Image

എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പാരീസ് സന്ദര്‍ശിച്ചു

Published on 31 October, 2016
എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പാരീസ് സന്ദര്‍ശിച്ചു


പാരീസ് : കൊല്ലം പാര്‍ല്‌മെന്റ് അംഗം എന്‍.കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംപി മാരുടെ സംഘം പാരീസ് സന്ദര്‍ശിച്ചു. ജനീവയില്‍ നടന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംപിമാര്‍. പരിപാടികള്‍ക്കുശേഷം ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പാരീസിലുമെത്തി. 

ഇവിടെയെത്തിയ എംപിമാരെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്രിസ്‌റ്റോള്‍ ഹോട്ടലില്‍ നടന്ന സ്വീകരണത്തിനുശേഷം സംഘം പാരീസ് നഗരം ചുറ്റിക്കണ്ടു. പാരീസിലെ പ്രശസ്തമായ ഈഫല്‍ ടവര്‍, ആര്‍ക് ദേ ട്രയംഫ്, നോട്ടര്‍ ഡാം കത്തീഡ്രല്‍, ചാംപ്‌സ് എലീസേ സ്ട്രീറ്റ് തുടങ്ങിയവ സന്ദര്‍ശിച്ചു. പാരീസ് നഗരത്തിന്റെ ചരിത്രങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞ സംഘം രാത്രി ഡല്‍ഹിക്കു മടങ്ങി. 

താന്‍ ആദ്യമായാണ് യൂറോപ്പ് സന്ദര്‍ശിക്കുന്നതെന്നും പാരീസിന്റെ മനോഹാരിതയും ഇവിടുത്തെ കെട്ടിട നിര്‍മാണ ശൈലിയും തന്നെ ആകര്‍ഷിച്ചതായും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ആളുകളുടെ ആതിഥ്യ മര്യാദയും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ എംബസിയിലെ ഹെഡ് ഓഫ് ചാന്‍സലറി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥനായ ജോസ് സിറിയക്, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പിആര്‍ഒ കെ.കെ.അനസ് തുടങ്ങിയവരും സ്വീകരണചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക