Image

സോഷ്യല്‍ സെക്യൂരിറ്റി, റിട്ടയര്‍മെന്റ് തുകകളിലെ വര്‍ധന 0.3% (ഏബ്രഹാം തോമസ് )

Published on 26 October, 2016
സോഷ്യല്‍ സെക്യൂരിറ്റി, റിട്ടയര്‍മെന്റ് തുകകളിലെ വര്‍ധന 0.3%  (ഏബ്രഹാം തോമസ് )
സോഷ്യല്‍ സെക്യൂരിറ്റി, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ 2017ല്‍ ഉണ്ടാകുന്ന വര്‍ധന 0.3% മാത്രം ആയിരിക്കും. ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് മുതിര്‍ന്ന അമേരിക്കകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വളരെ തുച്ഛമായ വര്‍ധന ഉണ്ടാവുന്നത്. ആനുകൂല്യം ലഭിക്കുന്ന ഒരു വ്യക്തിക്ക് ശരാശരി 4 ഡോളര്‍ പ്രതിമാസം 2017ല്‍ കൂടുതല്‍ ലഭിക്കും.

ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച കോസ്റ്റ് ഓഫ് ലിവിംഗ് അഡ്ജസറ്റ്‌മെന്റ് (കോള) ബാധിക്കുക ഏഴു കോടി ജനങ്ങളുടെ പ്രതിമാസ വരുമാനത്തെയാണ്. ഇത് ഏകദേശം അഞ്ചില്‍ ഒരു അമേരിക്കക്കാരനാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ശരാശരി പ്രതിമാസ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം 1,238 ഡോളറാണ്.

പല മുതിര്‍ന്നവര്‍ക്കും ലഭിക്കുന്ന വര്‍ധനവിനെക്കാള്‍ കൂടുതല്‍ അവര്‍ക്ക് 2017ല്‍ വര്‍ധിക്കുന്ന മെഡികെയര്‍ പാര്‍ട്ട് ബിക്ക് നല്‍കേണ്ടി വരും. സോഷ്യല്‍ സെക്യൂരിറ്റി തുകയില്‍ നിന്ന് ഈ പ്രതിമാസ പ്രീമിയം കുറച്ചാണ് അര്‍ഹരായവര്‍ക്ക് നല്‍കുന്നത്. നിയമം അനുസരിച്ച് മെഡികെയര്‍ പ്രീമിയത്തിന് ഉയര്‍ത്തുന്ന തുക സോഷ്യല്‍ സെക്യൂരിറ്റിയിലെ വര്‍ധനവിനെക്കാള്‍ കൂടാന്‍ പാടില്ല (ഹോള്‍ഡ് ഹാം ലെസ് എന്ന വകുപ്പ്). എന്നാല്‍ പുതിയതായി മെഡികെയര്‍ ലഭിക്കുന്നവര്‍ക്കും ഉയര്‍ന്ന വരുമാനക്കാരായ റിട്ടയറീസിനും ഇതു ബാധകമല്ല. ഇവര്‍ ഉയര്‍ന്ന മെഡികെയര്‍ പ്രീമിയം നല്‍കണം.

അടുത്ത വര്‍ഷത്തെ മെഡി കെയര്‍ പ്രീമിയമുകള്‍ എത്രയാണെന്ന് ഉടനെ പ്രഖ്യാപനമുണ്ടാകും.
നാണ്യപ്പെരുപ്പം കുറഞ്ഞതിനാലാണ് കോളയും കുറഞ്ഞത്. ഇന്ധനവില കുറഞ്ഞതാണ് മറ്റ് സാധനങ്ങള്‍ക്ക് വിലകൂടിയപ്പോള്‍ പോലും കോള ഉയരാതിരിക്കുവാന്‍ കാരണമായത്. മുതിര്‍ന്നവരില്‍ പലരും വാഹനം ഓടിക്കാറില്ല. ഓടിക്കുന്നവര്‍ തന്നെ വളരെ കുറച്ച് മാത്രമേ ഓടിക്കാറുളളൂ. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെയും ഇലക്ട്രിസിറ്റി, പാചക വാതക, ടെലിഫോണ്‍, കേബിള്‍, ഹോം സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് മുതലായ സേവനങ്ങളുടെയും വില ഉയരുന്നത് മുതിര്‍ന്നവരുടെ ചെലവുകള്‍ വര്‍ധിപ്പിക്കുന്നു എന്നും വാദമുണ്ട്.

ആറു കോടി റിട്ടയര്‍ ചെയ്തവര്‍, ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍, ഇവരുടെ ജീവിത പങ്കാളികള്‍ എന്നിവര്‍ക്കാണ് സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം ലഭിക്കുന്നത്. പുറമെ ജോലി ചെയ്യാന്‍ കഴിവില്ലാത്ത 40 ലക്ഷം വിമുക്ത സേനാംഗങ്ങള്‍, 25 ലക്ഷം ഫെഡറല്‍ റിട്ടയറീസ് എന്നിവരുണ്ട്. ഇവരെ കൂടാതെ സഹായ വരുമാനം ലഭിക്കുന്ന ദരിദ്രരായ ജോലി ചെയ്യുവാന്‍ ആവാത്ത 80 ലക്ഷം പേരുണ്ട്. (സപ്ലിമെന്ററി സെക്യൂരിറ്റി) ഇന്‍കം– എസ്എസ്‌ഐ) സോഷ്യല്‍ സെക്യൂരിറ്റിയും എസ്എസ്‌ഐയും ലഭിക്കുന്നവരുണ്ട്.

2008 മുതല്‍ കോള 2% ന് മുകളിലെത്തിയത് ഒരു വര്‍ഷമേയുളളൂ– 2011ല്‍. ഈ വര്‍ഷം ഉള്‍പ്പെടെ മൂന്നു തവണ വര്‍ധിച്ചത് പൂജ്യം ശതമാനമാണ്. ഗ്യാസിന്റെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 6% കുറവായിരുന്നു. സെപ്റ്റംബറിലെ വിലക്കയറ്റ റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യ പരിഹാര ചെലവുകള്‍ 5%ല്‍ അധികം ഉയര്‍ന്നു.

ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റണ്‍ താഴ്ന്ന വരുമാനക്കാരായ റിട്ടയറീസിന് ആനുകൂല്യം നല്‍കുന്നത് പരിഗണിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന വരുമാനക്കാരായ അമേരിക്കകാരുടെ നികുതി ഉയര്‍ത്തി ഇതിന് ധനം കണ്ടെത്തും എന്നാണ് ഹിലറി പറഞ്ഞത്.

ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പല റിപ്പബ്ലിക്കന്‍ നേതാക്കളെയും പിണക്കിയാണ് ട്രംപ് ഈ നിലപാടെടുത്തത്. സോഷ്യല്‍ സെക്യൂരിറ്റിക്ക് ധനം എത്തുന്നത് ഒരു വ്യക്തിയുടെ വാര്‍ഷിക വേതനത്തിന്റെ ആദ്യ 118,500 ഡോളറിന് 12.4% നികുതിയിലൂടെയാണ്. ഇതില്‍ പകുതി തൊഴില്‍ ദാതാവും പകുതി തൊഴിലാളിയും നല്‍കുന്നു. അടുത്ത വര്‍ഷം മുതല്‍ ആദ്യ 127,200 ഡോളറിന്റെ 12.4% ആയിരിക്കും സോഷ്യല്‍ സെക്യൂരിറ്റിക്ക് ലഭിക്കുക.

അടുത്ത വര്‍ഷം ഏതാണ്ട് 17 കോടി 30 ലക്ഷം തൊഴിലാളികള്‍ സോഷ്യല്‍ സെക്യൂരിറ്റി നികുതി നല്‍കും. ഇവരില്‍ 1 കോടി 20 ലക്ഷം പേര്‍ക്ക് കൂടുതല്‍ സംഭാവന നല്‍കേണ്ടി വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക