Image

കാന്‍ബറയില്‍ കന്യാമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഭക്തി സാന്ദ്രമായി

Published on 11 October, 2016
കാന്‍ബറയില്‍ കന്യാമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഭക്തി സാന്ദ്രമായി


കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരിശുദ്ധ കന്യാ മറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്ക ഇടവകയുടെ വാര്‍ഷികവും കാന്‍ബറയില്‍ മലയാളി കത്തോലിക്ക കൂട്ടായ്മ സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചു. 

മൂന്നു ദിവസങ്ങളിലായി നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ യാരലുമാലാ സെന്റ് പീറ്റര്‍ ഷാനേല്‍ പള്ളിയില്‍ മുന്‍വികാരി ഫാ. വര്‍ഗീസ് വാവോലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങളോടെ തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ സഹ കാര്‍മികത്വം വഹിച്ചു.

രണ്ടാം ദിവസം ഇടവക ദിനമായി ആഘോഷിച്ചു. മെറിച്ചി കോളജില്‍ രാവിലെ വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കായിക മത്സരങ്ങള്‍ നടന്നു. വൈകുന്നേരം നടന്ന കലാസന്ധ്യ വത്തിക്കാന്‍ അപ്പസ്‌റ്റോലിക് നൂണ്‍ഷ്യോ കൗണ്‍സിലര്‍ മോണ്‍. റവ. ജോണ്‍ കല്ലറക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് താമരശേരി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നാമഹേതുക തിരുനാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍, ട്രസ്റ്റി ബെന്നി കണ്ണമ്പുഴ, ജനറല്‍ കണ്‍വീനര്‍ കെന്നഡി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡുകളുടെയും സംഘടനകളുടെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടന്ന കലാപരിപാടികളും തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു.

പ്രധാന തിരുനാള്‍ ദിനത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു തിരുനാള്‍ സന്ദേശം നല്‍കി. ഫാ. മാത്യു കുന്നപ്പിള്ളില്‍, ഫാ. ജോഷി കുര്യന്‍ ഫാ. പ്രവീണ്‍ അരഞ്ഞാണി, ഫാ. ടോമി പട്ടുമാക്കിയില്‍, ഫാ. അസിന്‍ തൈപ്പറമ്പില്‍, ഫാ. ബൈജു തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ആഘോഷമായ പ്രദക്ഷിണം ലദീഞ്ഞ് സ്‌നേഹവിരുന്ന് എന്നിവ നടന്നു. 

തിരുനാളിന് മുന്നോടിയായി വിവിധ ദിവസങ്ങളില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കും നൊവേനയ്ക്കും ഫാ. ജയിംസ് ആന്റണി, മോണ്‍. ജോണ്‍ കല്ലറക്കല്‍, ഫാ. അസിന്‍ തൈപ്പറമ്പില്‍, ഫാ. ബൈജു തോമസ്, ഫാ. സിജോ തെക്കേകുന്നേല്‍, ഫാ. ജോഷി കുര്യന്‍, ഫാ. പ്രവീണ്‍ അരഞ്ഞാണി, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ. ടോമി പട്ടുമാക്കിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. 

തദ്ദേശീയരും മലയാളികളും ഉള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. 

അജയ് തോമസ് പറമ്പകത്ത്, അനീഷ് സെബാസ്റ്റ്യന്‍ കാവാലം, ആന്റണി പന്തപ്പള്ളില്‍ മാത്യു, ബിജു മാത്യു പുളിക്കാട്ട്, ചാള്‍സ് ജോസഫ് കൊടമുള്ളില്‍, ഡിജോ ജോസഫ് ചെന്നിലത്തുകുന്നേല്‍, ജയിംസ് ഇഗ്‌നേഷ്യസ് പൊന്നമറ്റം, ജോബിന്‍ ജോണ്‍ കാരക്കാട്ട്, റോണി കുര്യന്‍ കൊട്ടാരത്തില്‍, സജിമോന്‍ തോമസ് ചെന്നുംചിറ, സെബാസ്റ്റ്യന്‍ വര്‍ഗീസ് കണ്ണംകുളത്ത്, ഷിനു ജേക്കബ് വാണിയപ്പുരക്കല്‍, ടൈറ്റസ് ജോണ്‍ തുണ്ടിയില്‍ എന്നിവരായിരുന്നു ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. 

വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെന്നഡി എബ്രഹാം, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, രാജു തോമസ്, സിജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക