Image

ഇന്ത്യന്‍ വിദഗ്‌ധ തൊഴിലാളികളെ വേണ്‌ടെന്ന്‌ ഒബാമ; വിറ്റ്‌നി ഹൂസ്റ്റന്‍ മുങ്ങി മരിച്ചതാണെന്ന്‌ നിഗമനം; യുഎസ്‌ സുപ്രീം കോടതി ജഡ്‌ജിയുടെ വീട്ടില്‍ മോഷണം

Published on 14 February, 2012
ഇന്ത്യന്‍ വിദഗ്‌ധ തൊഴിലാളികളെ വേണ്‌ടെന്ന്‌ ഒബാമ; വിറ്റ്‌നി ഹൂസ്റ്റന്‍ മുങ്ങി മരിച്ചതാണെന്ന്‌ നിഗമനം; യുഎസ്‌ സുപ്രീം കോടതി ജഡ്‌ജിയുടെ വീട്ടില്‍ മോഷണം
വാഷിംഗ്‌ടണ്‍: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിദഗ്‌ധ തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനോട്‌ യോജിപ്പില്ല എന്ന്‌ യു.എസ്‌ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ. എഞ്ചിനിയറിംഗ്‌, ശാസ്‌ത്രസാങ്കേതിക മേഖലകളില്‍ യു എസില്‍ നിന്നുളള വിദഗ്‌ധരെ കണ്‌ടെത്തണം എന്ന്‌ ഒബാമ നിര്‍ദ്ദേശിച്ചു.

തൊഴില്‍ ദാതാക്കള്‍ക്ക്‌ മികച്ച തൊഴിലാളികളെയാണ്‌ ആവശ്യം. ഇവരെ ചൈനയില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ കണെ്‌ടത്തുന്നതിനെ താന്‍ അനുകൂലിക്കുന്നില്ല. രാജ്യത്തു തന്നെ മികച്ച തൊഴില്‍ പരിശീലനം നല്‍കണമെന്നും അങ്ങനെ വിദേശ തൊഴിലാളികള്‍ക്കായുളള അന്വേഷണം അവസാനിപ്പിക്കണം എന്നും 2013 ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച ശേഷം ഒബാമ അഭിപ്രായപ്പെട്ടു. രാജ്യത്ത്‌ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്ന കമ്പനികള്‍ക്ക്‌ ഇളവുകള്‍ നല്‍കുമെന്ന്‌ ഒബാമ ജനുവരിയില്‍ വാഗ്‌ദാനം നല്‍കിയിരുന്നു. രാജ്യത്തെ കുട്ടികളെ പഠിപ്പിക്കുന്നവരാണ്‌ അവരിലെ വൈദഗ്‌ധ്യം വളര്‍ത്തിയെടുക്കേണ്‌ടത്‌ എന്നും ഒബാമ പറഞ്ഞിരുന്നു.

വിറ്റ്‌നി ഹൂസ്റ്റന്‍ മുങ്ങി മരിച്ചതാണെന്ന്‌ നിഗമനം

ലോസ്‌ഏയ്‌ഞ്ചല്‍സ്‌: പ്രശസ്‌ത പോപ്‌ ഗായികയും നടിയുമായ വിറ്റ്‌നി ഹൂസ്റ്റന്‍ കുളിമുറിയിലെ ബാത്ത്‌ടബ്ബില്‍ മുങ്ങിമരിച്ചതാവാമെന്ന്‌ നിഗമനം. ലഹരിമരുന്നിനു അടിമയായ ഹൂസ്റ്റന്‍ അബോധാവസ്ഥയില്‍ ടബ്ബില്‍ വീണതാവാമെന്ന്‌ കരുതുന്നതായി പോലീസ്‌ പറഞ്ഞു. അതേസമയം, ഹൂസ്റ്റന്റെ യഥാര്‍ഥ മരണകാരണം വ്യക്തമാകാന്‍ എട്ട്‌ ആഴ്‌ചയെങ്കിലും കാത്തിരിക്കണമെന്ന്‌ പോലീസ്‌ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും വിഷബാധ പരിശോധനാ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൂസ്റ്റന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയതായി കണ്‌ടെത്തിയിട്ടുണ്‌ട്‌. അതേസമയം, മൃതദേഹത്തില്‍ അസാധാരണമായൊന്നും കണെ്‌ടത്തിയിട്ടില്ലെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ഹൂസ്റ്റന്റെ മരണം കൊലപാതകമാണെന്നു കരുതുന്നില്ലെന്ന്‌ വ്യക്തമാക്കിയ പോലീസ്‌, നടിയുടെ മുറിയില്‍ നിന്നു വേദനാസംഹാര ഗുളികകള്‍ കണ്‌ടെടുത്തതായി അറിയിച്ചു. കാലിഫോര്‍ണിയയിലെ ബവര്‍ലി ഹില്‍സില്‍ ഒരു ഹോട്ടല്‍ മുറിയിലെ കുളിമുറിയിലാണ്‌ 48കാരിയായ ഹൂസ്റ്റനെ മരിച്ചനിലയില്‍ കണെ്‌ടത്തിയത്‌. ഹൂസ്റ്റന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തതായി അധികൃതര്‍ വ്യക്തമാക്കി. ഈ ആഴ്‌ച അവസാനം ന്യൂജേഴ്‌സിയില്‍ സംസ്‌കാരം നടത്തുമെന്നാണ്‌ സൂചന.

ഞായറാഴ്‌ച സ്റ്റേപ്പിള്‍സ്‌ സെന്ററില്‍ നടന്ന അമ്പത്തിനാലാമതു ഗ്രാമി അവാര്‍ഡ്‌ പ്രഖ്യാപനച്ചടങ്ങില്‍ ഹൂസ്റ്റനു ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. ആറ്‌ ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള വിറ്റ്‌നി ഇത്തവണ അവാര്‍ഡ്‌ ദാനചടങ്ങില്‍ പങ്കെടുക്കാനിരിക്കെയാണ്‌ മരണം കടന്നുവന്നത്‌.

യുഎസ്‌ സുപ്രീം കോടതി ജഡ്‌ജിയുടെ വീട്ടില്‍ മോഷണം

വാഷിംഗ്‌ടണ്‍:യുഎസ്‌ സുപ്രീംകോടതി ജഡ്‌ജിയുടെ വീട്ടില്‍ മോഷണം. സുപ്രീംകോടതി ജഡ്‌ജി സ്റ്റീഫന്‍ ബ്രെയറെുടെ കരീബിയയിലെ നെവിസ്‌ ദ്വീപിലുള്ള അവധിക്കാലവസതിയിലാണ്‌ മോഷണം നടന്നത്‌. പ്രാദേശിക സമയം വ്യാഴാഴ്‌ച രാത്രി ഒമ്പതുമണിയോടെയാണ്‌ മോഷണം നടന്നത്‌. എന്നാല്‍ വീട്ടിലുണ്‌ടായിരുന്ന ആയിരം ഡോളര്‍ മാത്രമെ മോഷ്‌ടാവ്‌ എടുത്തുകൊണ്‌ടുപോയുള്ളൂ. സംഭവസമയത്ത്‌ ബ്രയറും ഭാര്യയും അതിഥികളും വീട്ടിലുണ്‌ടായിരുന്നെങ്കിലും മോഷ്‌ടാവ്‌ ആരെയും അക്രമിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്‌തില്ല. സംഭവമറിഞ്ഞ്‌ യുഎസ്‌ ഫെഡറല്‍ പോലീസും സുപ്രീംകോടതി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്‌ട്‌.


വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം; ആളപായമില്ല

ലോസ്‌ആഞ്ചല്‍സ്‌: വടക്കന്‍ കാലിഫോണിയയുടെ തീരമേഖലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്‌ടായത്‌. ഒറിഗോണ്‍ അതിര്‍ത്തി മേഖലയിലുണ്‌ടായ ഭൂകമ്പത്തില്‍ ആളപായമോ കാര്യമായ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. അമേരിക്കന്‍ സമയം, ഉച്ചയ്‌ക്കു ഒരു മണിയോടെയാണ്‌ ഭൂകമ്പമുണ്‌ടായതെന്ന്‌ യുഎസ്‌ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ സെക്രമെന്റോയില്‍ നിന്നു 350 കിലോമീറ്റര്‍ അകലെ വിച്ച്‌പെക്‌ മേഖലയാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമിയ്‌ക്കു സാധ്യതയില്ലെന്ന്‌ ഔദ്യോഗികകേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌.

അമര്‍ത്യസെന്നിന്‌ ഹ്യുമാനിറ്റീസ്‌ പുരസ്‌കാരം സമ്മാനിച്ചു

വാഷിംഗ്‌ടണ്‍: നോബല്‍ ജേതാവും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ അമര്‍ത്യ സെന്നിനെ നാഷണല്‍ മെഡല്‍ ഹ്യുമാനിറ്റീസ്‌ പുരസ്‌കാരം നല്‍കി അമേരിക്ക ആദരിച്ചു. വൈറ്റ്‌ഹൗസില്‍ നടന്ന ചടങ്ങില്‍ യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയാണ്‌ സെന്നിനെ മെഡല്‍ അണിയിച്ചത്‌.

ലോകരാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ ദാരിദ്ര്യം, ക്ഷാമം, അനീതി എന്നിവയുടെ കാരണങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന ഉള്‍ക്കാഴ്‌ചകള്‍ക്കാണ്‌ സെന്നിനെ 2011ലെ ഹ്യുമാറ്റീസ്‌ അവാര്‍ഡ്‌ നല്‍കി ആദരിക്കുന്നതെന്ന്‌ ഒബാമ പറഞ്ഞു. ചടങ്ങിന്‌ ശേഷം ഒബാമ ഒരുക്കിയ വിരുന്ന്‌ സത്‌കാര ചടങ്ങിലും അമര്‍ത്യ സെന്‍ പങ്കെടുത്തു. ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമയും ചടങ്ങിനെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക