Image

യുക്മ നാഷണല്‍ കലാമേളക്ക് അരങ്ങൊരുങ്ങി

Published on 03 November, 2016
യുക്മ നാഷണല്‍ കലാമേളക്ക് അരങ്ങൊരുങ്ങി

ലണ്ടന്‍: യുക്മ നാഷണല്‍ കലാമേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് നവംബര്‍ അഞ്ചിന് (ശനി) മിഡ് ലാന്‍സിലെ കവന്‍ട്രിയിലെ മൈറ്റോണ്‍ സ്‌കൂള്‍ അങ്കണത്തിലാണ്. യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത നാഴികകല്ലാണ് കഴിഞ്ഞ ഓരോ യുക്മ കലാമേളകളും. വിവിധ റീജണുകളിലായി മാറ്റുരച്ച കലാകാരന്മാരും കലാകാരികളും പിറന്ന നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ കലാ സാംസ്‌കാരിക പരിപാടികള്‍ നിറഞ്ഞ സദസിനും പരിചയ സമ്പന്നരായ വിധികര്‍ത്താക്കളുടെയും മുമ്പില്‍ അവതരിപ്പിച്ച് യോഗ്യത നേടിയാണ് യുക്മ നാഷണല്‍ കലാമേള വേദിയില്‍ എത്തുന്നത്. 

യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു ആണ് വാര്‍വിക്കിലെ മൈട്ടന്‍ സ്‌കൂള്‍ അങ്കണം ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേള വേദിയായി തിരഞ്ഞെടുത്തത്. അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ഒഎന്‍വി യുടെ പേരിലാണ് യുക്മ നാഷണല്‍ കലാമേള അറിയപ്പെടുക. 

അറുനൂറ് കലാകാരന്മാര്‍ വിവിധ ഇനങ്ങളിലായി മാറ്റുരക്കുമെന്നു പ്രതീക്ഷിക്കുന്ന യുക്മ നാഷണല്‍ കലാമേള മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പരമാവധി നേരത്തെ പരിസമാപ്തിയില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. മത്സരങ്ങള്‍ നിയന്ത്രിക്കുന്ന വിധികര്‍ത്താക്കളെയും നേരത്തെ മത്സരത്തിന് എത്തിച്ചേരാവുന്ന മല്‍സരാര്‍ഥികളെയും ചേര്‍ത്ത് പരമാവധി നേരത്തെ തന്നെ മത്സരങ്ങള്‍ തുടങ്ങാനാണ് തീരുമാനം. നാല് സ്‌റ്റേജുകളിലായി നടക്കുന്ന മത്സരങ്ങള്‍ ക്രമീകരിക്കുന്നതിനും വിധി നിര്‍ണയങ്ങള്‍ യഥാസമയം ചെയ്യുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിയതായി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. മുന്നൂറോളം വാഹനങ്ങള്‍ക്ക് വിശാലമായ സ്‌കൂള്‍ പരിസരത്തായും അധികം വരുന്ന ആസ്വാദകര്‍ക്ക് സെന്ററിലും പാര്‍ക്കിംഗ് സൗകര്യമുണ്ട്. അഞ്ച് ഗ്രീന്‍ റൂമുകളും നാല് അധിക മുറികളും ആവശ്യാനുസരണം ഇവിടെ ലഭ്യമായിരിക്കും. ഓരോ റീജണുകള്‍ക്ക് പൊതുവായി ആയിരിക്കും ഗ്രീന്‍ റൂമുകളും അനുബന്ധ മുറികളും ലഭ്യമാക്കുക. എന്നാല്‍ വിലപിടിപ്പുള്ള സ്വകാര്യ സാധനങ്ങളും മത്സരത്തിന് ഉപയോഗിക്കുന്ന കോസ്ട്യൂമുകളും സൂക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം അതാത് ഉടമസ്ഥരുടെ ചുമതലയില്‍ മാത്രമായിരിക്കും.

വന്നു ചേരുന്നവര്‍ക്കെല്ലാം പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ട സൗകര്യവും രുചികരമായ നാടന്‍ ഭക്ഷണം മിതമായ വിലക്ക് ലഭിക്കുന്ന റസ്റ്ററന്റുകളും ഇവിടെ ലഭ്യമായിരിക്കും. കൃത്യമായി സ്‌റ്റേജ് വിവരങ്ങളും നടക്കാന്‍ പോകുന്ന മത്സരങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ഏവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ വോളന്റിയര്‍ മാരുടെ സേവനവും ഫസ്റ്റ് എയിഡ് ബൂത്തും കലാമേള അങ്കണത്തില്‍ ഉണ്ടായിരിക്കും. 

യുക്മ നാഷണല്‍ കമ്മിറ്റി യോഗത്തിനുശേഷം നടന്ന നാഷണല്‍ കലാമേള കൂടിയാലോചനായോഗത്തില്‍ പരമാവധി അംഗങ്ങള്‍ പങ്കെടുത്തു എന്നും കലാമേള ആഘോഷ കമ്മിറ്റിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു. 

കലാമേളയിലേക്ക് യുകെയിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ആതിഥേയരായ യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍സ് റീജണല്‍ കമ്മിറ്റി അറിയിച്ചു. 

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക