Image

രാവില്‍ ഭീകരമാകുന്ന മധുരജലം (യാത്രാവിവരണം. സന്തോഷ് പിള്ള)

Published on 28 October, 2016
രാവില്‍ ഭീകരമാകുന്ന മധുരജലം (യാത്രാവിവരണം. സന്തോഷ് പിള്ള)
ഒരു പതിമൂന്നാം തീയതി വെള്ളിയാഴ്ച്ച സന്ധ്യക്ക് ഞങ്ങള്‍ ഡാള്ളസില്‍ നിന്നും ടെക്‌സസിലെ തന്നെ ലബ്ബക്ക് എന്ന കോളേജ് ടൌണിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച രാവിലെ മകള്‍ക്ക് കോളേജ് അഡ്മിഷന്‍റെ ഇന്റര്‍വ്യൂ ഉള്ളതുകൊണ്ടാണ് ആവഴിക്ക് യാത്ര ആരംഭിച്ചത്. അമേരിക്കയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമായ ടെക്‌സസിന്‍റെ വടക്ക് പടിഞ്ഞാറെ ഭാഗത്തായ്, ഡാള്ളസില്‍ നിന്നും 350 മൈല്‍ ദൂരത്തിലാണ് ഈ പട്ടണം നിലകൊള്ളുന്നത്. ഇതുവരെ പോകാത്ത വീഥികളിലൂടെ ജി പി എസ്സിന്‍റെ സഹായത്തോടെയാണ് െ്രെഡവിംഗ് ആരംഭിച്ചത്. ഡാള്ളസ് പട്ടണാതിര്‍ത്തി പിന്നിട്ടപ്പോള്‍ തന്നെ ഇളം നീലനിറത്തിലുള്ള പടിഞ്ഞാറെ ചക്രവാള കാന്‍വാസില്‍ കടും നിറത്തിലുള്ള വിവിധ വര്‍ണങ്ങള്‍ വാരിവിതറികൊണ്ട് ആരോ മനോഹര ചിത്രങ്ങള്‍ വരയുന്നത് കാണുവാന്‍ സാദിച്ചു.

പ്രധാന പാതക്ക് കുറുകെ പോകുന്ന ചെറിയ നിരത്തുകളുടെ പേരുകള്‍ F M ല്‍ തുടങ്ങുന്നു. കൃഷിസ്ഥലങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ ചന്തയിലേക്ക് എത്തിക്കുവനായീ നിര്‍മ്മിച്ചിരിക്കുന്നവ ആയതുകൊണ്ടാണ് ഫാം ടു മാര്‍ക്കറ്റ് എന്നതിന്‍റെ ചുരുക്ക പേരായ എഫ് എം ല്‍ ഈ പാതകള്‍ നാമകരണം ചെയ്തിരിക്കുന്നത്.സന്ധ്യയും, ചന്തയും ഒക്കെ ചിന്തിച്ചപ്പോള്‍ മറവിയുടെ അഗാധതയില്‍ മറഞ്ഞു കിടന്ന പഴയ ഒരു സിനിമാഗാനം ഓര്‍മയുടെ ഓള പരപ്പിലേക്ക് നുരപൊന്തി വന്നു. ആ ഗാനത്തിലെ വരികള്‍ ഓര്‍മിച്ചെടുക്കുമ്പോഴേക്കും, അതാ പാസ്സിഞ്ചെര്‍ സീറ്റില്‍ ഇരിക്കുന്ന, മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിത പന്ഥാവിലേക്ക് കടന്നു വന്ന സഹധര്‍മിണി “സന്ദ്യ മയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്ന നേരം ബന്ധൂരെ രാഗ ബന്ധൂരെ നീ എന്തിനീവഴി വന്നു” എന്ന ഗാനം മൂളാന്‍ തുടങ്ങുന്നു. ഇതെന്തൊരു പ്രതിഭാസം? യാത്രാ വേളകളില്‍ ഇതിനു മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പഴയ സിനിമാ ഗാനങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുംമ്പോഴേക്കും അതേ ഗാനം ഭാര്യ പാടാന്‍ തുടങ്ങികഴിഞ്ഞിരിക്കും!!!!.

എന്നാലും ബന്ധൂരെയുടെ അര്‍ത്ഥം എന്താവാം? രാഗ ബന്ധൂരെ എന്നാണ് കവി എഴുതിയിരുക്കുന്നത്. ഗാനത്തിന്‍റെ സന്ദര്‍ഭം വച്ചുനോക്കുമ്പോള്‍ സുന്ദരിയായ ഒരു ജീവിത പങ്കാളിയെക്കുറിച്ചായിരിക്കാം എന്ന് അനുമാനിക്കാം.

ഇനിയുള്ള ഗ്യാസ് സ്‌റ്റേഷന്‍ 60 മൈല്‍ അകലെ എന്ന ബോര്‍ഡ് കണ്ടപ്പോള്‍ എക്‌സിറ്റ് ഇറങ്ങി ഇന്ധനം നിറച്ചു. ഉറക്കത്തെ മാറ്റിനിര്‍ത്താനായി ഹോട്ട് ചീറ്റൊസും സോഡായും വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു.

വടക്കുനിന്നും തണുത്ത വായുപ്രവാഹം വരുന്നതുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് പൊടുന്നനെ താഴാന്‍ തുടങ്ങുകയും, മഴയും ഉണ്ടാവുമെന്ന് റേഡിയോയിലൂടെ അറിയിപ്പുണ്ടായി. ഒരു വേനല്‍ക്കാലം കൂടി വിടവാങ്ങുന്നു. ശക്തിയായ കാറ്റും, അതിനോടൊപ്പം മഴയും, ദൈര്‍ഘം കുറഞ്ഞ സായാഹ്നവുമെല്ലാം വരാനിരിക്കുന്ന മഞ്ഞ് കാലത്തിന്‍റെ തീവ്രതയെ വിളിച്ചറിയിക്കുന്നു. കട്ടിയേറിയ കറുത്ത കരിമ്പടം കൊണ്ട് ആരോ പെട്ടെന്ന് മൂടിയതുപോലെ ഇരുട്ടിന്‍റെ കനത്ത ആവരണം ചുറ്റുപാടും വ്യാപിച്ചു. നിരത്തിലെ വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നു. ഞങ്ങളുടെ വാഹനത്തെ കടന്ന് അതിവേഗത്തില്‍ മുന്നോട്ടു പോയ ഒരു കാര്‍ പെട്ടെന്ന് അപ്രത്ത്യക്ഷമായി. ആ വണ്ടിക്ക്എന്തു സംഭവിച്ചു എന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍, അയ്യോ അതെവിടെ പോയി? എന്ന് ഭാര്യയും ആശ്ചര്യപെട്ടു. കുറച്ചു സമയത്തിനു ശേഷം അങ്ങ് വിദൂരതയില്‍ വീണ്ടും ആ വണ്ടിയുടെ പിന്നിലെ മങ്ങിയ ചുവപ്പു പ്രകാശം കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ വാഹനം അവിടെ എത്തിയപ്പോളാണ് മനസ്സിലായത് നേര്‍ രേഖ പോലെ കിടക്കുന്ന ഹൈവേയിലെ താഴ്ന്ന സ്ഥലത്തെത്തുമ്പോള്‍ ആണ് ദൂരെനിന്നും നോക്കുമ്പോള്‍ വാഹനം കാണാന്‍ സാധിക്കാതെ വരുന്നതെന്ന്.

പ്രധാന ഹൈവേയില്‍ നിന്നും ലബ്ബക്കിലേക്ക് പോകുന്ന വഴിയിലൂടെ യാത്ര ആരംഭിച്ചപ്പോള്‍ റോഡ്പണി നടക്കുന്നതുകൊണ്ട് വേഗത നിയന്ത്രിക്കുക എന്ന ബോര്‍ഡുകള്‍ റോഡിനിരുവശത്തും സ്ഥാപിച്ചിരിക്കുന്നു. ഒരുദിശയിലേക്ക് മാത്രം പോയികൊണ്ടിരുന്ന ഇരുവരി പാത ഇരുവശത്തേക്കും പോകുന്ന ഒറ്റവരിപാതയാക്കി മാറ്റിയിരിക്കുന്നു. തലയിലും, താടിയിലും തീജ്വാല വമിപ്പിച്ചുകൊണ്ട് വിഴുങ്ങാനായി ഓടി അടുക്കുന്ന വ്യാളിയെപ്പോലെ പതിനെട്ട് ചക്ര വാഹനങ്ങള്‍ എതിര്‍ദിശയില്‍ നിന്നും ഭൂമികുലുക്കി കൊണ്ട് ഓടി അടുക്കുന്നു.പാതയില്‍ തളം കെട്ടികിടക്കുന്ന മഴ വെള്ളം വലിയ ഡ്രമ്മില്‍ കോരി വിന്‍ഡ്ഷീല്‍ഡിലേക്ക് ഒഴിക്കുന്നതുപോലെ, വെള്ളം തെറിപ്പിച്ചുകൊണ്ടാണ് ഇവയുടെ പരക്കംപാച്ചില്‍. ട്രക്കുകള്‍ പോയികഴിഞ്ഞാല്‍ കുറച്ചു സമയത്തേക്ക് മുന്നിലെ വഴി കാണാനേ കഴിയില്ല.

വീണ്ടും വിജനമായ വഴിയിലൂടെ മുന്നോട്ടുപോയപ്പോള്‍ ഞങ്ങളുടെ വാഹനത്തെ ലക്ഷ്യം വച്ച് വലിയ ഒറ്റ വിളക്കിന്‍റെ പ്രകാശം അടുത്തടുത്തു വരുന്നു. പിന്നിലെ സീറ്റില്‍ ഉറങ്ങികിടന്ന മകളെ വിളിച്ചുണര്‍ത്തി ഭാര്യയോടുമായി, അടുത്തുവരുന്ന ഒറ്റകണ്ണന്‍ ഇപ്പോള്‍ നമ്മളുമായി മുഖാമുഖം ഇടിച്ചു എല്ലാം തകര്‍ക്കുമെന്നറിയിച്ചു. ഒറ്റകണ്ണന്‍ അടുത്തെത്തിയപ്പോള്‍ ഞങ്ങളുടെ വാഹനത്തിന്‍റെ വേഗത പരമാവതി കുറച്ച് ഇടിയുടെ ആഘാതം കുറയ്ക്കാനായി ശ്രമിച്ചു. ഞങ്ങളുടെ പാതയോട് ഉരുമ്മികൊണ്ട് സൈറനും മുഴക്കി കുടുക്ക്—കുടുക്ക്, കുടുക്ക്—കുടുക്ക് എന്ന ശബ്ദത്തോട് ഭീമാകാരനായ ഒരു ട്രെയിന്‍ പരിസരം പിടിച്ചുലച്ച് കടന്നുപോകുന്നു. ചുറ്റും പരന്നുകിടക്കുന്ന കുറ്റാകൂരിരുട്ട് മൂലം റെയില്‍വേ ട്രാക്ക് കാണുവാന്‍ സാധിച്ചില്ല.

വാഹനത്തിലെ സമയസൂചി 12 മണിയോടടുക്കുന്നു. ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് പ്രിയതമ ചോദിച്ചു,” നമ്മള്‍ കരയിലൂടെ തന്നെയാണോ സഞ്ചരിക്കുന്നത്., അതോ കടലിനു നടുക്കുകൂടിയാണോ?” കൂരിരിട്ടില്‍ മിന്നി മിന്നി കാണുന്ന ചുവന്ന പ്രകാശം പെട്ടെന്നാണ് ശ്രദ്ധയില്‍ പെട്ടത്. ആരോരുമില്ലാത്ത ഈ പ്രദേശത്ത് ആരാണ് മിന്നുന്ന ചുവന്ന്! ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്?. മുന്നോട്ടു പോകുന്തോറും വിളക്കുകളുടെ എണ്ണം കൂടി കൂടി വരുന്നു. വണ്ടിയുടെ ചുറ്റും വീക്ഷിച്ചു കൊണ്ട് മകള്‍ പറഞ്ഞു,” നമുക്ക് ചുറ്റും ഒരു വല വിരിച്ചതു പോലെ തോന്നുന്നു”. അനേകം ചുവന്ന വിളക്കുകള്‍ ഞങ്ങള്‍ക്കുചുറ്റും മിന്നി മിന്നി പ്രകാശിക്കുന്നു. നിരത്തില്‍ മറ്റു വാഹനങ്ങള്‍ ഒന്നും തന്നെ കാണുന്നുമില്ല. ഇത് സംശയമില്ല!!! അന്യഗ്രഹ ജീവികള്‍ തന്നെ!!!. നമ്മളെ വലവീശി പിടിക്കാന്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം കണ്ട ഇംഗ്ലീഷ് സിനിമയിലെ ഭീകര ദ്രിശ്യങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിവരുന്നു. കാര്‍ നിലത്തുനിന്നും ഉയരുന്നതു പോലെ തോന്നുന്നു. വലക്കുള്ളില്‍ കുടുങ്ങിയോ!!!! ദൈവമേ, എന്തൊക്കെ പരീക്ഷണങ്ങളാണോ ആകാശ നൌകയില്‍ വച്ച് അന്യഗ്രഹ ജീവികള്‍ ഞങ്ങളില്‍ നടത്താന്‍ പോകുന്നത്?. വാഹനത്തിന്‍റെ വേഗത പെട്ടെന്ന് വര്‍ദ്ധിപ്പിച്ച് വലയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. അതിവേഗത്തില്‍ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍, സാവധാനം പുറകിലേക്ക് നീങ്ങി നീങ്ങി പോകുന്ന മിന്നുന്ന ചുവന്ന വിളക്കുകള്‍ കാണുവാന്‍ സാധിച്ചു. വലയില്‍ നിന്നും രക്ഷ്‌പെടുത്തിയതിന് എല്ലാ ഈശ്വരന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ലബ്ബക്കിനെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

35000 വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ വലിയ സര്‍വകലാശാലയാണ് ടെക്‌സസ് ടെക്ക് എന്ന കോളേജ്.പരുത്തി പാടങ്ങള്‍ നിറഞ്ഞു നില്‍കുന്ന ലബ്ബക്ക് പട്ടണത്തിന്‍റെ ജനസംഖ്യ 3 ലക്ഷത്തോളംവരും. മകളുടെ ഇന്‍റര്‍വ്യൂ കഴിഞ്ഞ് ഉച്ചയോടുകൂടി മടക്ക യാത്ര ആരംഭിച്ചു.

പാതിരാവില്‍ ചുവന്ന വിളക്കുകളാലുള്ള വല കണ്ട സ്ഥലത്തെത്തിയപ്പോള്‍ “അതാ നോക്കിക്കേ, നമ്മളെ പേടിപ്പിച്ചവര്‍ ആകാശം മുട്ടെ നിവര്‍ന്നുനില്‍ക്കുന്നു,” എന്ന് ഭാര്യ അറിയിച്ചു. ചുറ്റും കാണുന്ന മോട്ടകുന്നുകളിലും, സമതലങ്ങളിലുമെല്ലാമായി മൊത്തം 585 കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. മൈലുകള്‍ ദൂരത്തില്‍, ഹൈവേക്കിരുവശവുമായി 212 അടി ഉയരത്തില്‍, 166 അടി നീളമുള്ള ബ്ലൈഡുകള്‍ ഒരേവേഗത്തില്‍ പതുക്കെ പതുക്കെ നിരന്തരമായി കറക്കികൊണ്ടാണ് ഈ വിന്‍ഡ് മില്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. പവനനെ പാട്ടിലാക്കി, ശുദ്ധമായ മാര്‍ഗ്ഗത്തിലൂടെ ഭീമാകാരമായ ഈ യന്ത്രങ്ങള്‍ വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്നു. ഇവ നിലകൊള്ളുന്ന സിറ്റിയുടെ പേരോ, അതി വിചിത്രം. “സ്വീറ്റ് വാട്ടര്‍”. രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ വിന്‍ഡ് മില്ലുകളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിന്നുന്ന ചുവന്ന വിളക്കുകളാല്‍ ചുറ്റും വലവിരിച്ചിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന പ്രദേശം. വിന്‍ഡ് മില്ലുകളുടെ നിറം വെള്ളയായതുകൊണ്ടും, ചുറ്റുപാടും മറ്റു വെളിച്ചങ്ങള്‍ ഇല്ലാത്തതുകൊണ്ടും ഇരുട്ടില്‍ ഈ യന്ത്രങ്ങളെ കാണുവാന്‍ സാധിക്കില്ല. നിശാ സഞ്ചാരത്തിന് ഒട്ടും മധുരമല്ലാത്ത “സ്വീറ്റ് വാട്ടര്‍” സിറ്റിയോട് വിടപറഞ്ഞ് ദീര്‍ഹ ദൂരം സഞ്ചരിച്ച് വീടിന്‍റെ സുരക്ഷിതത്വത്തില്‍ എത്തിച്ചേര്‍ന്നിട്ട്, സോഫയിലേക്ക് ചാഞ്ഞു. കടുപ്പമേറിയ കട്ടന്‍ കാപ്പിയും നാടന്‍ മിക്‌സറുമായി സഹധര്‍മ്മിണി അടുത്തുവന്നപ്പോള്‍ മകള്‍ ചോദിച്ചു, ടിവിയില്‍ “എക്‌സ്ട്രാടെരെസ്ട്രിയല്‍സ്” എന്ന സിനിമ ഉണ്ട്, വക്കട്ടെ?

വേണ്ട വേണ്ട എന്ന്! അഞ്ചാറുപ്രാവശ്യം എന്തിനു പറഞ്ഞു എന്നും,സോഫയില്‍ നിന്നും എന്തിനു ചാടി എഴുനേറ്റു എന്നും ഇപ്പോഴും മനസ്സിലാകുന്നില്ല.
രാവില്‍ ഭീകരമാകുന്ന മധുരജലം (യാത്രാവിവരണം. സന്തോഷ് പിള്ള)
Join WhatsApp News
Haridasan Pilali 2016-10-28 21:30:48
Great Story Keep it up
Rajesh Kaimal 2016-11-04 07:03:30
Good one Santhosh!
CKP Nair 2016-11-21 07:49:54
Great story- wish it was longer! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക