Image

`നന്മ' ചിലരുടെ മാത്രം സ്വന്തമെന്ന്‌ കരുതരുത്‌: ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

അനില്‍ പെണ്ണുക്കര Published on 15 February, 2012
`നന്മ' ചിലരുടെ മാത്രം സ്വന്തമെന്ന്‌ കരുതരുത്‌: ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
മാരാമണ്‍: നന്മ ചിലരുടെ മാത്രം സ്വന്തമാണെന്ന്‌ കരുതരുതെന്ന്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെ പറഞ്ഞു. നന്മയും തിന്മയും എല്ലാവര്‍ക്കും ഒരുപോലെയാണ്‌ സംഭവിക്കുന്നത്‌.

`എഴുനേല്‍പിന്‍ നാം പോകുക' എന്ന വാക്ക്‌ യേശു പറഞ്ഞത്‌ പെസഹാ പെരുന്നാളിന്റെ മധ്യത്തിലാണ്‌. എല്ലാ തിന്മയുടെ ഇടയിലും ഒരു നന്മയുടെ ഇടവും സാക്ഷ്യവുമുണ്ട്‌. ഒരു നന്മയും ഇല്ലാത്ത ഒരു മനുഷ്യനേയും കാണുവാന്‍ സാധ്യമല്ലാത്തതുപോലെ ഒരു തിന്മയും ഇല്ലാത്ത ആരും ഇല്ല. എല്ലാ നന്മയിലും തിന്മയുടെ സാധ്യതയുണ്ട്‌.

എവിടെനിന്നാണ്‌ നാം രക്ഷയുടെ വഴിയില്‍ നിന്ന്‌ തെറ്റിപ്പോയത്‌. അവിടേക്കുള്ള തിരിച്ചുവരവാണ്‌ `എഴുനേല്‍പിന്‍ നാം പോകുക' എന്ന വാക്കിലൂടെ അര്‍ത്ഥമാക്കുന്നത്‌.

മാരാമണ്‍ കണ്‍വെന്‍ഷന്‍ പഠിക്കുന്ന ഇടമല്ല. പഠിക്കുവാന്‍ പഠിപ്പിക്കുന്ന ഇടമാണ്‌. എല്ലാവര്‍ഷവും മാരാമണ്‍ കണ്‍വെന്‍ഷനില്‍ വരുന്നത്‌ ഇവിടെ നിന്ന്‌ പഠിക്കുന്ന കാര്യങ്ങള്‍ വീട്ടില്‍ ചെന്ന്‌ പഠിപ്പിക്കാന്‍ വേണ്ടിയാണ്‌. ഇന്ന്‌ നമ്മുടെ വീടുകളില്‍ നിന്ന്‌ എന്ത്‌ പാഠമാണ്‌ സമൂഹത്തിന്‌ ലഭിക്കുന്നത്‌?

ജീവിതത്തില്‍ കഷ്‌ടതയുടെ ചുമട്‌ മാറ്റുന്നതിനുള്ളതല്ല പ്രാര്‍ത്ഥന. പകരം അതിന്റെ ഭാരം ലഘൂകരിക്കുന്നതിനാണ്‌ പ്രാര്‍ത്ഥന. ലോകത്തില്‍ കഷ്‌ടത അനുഭവിക്കുന്നവരെ സന്തോഷമായി നാം സ്വീകരിക്കണം. നാം എഴുന്നേല്‍ക്കേണ്ടത്‌ എന്തിനുവേണ്ടി, വീടില്ലാത്തവന്‌ വീട്‌ നല്‍കുന്നതിന്‌, രോഗിക്ക്‌ സൗഖ്യം നല്‍കുന്നതിന്‌.

ജീവിതം അസാദ്ധ്യമായ ലോകത്തില്‍ നന്മ പകരുന്നതിനാണ്‌ നമ്മള്‍ എഴുനേല്‍ക്കേണ്ടത്‌. ദൈവത്തിന്റെ സ്‌നേഹത്തില്‍ ലോകം ഒന്നിച്ചുനില്‍ക്കുന്ന ദര്‍ശനം ഉണ്ടാകണമെന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു.
`നന്മ' ചിലരുടെ മാത്രം സ്വന്തമെന്ന്‌ കരുതരുത്‌: ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക