നം പാഴായി പോയ ചരിത്രവും വരുംകാലതലമുറകള്‍ക്ക് രചിക്കുകയും ചെയ്യാം.
വിശ്വസം ഇല്ലാത്തവര്‍ സത്യ്ജ്വാല, അല്‍മായ ശബ്ദം എന്നൊക്കെ പറഞ്ഞ് അഞ്ചാമ്പത്തി പണി അഥവ ഒറ്റുകാരുടെ ജോലി ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് പോയി
ഈ വിശ്വസി ഒരു ദിവസമെങ്കിലും കുടുംബ പ്രാർത്ഥന വിശ്വാസത്തോടെ ചെല്ലുന്നുണ്ടോ ? അതോ പ്രാർത്ഥിക്കുമ്പോൾ എന്നും കുറ്റങ്ങൾ കണ്ടു പിടിച്ചു എഴുതുവാനുള്ള കൃപ തരണമെന്നായിരിക്കും പറയുക!
വിദ്യ കൊണ്ട് വിദ്വാൻ ആകുന്നതല്ല വിശ്വാസം എന്ന് വിശ്വസിക്കാൻ പഠിക്കുമ്പോൾ മാത്രമേ വിദ്യ കൊണ്ട് നേടിയ ധനം പാഴായീ എന്ന് വിദ്വാന് വിശ്വസിക്കാൻ കഴിയൂ. It may take time to understand, but it is inevitable.
വകതിരിവില്ലാത്തൊരോട് പറഞ്ഞിട്ട്ടെന്തു ഗുണം
തലമണ്ടയിൽ വെറും 'സീറോ' മാത്രമുള്ള
മലബാറുകാരാ നീ മിണ്ടാതിരിക്കടാ
വിദ്യകൊണ്ടു നീ വിവേചിച്ചറിയണം കപട-
വിദ്യയാൽ ജനങ്ങളെ വഞ്ചിക്കും മതത്തിനെ.
നിശ്വാസവും ഉച്ഛ്വാസവും നിലയ്ക്കുമ്പോൾ നിന്റെ
വിശ്വാസം കാറ്റിൽ പറക്കും 'സദാ' മലയാളി
മത പ്രോബോധനം നീ കുറച്ചു കേൾക്കണം
അത് നിന്നെ കുഴപ്പത്തിലാക്കി 'സീറോ' ആക്കും
പടന്നമാക്കലിൻ ലേഖനം പകരമായി വായിക്കണം
തുടച്ചു മാറ്റും അതുനിന്റെ അജ്ഞതയൊക്കെയും
തെളിയും നിന്റെ തലയിൽ ആയിരം വിളക്കുകൾ
വെളിവുകിട്ടും നിന്നിൽ നിനക്ക് വിശ്വാസമേറിടും