Image

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മലയാളി കണ്ണിലൂടെ (എ.എസ് ശ്രീകുമാര്‍)

Published on 10 October, 2016
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മലയാളി കണ്ണിലൂടെ (എ.എസ് ശ്രീകുമാര്‍)
'നമുക്ക് നാമേ പണിവത് നാകം നരകവുമൊരുപോലെ...' എന്ന കവിവാക്യം റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാവുകയാണ്. ട്രംപ് തനിക്കിട്ടു തന്നെ പണിത് സ്വയം കുഴി തോണ്ടുകയാണെന്നും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം തോല്‍ക്കുമെന്നുമുള്ള അഭ്യൂഹം ശക്തമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ആരായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റ് എന്ന് കേരളത്തിലിരുന്ന് ഉറ്റു നോക്കുന്നവര്‍ക്ക് വലിയ സസ്‌പെന്‍സൊന്നുമില്ല. വര്‍ണവെറിയനെന്നും വംശീയവാദിയെന്നും യുദ്ധക്കൊതിയനുമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ട്രംപിനെ ഇപ്പോള്‍ കുടുക്കിയിരിക്കുന്നത് ലൈസന്‍സില്ലാത്ത അദ്ദേഹത്തിന്റെ നാക്കു തന്നെയാണ്. മിക്കവാറും അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത വൈറ്റ് ഹൗസിന്റെ അധിപയാകുമെന്നാണ് ഒന്നാമത്തേതും രണ്ടാമത്തേതുമായ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ ശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നത്.

നിലവിലെ സര്‍വെ ഫലങ്ങളനുസരിച്ച് ഹിലരി അഞ്ചു ശതമാനത്തോളം പോയിന്റുകള്‍ക്ക് മുമ്പിലാണ്. സ്ത്രീകളെക്കുറിച്ച് ട്രംപ് നടത്തിയ അശ്ലീല പരാമര്‍ശങ്ങളടങ്ങിയ വീഡിയോ 'വാഷിംഗ് ടണ്‍ പോസ്റ്റ്' പുറത്തു വിട്ടതോടുകൂടിയാണ് ട്രംപിന്റെ വിജയസാധ്യത കണ്ടമാനം മങ്ങിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. 1996ലെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട വെനസ്വേലക്കാരി,   അന്ന് 18 വയസ്സുള്ള അലീഷ്യ മച്ചാര്‍ഡോയെ ട്രംപ് വിളിച്ചത് മിസ് പിഗ്ഗി, മിസ് ഹൗസ്‌കീപ്പിംഗ്, ഈറ്റിംഗ് മെഷീന്‍ എന്നൊക്കെയാണ്. വിശ്വസൗന്ദര്യ മത്സരത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളായിരുന്നു ട്രംപ്. അതാണ് അലീഷ്യയുമായി ട്രംപിന് പരിചയമുണ്ടാവാനുള്ള സാഹചര്യം. അലീഷ്യയുടെ തടിച്ച ശരീരപ്രകൃതിയും ലാറ്റിനമേരിക്കക്കാരിയെന്ന ലേബലുമൊക്കെയാണ് വംശീയ വിഷത്തില്‍ ചാലിച്ച ഈ മോശം പരാമര്‍ശത്തിന് പിന്നില്‍. ട്രംപിന്റെ പരസ്യ പരിഹാസം ഏറെ നാള്‍ തന്നെ വിഷാദരോഗിയാക്കിയെന്ന് അലീഷ്യ 'ന്യൂയോര്‍ക്ക് ടൈംസി'ന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അവര്‍ ഇപ്പോള്‍ അമേരിക്കക്കാരിയാണ്. 

''നിങ്ങള്‍ ഒരു പ്രമുഖ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ എന്തും ചെയ്യാം. നിരവധി സ്ത്രീകളെ സ്പര്‍ശിക്കുവാനും ചുംബിക്കുവാനും അവരുമായി ലൈഗികബന്ധത്തിലേര്‍പ്പെടാനും ശ്രമിച്ചിട്ടുണ്ട്...'' എന്നിങ്ങനെയും വിവാദ 'വിഷയ'ക്കാരന്‍ ട്രംപ് പറഞ്ഞിട്ടുണ്ട്. വിവാദവിസ്‌ഫോടനമുണ്ടാക്കിയ ട്രംപിന്റെ സ്ത്രീവിരുദ്ധ വീഡിയോ പരാമര്‍ശങ്ങള്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഹിലരി ഉന്നയിച്ചതോടെ മാപ്പ് പറഞ്ഞ് രംഗത്തു വന്ന ട്രംപ്, താന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്ന് പറഞ്ഞ് ഉളിയൂരാന്‍ ശ്രമിക്കുകയും ചെയ്തു. ട്രംപിന്റെ പരാമര്‍ശം മോശപ്പെട്ടതും അസ്വീകാര്യവുമാണെന്ന് പറഞ്ഞ സ്വന്തം ഭാര്യ മെലാനിയ അദ്ദേഹത്തിന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ട്രംപിനോടുള്ള എതിര്‍പ്പ് അനുദിനം കൂടിവരികയാണ്. 2008ല്‍ പ്രസിഡന്റ് പദത്തിലേയ്ക്ക് മത്സരിച്ച വ്യക്തിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ജോണ്‍ മക്കെയ്ന്‍, മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പിന്തുണ പിന്‍വലിച്ചതും ട്രംപിന് കനത്ത തിരിച്ചടിയായി.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഭാരത സ്ത്രീകളുടെ ഭാവശുദ്ധിയില്‍ അഭിമാനിക്കുന്നവരാണ് നമ്മള്‍. ലോകവനിതകളെയും വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിനെതിരാണ്. അതിനാല്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ഡൊണാള്‍ഡ് ട്രംപിനെ ഉള്‍ക്കൊള്ളുവാന്‍ ഭാരതീയര്‍ക്കോ കേരളീയര്‍ക്കോ ആവില്ല. അതേ സമയം ഹിലരിക്ക് കാര്യപ്രാപ്തിയുടെയും അഭിപ്രായ വ്യക്തതയുടെയും ആകര്‍ഷകമായ ചില ഗുണങ്ങളുണ്ടു താനും.

ഈ തിരഞ്ഞെടുപ്പിന്റെ പരിണാമഫലം എന്തുതന്നെയായാലും ഇന്തോ-യു.എസ് ബന്ധം ഊഷ്മളതയോടെ തന്നെ മുന്നോട്ടു പോകുവാനാണ് ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത്. റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടികളും ഇന്ത്യയുമായി ദൃഢമായ ബന്ധം ആഗ്രഹിക്കുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ തന്ത്രപരമായ ചട്ടക്കൂട് വര്‍ധിതമായ പരസ്പരസഹകരണത്തിലുള്ളതായിരിക്കണം. എന്നാല്‍ ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വിപണന സംരക്ഷണം, ആഗോള വ്യാപാരം, ചരക്കു നീക്കം, തൊഴില്‍, മൂലധനം തുടങ്ങിയ കാര്യങ്ങളില്‍ ട്രംപിന്റെ നിലപാടുകള്‍ ഇന്ത്യയ്ക്കനുയോജ്യമല്ല എന്നാണ് വിദഗ്ദ്ധ വിചാരം. അതേസമയം ഇലക്ഷന്‍ പ്രചാരണത്തുടക്കത്തില്‍, റിയാലിറ്റി റ്റി.വി പ്രോഗ്രാമിലെ തിളക്കമേറിയ താരം, വിജയങ്ങള്‍ മാത്രം വെട്ടിപ്പിടിച്ച ബിസിനസുകാരന്‍ തുടങ്ങിയ നിലകളില്‍ ട്രംപ് അംഗീകാരം നേടിയെടുക്കുകയുണ്ടായി. എന്നാല്‍ പിന്നീട് അമേരിക്കന്‍ രാഷ്ട്രീയത്തിന് അത്രയൊന്നും യോജിക്കാത്ത വ്യക്തിഹത്യ, കുടിയേറ്റ വിരോധം, മുസ്ലീം വിദ്വേഷം തുടങ്ങിയ മാനുഷികമല്ലാത്ത വാക്കുകള്‍ നാഴികയ്ക്ക് നാല്‍പതുവട്ടം പ്രയോഗിച്ച് ട്രംപ് ലോക മനസാക്ഷിയില്‍ നിന്ന് ഏറെ അകന്നു പോയി.

പക്ഷേ 'അമേരിക്ക ഫസ്റ്റ്' എന്ന ട്രംപിന്റെ മുദ്രാവാക്യം അമേരിക്കയില്‍ ചലനമുണ്ടാക്കി. ട്രംപിന്റെ 'ടെക്‌നിക്കു'കള്‍ എന്തുകൊണ്ട് വിജയം കാണുന്നു എന്ന ചോദ്യം അവശേഷിക്കുകയും ചെയ്തു. അമേരിക്കന്‍ മിഡില്‍ ക്ലാസിലെ ഭൂരിഭാഗവും വ്യക്തിപരവും സാമ്പത്തികവുമായ അരക്ഷിതത്വത്തിന്റെ തടവറയിലാണത്രേ. ഈ വികാരം ട്രംപ് പേടിപ്പെടുത്തും വിധം ഇളക്കിവിട്ടുവെന്നാണ് നമ്മള്‍ മനസിലാക്കുന്നത്. 2006-'10 കാലഘട്ടത്തിലെ കൊടിയ സാമ്പത്തിക മാന്ദ്യത്തിന്റെ ഉപോല്‍പ്പന്നമാണ്  സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ. തൊഴിലവസരങ്ങളും സ്റ്റോക്ക് മാര്‍ക്കറ്റുകളും ശോഭിക്കുന്നുണ്ടെങ്കിലും മധ്യവര്‍ഗത്തിന്റെ വരുമാനം മാന്ദ്യത്തിന്റെ മുന്‍കാല സ്ഥിതിയിലേയ്ക്ക് തിരിച്ചെത്തുന്നതേയുള്ളു. ഔട്ട് സോഴ്‌സിങ്ങിലൂടെ ഉല്‍പാദന സംബന്ധമായ തൊഴിലുകളില്ലാതായി. അമേരിക്ക ഭരിക്കപ്പെടുന്നത് അഴിമതിയും അക്രമവും കൊണ്ടാണെന്ന് ട്രംപ് വരച്ചു കാട്ടി. തീവ്രവാദികളില്‍ നിന്നും ക്രമിനലുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്ക് സുരക്ഷിതമാക്കാന്‍ ക്രമസമാധാന പാലനമാണ് തന്റെ മുദ്രാവാക്യമെന്ന് ട്രംപ് പ്രസംഗിച്ചു നടന്നു. ചില വെള്ള അമേരിക്കക്കാരും കറുമ്പരും അല്‍പ്പം കുടിയേറ്റക്കാരും ട്രംപിന് സ്തുതി പാടി. മറ്റ് മതസ്ഥരില്‍ നിന്നും അവിശ്വാസികളില്‍ നിന്നും ക്രൈസ്തവരെ രക്ഷിച്ചെടുക്കുമെന്നുള്ള ട്രംപിന്റെ മതധാരയിലെ മൗലിക വാദം അവരും കേട്ടു. 

അപ്പോള്‍ മറുപക്ഷം കൂടുതല്‍ ചലനാത്മകവും ജനകീയവുമാവുകയായിരുന്നു. രാജ്യത്ത് തോക്കുകള്‍ യഥേഷ്ടം ഒഴുക്കിവിട്ട് ഏതൊരുവനും ആയുധമുണ്ടെങ്കില്‍ ആരെയും യഥാഷ്ടം കൊല്ലാമെന്ന ചിന്തയുടെ കടുത്ത ശത്രുവാണ് ഹിലരി ക്ലിന്റന്‍. തോക്കുകളുടെ ലൈസന്‍സ് സംബന്ധിച്ച സുപ്രീം കോടതിയുടെ നിലപാട് തെറ്റാണെന്ന് ഹിലരി ആരോപിച്ചു. തോക്ക് കൈവശം വയ്ക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന ധാര്‍ഷ്ട്യത്തെ തള്ളുന്ന ഹിലരി നാഷണല്‍ റൈഫിള്‍ അസോസിയേഷനെയും അവരുടെ വക്താക്കളെയും ആശ്രിതരെയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുകയാണ്. അമേരിക്കയുടെ പ്രഥമ വനിത, സെനറ്റര്‍, സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ തന്റെ വിപുലവും സമഗ്രവുമായ പ്രായോഗിക പരിചയമാണ് ഹിലരിയുടെ കരുത്ത് എന്ന് നാം കാണുന്നു.

സാമ്പത്തിക ഭീമന്‍മാരുടെയും വലിയ വരുമാനക്കാരുടെയും ടാക്‌സ് വര്‍ധിപ്പിച്ച് ആ പണം കൃത്യമായി ഈടാക്കി അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം ആരോഗ്യപരിരക്ഷ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളിലിട്ട് മിഡില്‍ ക്ലാസിന്റെ അഭിവൃദ്ധിക്കു വേണ്ടി ഗുണപരമായി ഹിലരി പ്രവര്‍ത്തിച്ചുവെന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. ഹിലരിയുടെ പരിചയവും ഡിഫന്‍സും തമ്മിലുള്ള കൂടിച്ചേരലിലൂടെ പൊതുജനം ഒരു ചെയിഞ്ച് ആഗ്രഹിച്ചു. പക്ഷേ ഒബാമയുടെ ഉപദേശ നിര്‍ദേശത്തില്‍ ഹിലരിയില്‍ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ല എന്ന ഇച്ഛാഭംഗവുമുണ്ട്. എങ്കിലും വനിതകളുടെ അവകാശം, വ്യക്തി സുരക്ഷിതത്വം, ആരോഗ്യ പരിപാലനം, സാമ്പത്തിക സുസ്ഥിരത തുടങ്ങിയ മേഖലകളില്‍ ഹിലരിയുടെ പരിചയ സമ്പന്നത ആശാവഹമാണ്.

നിര്‍ഭാഗ്യവശാല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലം പ്രതിഫലിപ്പിക്കുന്നത് ഇറക്കുമതി നികുതി ചുമത്തിക്കൊണ്ടുള്ള ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വിപണന സംരക്ഷണ താത്പര്യങ്ങളാണ്. അത് ഇന്തോ-അമേരിക്കന്‍ ബന്ധത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും ഗുണകരമല്ല. അര്‍ത്ഥമോ ആത്മാര്‍ത്ഥതയോ ഇല്ലാതെ പുലമ്പുന്ന ട്രംപ് താന്‍ വംശീയ വൈരം നിറഞ്ഞവനും കുടിയേറ്റ വിരുദ്ധനുമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ട്രംപ് അധികാരത്തില്‍ വന്നാല്‍, അമേരിക്കയില്‍ തൊഴിലവസരം കുറയ്ക്കുന്നു എന്നാരോപിച്ച് അന്താരാഷ്ട്ര വ്യാപാര ഉടമ്പടികള്‍ എടുത്തു കളഞ്ഞേക്കാം. ഇത് ഇന്ത്യക്കാര്‍ക്ക് എച്ച്-വണ്‍-ബി വിസ കിട്ടുന്നതിനും ഐ.ടി മേഖലയില്‍ സേവനം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കും. റിപ്പബ്ലിക്കന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ലീഗല്‍ ഇമ്മിഗ്രന്റുകളെ കര്‍ശനമായി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ട്രംപിന്റെ അന്താരാഷ്ട്രവിരുദ്ധ അധികപ്രസംഗങ്ങള്‍ ഹിലരിയിലും വ്യാപാര ഉടമ്പടിയിലുള്ള മുന്‍നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയം.

***
മനുഷ്യന്‍ സമുദ്രയാനങ്ങള്‍ക്കിടയില്‍ ഒരു വന്‍കര കണ്ടെത്തി. കാലാന്തരേണ അതില്‍ ജീവിതം തളിര്‍ത്തു. ചലനങ്ങള്‍ നിറഞ്ഞു. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് ഈ ജനത ലോകത്തിന്റെ ശിഖരത്തിലാണ്. അമേരിക്കയുടെ ജൈത്രയാത്ര അവസാനിക്കുന്നില്ല. പക്ഷേ കൊളംബസിന്റെ ഈ വിസ്മയ ഭൂമികയില്‍ നവംബര്‍ എട്ടിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അമേരിക്കയിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് തങ്ങളുടെ കര്‍മഭൂമിയാണ്. തൊഴിലും മെച്ചപ്പെട്ട ജീവിതവും തേടി അമേരിക്കയിലെത്താന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ചിടത്തോളം ആ രാജ്യം സ്വപ്നഭൂമിയുമാണ്. ആ നിലയ്ക്ക് കുടിയേറ്റ വിരുദ്ധനും വംശീയ വാദിയുമായ ട്രംപിന്റെ വിജയം മലയാളികള്‍ ആഗ്രഹിക്കുന്നില്ല. ബില്‍ ക്ലിന്റനാണെങ്കില്‍ ഇന്ത്യയുടെ പരമ്പരാഗത സുഹൃത്താണ്. ഹിലരിക്ക് ഇന്ത്യന്‍ അമേരിക്കക്കാരുമായി ഈടുറ്റ ബന്ധവുമുണ്ടത്രേ. ഏതായാലും രണ്ട് സ്ഥാനാര്‍ത്ഥികള്‍  തമ്മിലുള്ള സംവാദം കൊഴുക്കുമ്പോള്‍ ആരെ തള്ളണം ആരെ കൊള്ളണമെന്ന് പ്രബുദ്ധരായ അമേരിക്കന്‍ ജനത ജാഗരൂഗമായി ഉണര്‍ന്ന് യുക്തി സഹമായി തീരുമാനിക്കുമെന്ന് കരുതാം.

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മലയാളി കണ്ണിലൂടെ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
പാസ്റ്റർ മത്തായി 2016-10-10 12:21:22
സമയമാം രഥത്തിൽ ട്രംപ്
          നരകയാത്ര ചെയ്യുമ്പോൾ
അവന്റ കൂടെ കൂടുവാനായി
          ഒണ്ടനേകം 'മല്ലു'മാർ
ആകെ അല്പ്പ നേരംമാത്രം
          അവന്റ കാറ്റ് പോകുവാൻ
അതിന് മുൻപ് കാലുമാറി
           ഡെമോക്രാറ്റായി മാറുക
പ്ലേയ്ക്കാർഡുമായി ട്രംപ് റാലി
          പങ്കെടുത്ത കൂട്ടരും
ലേഖനങ്ങൾ ട്രമ്പിനായി
          എഴുതിവിട്ട എഴുത്തുകാർ
കൂട്ടമായി കാലുമാറി
          ഹില്ലരിയെ സേവിക്കൂ.
ഒത്തുചേർന്നു ശക്തരായി
          സ്വർഗ്ഗം ഇങ്ങു സൃഷ്ടിപ്പാൻ
നമ്മളെല്ലാം കൈകൾകൊട്ടി
          കൂട്ടമായി പാടുക
    

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക