Image

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിന്

Published on 31 October, 2016
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിന്

വത്തിക്കാന്‍സിറ്റി: സീറോ മലബാര്‍ സഭയുടെ യൂറോപ്പിന്റെ വിസിറ്റേറ്ററും നിയുക്ത ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് നവംബര്‍ ഒന്നിന് (ചൊവ്വ) മെത്രാനായി അഭിഷിക്തനാവും. രാവിലെ പത്തിന് വത്തിക്കാനിലെ സെന്റ് പോള്‍സ് പേപ്പല്‍ ബസിലിക്കയിലാണ് മെത്രാഭിഷേക ചടങ്ങുകള്‍. വത്തിക്കാന്‍ കാര്യാലയ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ രക്ഷാധികാരിയായി 140 അംഗ കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ നടത്തിവരുന്നത്.

സീറോ മലബാര്‍ സഭയുടെ പൊന്തിഫിക്കല്‍ ക്രമമനുസരിച്ചുള്ള മെത്രാഭിഷേകചടങ്ങുകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലയനാര്‍ദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. ഇന്ത്യയിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭയുടെ തലവനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സെന്റ് പോള്‍ മേജര്‍ ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ ജെയിംസ് മൈക്കല്‍ ഹാര്‍വി എന്നിവര്‍ സ്വാഗതം ആശംസിക്കും. പൗരസ്ത്യ തിരുസംഘത്തില്‍ സീറോ മലബാര്‍ സഭാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍. മക്ലിന്‍ കമിംഗ്‌സ് നിയമനപത്രിക വായിക്കും. കര്‍മങ്ങളുടെ ആര്‍ച്ച്ഡീക്കന്‍ മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്താണ്. ആര്‍ച്ച്ബിഷപുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ആന്റണി ചിറയത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, യുകെയില്‍ നിന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അമേരിക്കയില്‍ നിന്ന് മാര്‍ ജോയ് ആലപ്പാട്ട് തുടങ്ങി നിരവധി മേലധ്യക്ഷന്മാരും 3000ല്‍പരം വിശ്വാസികളും നൂറുകണക്കിനു വൈദികരും സന്യസ്തരും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും.

റോമില്‍നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടുന്ന ഗായകസംഘമാണ് തിരുക്കര്‍മങ്ങളില്‍ ഗാനശുശ്രൂഷ നടത്തുന്നത്. മലയാളത്തിലും ഇറ്റാലിയന്‍ ഭാഷയിലുമായിരിക്കും പ്രാര്‍ഥനകള്‍. കാറോസൂസാ പ്രാര്‍ഥനകള്‍ യൂറോപ്പിലെ വിവിധ ഭാഷകളില്‍ ഉണ്ടായിരിക്കും. 

ഇറ്റലി, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ 40,000ല്‍ പരം സീറോ മലബാര്‍ സഭാ മക്കളുടെ അജപാലനപരമായ കാര്യങ്ങളെ ഏകോപിപ്പിച്ചു കൂടുതല്‍ സജീവമാക്കുകയും കാര്യക്ഷമമാക്കാനുള്ള സാധ്യതകള്‍ കണ്ടെത്തുകയും അതനുസരിച്ചുള്ള ശിപാര്‍ശകള്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിക്കുകയുമാണ് അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ഉത്തരവാദിത്വം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക