Image

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം

Published on 12 February, 2012
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ പുതിയ പരമോന്നത നേതാവ് കിം ജോങ് ഉന്‍ കൊല്ലപ്പെട്ടതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. എന്നാല്‍, ഇതു സംബന്ധിച്ചു വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡിസംബറില്‍ പിതാവ് കിം ജോങ് ഇല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് മുപ്പതു തികഞ്ഞിട്ടില്ലാത്ത ഉന്നിന് ഉത്തരകൊറിയയുടെ ഭരണം ലഭിച്ചത്. 

അധികാരമേറ്റെടുത്തതിനു പിന്നാലെ നടത്തിയ ചൈനാ സന്ദര്‍ശനത്തിനിടെ ബെയ്ജിങ്ങില്‍ വെച്ച് ഉന്നിനെ വധിച്ചുവെന്ന കിംവദന്തിയാണ് ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലൂടെ പ്രചരിക്കുന്നത്. ട്വിറ്ററിന്റെ ചൈനീസ് പതിപ്പാണ് ആദ്യം ഇക്കാര്യം പുറത്തുവിട്ടത്. ചൈനയുടെ ഔദ്യോഗിക മാധ്യമമോ ദക്ഷിണ കൊറിയയോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. 

ഈ വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സംഭവം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉത്തര കൊറിയയെപ്പോലെ ഒരു അടഞ്ഞ സമൂഹത്തില്‍നിന്ന് ഇത്തരം വിവരങ്ങള്‍ എളുപ്പം പുറത്തുവരില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വലിയൊരു സംഭവം നടന്നാലുണ്ടാകാവുന്ന സേനാ നീക്കങ്ങളൊന്നും ഉത്തര കൊറിയയില്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യു.എസ്. ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക