Image

അമ്മയുടെ സന്നിധി­യില്‍ തൊഴുകൈകളോടെ....

അനില്‍ പെണ്ണുക്കര Published on 10 October, 2016
അമ്മയുടെ സന്നിധി­യില്‍ തൊഴുകൈകളോടെ....
നൂറ്റാണ്ടുകളായി മലയാളികളെ ആകര്‍ഷിക്കുന്ന സന്നിധിയാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.ഇന്ന് വിജയദശമി ദിനത്തില്‍ മലയാളിയുടെ കണ്ണുകള്‍ ഒരു നിമിഷമെങ്കിലും കൊല്ലൂരിലേക്കു പോകും .കാരണം അക്ഷര ദേവതയായ മൂകാംബികയുടെ അനുഗ്രഹം തന്നെ.ജാതിമത വ്യത്യാസങ്ങള്‍ ഇല്ലാതെ ആയിരങ്ങള്‍ ഇന്നുമൂകാംബികയില്‍ എത്തും.ശ്രീ ശങ്കരാചാര്യരുടെ സ്വപ്നത്തില്‍ തുടങ്ങുന്ന സര്‍വ ദായിനിയായ അമ്മയുടെ കഥ.എല്ലാവരുടെയും മുന്നില്‍ 'അമ്മ പ്രത്യക്ഷപ്പെടും.അമ്മയുടെ അരികിലേക്ക് പോകണം എന്ന് നമ്മള്‍ ആഗ്രഹിച്ചാലും അമ്മകൂടി ആഗ്രഹിച്ചെങ്കിലും മാത്രമേ അത് സാധിക്കുകയുള്ളു എന്നതാണ് പലരുടെയും അനുഭവം.അത് ഒരു അനുഭവം തന്നെയാണ്.അപൂര്‍വമായ ഒരു അനുഭവം.അവിടെ എത്തിയാലോ .നമുക്ക് ലഭിക്കുന്ന അനുഭുതി പറഞ്ഞറിയിക്കുക വയ്യ .അത് അനുഭവിക്കുക തന്നെ വേണം.എല്ലാ കലകളുടെയും കേന്ദ്രസ്ഥാനത്ത് ഒരു നിമിഷം കണ്ണടച്ച് നില്‍ക്കുമ്പോള്‍ ശിരസ്സ് താനേ കുനിഞ്ഞു പോ­കും.

മൂകാംബികയില്‍ ഞാന്‍ ആദ്യം പോകുന്നത് ചലച്ചിത്ര സംവിധായകന്‍ സുനീഷ്,സംഗീത സംവിധായകന്‍ വിപിന്‍ ,പരസ്യ സംവിധായകന്‍ രാജൂ ലതിക് എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം ആണ്.കൊല്ലൂരില്‍ എത്തി സൗപര്‍ണ്ണികയില്‍ കുളിച്ചു ദര്‍ശനം നടത്തി സര്‍വ്വജ്ഞപീഠത്തിലേക്കു വനത്തിലൂടെ ഒരു കാല്‍നട യാത്ര .കൊല്ലൂരില്‍ നിന്നും ആദിശങ്കരന്‍ തപസ്സിരുന്ന കുടജാദ്രിയിലേക്കു ഇന്നും പോകുക അത്ര എളുപ്പമുള്ള കാര്യമല്ല.ഷിമോഗയിലേക്കു പോകുന്ന ദേശീയ പാതയില്‍ നെട്ടൂരില്‍ ഇറങ്ങി വലത്തോട്ട് പോകണം കുടജാദ്രിയില്‍ എത്തണമെങ്കില്‍.(ഇന്ന് നാല്‍പ്പതില്‍ അധികം ജീപ്പുകള്‍ കുടജാദ്രിയിലേക്കു സര്‍വീസ് നടത്തുന്നു).നാല്മണിക്കൂര്‍ വനത്തിലൂടെയുള്ള യാത്ര ഞങ്ങള്‍ ആരും ഇന്നും മറന്നിട്ടില്ല .നടന്നു പോകുന്ന പാത ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാവുന്ന പാത .പുല്ലുകള്‍ കയറിമൂടിയ പാതകളില്‍ ഒരു ജീവികളെയും ഞങ്ങള്‍ കണ്ടില്ല .ശങ്കരാചാര്യര്‍ തപസ് അനുഷ്ടിച്ച ചിത്രമൂല ഗുഹയില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്വിട്‌സര്‌ലാണ്ടില്‍ നിന്നും വന്ന ഒരു ഭക്തയെ പരിചയപ്പെട്ടു.അവര്‍ മൂന്നു ദിവസമായി ചിത്രമൂല ഗുഹയില്‍ ധ്യാനത്തിലായിരുന്നുവത്രെ .ശങ്കരപീഠത്തില്‍ ഏറ്റതുപോലെക്കും നാം ഏതോ ഒരു ലോകത്തു എത്തിയപ്പോള്‍ ആകുന്നു.അവാച്യമായ ഒരു അനുഭവം.അത് അനുഭവിക്കുക തന്നെ വേണം.

മൂകാംബിക ക്ഷേത്ര ചരിത്രം
........................................................
കര്‍ണ്ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂര്‍ എന്ന സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവീ ക്ഷേത്രമാണ്­ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.സൗപര്‍ണിക നദിയുടെ തീരത്ത്­ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്­ .ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമന്‍ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.നൂറ്റെട്ട് ദുര്‍ഗാ ക്ഷേത്രങ്ങളില്‍പ്പെടുന്ന ഒരു ക്ഷേത്രമാണിത്.ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ചു പല സങ്കല്‍പ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്­. പുരാണങ്ങളില്‍ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമര്‍ശങ്ങള്‍ ഉണ്ട്­. കോല മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തില്‍ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തില്‍ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സില്‍ സന്തുഷ്ടനയി മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ അസുരനെ പാര്‍വതി ദേവി മൂകനാക്കി. അങ്ങനെ ആ അസുരന് മൂകാസുരന്‍ എന്ന പേരുകിട്ടി. ഇതില്‍ കോപിഷ്ടനയ മൂകാസുരന്‍ ദേവി ഭക്തനായ കോല മഹര്‍ഷിയെ ഉപദ്രവിക്കാനാരംഭി­ച്ചു.

ഒടുവില്‍ ദേവി മൂകാസുരനെ വധിക്കുകയും കോല മഹര്‍ഷിയുടെ അഭ്യര്‍ത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ!ണു സങ്കല്‍പം. ആദിശങ്കരന്‍ ഈ പ്രദേശത്തു അനേക ദിനങ്ങള്‍ തപസ്സു ചെയ്തതില്‍ ദേവി പ്രത്യക്ഷപ്പെട്ടു എന്നും, അന്നു ദേവി ദര്‍ശനം കൊടുത്ത രൂപത്തില്‍ സ്വയംഭൂവിനു പുറകില്‍ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. ആദിശങ്കരന്‍ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടര്‍ന്നു വരുന്നത്. നടുവില്‍ ഒരു സ്വര്‍ണരേഖയുള്ള സ്വയംഭൂലിംഗമാണു ഇവിടുത്തെ മൂലപ്രതിഷ്ഠ. ലിംഗത്തിനു വലതുവശത്തു മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു ശാക്തേയ രൂപങ്ങളും (സരസ്വതി, ലക്ഷ്മി, ദുര്‍ഗ്ഗ/കാളി) ഇടതുവശത്ത്­ ത്രിമൂര്‍ത്തികളും (ബ്രഹ്മാവ്, വിഷ്ണു, ശിവന്‍) സ്ഥിതിചെയ്യുന്നു എന്നാണു സങ്കല്‍പം. സ്വയംഭൂലിംഗത്തിനു പുറകിലായി ആദിശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖചക്രവരദാഭയങ്ങള്‍ ധരിച്ച ഇരിയ്ക്കുന്ന രൂപത്തിലുള്ള ചതുര്‍ബാഹുവായ ദേവീ വിഗ്രഹവും കാണപ്പെടുന്നു.പഞ്ചലോഹനിര്‍മിതമാണ് ഈ വിഗ്രഹം. കിഴക്കോട്ടാണ് ദര്‍ശനം. ദേവി വിഗ്രഹത്തിന്റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന രത്‌നം വളരെ വിലപ്പെട്ടതും പ്രസിദ്ധവുമാണ്­. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയാണു പ്രധാന അലങ്കാരങ്ങള്‍. ഇവയെല്ലാം ചാര്‍ത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നു.ദേവീപ്രതിഷ്ഠക്കു പുറമെ നാലമ്പലത്തിനകത്ത് ദശഭുജ ഗണപതി, ശങ്കരാചാര്യര്‍, കൊടിമരത്തില്‍ സ്തംഭഗണപതി, പുറത്തെ പ്രദക്ഷിണവഴിയില്‍ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു (വെങ്കടാചലപതി സങ്കല്പം), വീരഭദ്രന്‍, ശിവന്‍ (പ്രാണലിംഗേശ്വരന്‍, പാര്‍ത്ഥേശ്വരന്‍, ചന്ദ്രമൗലീശ്വരന്‍, നഞ്ചുണ്ടേശ്വരന്‍ എന്നീ നാലു സങ്കല്പങ്ങള്‍) എന്നീ ഉപദേവതകളും പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു. വീരഭദ്രസ്വാമിയുടെ പ്രതിഷ്ഠക്കു ഈ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്­. ദേവിയുടെ അംഗരക്ഷകനാണെന്നും, അല്ല കോലാപുര മഹര്‍ഷി തന്നെയാണ് വീരഭദ്രസ്വാമി എന്നും സങ്കല്‍പ്പങ്ങല്‍ നിലവിലുണ്ട്­.ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. നാലമ്പലത്തിനകത്ത് ഗര്‍ഭഗൃഹത്തിനു പുറകിലായി തെക്കുപടിഞ്ഞാറേമൂലയില്‍ ശങ്കരപീഠം കാണാം. അനേകനാളുകള്‍ ഇവിടെയാണു ആദിശങ്കരന്‍ ദേവിപൂജ നടത്തിയതെന്നു പറയുന്നു. കൂടാതെ വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ചെറിയൊരു തുളസിത്തറയുണ്ട്. അവിടെ ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ച് പൂജകള്‍ നടത്തപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലില്‍ നാഗങ്ങളെയും പ്രതിഷ്ഠിച്ചിരിയ്ക്കുന്നു.

സൗപര്‍ണിക നദി
..........................................
കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. സുപര്‍ണന്‍ എന്നു പേരായ ഗരുഡന്‍ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്‍ത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം. ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ "ഗരുഡ ഗുഹ" എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്‌നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു. എന്നാല്‍, ഈയടുത്ത കാലത്ത് നദി വല്ലാതെ മലിനമായിട്ടുണ്ട്. തന്മൂലം 2014ലെ ആറാട്ട് ക്ഷേത്രത്തിനുസമീപം പ്രത്യേകം തീര്‍ത്ത കുളത്തിലേയ്ക്ക് മാറ്റിയിരുന്നു. എങ്കിലും, ക്ഷേത്രക്കമ്മിറ്റി മാലിന്യനിര്‍മ്മാര്‍ജ്ജനപ്രക്രിയ മികച്ചരീതിയില്‍ നടത്തിപ്പോരുന്നുമുണ്ട്. കുടജാദ്രി മലകളില്‍ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി 100 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഒഴുകി കുന്താപുരയില്‍ വച്ച് അറബിക്കടലില്‍ പതിയ്ക്കുന്നു.

കുടജാദ്രി
....................
മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര.കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രതിനു ഒരു ഐതിഹ്യം നിലവിലുണ്ട്­.ഈ മലനിരകളില്‍ ആദിശങ്കരന്‍ തപസ്സു ചെയ്യുകയും ഈ തപസ്സില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്റെ കൂടെ ദേവി വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്­ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു. ശങ്കരന്റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരന്‍ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോള്‍ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതില്‍ സംശയാലുവായ ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു.അങ്ങനെ ദേവി സ്വയംഭൂവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.പലതരം സസ്യലതാതികളാലും സൗപര്‍ണിക നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകള്‍ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തില്‍ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

മലമുകളിലെ ഈ സൗന്ദര്യ ലഹരി കാണുവാന്‍ ഇന്ന് ആയിരങ്ങള്‍ കുടജാദ്രിയില്‍ എത്തും.ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അമ്മയുടെ സന്നിധിയില്‍ ആദ്യാക്ഷരം കുറിക്കും.വൈകിട്ട് 'അമ്മ പുഷ്പരഥത്തില്‍ എഴുന്നള്ളുമ്പോള്‍ ആയിരങ്ങള്‍ ആ ദര്‍ശനത്തില്‍ പുണ്യ പുളകിതരാകും.മൂകാംബികയിലെ കുളിര്‍കാറ്റു മാത്രം മതി നമ്മുടെ മനസ്സിനെ ഏകാഗ്രമാക്കാന്‍ . 
അമ്മയുടെ സന്നിധി­യില്‍ തൊഴുകൈകളോടെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക