Image

മൂന്നു മരണങ്ങള്‍ നമ്മെ ഓര്‍മ്മപെടുത്തുന്നത്? (അനില്‍ പെണ്ണുക്കര)

Published on 29 October, 2016
മൂന്നു മരണങ്ങള്‍ നമ്മെ  ഓര്‍മ്മപെടുത്തുന്നത്? (അനില്‍ പെണ്ണുക്കര)
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു ഭംഗിവാക്കായി നാം പറയാറുണ്ട്. പക്ഷെ മരണം വന്നു നമ്മോടു ഒരു വാക്കേ പറയു..'വരൂ ..പോകാം'. എപ്പോള്‍ എവിടെ വച്ച്എങ്ങനെ എന്നൊക്കെ ഒന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു പ്രതിഭാസമാണ് മരണം. ന്യൂജേഴ്‌സിയില്‍ ഉണ്ടായ മൂന്നു മരണങ്ങള്‍ മനുഷ്യമനസാക്ഷിയെ സ്തംഭിപ്പിക്കുന്ന ഒന്നാണ് എന്ന് പറയാതെ തരമില്ല. മൂന്നു ജീവനുകള്‍ വെന്തു വെണ്ണീറാകുക, അവരുടെ നിലവിളികള്‍ ആരും കേള്‍ക്കാതെ പോകുക, സംഭവം നടന്നിട്ടു ദിവസങ്ങക്കു ശേഷം മലയാലി സമൂഹംഅറിയുക .

ഇതൊക്കെ നമ്മെചിന്തിപ്പിക്കുന്നത് എന്താണ് ?.വളരെ ഉന്നതമായ രീതിയില്‍ ജീവിക്കുന്ന ഒരു ശാസ്ത്രജ്ഞനും കുടുംബവും പൂര്‍ണ്ണമായും ഈ മണ്ണില്‍നിന്നും തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നാം ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോള്‍ അപ്പോള്‍ തന്നെ നാടറിയുന്നു, നാട്ടാരറിയുന്നു .

ലേഖകന്റെ ഒരു സുഹൃത്ത് ഫ്‌ളോറിഡയില്‍ ഉണ്ടായ ഒരു സംഭവം പറഞ്ഞത് ഓര്‍ക്കുന്നു. സുഹൃത്തിന്റെ അയല്‍വാസി ഒരു സായിപ്പും കുടുംബവും . എല്ലാദിവസവും ജോലിക്കുപോകുന്ന സായിപ്പിന്റെ ഭാര്യ സുഹൃത്തിന്റെ ഭാര്യയെ കൈ ഉയര്‍ത്തികാട്ടി വിഷ് ചെയുന്നതല്ലാതെ യാതൊരു ബന്ധവുംഈ കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. കുറച്ചുനാളുകള്‍ പോയപ്പോള്‍ ആ സ്ത്രീയെ അവിടെ കാണാതെയായി. ഭാര്യയുടെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ ഒരു ദിവസം സുഹൃത്ത് അന്വേഷിച്ചപ്പോള്‍ ആ സ്ത്രീ മരിച്ചുപോയതായി അറിയാന്‍ സാധിച്ചു .

ഈ സംഭവം കേരളത്തില്‍ ഇരുന്നു കേള്‍ക്കുന്ന ഒരാള്‍ക്ക് അത്ഭുതം തോന്നും. നമ്മള്‍ ഇങ്ങനെ ഒന്നുമല്ല ജീവിച്ചത് , പഠിച്ചത്. പക്ഷെ എന്തുകൊണ്ട് മലയാളി കേരളം വിടുമ്പോള്‍ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം വളരെ വിചിത്രമായിരിക്കും.

ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല ഗള്‍ഫ് മേഖലയില്‍ ആയാലും വ്യക്തികളേക്കാള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നത് സാംസ്‌കാരിക സംഘടനകള്‍ ആണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രവാസി സംഘടനകള്‍ കാണിക്കുന്ന ഉത്തരവാദിത്വം പക്ഷെ അഭിന്ദിക്കാതെ തരമില്ല.

ഡോക്ടര്‍ വിനോദ് ദാമോദരന്റേയും കുടുംബത്തിന്റെയും മരണം അറിഞ്ഞതിനു ശേഷം അമേരിക്കന്‍ മലയാളികളുടെവിവിധ സംഘടനാ നേതാക്കള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരം സംഘടനകളെ അംഗീക്കാനുള്ള മനസ്സ് മലയാളികള്‍ കാണിക്കണം എന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ. 

ഫൊക്കാനാ, ഫോമാ, വാര്‍ത്തകളൊക്കെ പ്രസിദ്ധീകരിക്കുന്ന സമയത്തു ചില ആളുകള്‍ ചില കമന്റുകള്‍ നടത്താറുണ്ട്.
എന്തിനാണ്  ഇത്തരം സംഘടനകള്‍ ? അധികാരം കിട്ടാന്‍ വേണ്ടിയുള്ള പരിപാടികളല്ലേ ഇതൊക്കെ? ,ഇവനൊന്നും വേറെ പണിയില്ലേ?
വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒക്കെ ഉന്നയിച്ചു ആനന്ദം കൊള്ളുന്ന മുഖമില്ലാത്ത ചില ആളുകള്‍ ഉണ്ട്. അവര്‍ക്കുള്ള വ്യക്തമായ മറുപടികൂടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ . ഈ കുടുംബത്തിന്റെ മരണത്തിനു ശേഷം ശേഷം ന്യൂ ജേഴ്‌സിയിലെ മലയാളി സംഘടനാ പ്രവര്‍ത്തകരും , പത്രപ്രവര്‍ത്തകരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്, ശ്ലാഘിക്കേണ്ടതാണ് .

ചില അവസരങ്ങളില്‍ നാം ഉണ്ടാക്കി വയ്ക്കുന്ന പണത്തിനോ പ്രതാപത്തിനോ നമ്മെ രക്ഷിക്കാനാവില്ല. അവിടെ കൈത്താങ്ങു തെന്നെ വേണം .അതിനു മനസുള്ളവരാണ് അമേരിക്കന്‍ മലയാളികള്‍ . പക്ഷെ അവര്‍കുടുംബത്തില്‍ മാത്രമായി ഒതുങ്ങുന്നതാണ് പ്രശ്‌നം . പലകുടുംബങ്ങള്‍ ഒത്തുചേര്‍ന്നു വല്യ സമൂഹം ഉണ്ടാകുന്നു എന്ന് പുസ്തകത്തില്‍ മാത്രമല്ല വായിക്കേണ്ടത്. അത് പ്രവര്‍ത്തികമാക്കുമ്പോളാണ് മനസിന് സുകൃതമുണ്ടാകുന്നത് .

ഡോ. വിനോദിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ എന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോ എന്നൊക്കെ പോലീസ് അന്വേഷിക്കേണ്ട കാര്യമാണ് . പലപ്പോളും പല പ്രയാസങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നത് നാം ഉണ്ടാക്കുന്ന ബന്ധങ്ങള്‍ ആണ്. കുടുംബവുമായി പറയാത്ത ഒരു വിഷയം നമ്മുടെ അടുത്ത ചങ്ങാതിയോടു പറയും. നല്ലൊരു പരിഹാരം ഒരു പക്ഷെ ആ ചങ്ങാതിക്ക് നിര്‍ദേശിക്കാന്‍ സാധിക്കും .

സംഘടനകള്‍ നമുക്ക് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനുള്ള ഒരു ഉരകല്ലാണ് . അത് തിരിച്ചറിയാന്‍ ഓരോ മലയാളിക്കും സാധിക്കണം. ജാതി തിരിച്ചും മതം തിരിച്ചും ഉണ്ടാകുന്ന കൂട്ടായ്മകളെക്കാള്‍ സാംസ്‌കാരികമായ കൂട്ടായ്മയ്ക്ക് നമ്മളിലെ മനുഷ്യനെ തിരിച്ചറിയാന്‍ സാധിക്കും. അതുകൊണ്ടാണ് , ഒരു പരിചയം പോലുമില്ലാത്ത (ചിലപ്പോള്‍) മൂന്നു ആത്മാക്കള്‍ക്കു വേണ്ടി കുറച്ചു മനുഷ്യ സ്‌നേഹികള്‍ കുറച്ചു ദിവസമായി ഓടി നടക്കുന്നത് . 
മൂന്നു മരണങ്ങള്‍ നമ്മെ  ഓര്‍മ്മപെടുത്തുന്നത്? (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക