Image

വിവാഹം-പവിത്രമായ കരാര്‍- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 14 October, 2016
വിവാഹം-പവിത്രമായ കരാര്‍- മീട്ടു റഹ്മത്ത് കലാം
ഭാരതീയ സങ്കല്പത്തില്‍ വിവാഹം എന്ന വാക്കിനു പോലും അത്യന്തം പ്രാധാന്യമുണ്ട്. അത് മനസ്സില്‍ സൃഷ്ടിക്കുന്ന ബിംബങ്ങള്‍ വര്‍ണ്ണശബളവും ഭക്തിസാന്ദ്രവുമാണ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി ഇതുവരെ അന്യരായിരുന്ന രണ്ടുപേര്‍ ഒരായുഷ്‌കാലം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയാണ് അവിടെ. എന്നാല്‍, ആഘോഷങ്ങളുടെ കെട്ടടങ്ങും മുന്‍പ് വേര്‍പിരിയല്‍ എന്ന ഘട്ടത്തിലേയ്ക്ക് കൂപ്പുകുത്തുമ്പോള്‍ ഏറെ ഗൗരവമുള്ള വിഷയമായി അതിനെ കാണേണ്ടതുണ്ട്.
സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബം രൂപീകരിക്കലാണ് വിവാഹത്തിന്റെ ഉദ്ദേശ്യം. വിവാഹമോചനങ്ങളുടെ എണ്ണത്തിലെ ഗണ്യമായ വളര്‍ച്ച ഈ അടിത്തറ ഇളക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ 700% വര്‍ദ്ധനവാണ് 'ഡിവോഴ്‌സ് റെയ്റ്റില്‍' കേരളത്തില്‍ ഉണ്ടായത്. ഓരോ മണിക്കൂറിലും അഞ്ച് ദമ്പതികള്‍ വേര്‍പിരിയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിവാഹ നാളില്‍ ശ്രദ്ധാകേന്ദ്രമായി മാറാന്‍ വസ്ത്രം രൂപകല്‍പന ചെയ്യുന്നതിലും മെയ്ക്കപ്പിലും എല്ലാ യുവതലമുറ ശ്രദ്ധിയ്ക്കുന്നുണ്ട്. എന്നാല്‍, മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കണമെന്ന് യാതൊരു കാഴ്ചപ്പാടും ഇല്ലാതെയാണ് വിവാഹം എന്ന കരാറില്‍ അവര്‍ ഒപ്പ് വയ്ക്കുന്നത്.

ഒറ്റയ്ക്കിരിക്കുമ്പോള്‍ കൂട്ടത്തില്‍ ചേരാനും കൂട്ട് ചേരുമ്പോള്‍ ഏകനാവാനും ആഗ്രഹിക്കുന്ന വിചിത്ര ജീവിയാണ് മനുഷ്യന്‍ എന്നാരോ പറഞ്ഞത് ഓര്‍ക്കുന്നു. മരണത്തെക്കാള്‍ തണുത്ത അനുഭവമാണ് ഒറ്റപ്പെടലിന്റേതെന്ന് അറിയാന്‍ പലരും വൈകുന്നു. ഏകനായി ജനിച്ച് ഏകനായി മരിക്കുന്ന മനുഷ്യന്, താന്‍ ഒറ്റയ്ക്കായിരുന്നില്ലെന്ന തോന്നല്‍ സൃഷ്ടിക്കുന്നത് എന്തും പങ്കുവയ്ക്കാന്‍ ഒരാള്‍ ഒപ്പം ഉള്ളപ്പോഴാണ് ആ മിഥ്യയെ യാഥാര്‍ത്ഥ്യത്തോട് അടുപ്പിക്കാന്‍ എത്രമാത്രം കഴിയുന്നു എന്നതാണ് ജീവിത വിജയം.

ഒരേയപ്പം ഭക്ഷിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് 'കംപാനിയന്‍' എന്ന പദം രൂപപ്പെടുന്നത്. എത്ര കയ്ക്കുന്ന പാനപാത്രമായാലും തന്നോടൊപ്പം ഒരിറക്ക് കുടിയ്ക്കാന്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഉണ്ടെങ്കില്‍  ഏത് പ്രശ്‌നവും നിസ്സാരമാണ്.
കൂട്ടുകുടുംബ സമ്പ്രദായം അണുകുടുംബങ്ങളായി ചുരുങ്ങിയപ്പോള്‍ പല മൂല്യങ്ങളും നമുക്ക് കൈമോശം വന്നിട്ടുണ്ട്. ഒന്നോ രണ്ടോ കുട്ടികളും മാതാപിതാക്കളും അവരുടേത് മാത്രമായ സ്വാര്‍ത്ഥ ലോകമായിരിക്കും തീര്‍ത്തിട്ടുണ്ടാവുക. അവര്‍ക്ക് മാത്രം മനസ്സിലാകുന്ന തമാശകളും സങ്കടങ്ങളും മറ്റാരുമായും പങ്കുവെച്ച് ശീലമില്ലാത്ത അവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന ഒരാള്‍ കടന്നുവരുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഇരുകൂട്ടരും ഒരുപോലെ ശ്രമിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ. സ്‌നേഹത്തിലൂടെയേ അത് നേടാന്‍ കഴിയൂ. 

വാത്സല്യനിധികളായ മതാപിതാക്കളില്‍ നിന്ന് തന്നെ അടര്‍ത്തി എടുക്കാനാണ് പങ്കാളി ശ്രമിക്കുന്നതെന്ന തോന്നല്‍ പോലും വലിയ ആപത്ത് ക്ഷണിയ്ക്കും. മറ്റൊരാളായി മാറി നില്‍ക്കാതെ അവരിലൊരാളായി ഇണങ്ങി ചേരാന്‍ കഴിഞ്ഞാല്‍, പ്രശ്‌നങ്ങള്‍ അവിടെ തീരും.

മിഖായേല്‍ നഈമിയുടെ 'മിര്‍ദാദില്‍' പറയുന്നു:
'ഒരിലയെ മാത്രം ഒരിക്കലും
സ്‌നേഹിക്കാനാവില്ല. ഇലയെ സ്‌നേഹിക്കുക
എന്നാല്‍ അതിന്റെ ചില്ലകളെ,
വൃക്ഷത്തെ, വേരുകളെയൊക്കെ സ്‌നേഹിക്കണം.'
ബന്ധം ദൃഢമാകുന്നതിന് പങ്കാളികളുടെ രക്ഷിതാക്കളെയും സ്‌നേഹത്തോടെ പരിഗണിക്കണം എന്നാണ് ഇതിനര്‍ത്ഥം. പുതിയൊരു അന്തരീക്ഷത്തിലേയ്ക്ക് പറിച്ചു നടുമ്പോള്‍, ആ കരുതലും സ്‌നേഹവും തിരിച്ചും ലഭിക്കണം. വിവാഹം കഴിഞ്ഞ് ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ദമ്പതികള്‍ വേര്‍പ്പെട്ടതിന്റെ കണക്കെടുത്താല്‍ അതിന് പ്രധാന കാരണം ബന്ധുക്കളുടെ ഇടപെടലാണ്. സ്ത്രീധനത്തെ ചൊല്ലിയും നിസ്സാര കാര്യങ്ങളില്‍ കുറ്റപ്പെടുത്തിയും നിരന്തരമായ നിരവധി ഗാര്‍ഹിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളം, മഹാരാഷ്ട്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വയം പര്യാപ്തരായ സ്ത്രീകളുടെ എണ്ണം കൂടാനുള്ള കാരണമായി ചിലര്‍ ചൂണ്ടി കാണിക്കുന്നത്. വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് നിരക്ഷരരെ അപേക്ഷിച്ച് തന്റെ അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നത് ശരിയാണ്. ജോലി ഉണ്ടെന്നത് സാമ്പത്തിക പര്യാപ്ത നല്‍കുന്നുണ്ടെങ്കിലും അവര്‍ക്കൊരു കുട്ടി ഉണ്ടെങ്കില്‍ 'സെല്‍ഫ് പേരന്റിങ്ങ്' എന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. അച്ഛനും അമ്മയും ചേര്‍ന്ന് വളര്‍ത്തുന്ന കുട്ടികളെ അപേക്ഷിച്ച് അത്തരത്തിലെ കുട്ടികള്‍ക്ക് വിഷാദരോഗം ഉണ്ടാകാനും മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെടാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ആത്മഹത്യകളിലേയ്ക്ക്ു വഴിവച്ചേക്കാം.

ഫിലിപ്പൈന്‍സ്, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിവാഹമോചനം നിയമം അനുവദിക്കുന്നില്ല. ദാമ്പത്യത്തെ പവിത്രമായി കാണുമ്പോഴും ഇന്ത്യ 1976 ല്‍ ഡിവോഴ്‌സ് നിയമം ഭേദഗതി വരുത്തുകയും കുരുക്കുകള്‍ അഴിച്ച് സുഗമമാക്കുകയും ചെയ്തത് എല്ലാം സഹിച്ചും ക്ഷണിച്ചും ജീവിതം ഹോമിക്കുന്ന നിരാലസംബര്‍ക്ക് അത്താണിയാകാനാണ്. എന്നാല്‍ 'ന്യൂ ജെന്‍' കുട്ടികള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ലാഘവത്തോടെ വലിച്ചെറിയുകയാണ്.

ഉത്തമയായ കുടുംബിനിയായും ഗൃഹനാഥനായും അഭ്രപാളികളില്‍ തിളങ്ങിയ പലരും വേര്‍പിരിഞ്ഞ് കാണുന്നതോടെ വിവാഹമോചനം ഞെട്ടലില്ലാത്ത വാര്‍ത്തയായി മാറി. ഡിവോഴ്‌സ് ചെയ്ത ഒരാളെ സഹതാപത്തോടെ കണ്ടിരുന്ന സമൂഹം ഇന്നതിനെ സ്വയം പര്യാപ്തതയുടെ അടയാളമാക്കി മാറ്റി. മാട്രിമോണിയല്‍ പരസ്യങ്ങളില്‍ അവിവാഹിതരെക്കാള്‍ തന്റേതല്ലാത്ത കാരണത്താല്‍ വിവാഹം വേര്‍പെടുത്തിയവരുടെ എണ്ണമാണ് ഇപ്പോള്‍ കൂടുതല്‍.

'മതിലുകളില്‍' ബഷീര്‍ പറയുന്നുണ്ട്: 'ആര്‍ക്കു വേണം സ്വാതന്ത്ര്യം.?'
കൂട്ട് നഷ്ടപ്പെടുത്തിക്കൊണ്ട് ജയില്‍ മോചിതനാകാന്‍ അയാള്‍ ആഗ്രഹിച്ചില്ല. സീരിയല്‍ നായികയെപോലെ എല്ലാം സഹിക്കുക സാധ്യമല്ലെങ്കിലും കഴിയുന്നത്ര പൊരുത്തപ്പെടാനുള്ള പ്രയത്‌നം പുതുതലമുറയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. നൈമിഷികമായ ശാഠ്യങ്ങളുടെയും വാശികളുടെയും പേരില്‍ വേണ്ടെന്ന് വയ്ക്കാവുന്ന ഒന്നല്ല ദാമ്പത്യമെന്ന് തിരിച്ചറിവുണ്ടാകണം.

പരസ്പര വിശ്വാസം കൈവിടാതെ അന്യോന്യം ചിലവഴിക്കാന്‍ സമയം കണ്ടെത്തുകയും തുറന്ന ആശയവിനിമയം നടത്തുകയും ചെയ്താല്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങളാണ് അധികവും. കത്തോലിക്ക സഭ നടത്തുന്നതുപോലെയുള്ള വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ് എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും സ്വാഗതാര്‍ഹമാണ്. കലാലയങ്ങളില്‍ 'വിവാഹ വിദ്യാഭ്യാസം' പാഠ്യവിഷയമാക്കുന്നതു നല്ലതാണ്. പത്ത് വര്‍ഷം ജോലി ചെയ്യേണ്ട സ്ഥാപനത്തിലേയ്ക്ക് നാല് വര്‍ഷം ഒരു കോഴ്‌സ് പഠിച്ച് ചേരുന്നവര്‍ അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ ചെലവിടാനുള്ള ദാമ്പത്യജീവിതത്തിനായി അല്പം അറിവ് നേടേണ്ടതുണ്ട്. തികച്ചും വിപരീതമായ കാഴ്ചപ്പാടും അഭിരുചികളുമുള്ളവര്‍ക്കിടയിലും സ്വരചേര്‍ച്ച നിലനിര്‍ത്തിയിരുന്ന പഴയ തലമുറയുടെ രസക്കൂട്ടുകള്‍ നമ്മളും തേടിപിടിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

വിവാഹം-പവിത്രമായ കരാര്‍- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക