Image

സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ (ദല്‍ഹി കത്ത്)

പി. വി. തോമസ് Published on 11 October, 2016
സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ (ദല്‍ഹി കത്ത്)
പാക്ക് അധിനിവേശ കാശ്മീരിലെ ഭീകര പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയതായി ഗവണ്‍മെന്റും പട്ടാളവും സ്ഥിരീകരിച്ചതും പാക്ക് ഗവണ്‍മെന്റും പട്ടാളവും നിഷേധിച്ചതുായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്- ശസ്ത്രക്രിയപരമായ മിന്നലാക്രമണം- രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്.

ഒരു യുദ്ധം ജയിച്ച പബ്ലിസിറ്റി ആണ് മോഡി ഗവണ്‍മെന്റ് നേടിയെടുത്തത്. ഇതില്‍ സ്വാഭാവികമായും മറ്റ് രാഷ്ട്രീയ കക്ഷികള്‍ സന്തുഷ്ടര്‍ അല്ല. കാരണം ഇത് അടുത്ത വര്‍ഷം ആദ്യം നടക്കുവാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി. ജെ. പി യെയും നരേന്ദ്ര മോഡിയേയും സഹായിക്കും എന്ന ഭീതി. ഇത് ഒരു അവസരമായി കണ്ടുകൊണ്ട് ഗവണ്‍മെന്റ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രാഷ്ട്രീയ നേതൃത്വവും ഉത്തരവാദിത്വവും ക്രഡിറ്റും അവകാശപ്പെട്ടിരിക്കയാണ്. ലക്ക്‌നൗവില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററില്‍ മോഡിയുടെ ചിത്രവും ഒപ്പം പാക്കിസ്ഥാനോട് ഒരു ആക്രോശവും ഉണ്ട് 'ഞങ്ങള്‍ നിങ്ങളെ തല്ലിചതക്കും'. പോസ്റ്റില്‍ ഉള്ള അടുത്ത ചിത്രം ഒരു ഇന്ത്യന്‍ ജവാന്റേതാണ്. ശിവസേന പുറത്തിറക്കിയ ഒരു പോസ്റ്ററില്‍ മോഡിയെ ശ്രീരാമനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കയ്യില്‍ അമ്പും വില്ലും ഉണ്ട്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് രാവണനായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മേഘനാദനായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആവശ്യം കൂടി ഉണ്ടെന്നുള്ള മുന്നറിയിപ്പും ഉണ്ട്. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് മോഡിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയിലാണ്. 

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആഘോഷങ്ങള്‍ ബി. ജെ. പി യിലും അനുമോദനങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും പൊടിപൊടിക്കവെയാണ് കേജരിവാള്‍ ഒരു വെടി പൊട്ടിച്ചത്, ഒരു വീഡിയോ പ്രസ്ഥാവനയിലൂടെ. ഇതില്‍ പ്രത്യക്ഷത്തില്‍ യാതൊരു തെറ്റും ഇല്ല പക്ഷെ ബി. ജെ. പി യെ ഇത് പ്രകോപിപ്പിച്ചു. കേജരിവാള്‍ അതുകൊണ്ടു തന്നെ മോഡിയെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരില്‍ അനുമോദിച്ചു. അതിനു ശേഷം പറഞ്ഞു 'പാക്കിസ്ഥാന്‍ തെറ്റായ ഒരു പ്രചാരണം നടത്തുന്നുണ്ട്. അതായത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊന്നു നടന്നിട്ടേയില്ലാ എന്ന്. പ്രധാനമന്ത്രി പാക്കിസ്ഥാന് ഉചിതമായൊരു മറുപടി നല്‍കണം. പാക്കിസ്ഥാന്റെ നുണ പ്രചാരണം പൊളിക്കണം.' 

ഇതില്‍ എന്താണ് തെറ്റ്.? ഒന്നുമില്ല പക്ഷെ, ഇതില്‍ രാഷ്ട്രീയമുണ്ട്, സന്ദേശമുണ്ട്. കേജരിവാള്‍ ചില കാര്യങ്ങള്‍ പറയാതെ പറയുകയായിരുന്നു. അദ്ധേഹം സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഒരു തെളിവ് ചോദിക്കുകയായിരുന്നു. ഭംഗിയായ, മര്യാദ കലര്‍ന്ന ഭാഷയില്‍. കാരണം ഇങ്ങനെയൊരു സംസാരം ദല്‍ഹിയിലെ അധികാരത്തിന്റെയും പൊതുജീവിതത്തിന്റെയും ഇടനാഴിയില്‍ സ്‌ട്രൈക്കിന് ശേഷം അടക്കിപ്പിടിച്ച ശബ്ദത്തില്‍ മുഴങ്ങിക്കേള്‍ക്കാമായിരുന്നു. 

കേജരിവാളിന്റെ പ്രധാനമന്ത്രിക്കുള്ള വീഡിയോ സന്ദേശം ബി. ജെ. പി ദേശദ്രോഹപരമായി കണ്ടു. മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കേജരിവാളിനെതിരെ ബി. ജെ. പി അഴിച്ചു വിട്ടു. ബി. ജെ. പി അത് രാഷ്ട്രീയ വല്‍ക്കരിച്ചു, മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പോലെ തന്നെ. 

ബി. ജെ. പി യുടെ രവിശങ്കര്‍ പ്രസാദ് കേജരിവാളിനെ ചോദ്യം ചെയ്തു. കേജരിവാള്‍ ഇന്ത്യന്‍ സേനയുടെ കഴിവിനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എങ്ങനെ പാക്കിസ്ഥാന്റെ ദുഷ് പ്രചരണത്തില്‍ വശംവദനന്‍ ആകും? എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ഹാജരാക്കുവാന്‍ ആവശ്യപ്പെടും, അദ്ധേഹം ചോദിച്ചു. ഈ ചോദ്യവും അസ്ഥാനത്താണ്. കാരണം കേജരിവാള്‍ ചോദിച്ചത്, പറഞ്ഞത്, ഒരു കാര്യം. ബി. ജെ. പി യുടെ മന്ത്രി പറയുന്നത് മറ്റൊരു കാര്യം. കേജരിവാളിന്റെ ബുദ്ധിപരമായ കൗശലത രവിശങ്കര്‍ പ്രസാദില്‍ കണ്ടില്ല. 

പക്ഷെ സംഗതി ഏറെ വഷളായത് മുന്‍ രാജ്യരക്ഷാ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിതംബരം സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടപ്പോളാണ്. അദ്ധേഹത്തിന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകനായ സഞ്ചയ് നിരുപം ഒരു പടികൂടെ മുമ്പോട്ട് പോയി. അദ്ധേഹം പറഞ്ഞു ഓരോ ഇന്ത്യക്കാരനും പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആഗ്രഹിക്കുന്നു. പക്ഷെ വ്യാജ സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല അവരാഗ്രഹിക്കുന്നത്. ബി. ജെ. പി ക്ക് രാഷ്ട്രീയ ലാഭം കൊയ്യുവാനായിട്ടുള്ള വ്യാജ സ്‌ട്രൈക്കുകള്‍ അഭിലഷണീയമല്ല. കാരണം ദേശീയ താല്‍പര്യം രാഷ്ട്രീയത്തിന് അതീതമായിരിക്കണം, നിരുപം ഓര്‍മിപ്പിച്ചു. ഇത് തികച്ചും നിരുപദ്രവപരമായ ഒരു പ്രത്ഥാവനയാണ്. ഇതുപോലുള്ള പ്രസ്ഥാവനകള്‍ പാക്കിസ്ഥാനെ മാത്രമേ സഹായിക്കുകയുള്ളു. കേജരിവാളിന്റെ പ്രസ്ഥാവന യുക്തിഭദ്രപരമായിരുന്നു. അദ്ധേഹം ആവശ്യപ്പെട്ടത് പാക്കിസ്ഥാന്റെ പ്രചരണം തുറന്ന് കാണിക്കുവാനായിരുന്നു. വിദേശ മാധ്യമങ്ങളും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കി്#റെ യാഥാര്‍ത്ഥ്യത്തെ പരിഹസിക്കുകയുണ്ടായി. ഉദാഹരണത്തിന് ടൈം മാഗസിന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, സി. എന്‍. എന്‍ തുടങ്ങിയവ. പക്ഷെ ചിദംബരവും നിരുപമവും തെളിവാണ് ചോദിച്ചത്. നിരുപം സ്‌ട്രൈക്കിനെ ഒരര്‍ത്ഥത്തില്‍ വ്യാജമായി ചിത്രീകരിക്കുകയും ചെയ്തു. ഇത് സ്ഥാപിക്കുവാന്‍ എന്ത് തെളിവാണ് നിരുപത്തിന്‍ന്റെ കയ്യിലുള്ളത്?

ഏതായാലും കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി ചിദംബരം നിരുപംമാരുടെ പ്രസ്ഥാവനകളില്‍ നിന്നും അകന്നു നിന്നു. പക്ഷെ, കോട്ടം ഈ കോണ്‍ഗ്രസ് നേതാക്കന്മാര്‍ വരുത്തിക്കഴിഞ്ഞിരുന്നു പാര്‍ട്ടിയുടെ വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജെ വാല ചിദംബരത്തിന്റെയും നിരുപമത്തിന്റെയും അഭിപ്രായം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നു പറഞ്ഞു. ഇപ്പോള്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആദ്യത്തെയല്ലെന്നും യു. പി. എ യുടെ ഭരണകാലത്ത് ചുരുങ്ങിയത് മൂന്നു സ്‌ട്രൈക്കുകള്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്റെ മണ്ണില്‍ നടത്തിയുണ്ടെന്നും സുര്‍ജെ വാല വെളിപ്പെയുത്തി. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടു. അത് പ്രകാരം 2011 സെപ്റ്റബര്‍ 01 ന് ആണ് ആദ്യത്തെ സ്‌ട്രൈക്ക് നടക്കുന്നത് കാരണം പാക്ക്‌സേന മൂന്ന് ഇന്ത്യന്‍ ജവാന്മാരുടെ (രാജ്പുട്ട് റെജിമെന്റ്) തല അറുത്ത് കുപ്പുവാര അതിര്‍ത്തി പ്രദേശത്ത് (ഓഗസ്റ്റ് 01,2011). കൃത്യം ഒരു മാസത്തിനുള്ളില്‍ ഇന്ത്യന്‍ സേന അതിര്‍ത്തി കടന്നു തിരിച്ചടിച്ചു.

രണ്ടാമത്തെ സ്‌ട്രൈക്ക് നടക്കുന്നത് 2013 ജൂലൈ 28 നാണ്. ആവര്‍ഷം ജാനുവരി 8ാം തിയ്യതി മെന്താര്‍ സെക്ടറില്‍ പാക്ക് സേന ഒരു ഇന്ത്യന്‍ ജവാന്റെ തല അറുക്കുകയും മറ്റൊരു ജവാനെ വെടിവെച്ച് കൊല്ലുകയും ചെയ്തതായിരുന്നു കാരണം. മൂന്നാമത്തെ സ്‌ട്രൈക്ക് നടക്കുന്നത് 2014 ജനുവരി 14 നാണ്. 2013 ഓഗസ്റ്റ് 6 ന് പൂഞ്ച് സെക്ടറില്‍ പാക്ക് സേന 5 ഇന്ത്യന്‍ സൈനികരെ വധിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്.

എന്നാല്‍ ഇതിനെ മുന്‍ ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡി. ജി. എം. ഒ) ലെഫ്റ്റനന്റ് ജനറല്‍ വിനോദ് ഭാട്ടിയ നിരാകരിക്കുകയുണ്ടായി. ഈ മൂന്ന് സ്‌ട്രൈക്കുകളേയും ഏറ്റവും ഒടുവിലത്തെ സ്‌ട്രൈക്കുകളേയും തമ്മില്‍ തുലനം ചെയ്യാനാവുകയില്ലെന്നാണ് അദ്ധേഹത്തിന്റെ പക്ഷം. ശരിയായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇപ്പോള്‍ നടന്നതാണെന്നാണ് അദ്ധേഹത്തിന്റെ വാദം. അദ്ധേഹം ഡി. ജി. എം. ഒ ആയിരുന്ന ആള്‍ ആണ് അദ്ധേഹം പറയുന്നത് വിശ്വസിക്കണം. സാധാരണക്കാര്‍ക്ക് ഈ സ്‌ട്രൈക്കുകളുടെ ആഴവും വ്യാപ്തിയും സാങ്കേതികതയും മനസ്സിലാവുകയില്ല. അതുകൊണ്ട് ഡി. ജി. എം. ഒ മാരും ഗവണ്‍മെന്റും പറയുന്നത് വിശ്വസിക്കുകയല്ലാതെ മറ്റ് ഗത്യന്തരമില്ല. 

എന്നാല്‍ രാജ്യരക്ഷാ മന്ത്രി മനോഹര്‍ പരീക്കറിന്റേയും ചില മുതിര്‍ന്ന ബി. ജെ. പി നേതാക്കന്മാരുടേയും ചില പ്രസ്ഥാവനകള്‍ തികച്ചും വിവാധപരമാണ്. ഇത് പ്രകാരം ഇന്ത്യന്‍ ആര്‍മി അതിന്റെ 70 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരുജ്വല വിജയം കൈവരിക്കുന്നത്. അതിന് കാരണം മോഡിയും കേന്ദ്ര ഗവണ്‍മെന്റുമാണ്. ഇത് എന്ത് അസംബന്ധമാണ്?  1948 ലെ ഇന്‍ഡോ- പാക്ക് യുദ്ധം എവിടെ? 1965 ലെ ഇന്‍ഡോ- പാക്ക് യുദ്ധം എവിടെ? 1971 ലെ ഇന്‍ഡോ- പാക്ക് യുദ്ധം എവിടെ? 1999 ലെ ഇന്‍ഡോ- പാക്ക് കാര്‍ഗില്‍ യുദ്ധം എവിടെ? ആദ്യത്തെ മൂന്ന് യുദ്ധകാലത്തും കോണ്‍ഗ്രസാണ് കേന്ദ്രം ഭരിച്ചത്.കാര്‍ഗില്‍ യുദ്ധത്തില്‍ ബി. ജെ. പി യും. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു സേന മറ്റൊരു സേനക്ക് ആയുധം വച്ച് കീഴടങ്ങിയത് 1971 ല്‍ ബ്ഗ്ലാദേശ് വിമോചനയുദ്ധത്തില്‍ ദാക്കയില്‍ വച്ചാണ്. പാക്കിസ്ഥാന്റെ ലഫാറ്റനന്റ് ജനറല്‍ നിയാസി ഇന്ത്യയുടെ ലഫ്റ്റനന്റ് ജനറല്‍ ജഗജിദ്ദ് സിങ്ങ് അറോറക്ക് മുമ്പില്‍ ആയുധം വച്ച് കീഴടങ്ങുന്ന ആ ചിത്രം ആരും മറന്ന് കാണുവാന്‍ ഇടയില്ല. 

വീമ്പിളക്കുകയല്ല ചരിത്രത്തെ വളച്ചൊടിക്കരുത്. യുദ്ധത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുത്. രാഹുല്‍ ഗാന്ധിയും മോഡിയും ഇതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ആ ഗവണ്‍മെന്റിനെ കുറിച്ച് നല്ലൊരഭിപ്രായം പറഞ്ഞത് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമാണ്. രാഹുല്‍ മോഡിയെ അഭിനന്ദിച്ചു. പിറ്റേ ദിവസം അദ്ധേഹം അതിനെ രാഷ്ട്രീയ വല്‍ക്കരിച്ച് കൊണ്ടുള്ള ഒരു പ്രസ്ഥാവനയും നടത്തി. മോഡിയെ വിമര്‍ശിച്ച് കൊണ്ട് അദ്ധേഹം പറഞ്ഞു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ നമ്മുടെ ജവാന്മാര്‍ ജമ്മുകാശ്മീരില്‍ രക്തം ചൊരിയുകയാണ്. പക്ഷെ മോഡിചെ പോലുള്ളവര്‍ ആ രക്തത്തിന്റ മറവില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ്'. മോഡിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു പ്രസ്ഥാവനയും വിവാദം സൃഷ്ടിച്ചു. ജനസംഘ നേതാവ് ദീന്‍ദയാള്‍ ഉപാദ്യയെ അനുസ്മരിച്ച് കൊണ്ടുള്ള ഒരു ചടങ്ങില്‍ മോഡി വൃഗൃന്തരേണ സുചിപ്പിക്കുകയുണ്ടായി ഈ വര്‍ഷത്തെ ദസ്ര (ഒക്ടോബര്‍ 11) വളരെ പ്രത്യേകത ഉള്ളതാണെന്ന്. അദ്ധേഹം ഉദ്ധേശിച്ചത് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമുള്ള ദസ്ര ആണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതില്‍ അതിശയമില്ല. മോഡി ഈ വര്‍ഷം ദസ്ര ആഘോഷിച്ചത് ലക്ക്‌നൗവിലാണ്. ഉത്തര്‍ പ്രദേശിന്റെ തലസ്ഥാന നഗരി ഇപ്പോഴേതന്നെ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ലക്ക്‌നൗലെ പരമ്പരാഗതമായ ദസ്ര ആഘോഷത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാന മന്ത്രിയും ആണ് മോഡി.

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ എല്ലാവരും സ്വാഗതം ചെയ്തു. ഇനി തെളിവ്. ഇന്ത്യയുടെ ഡി. ജി. എം. ഒ ആണ് ഇത് പരസ്യപ്പെടുത്തിയത്. ഇത് തെളിവല്ലെ? പക്ഷെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പോലുള്ള വളരെ സെന്‍സിറ്റീവായിട്ടുള്ള ഒരു നടപടിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും നല്ലതല്ല.


പി. വി. തോമസ്, ന്യൂഡല്‍ഹി
 

സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ (ദല്‍ഹി കത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക